Advertisment

രണ്ടാം സീറ്റ് ആവശ്യത്തില്‍ ജോസഫുമായി ചര്‍ച്ച നടത്താനൊരുങ്ങി കോണ്‍ഗ്രസ് നേതൃത്വം. മാണി വിഭാഗത്തിലെ ഉന്നതനും ജോസഫിന് പിന്തുണ അറിയിച്ചതായി സൂചന. പി ജെ ലക്‌ഷ്യം വയ്ക്കുന്നത് പഴയ ജോസഫ് ഗ്രൂപ്പ് പുനരുജ്ജീവിപ്പിച്ച് യുഡിഎഫ് ഘടകകക്ഷിയാകാന്‍. മകന്‍ അപു ജോസഫും പി സി ജോര്‍ജ്ജും മകന്‍ ഷോണ്‍ ജോര്‍ജ്ജും നേതൃനിരയിലെത്തും 

author-image
സുഭാഷ് ടി ആര്‍
Updated On
New Update

തിരുവനന്തപുരം:  കേരളാ കോണ്‍ഗ്രസിന്റെ രണ്ടാം സീറ്റ് വാദത്തിന്റെ സാഹചര്യത്തില്‍ കോണ്‍ഗ്രസ് നേതൃത്വം പാര്‍ട്ടി വര്‍ക്കിംഗ് ചെയര്‍മാന്‍ പി ജെ ജോസഫുമായി പ്രത്യേകം ചര്‍ച്ച നടത്തു൦.  ജോസഫിന്റെ നിലപാടിനെ അനുനയിപ്പിക്കാന്‍ കെ എം മാണിക്കോ കേരളാ കോണ്‍ഗ്രസ് നേതൃത്വത്തിനോ കഴിയാത്ത സാഹചര്യത്തിലാണ് ജോസഫുമായി ചര്‍ച്ച നടത്താനുള്ള കോണ്‍ഗ്രസ് നേതൃത്വത്തിന്റെ തീരുമാനം.

Advertisment

publive-image

നിലവിലെ സാഹചര്യം യു ഡി എഫിന് അനുകൂലമാണെന്നതിനാല്‍ കേരളാ കോണ്‍ഗ്രസിലെ അഭിപ്രായ വ്യത്യാസങ്ങള്‍ മുന്നണിയെ ബാധിക്കരുതെന്ന നിര്‍ബന്ധം കോണ്‍ഗ്രസിനുണ്ട്.  മാത്രമല്ല, മാണി വിഭാഗത്തിലെ ചില നേതാക്കളുടെ പിന്തുണയും പി ജെ ജോസഫിനുണ്ട്. മാണി ഗ്രൂപ്പിലെ ഒരു പ്രമുഖന്‍ തന്നെ ജോസഫിന്റെ നിലപാടിനെ പിന്തുണച്ച് കോണ്‍ഗ്രസ് നേതാക്കളുമായി സംസാരിച്ചിട്ടുണ്ട്.

publive-image

കോണ്‍ഗ്രസ് നേതൃത്വം ചര്‍ച്ചയ്ക്ക് ക്ഷണിച്ചാല്‍ ജോസഫിന്റെ നിലപാട് രണ്ടു കാര്യങ്ങളിലാകും. ഒന്നുകില്‍ 2 സീറ്റ് അനുവദിക്കുക. കോട്ടയവും ഇടുക്കിയോ ചാലക്കുടിയോ ഏതെങ്കിലും ഒരു സീറ്റ് മാത്രമാണെങ്കില്‍ അത് ഇടുക്കിയാകട്ടെ എന്നതാണ് ജോസഫിന്റെ തന്ത്രം.

publive-image

ഇടുക്കി കിട്ടിയാല്‍ തനിക്ക് മത്സരിക്കാമെന്ന് ജോസഫ് കണക്കുകൂട്ടുന്നു. പക്ഷേ, അവിടെ കേരളാ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ നിലപാടായിരിക്കും നിര്‍ണ്ണായകമാകുക.  പാര്‍ട്ടി ഉന്നതാധികാര സമിതിയിലോ സ്റ്റിയറിംഗ് കമ്മിറ്റിയിലോ ഒന്നും ജോസഫിന് ഭൂരിപക്ഷമില്ല. അതേസമയം, ഇടുക്കിയില്‍ മത്സരിക്കാന്‍ മാണിക്ക് സ്ഥാനാര്‍ഥിയില്ലെന്നതും മറ്റൊരു കാര്യമാണ്.

publive-image

എന്നാല്‍ പുതിയ നീക്കങ്ങളില്‍ ജോസഫിന് മറ്റൊരു ലക്ഷ്യവുമുണ്ട്.  അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പായി മാണി ഗ്രൂപ്പ് പിളര്‍ത്തി യു ഡി എഫില്‍ പഴയ ജോസഫ് വിഭാഗമായി തുടരാനാണ് ജോസഫിന്റെ പദ്ധതി.  അതോടെ കേരളാ കോണ്‍ഗ്രസില്‍ കെ എം മാണി മകന്‍ ജോസ് കെ മാണിയെ പാര്‍ട്ടി തലപ്പത്തേക്ക് കൊണ്ടുവന്നതുപോലെ മകന്‍ അപു ജോസഫിനെ പുതിയ പാര്‍ട്ടിയുടെ തലപ്പത്തേക്ക് കൊണ്ടുവരാന്‍ ജോസഫും പദ്ധതിയിടുന്നുണ്ട്.

ഫ്രാന്‍സിസ് ജോര്‍ജ്ജും കൂട്ടരും ഇടത് മുന്നണിയുടെ ഭാഗമായതോടെ ഇനി അവരെ ഒപ്പം കിട്ടില്ലെന്ന വിലയിരുത്തലിലാണ് ജോസഫ് പി സി ജോര്‍ജ്ജിനെ ഒപ്പം കൂട്ടിയിരിക്കുന്നത്. നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പായി ജോസഫ് വഴി യു ഡി എഫിലെത്താനാകുമെന്നാണ് പി സി ജോര്‍ജ്ജ് കരുതുന്നത്.

publive-image

അതോടെ ജോര്‍ജ്ജിന്റെ മകന്‍ ഷോണ്‍ ജോര്‍ജ്ജിനെയും അപു ജോസഫിനൊപ്പം പാര്‍ട്ടി നേതൃത്വത്തിലെത്തിക്കാന്‍ ജോര്‍ജ്ജിനും കഴിയും. മാണി ഗ്രൂപ്പിലെ അസംതൃപ്തരുടെ പിന്തുണയും ഇവര്‍ പ്രതീക്ഷിക്കുന്നുണ്ട്.

ഇത്തരം രാഷ്ട്രീയ നീക്കങ്ങളുടെ പ്രാഥമിക ഘട്ടം എന്ന നിലയിലാണ് ജോസഫ് രണ്ടാം സീറ്റ് ആവശ്യവുമായി രംഗത്ത് വന്നിരിക്കുന്നത്. മാണിക്ക് ഇത് തള്ളാനും കൊള്ളാനും വയ്യാത്ത സ്ഥിതിയിലാക്കാന്‍ ജോസഫിന് കഴിഞ്ഞു എന്നതും ശ്രദ്ധേയമായി. ലഭിക്കില്ലെന്ന് ഉറപ്പുള്ള കാര്യം ജോസഫിനെപ്പോലെ പരിചയസമ്പന്നനായ ഒരു നേതാവ് ശക്തമായ ആവശ്യമായി ഉന്നയിക്കണമെങ്കില്‍ അതിന് പിന്നില്‍ കാരണങ്ങള്‍ ഉണ്ടെന്നു വ്യക്തം.

 

jose km loksabha ele
Advertisment