Advertisment

ഈ പെസഹാ വ്യാഴം പാലാക്കാർക്ക് മറ്റൊരു ഓർമ്മ ദിനം കൂടിയാണ്. വലിയൊരു ജനതയുടെ മനസ്സിൽ "മാണി സാറിന്റെ" ഓർമ്മ ദിനം. ആറു പതിറ്റാണ്ടിനപ്പുറം ഇത്തവണ പാലായ്ക്ക് കെ എം മാണി ഇല്ലാത്ത ആദ്യ പെസഹ

author-image
സുനില്‍ പാലാ
New Update

പാലാ:   കൊറോണയുടെ ആശങ്കകൾക്കിടയിലും പാലായിലെ ജനത പ്രിയപ്പെട്ട നേതാവിന് വേണ്ടി പെസഹാ നാളിൽ പ്രത്യേകം പ്രാർത്ഥനകൾ അർപ്പിക്കും. ലക്ഷക്കണക്കായ അണികളുടെ ഹൃദയത്തിൽ സൂക്ഷിക്കുന്ന കെ. എം. മാണിയുടെ കാരുണ്യ മുഖം അന്ന് കൂടുതൽ പ്രകാശിക്കും.

Advertisment

കൊറോണയിൽ വലയുന്ന പാവപ്പെട്ട കുടുംബങ്ങൾക്ക് ഭക്ഷണമൊരുക്കാൻ അന്ന് തദ്ദേശ സ്വയംഭരണ സ്ഥാപന മേധാവികൾക്കെല്ലാം സഹായം ലഭ്യമാക്കുമെന്ന് കെ എം മാണിയുടെ മകൻ ജോസ് കെ മാണി എം പി പറഞ്ഞു. കൊറോണയുടെ ആശങ്കകളെല്ലാം ഒഴിഞ്ഞ ശേഷം കെ. എം. മാണി സ്മൃതി സംഗമവും നടത്തും.

publive-image

രാഷ്ട്രീയ ഭേദമെന്യേ ജനങ്ങൾക്ക് എന്താവശ്യത്തിനും ഓടിച്ചെല്ലാവുന്ന ഒരിടമായിരുന്നു മാണിയുടെ കരിങ്ങോഴയ്ക്കൽ വീട്.

മാണിയുടെ വേർപാട് പിന്നിട്ട് കൊടുങ്കാറ്റിനുശേഷമുള്ള മൂകതപോലെ ശാന്തമായിരുന്നു പാലാ. അതു വരെ മറ്റൊരു നായകനെയും നാഥനേയും നാട് ഏൽപ്പിച്ചു കൊടുക്കാത്ത പാലാക്കാർ പിന്നീട് കൈ പിടിച്ചുയർത്തിയതും മറ്റൊരു മാണിയെ - മാണി സി കാപ്പനെ ആണെന്നത് യാദൃശ്ചികമാവാം.

1965 ലാണ് പാലാ എന്ന നിയോജക മണ്ഡലം രൂപം കൊള്ളുന്നത്. അന്ന് മുതല്‍ മാണിയായിരുന്നു പാലായുടെ സാരഥി. 65 ല്‍ നിയമസഭ ചേരാതെ പിരിച്ചുവിട്ടു. പിന്നത്തെ തെരഞ്ഞെടുപ്പ് 67 ലായിരുന്നു.

അന്നും മാണി തന്നെ മത്സരിച്ചു. പിന്നെ 13 തവണ. ആ ’13’ ന്റെ നിർഭാഗ്യം ഒടുവില്‍ പാലാക്കാരുടെ മാണി സാറിന്‍റെ കാര്യത്തിലും ശരിയായി, 13-ാം തവണ കാലാവധി പൂര്‍ത്തിയാക്കാനാകാതെ മാണി മടങ്ങി.

അതുവരെ മാണിസാറല്ലാതെ വേറൊരാളെപ്പറ്റി പാലാക്കാര്‍ ചിന്തിച്ചിരുന്നേയില്ല. പാലാക്കാര്‍ക്ക് ഒരു ബലമായിരുന്നു മാണിസാര്‍. എന്ത് ആപത്തുണ്ടായാലും അബദ്ധത്തില്‍ പെട്ടാലും മാണിസാറിനെ കണ്ട് വിവരം പറഞ്ഞാല്‍ പരിഹാരം ഉറപ്പ്.

കൊലക്കേസും മോഷണവും പീഡനവും അല്ലാതെ എന്ത് കേസുമായും മാണിസാറിനെ സമീപിക്കാം. "‘അബദ്ധം പറ്റിപ്പോയി, ഇനി ആവര്‍ത്തിക്കില്ല, ഉറപ്പ്, മാണി സാര്‍ സഹായിക്കണം’" എന്ന് പറഞ്ഞാല്‍ അതും പാലാക്കാരനാണല്ലോ എന്നുകരുതി അദ്ദേഹം ക്ഷമിക്കും. വിളിക്കേണ്ടിടത്ത്‌ വിളിക്കും.

അങ്ങനെ പാലാക്കാര്‍ക്ക് ഒരാവശ്യം ഉണ്ടായാല്‍ പാര്‍ട്ടി ഏതായാലും ഓടിയെത്താന്‍ ഒരിടമായിരുന്നു മാണിയുടെ പാലാ വീട്. കേരളത്തിലോ ഇന്ത്യയിലോ ഏത് ഉന്നതനെയും നേരിട്ട് വിളിക്കാന്‍ പോന്നത്ര ശക്തന്‍.

മാണി മറ്റുള്ളവരോട് മാന്യമായി പെരുമാറുന്നതിനാല്‍ മാണി പറഞ്ഞാലും മറ്റുള്ളവര്‍ കേള്‍ക്കുമായിരുന്നു; പിണറായി വിജയനും നരേന്ദ്രമോഡിയും ഉള്‍പ്പെടെ.

മോഡി സര്‍ക്കാര്‍ ജി എസ് ടി കൗണ്‍സില്‍ ധനമന്ത്രിമാരുടെ ചെയര്‍മാനായി തെരഞ്ഞെടുത്തതും കെ. എം. മാണിയേ ആയിരുന്നു. അതായിരുന്നു മാണിയുടെ പവര്‍. അങ്ങനൊരാള്‍ ഉണ്ടായിരുന്നതായിരുന്നു പാലാക്കാരുടെ ആത്മധൈര്യം.

സഹായം തേടി ചെല്ലാന്‍ പാര്‍ട്ടിക്കാരനാകണമെന്നില്ല. എതിരാളിയായിരുന്നെങ്കില്‍ കുറച്ചുകൂടി പരിഗണന കിട്ടുമായിരുന്നുവെന്നതാണ് സത്യം.

കെ. എം. മാണിയുടെ ഓർമ്മ ദിനത്തിൽ പാർട്ടിക്കാരുടെയെല്ലാം ഭവനങ്ങളിൽ പ്രത്യേകം പ്രാർത്ഥന നടത്തുമെന്ന് കേരളാ കോൺഗ്രസ് എം പാലാ നിയോജക മണ്ഡലം പ്രസിഡൻറ് ഫിലിപ്പ് കുഴികുളം പറഞ്ഞു.

Advertisment