Advertisment

വ്യാജ ഒസ്യത്ത് നിർമ്മിച്ച് റിട്ടയേർഡ് മജിസ്ട്രേറ്റ് ലിങ്കന്‍ എബ്രഹാമിന്റെ ഭൂമി കൈക്കലാക്കിയവർ കുടുങ്ങും

author-image
മജീദ്‌ താമരശ്ശേരി
Updated On
New Update

താമരശ്ശേരി: റിട്ടയേർഡ് റയിൽവേ മജിസ്ട്രേറ്റ് ആയിരുന്ന ലിങ്കൻ എബ്രഹാമിന്റെ സ്വത്ത് വ്യാജ ഒസ്യത്ത് നിർമ്മിച്ച് തട്ടിയെടുത്തവർ കുടുങ്ങും. ദേശീയ പാതയോരത്ത് താമരശ്ശേരി ചെക്ക് പോസ്റ്റിന് സമീപമുള്ള 27 ഏക്കർ ഭൂമി, കെട്ടിടം, വാഹനം, കോഴിക്കോടും മറ്റു സ്ഥലങ്ങളിലുമുള്ള വസ്തുക്കൾ എന്നിവയാണ് വ്യാജ ഒസ്യത്ത് നിർമ്മിച്ച് കൈക്കലാക്കിയത്.

Advertisment

ലിങ്കൻ ജീവിച്ചിരിക്കെ തന്നെ ഭാര്യ മരണപ്പെടുകയും ,ഇവർക്ക് കുട്ടികൾ ഇല്ലാത്തതിനാലും തന്റെ സ്വത്തുക്കൾ കെ എം എബ്രഹാം മെമ്മോറിയൽ ട്രസ്റ്റ്ന് ഒസ്യത്ത് എഴുതി വെക്കുകയും ഇതിന്റെ ട്രസ്റ്റിമാരായി സഹോദരൻ ഫിലോമിൻ എബ്രഹാം, ഭാര്യാ സഹോദരി ജീൻ അർജുൻകുമാർ, ഭർത്താവ് അർജുൻകുമാർ, സണ്ണി സോളമൻ, എസ്‌റ്റേറ്റ് തൊഴിലാളിയായിരുന്ന എം ടി ഭാനുമതി എന്നിവരെ നിയമിക്കുകയും ചെയ്തിരുന്നു. ട്രസ്റ്റ്ന്റെ വരുമാനത്തിന്റെ നിശ്ചിത ശതമാനം പ്രദേശത്തെ പാവപ്പെട്ടവരെ സഹായിക്കാൻ വിനിയോഗിക്കണമെന്ന് ഒസ്യത്തിൽ നിർദ്ദേശമുണ്ട്.

publive-image

എന്നാൽ ലിങ്കൻ എബ്രഹാം അസുഖമായി കിടക്കുന്ന അവസരത്തിൽ സ്ഥിരമായി പരിചരിച്ചിരുന്നവരെ അകറ്റി രേഖകളിൽ കൈയൊപ്പ് പതിച്ച് മുൻ ഒസ്യത്ത് റദ്ദാക്കി സ്വത്തുവകകൾ തന്റെ സഹോദരന് നൽകിയെന്ന പുതിയ ഒസ്യത്ത് നിർമ്മിക്കുകയായിരുന്നു. താമരശ്ശേരിയിലെ ഒരു നോട്ടറി അഭിഭാഷകനും, സബ് റജിസ്റ്ററ്ററും ഇതിന് വേണ്ട സഹായം നൽകി.

ഉദ്ദേശം ഒൻപത് വർഷം മുൻപ് ലിങ്കൻ എബ്രഹാം മരണമടയുകയും ചെയ്തു.

രണ്ടാമത് നിർമ്മിച്ച ഒസ്യത്തിനെതിരെ ട്രസ്റ്റിമാരായ ജീൻ അർജുൻ അടക്കമുള്ള ഏതാനും ട്രസ്റ്റ് അംഗങ്ങൾ സിവിൽ കോടതിയിൽ കേസ് ഫയൽ ചെയ്യുകയും ചെയ്തു.

കോടതിയിൽ കേസ് നൽകിയ അവസരത്തിൽ സ്ഥലം കൈവശപ്പെടുത്തിയ ഫിലോമിന് എബ്രഹാമിനുവേണ്ടി കഴിഞ്ഞ  യു ഡി എഫ് ഭരണകാലത്ത് കോൺഗ്രസ്സ് നേതാക്കളായ ഡി സി സി പ്രസിഡന്റ് ടി.സിദ്ദീഖ്, കെ പി സി സി അംഗം എൻ.കെ.അബ്ദുറഹിമാൻ, ഡി സി സി അംഗം ഹബീബ് തമ്പി ,കൂടാതെ ചില പ്രാദേശിക നേതാക്കളും ചേർന്ന് പരാതിക്കാരെക്കൊണ്ട് കോടതിയിൽ നൽകിയ കേസ് പിൻവലിപ്പിക്കുകയും, പരാതിക്കാർക്ക് വൻതുക നൽകുകയും സ്ഥലം പൂർണമായും ഫിലോമിന് എബ്രഹാമിന്റെ കൈവശമാകുകയും ചെയ്തു.

തന്റെ പിതാവിന്റെ പേരിൽ ലിങ്കൻ എബ്രഹാം രൂപീകരിച്ച ട്രസ്റ്റ് ഇതോടെ ജലരേഖയായി. ട്രസ്റ്റ് ഭൂമി തട്ടിയെടുക്കാൻ വേണ്ട സഹായം ചെയ്തു കൊടുത്ത വകയിൽ ടി.സിദ്ദീഖ്, എൻ.കെ.അബ്ദുറഹിമാൻ, ഹബീബ് തമ്പി എന്നിവരുടെ പേരിൽ ഫിലോമിൽ ഒരേക്ര ഭൂമി റജിസ്റ്റർ ചെയ്തു കൊടുത്തു.ഇതോടൊപ്പം വൻ തുകയും കൈമാറിയതായാണ് ആരോപണം.

ക്രിസ്തീയ പിൻതുടർച്ചാവകാശ നിയമപ്രകാരം ഒരു ഒസ്യത്ത് നിലനിൽക്കെ മറ്റെരു ഒസ്യത്ത് നിർമ്മിക്കണമെങ്കിൽ കോടതി അനുമതിയോടെ മാത്രമേ സാധിക്കുകയുള്ളൂ, എന്നാൽ ഇത്തരം ഒരു നടപടിയും ഇവിടെ ഉണ്ടായിട്ടില്ല.

ഇതു സംബന്ധിച്ച് മുഖ്യമന്ത്രിയുടെ ഓഫീസിൽ ലഭിച്ച നിരവധി പരാതികളിൽ പ്രാഥമിക അന്വേഷണം നടത്തിയപ്പോൾ ഭൂമി സംബന്ധിച്ച രേഖകളിൽ ക്രിമിനൽ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും ,FIRഫയൽ ചെയ്ത് ക്രിമിനൽ കേസ് എടുക്കണമെന്നുമുള്ള റിപ്പോർട്ട് ലഭിച്ചിരുന്നു.

ഇതിനെ തുടർന്ന് ക്രൈബ്രാഞ്ച് അന്വേഷണ സാധ്യതകൾ തുറന്ന് വരുന്നതായാണ് തിരുവനന്തപുരത്ത് നിന്നുള്ള വിവരം.ഇതോടൊപ്പം ലിങ്കൻ എബ്രഹാമിന്റെ മരണത്തിലെ ദുരൂഹത ചൂണ്ടിക്കാട്ടിയും ചില പരാതികൾ ഉയർന്നു വന്നിട്ടുണ്ട്.

Advertisment