Advertisment

പാച്ചുനായര്‍ ഇല്ലാതെ കടപ്പാട്ടൂർ മഹാദേവ ക്ഷേത്രത്തില്‍ ആദ്യ വിഗ്രഹ ദർശന വാർഷിക ദിനാഘോഷം. മഹാദേവോപാസകനായി മാറി കടപ്പാട്ടൂരപ്പനില്‍ ലയിച്ച പാച്ചുച്ചേട്ടന്റെ ഓര്‍മ്മകള്‍ പുതുക്കി ഛായാ ചിത്രം സ്ഥാപിക്കുന്നു

author-image
സുനില്‍ പാലാ
Updated On
New Update

ജൂലൈ 14-ന് കടപ്പാട്ടൂർ മഹാദേവ ക്ഷേത്രത്തിലെ 59-ാമത് വിഗ്രഹ ദർശന വാർഷിക ദിനാഘോഷം. ഭഗവദ് ദർശനത്തിനു കാരണഭൂതനായ "പാച്ചുച്ചേട്ടൻ" എന്ന മഠത്തിൽ പാച്ചുനായർ ഇല്ലാത്ത ആദ്യ വിഗ്രഹ ദർശന ദിനം.  തിരു അവതാരത്തിനു നിമിത്തമായി തീർന്ന പാച്ചുച്ചേട്ടൻ രണ്ട് മാസം മുമ്പ് 87-ാം വയസ്സിൽ ഭഗവദ്പാദം പൂകി.

Advertisment

publive-image

പുണ്യ ചരിത്രമാകുന്ന ആ ഓർമ്മകൾക്കു മുന്നിലാണ് ഇത്തവണ ഭഗവദ് ദർശന വാർഷിക മഹോത്സവത്തിന് തിരിതെളിയുന്നത്. വിഗ്രഹം കണ്ട പകൽ 2.30 നുള്ള വിശേഷാൽ ദീപാരാധാനയ്ക്കായി ഇത്തവണ നട തുറക്കുമ്പോൾ ഭസ്മ വിഭൂഷിതനായ മഹാദേവന് വലതു വശത്തായി പുതിയൊരു നെയ് വിളക്കു കൂടി തെളിഞ്ഞു നിൽക്കും; എല്ലാവർക്കുമായി ഭഗവാനെ "കാണിച്ച് കൊടുത്ത് " മഹാദേവോപാസകനായി മാറി കടപ്പാട്ടൂരപ്പനിൽ ലയിച്ച പാച്ചുനായരുടെ ജ്വലിക്കുന്ന ഓർമ്മകൾക്കൊരു തിലോദകം.

1960 ജൂലൈ 14-ന് ലോകാവസാനം സംഭവിക്കുമെന്ന് ഇറ്റാലിയൻ ജ്യോതിശാസ്ത്രജ്ഞരുടെ നിഗമനം നാടാകെ ഭീതി പരത്തിയ ദിനത്തിൽ കടപ്പാട്ടൂരിലെ മാടപ്പാട്ട് തൊമ്മൻമാപ്പിളയുടെ പുരയിടത്തിലെ സർപ്പക്കാവിൽ താൻ മരം മുറിക്കാൻ കയറിയതും, കെട്ടിയിരുന്ന വടം പൊട്ടി മരം മറുകുറ്റി പാഞ്ഞതും മരത്തിനുള്ളിൽ നിന്ന് ചിതൽപ്പുറ്റിൽ മൂടിയ നിലയിൽ ഭഗവാന്റെ വിഗ്രഹം കാണപ്പെട്ടതുമൊക്കെ പോയ വർഷം വരെ പുതുതലമുറയോട് ആനന്ദക്കണ്ണീരോടെ വിവരിക്കാൻ പാച്ചുനായരുണ്ടായിരുന്നു. മരത്തിന്റെ വെട്ടു പൂളെടുത്ത് മഴവെള്ളത്തിനൊപ്പം ഭഗവാന്റെ "മുഖം മിനുക്കിയെടുത്ത " കാര്യം പറയുമ്പോൾ ചാറ്റൽ മഴ പോലെ ആ കണ്ണുകൾ നിറഞ്ഞു തുളുമ്പിയിരുന്നതും ഇനി ഓർമ്മകൾ മാത്രം.

കടപ്പാട്ടൂരപ്പന്റെ ചരിത്രവഴികളിൽ നടക്കുന്ന ഭക്തർ ആദ്യം എത്തിച്ചേരുന്നത് ഈ മരം വെട്ടുകാരനിലാണ്. വെട്ടി വീഴ്ത്തിയ മരച്ചുവട്ടിൽ കൊളുത്തിയ നിലവിളക്കിലെ ദീപവും, അതിനടുത്തു വെച്ച കാണിക്കുടത്തിൽ വീണ ആദ്യ കാണിക്കയുടെ ആത്മാവും, പനയോല വെട്ടിക്കുത്തി മറച്ച ആദ്യ ശ്രീകോവിലിന്റെ പവിത്രതയും കടപ്പാട്ടൂരെന്ന കൊച്ചു ഗ്രാമത്തെ മലയാളത്തിന്റെ ആത്മീയ പാരമ്പര്യത്തിന്റെ മുൻ നിരയിലേക്ക് നയിച്ചു.

വളരെ ചുരുങ്ങിയ നാളുകൾ കൊണ്ടു തന്നെ കേരളം മുഴുവൻ പ്രശസ്തമായ ഈ ആത്മീയ സങ്കേതം ഇനി പാച്ചുച്ചേട്ടന്റെ ഓർമ്മകൾ കൊണ്ടും സമ്പന്നമാകും.

ഇത്തവണത്തെ ജൂലൈ 14- ആഘോഷ പരിപാടികളുടെ ഭാഗമായി വൈകിട്ട് ക്ഷേത്രത്തിൽ പാച്ചുനായരുടെ ഛായാ ചിത്രം അനാച്ഛാദനം ചെയ്യുമെന്ന് കടപ്പാട്ടൂർ ദേവസ്വം പ്രസിഡന്റ് സി.പി. ചന്ദ്രൻ നായർ പറഞ്ഞു.

ഡോ. തോട്ടം ശിവകരൻ നമ്പൂതിരി , വൈക്കം വിജയലക്ഷ്മി, ഡോ. ദീപാ.ജി. നായർ, വിദ്യാസാഗർ ഗുരുമൂർത്തി ,കടപ്പാട്ടൂർ സി.എസ്. സിജു, വി.ഗോപിനാഥൻ നായർ ,കയ്യൂർ സുരേന്ദ്രൻ തുടങ്ങിയവർ പങ്കെടുക്കും.

Advertisment