Advertisment

രമ്യാ ഹരിദാസിന് കാര്‍ വേണ്ടെന്നല്ല സോഷ്യല്‍ മീഡിയ പറഞ്ഞത്, തര്‍ക്കം 14 ലക്ഷത്തിന്‍റെ കാര്‍ വേണോ 6 ലക്ഷത്തിന്റെ കാര്‍ വേണോ എന്നതില്‍ മാത്രം ! കുഴപ്പമുണ്ടാക്കിയത് ഉപദേശകരായി ഒപ്പം കൂടി എല്‍കെജി നിലവാരത്തില്‍ വായ്പയുടെ കാര്യവും സിബില്‍ സ്കോറിന്റെ കാര്യവും വിശദീകരിച്ച അനില്‍ അക്കരയും കൂട്ടരും ! കാര്‍ വേണ്ടെന്നു പറഞ്ഞിട്ടും കെട്ടടങ്ങാതെ 'മഹിന്ദ്ര മറാസോ' വിവാദം !

author-image
ന്യൂസ് ബ്യൂറോ, തൃശൂര്‍
Updated On
New Update

തൃശൂര്‍:  രണ്ടായിരത്തി പതിനേഴ്‌ നവംബറില്‍ നടന്ന കല്‍ക്കട്ട ഫിലിം ഫെസ്റ്റിവല്‍ ഉദ്ഘാടനം ചെയ്യാനെത്തിയ ഇന്ത്യന്‍ സിനിമയിലെ ഏറ്റവും വലിയ സെലിബ്രിറ്റിയായ നടന്‍ ഷാരുഖ് ഖാനെ മുഖ്യമന്ത്രി മമതാ ബാനര്‍ജി സ്വന്തം കാറില്‍ എയര്‍പോര്‍ട്ടില്‍ കൊണ്ടുവന്നുവിട്ട വാര്‍ത്ത ദേശീയ മാധ്യമങ്ങള്‍ ആഘോഷിച്ചിരുന്നു.

Advertisment

അന്ന് ഈ വാര്‍ത്തയില്‍ എല്ലാവരും ശ്രദ്ധിച്ച ഒരുകാര്യം രാജ്യത്ത് തന്നെ ഏറ്റവും മുന്തിയതരം വാഹനങ്ങളില്‍ സഞ്ചരിക്കുന്ന സൂപ്പര്‍താരത്തെ മുഖ്യമന്ത്രി 5 ലക്ഷത്തോളം മാത്രം വില വരുന്ന തന്റെ ഹുണ്ടായ് സാന്‍ട്രോ കാറിലാണ് എയര്‍പോര്‍ട്ടില്‍ എത്തിച്ചതെന്നായിരുന്നു.

publive-image

ആന്റണിക്ക് വാഗണ്‍ആര്‍. ഉമ്മന്‍ചാണ്ടിക്ക് വാഹനമേയില്ല 

രാജ്യത്തെ കോണ്‍ഗ്രസുകാരൊക്കെ ലാളിത്യത്തിന്റെ ആള്‍രൂപമായി കാണുന്ന എ കെ ആന്റണി ഏറ്റവും ഒടുവില്‍ നടന്ന കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗത്തിനെത്തിയതും ഒരു മാരുതി വാഗണ്‍ആര്‍ കാറിലായിരുന്നു. 3 തവണ മുഖ്യമന്ത്രിയും 2 തവണ കേന്ദ്ര പ്രതിരോധ മന്ത്രിയും പ്രതിപക്ഷ നേതാവും തിരക്കുള്ള ദേശീയ നേതാവുമൊക്കെയായ ആന്റണിക്ക് ഇന്നും നാലര ലക്ഷത്തിന്റെ കാറില്‍ സഞ്ചരിക്കാന്‍ അഭിമാനക്കുറവില്ല.

രണ്ടു തവണ കേരളാ മുഖ്യമന്ത്രിയും ഒരു ദിവസം ഏറ്റവും കൂടുതല്‍ യാത്രചെയ്യുകയും ഏറ്റവുമധികം പരിപാടികളില്‍ പങ്കെടുക്കുകയും ചെയ്യുന്ന നേതാവായിരുന്നിട്ടും ഉമ്മന്‍ചാണ്ടി എം എല്‍ എയ്ക്ക് ഇന്നും സ്വന്തമായി ഒരു കാറില്ല. ഈ തിരക്കിനിടയിലും അദ്ദേഹം കെ എസ് ആര്‍ ടി സി ബസിലും ട്രെയിനിലും ഓട്ടോറിക്ഷയിലും സഞ്ചരിക്കുന്നു.

publive-image

കൊണ്ടുനടന്നതും നീയേ (സോഷ്യല്‍മീഡിയ) ചാപ്പ... കൊന്നതും നീയേ ... 

പക്ഷേ, കഴിഞ്ഞ ദിവസങ്ങളില്‍ കേരളം ചര്‍ച്ച ചെയ്തത് കേരളത്തിലെ ഒരു നവാഗത എം പിയുടെ പുതിയ കാര്‍ വാങ്ങലിനേക്കുറിച്ചായിരുന്നു.

ഒരു ചെറിയ ബാഗില്‍ 3 ജോഡി ചുരിദാറുകളുമായി ആലത്തൂരില്‍ മത്സരിക്കാന്‍ കോഴിക്കോട് നിന്നും പുറപ്പെട്ട രമ്യാ ഹരിദാസിനെ ആ നാട് ഏറ്റെടുത്തത് അവരുടെ ചുറുചുറുക്കും കഴിവും മാത്രം കണ്ടല്ല, അവരുടെ ഇല്ലായ്മകള്‍ ഒന്നുകൊണ്ട് മാത്രമായിരുന്നു. അവരെ ലോകത്തിന് പരിചയപ്പെടുത്തിയത് സോഷ്യല്‍ മീഡിയ ആയിരുന്നു. ഫേയ്സ്ബുക്ക് വഴിയും വാട്സ്ആപ്പ് വഴിയും അവരുടെ പ്രസംഗങ്ങളും പാട്ടുകളും അവര്‍ ആഘോഷമാക്കി. ഒരു മാധ്യമങ്ങള്‍ക്കും അതില്‍ പങ്കുണ്ടായിരുന്നില്ല.

അങ്ങനെ വൈറലായ അവരുടെ ഒരു പ്രസംഗം രമ്യ ആലത്തൂരില്‍ കാലുകുത്തും മുമ്പ് ഒരു മാധ്യമം വാര്‍ത്തയാക്കിയത് സത്യം ഓണ്‍ലൈന്‍ ആയിരുന്നു. തൊട്ടുപിന്നാലെ എല്ലാ മാധ്യമങ്ങളും അതേറ്റുപിടിച്ചു. അപ്പോഴും രമ്യയെ താരമാക്കിയതും കൊണ്ടുനടന്നതും സോഷ്യല്‍ മീഡിയ ഒറ്റയ്ക്കായിരുന്നു.

publive-image

വേണ്ടെന്ന് പറഞ്ഞത് കാറോ ? വിലപിടിപ്പുള്ള കാറോ ?

അങ്ങനെ രമ്യയുടെ മികവുകളെക്കാള്‍ കൂടുതലായി രമ്യയുടെ ഇല്ലായ്മകളായിരുന്നു ജനത്തെ ആകര്‍ഷിച്ചത്. 114 ലക്ഷത്തിന്റെ മഹേന്ദ്ര മറാസോ വാങ്ങി രമ്യയ്ക്ക് നല്‍കാനുള്ള യൂത്ത് കോണ്‍ഗ്രസിന്റെ തീരുമാനത്തെ വിമര്‍ശിച്ച് രംഗത്തെത്തിയതും ഇതേ സോഷ്യല്‍ മീഡിയ ആണ്.  അതോടെ തനിക്ക് കാര്‍ വേണ്ടെന്നു രമ്യ പറഞ്ഞിരിക്കുന്നു. അവിടെയാണ് രമ്യയുടെ പിഴവ് !

രമ്യ കാര്‍ വാങ്ങുന്നതും ഉപയോഗിക്കുന്നതും സോഷ്യല്‍ മീഡിയ എതിര്‍ത്തിട്ടില്ല. കാരണം മേല്‍പ്പറഞ്ഞ നേതാക്കളെപ്പോലെയല്ല അവര്‍. നവാഗതയായ ഒരു യുവ വനിതാ എം പിയാണ് രമ്യ. മണ്ഡലത്തില്‍ ഓടിയെത്തണമെങ്കില്‍ അവര്‍ക്കൊരു വാഹനം അനിവാര്യമാണ്. അത് അഞ്ചര ലക്ഷത്തിന്റെ കാര്‍ വേണോ 14 ലക്ഷത്തിന്റെത് വേണോ എന്നത് മാത്രമാണ് തര്‍ക്കം. അത് തെരഞ്ഞെടുക്കുന്നതില്‍ അവര്‍ക്കും അവരുടെ ഉപദേശകരായി പിന്നാലെ കൂടിയവര്‍ക്കും തെറ്റുപറ്റി. അതാണ്‌ സോഷ്യല്‍ മീഡിയ ഇടപെട്ട് തിരുത്തിയത്.  അതാണ്‌ സോഷ്യല്‍ മീഡിയ !

അല്ലാതെ ഞങ്ങളാണ് സോഷ്യല്‍ മീഡിയയുടെ മൊത്തവിതരണക്കാര്‍ എന്ന് പറഞ്ഞു നടക്കുന്നവരാരുമല്ല സോഷ്യല്‍ മീഡിയ എന്ന തിരിച്ചറിവ് ഇനിയെങ്കിലും രമ്യയ്ക്കുണ്ടാകണം.

publive-image

ആലത്തൂരിന്റെ ചരിത്രം റസ്റ്റ്‌ ഹൗസിന്റെ വരാന്തയില്‍ കിടന്നുറങ്ങിയ കെ ആര്‍ നാരായണന്‍ മുതലിങ്ങോട്ട്‌ !

ഇതിന് മറ്റൊരു മറുവശം കൂടിയുണ്ട്. ആലത്തൂര്‍ മണ്ഡലം പണ്ട് ഒറ്റപ്പാലമായിരുന്നു. ആ ഒറ്റപ്പാലത്ത് നിന്ന് ലാളിത്യവും വിനയവും മാത്രം മുഖമുദ്രയാക്കിയാണ് കെ ആര്‍ നാരായണന്‍ എന്ന വിശ്വപൗരന്‍ റെയ്സനകുന്നിലെ പ്രഥമ പൗരന്റെ സിംഹാസനം വരെയെത്തിയത്. ഒറ്റപ്പാലത്തെ ഇലക്ഷന്‍ കാലത്ത് തനിക്കുവേണ്ടി പ്രചാരണത്തിന് വന്ന നേതാക്കള്‍ക്ക് ഷൊര്‍ണൂര്‍ ഗസ്റ്റ് ഹൌസിലെ മുറികള്‍ തുറന്നുകൊടുത്തിട്ട് ഒരു പുതപ്പും വിരിച്ച് വരാന്തയില്‍ കിടന്നുറങ്ങിയതാണ് അദ്ദേഹത്തിന്‍റെ ചരിത്രം.

പിന്നീട് വന്നത് എസ് ശിവരാമനായിരുന്നു. അദ്ദേഹത്തിന് സ്വന്തമായി ഒരു കാറില്ലായിരുന്നു. പക്ഷെ, പ്രവര്‍ത്തന ശൈലി വന്നവഴിയിലേത് പോലെ ആയിരുന്നില്ല. പിന്നെ അദ്ദേഹത്തിന്‍റെ സ്ഥാനം എന്തായിരുന്നുവെന്ന് എല്ലാവര്ക്കും അറിയാം.

അതിനുശേഷമാണ് എസ് അജയകുമാര്‍ ഒറ്റപ്പാലം എം പിയായിരുന്നത്, 10 വര്‍ഷക്കാലവും അദ്ദേഹത്തിന് ഒരു കാര്‍ സ്വന്തമായില്ലായിരുന്നു. സമാനമായ രീതിയിലായിരുന്നു പി കെ ബിജുവിന്റെ വരവ്.  ബിജു പത്ത് വര്‍ഷം എം പിയായിരുന്ന് ഇന്നോവ കാറില്‍ കറങ്ങി നടന്നപ്പോള്‍ അദ്ദേഹത്തിന്‍റെ ശൈലി മാറിയതിന് ജനം തിരിച്ചടിച്ചത് രമ്യയിലൂടെയാണ്.

publive-image

പൊളിച്ചത് 1000 റുപ്പിക പിരിവ് !

അതേ രമ്യ 14 ലക്ഷത്തിന്റെ ആഡംബര കാര്‍ വാങ്ങാന്‍ പോകുന്നുവെന്ന് പറഞ്ഞതാണ് വിവാദമായത്.  വാങ്ങി കൊടുക്കുന്നത് 1500 യൂത്ത് കോണ്‍ഗ്രസുകാര്‍ 1000 രൂപ വീതം പിരിവ് നല്കിയാണെന്ന വിശദീകരണമൊക്കെ അനില്‍ അക്കരയുടെ വീട്ടുകാര്‍ അല്ലാതെ ആര് വിശ്വസിക്കും ? അതിനുപറഞ്ഞ ന്യായീകരണങ്ങളൊക്കെ എല്‍ കെ ജി കുട്ടികളോട് പറയാന്‍ പറ്റുന്ന നിലവാരത്തിലുള്ളതായിപ്പോയതാണ് കൂടുതല്‍ പ്രഹരമായത്.

എം പിക്ക് കിട്ടുന്നത് 1.90 ലക്ഷം, ഓഫീസ് ചിലവിന് 45000 വേറെ ! അനില്‍ അക്കരയ്ക്ക് അറിയാത്ത കണക്കുകള്‍ ഇങ്ങനെ 

ഒരു ലോക്സഭാംഗത്തിന് കാര്‍ വാങ്ങാന്‍ വായ്പയ്ക്ക് സിബില്‍ സ്കോര്‍ തടസമാകുമോയെന്നറിയാന്‍ പാര്‍ലമെന്റിനകത്തെ എസ് ബി ഐ ശാഖയിലൊന്നന്വേഷിച്ചാല്‍ അറിയാമായിരുന്നു.അതും തിരിച്ചടച്ച വായ്പയ്ക്ക് സിബില്‍ സ്കോറത്രേ !

വായ്പയെടുത്താല്‍ തിരിച്ചടയ്ക്കാന്‍ എം പിയുടെ ശമ്പളം തികയില്ലെന്നായിരുന്നു അക്കരയാന്റെ മറ്റൊരു വിശദീകരണം. ശമ്പളമൊക്കെ ഡല്‍ഹിയിലെയും നാട്ടിലെയും ഓഫീസ് ചിലവുകള്‍ക്ക് വേണ്ടി വരുമെന്നാണ് എം എല്‍ എ പറഞ്ഞത്.

ശമ്പളവും മറ്റാനുകൂല്യങ്ങളും ഉള്‍പ്പെടെ എം പിയ്ക്ക് മാസം കിട്ടുന്നത് 1.90 ലക്ഷം രൂപയാണ്. കേരളത്തില്‍ ഒരു പി എയെയും ഡ്രൈവറെയും സംസ്ഥാന സര്‍ക്കാര്‍ നല്‍കും. ഡല്‍ഹിയിലെ പി എയുടെ ചിലവിനും എം പി ഓഫീസിന്റെ വാടക, മറ്റ്‌ ചിലവുകള്‍ക്കുമായി വേറൊരു 45000 കൂടി ലഭിക്കും. ഇത്രയും മതിയാകില്ലേ ഒരു സ്വിഫ്റ്റ് കാര്‍ വായ്പയെടുത്താല്‍ തിരിച്ചടവിന്.

അഞ്ചര ലക്ഷത്തിന് സ്വിഫ്റ്റ്കാര്‍ വായ്പെടുത്താല്‍ 5 വര്‍ഷത്തേക്ക് പ്രതിമാസ തിരിച്ചടവ് 11000 ആണെന്നുകൂടി അനില്‍ അക്കരയ്ക്ക് തൃശൂര്‍ ഡി സി സി പറഞ്ഞുകൊടുക്കുമായിരിക്കും.

publive-image

കുഴപ്പം ഉപദേശകരും അഭിഭാഷകരും

എന്തായാലും വിവാദത്തില്‍ നിന്നും രമ്യ ഹരിദാസ് കഷ്ടിച്ച് തലയൂരി. കെ പി സി സി അധ്യക്ഷന്‍ പറഞ്ഞാല്‍ അതിനപ്പുറമില്ലെന്നു ഒരു പ്രവര്‍ത്തക പറഞ്ഞത് അംഗീകരിക്കേണ്ടത് തന്നെ.

ഇനി രമ്യ ചെയ്യേണ്ടത്, തന്നെ ഈ കുഴപ്പത്തില്‍ ചാടിച്ച ഉപദേശകരെയും 'അഭിഭാഷകരെയും' മാറ്റി നിര്‍ത്തുകയെന്നതാണ്. ഉപജാപങ്ങള്‍ക്കപ്പുറം വന്ന വഴിയിലേക്ക് തിരിഞ്ഞുനോക്കി പഴയ രമ്യയാകാന്‍ ശ്രമിക്കണം. പാര്‍ലമെന്റിനകത്ത് നിന്നും പുറത്തേക്ക് പോകുമ്പോള്‍ സ്വന്തം ബാഗ് സൂക്ഷിക്കാനുള്ള ഉത്തരവാദിത്വം ഏറ്റവും സീനിയറായ കേരളാ എം പിയെ തന്നെ ഏല്‍പ്പിക്കണമെന്ന നിര്‍ബന്ധമൊക്കെ മാറ്റിവയ്ക്കണം.

ചെറിയ കാര്യങ്ങളാണെങ്കിലും അതിന്റെ പ്രത്യാഘാതങ്ങള്‍ അതിനപ്പുറമായിരിക്കും. കാരണം പാര്‍ട്ടി കോണ്‍ഗ്രസ് ആണ് ! ഇതൊരു ചെറിയ പിഴവ് മാത്രം ! ശ്രദ്ധിച്ച് മുന്നേറിയാല്‍ രമ്യയ്ക്ക് മുമ്പിലുള്ളത് പുതിയ ആകാശവും പുതിയ ഭൂമിയും തന്നെ. കരുതിയിരുന്നാല്‍ കാത്തിരിക്കുന്നത് രാഷ്ട്രീയത്തിലെ ഔന്നത്യങ്ങള്‍ തന്നെയായിരിക്കും ! അല്ലായെങ്കില്‍ വയനാട്ടിലെ മുന്‍ മന്ത്രി ജയലക്ഷ്മിയുടെ ഗതിയും !

 

 

ramya haridas
Advertisment