Advertisment

ഉപതിരഞ്ഞെടുപ്പിന് കുട്ടനാട് ഒരുങ്ങുന്നു ! തിരഞ്ഞെടുപ്പ് അല്ല കുടിവെള്ളം ആണ് വേണ്ടതെന്ന് നാട്ടുകാര്‍ ! ഉപതിരഞ്ഞെടുപ്പ് രാഷ്ട്രീയ പാര്‍ട്ടികളെ വെള്ളം കുടിപ്പിയ്ക്കും !

New Update

ഴുപത്തിമൂന്നാമത് സ്വാതന്ത്ര്യദിനം ഇന്ത്യ ആഘോഷിച്ചപ്പോള്‍ കുട്ടനാട്ടുകാര്‍ പതിവുപോലെ വെള്ളത്തിലായിരുന്നു. 2018 ലെ പോലെ 2019 ലെ അതിവൃഷ്ടിയിലും പ്രളയജലം കുട്ടനാട്ടിലേയ്ക്ക് നുരയും പതയും നിറച്ച് ഒഴുകി വന്നു, ഒപ്പം ദുരിതവും രോഗവും ഓളത്തലപ്പില്‍ ചാഞ്ചാടിയാടി പരന്നൊഴുകി.

Advertisment

publive-image

കുട്ടനാട്

ലോകത്തെ ഏറ്റവും താഴ്ന്ന ഈ പ്രദേശത്തിന്റെ വിസ്തീര്‍ണ്ണം അഞ്ഞൂറ് ചതുരശ്ര കിലോമീറ്ററാണ്. സമുദ്രനിരപ്പില്‍ നിന്നും അര മീറ്റര്‍ മുതല്‍ രണ്ടേകാല്‍ മീറ്റര്‍ വരെ താഴ്ന്ന ഈ പ്രദേശം വേമ്പനാട്ട് കായലിന്റെ ഭാഗമായിരുന്നു.

ആധുനിക സാങ്കേതികവിദ്യയോ യന്ത്രസംവിധാനങ്ങളോ ഇല്ലാതിരുന്ന കാലത്ത് കായല്‍ നികത്തി നെല്‍കൃഷി ചെയ്ത് ലോകരാഷ്‌ട്രങ്ങളെ അത്ഭുതപ്പെടുത്തിയവരാണ് കുട്ടനാട്ടുകാര്‍.

രണ്ടാം ലോകമഹായുദ്ധാനന്തരം ലോകത്തിന്റെ എല്ലാ ഭാഗത്തും ഭക്ഷ്യക്ഷാമം രൂക്ഷമായപോലെ തിരുവിതാംകൂറിലും ഉണ്ടായി. കായല്‍ നികത്തി നെല്‍കൃഷി ചെയ്യാനായി കുട്ടനാട്ടിലെ ഭൂ ഉടമകളായ ചില പ്രമാണിമാര്‍ക്ക് ശ്രീ ചിത്തിര തിരുനാള്‍ മഹാരാജാവ് കായല്‍ പതിച്ചു നല്‍കി.

മുരിയ്ക്കും മൂട്ടില്‍ ഔതച്ചനെന്ന തൊമ്മന്‍ ജോസഫ് മുരിയ്ക്കന്‍ രണ്ടായിരം ഏക്കറോളം കായല്‍ നികത്തുകയും മഹാരാജാവിനോടുള്ള ആദരസൂചകമായി അദ്ദേഹം നികത്തി എടുത്ത കായല്‍ നിലങ്ങള്‍ക്ക്‌ ചിത്തിര, റാണി, മാര്‍ത്താണ്ഡം എന്ന പേരുകള്‍ നല്‍കുകയും ചെയ്തു.

കായല്‍ രാജാവ് എന്ന് അറിയപ്പെട്ടിരുന്ന അദ്ദേഹം കുട്ടനാടിന്റെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തി. നെല്ലും പണിയും നല്‍കി പട്ടിണിയില്‍ നരകിച്ചവര്‍ക്ക് കൈത്താങ്ങായി.

കുട്ടനാട്ടുകാര്‍ക്ക് വെള്ളമെന്നു കേട്ടാലോ പ്രളയമെന്നുകേട്ടാലോ പേടിയില്ല. കുട്ടനാട്ടിലൂടെ ഒഴുകുന്ന ആറുകളും കനാലുകളും തടാകങ്ങളും കണ്ടും അനുഭവിച്ചും പേടിമാറി.

പമ്പയാറും മീനച്ചിലാറും മണിമലയാറും അച്ചന്‍കോവിലാറും വാരി നിറച്ച് കൊണ്ടുവരുന്ന എക്കല്‍ കുട്ടനാടിനെ ഫലഭൂയിഷ്ടമാക്കി. നൂറുമേനിയും ആയിരംമേനിയും കൊയ്തു കൂട്ടി.

നെല്ല് കൂടാതെ കപ്പയും വാഴയും തെങ്ങും കാച്ചിലും കുട്ടനാട്ടില്‍ സമൃദ്ധമായി വിളഞ്ഞു, പുഴയില്‍ മീനും.! കുടിവെള്ളം വിളയിച്ചെടുക്കുന്നതില്‍ കുട്ടനാട്ടുകാര്‍ പരാജയപ്പെട്ടു.

കണ്ണുകള്‍ക്ക് കുളിര്‍മയേകി നോക്കെത്താദൂരത്തോളം പച്ചവിരിച്ചു കിടക്കുന്ന നെല്‍പാടങ്ങള്‍ ടൂറിസത്തെ കുട്ടനാട്ടിലേയ്ക്ക് വിമാനമിറക്കി. സ്വദേശികളും വിദേശികളും കായലിലൂടെയും പാടവരമ്പിലൂടെയും തോടുകളിലൂടെയും ഒറ്റയടിപ്പാതകളിലൂടെയും കുട്ടനാടിനെ നെഞ്ചിലേറ്റി.

കാര്‍ഷികവൃത്തി ഉപജീവനമാര്‍ഗ്ഗമാക്കിയ നാട്ടുകാര്‍ ഉള്ളുതുറന്ന് നാടിന്റെ വിശുദ്ധി ചിരിയാക്കി. സഞ്ചാരികള്‍ക്ക് അവരുടെ നിഷ്ക്കളങ്കത വീണ്ടും വരാന്‍ പ്രചോദനമായി.

കുട്ടനാട്ടുകാരന്റെ സങ്കടമെന്തെന്നോ അവന്‍ അനുഭവിയ്ക്കുന്ന പ്രയാസങ്ങളെന്തൊക്കെയെന്നോ ആരും തിരക്കിയില്ല.

ആണ്ടോടാണ്ട് വെള്ളപ്പൊക്കത്തിലാകുന്ന കുട്ടനാട്ടുകാരന്റെ കണ്ണീര് ആരും കണ്ടിട്ടില്ല നാളിതുവരെ. വെള്ളത്തില്‍ കിടന്ന് കരയുന്നവന്റെ കണ്ണീര് എങ്ങനെ കാണാന്‍ പറ്റും ?

publive-image

വികസനം

കേരളത്തിലെ മറ്റ് സ്ഥലങ്ങളെ അപേക്ഷിച്ച് കുട്ടനാടിന്റെ പുരോഗതിയ്ക്ക് വേഗത കുറവാണ്. ഗുണനിലവാരമില്ലാത്ത റോഡുകള്‍ യാത്രാസൗകര്യങ്ങളുടെ അപര്യാപ്തത വര്‍ദ്ധിപ്പിയ്ക്കുന്നു.

പാടവരമ്പത്ത് വരിവരിയായി നില്‍ക്കുന്ന തെങ്ങുകളുടെ ഇടയിലൂടെ വളഞ്ഞ് പുളഞ്ഞ് പോകുന്ന ഒറ്റയടിപ്പാതകളാണ് പലരുടെയും വീട്ടിലേയ്ക്കുള്ള '' ദേശീയ പാത.''

സൈക്കിള്‍ അല്ലാതെ മറ്റൊരു ടൂ വിലര്‍ പോലും എത്താത്ത വീടുകള്‍ അനവധിയാണ്. രോഗികളെ ആശുപത്രികളിലെത്തിയ്ക്കാന്‍ ജലമാര്‍ഗ്ഗം തന്നെ പലയിടത്തും ആശ്രയം. ഫോര്‍ വീലറുകള്‍ പോകുന്ന ദശകങ്ങള്‍ക്ക് മുന്‍പേ വെട്ടിയ വഴികള്‍ ഇന്നും അങ്ങനെതന്നെ കാണാം.

ഡോ.കെ.സി.ജോസഫ് എംഎല്‍എ ആയിരുന്ന കാലത്ത് നിര്‍മ്മിച്ച റോഡുകള്‍ ആണ് ഇന്നും ഉള്ളത്. പുതിയ റോഡുകള്‍ നിര്‍മ്മിയ്ക്കാനോ ഉള്ളത് ഗതാഗതത്തിന് അനുയോജ്യമായ വിധത്തില്‍ പുനരുദ്ധരിയ്ക്കാനോ കഴിയാതെ പോയതില്‍ ജനങ്ങള്‍ക്ക് വമ്പിച്ച പ്രതിഷേധമുണ്ട്.

കുട്ടനാട്ടിലെ ജനങ്ങളുടെ വലിയ പ്രതിഷേധത്തിന് കാരണമാകുന്നത് കുടിവെള്ളം ഇല്ലാത്തതാണ്. നാടുനീളെ സമരങ്ങളുടെ കെട്ടഴിച്ചുവിടുന്ന പ്രതിഷേധ പരമ്പരകള്‍.

(നാളെ - തൊണ്ട നനയ്ക്കാന്‍ പോലും വെള്ളം കിട്ടാതെ കുട്ടനാട്ടുകാര്‍.!)

Advertisment