നമ്മൾ പാഠങ്ങൾ പഠിക്കണം, ജാഗരൂകരാകണം. ഇന്നലെ ശ്രീലങ്കയില്‍ നടന്നത് നാളെ കേരളത്തിൽ നടക്കാം. അതിൽ നിന്നും ഉടൻ രക്ഷനേടാനും സമൂഹം എന്ന നിലയിൽ ഭിന്നിച്ചു പോകാതെ പ്രശ്നങ്ങളെ ഒന്നിച്ചു നേരിടാനും നാം തയ്യാറാകണം – മുരളി തുമ്മാരുകുടി എഴുതുന്നു

Monday, April 22, 2019

ശ്രീലങ്കയിലെ കൂട്ടക്കുരുതി, കേരളത്തിനുള്ള പാഠങ്ങൾ…

ഈസ്റ്റർ ദിവസം രാവിലെ ശ്രീലങ്കയിലെ ക്രിസ്ത്യൻ പള്ളികളിലും ഹോട്ടലുകളിലുമുണ്ടായ ഭീകരവാദി ആക്രമണത്തിൽ 290 പേർ മരിച്ചതായിട്ടാണ് ഇപ്പോഴത്തെ കണക്കുകൾ. അതിൽ ഇരട്ടിയോളം പേർക്ക് ഗുരുതരമായ പരിക്കേറ്റിട്ടുണ്ട്. ഏറ്റവും അപലപിക്കപ്പെടേണ്ടതും, നമ്മളെ ചകിതരാക്കേണ്ടതുമാണ് ഈ സംഭവം.

അപകടത്തിനിരയായവരുടെ കുടുംബങ്ങളെ അനുശോചനങ്ങൾ അറിയിക്കുന്നതോടൊപ്പം പരിക്കേറ്റവർ വേഗം സുഖം പ്രാപിക്കട്ടെ എന്നും ആശംസിക്കുന്നു, ദേശീയ സുരക്ഷക്ക് ഭീഷണിയായി ഭീകരവാദം വളരുന്ന ഈ നിമിഷത്തിൽ അതിനെ ഒറ്റക്കെട്ടായി നേരിടാൻ എല്ലാ ശ്രീലങ്കക്കാർക്കും കഴിയട്ടെ എന്ന് ആഗ്രഹിക്കുന്നു. കേരളത്തിന്റെ ഒരു മെഡിക്കൽ സംഘം ശ്രീലങ്കക്ക് സഹായത്തിനായി എത്തുന്നുണ്ടെന്ന് വായിച്ചു, വളരെ നല്ലത്. എന്റെ ധാരാളം മലയാളി സുഹൃത്തുക്കൾ അവിടെയുണ്ട്. എല്ലാവരും സുരക്ഷിതരാണെന്ന് കരുതട്ടെ.

രാമ-രാവണ പുരാണങ്ങൾ അറിയാമെങ്കിലും ശ്രീലങ്ക, കേരളത്തിന്റെ എത്ര അടുത്താണെന്നും ഏതൊക്കെ തരത്തിൽ ശ്രീലങ്കയും കേരളവുമായി ബന്ധപ്പെട്ടു കിടക്കുന്നു എന്നും ശ്രീലങ്കയിൽ പോകാത്ത മലയാളികൾ പൊതുവെ മനസ്സിലാക്കിയിട്ടില്ല. ശ്രീലങ്കയും കേരളവും തമ്മിൽ ഐതീഹ്യമായും ചരിത്രപരമായും ബന്ധങ്ങളുണ്ട്.

തെങ്ങും ആയി ശ്രീലങ്കയിൽ നിന്നും കേരളത്തിൽ എത്തിയവരാണ് തങ്ങളെന്നാണ് ഒരു വിഭാഗം മലയാളികൾ വിശ്വസിക്കുന്നത്. ഇപ്പോൾ വിശ്വസിച്ച് അൽപം കള്ളുകുടിക്കണമെങ്കിൽ ശ്രീലങ്കയിൽ തന്നെ പോകണം.

കഴിഞ്ഞ നൂറ്റാണ്ടിന്റെ ആദ്യകാലത്ത് മലയാളികളുടെ ഗൾഫ് ആയിരുന്നു സിലോൺ. ഏറെ മലയാളികൾ അവിടെ കുടിയേറിയിട്ടുണ്ട്. ചങ്ങന്പുഴയുടെ കവിത ചൊല്ലി അത് മന്ത്രമാണെന്ന് വിശ്വസിപ്പിച്ച് ശ്രീലങ്കയിൽ ജ്യോൽസ്യവും മന്ത്രവാദവും നടത്തി ജീവിക്കുന്ന മലയാളികളെക്കുറിച്ച് എ ടി കോവൂർ എഴുതിയിട്ടുണ്ട്.

എൻറെ ചെറുപ്പകാലത്ത് ഏറ്റവും നന്നായി മലയാളസിനിമാഗാനങ്ങൾ സംപ്രേക്ഷണം ചെയ്തിരുന്നത് സിലോൺ റേഡിയോ ആണ്. ഞാൻ ആദ്യമായി ടി വി കാണുന്നത്, കൊടൈക്കനാലിലെ ഹോട്ടലുകാർ ഏറെ പൊക്കത്തിൽ ഒരു ആന്റിന വെച്ചുപിടിപ്പിച്ച് അവരുടെ ലോബിയിൽ ശ്രീലങ്കൻ ടെലിവിഷൻ പ്രക്ഷേപണം ഒരു ആകർഷണമായി വെച്ചപ്പോഴാണ്. കേരളത്തെക്കാളും നല്ല വിദ്യാഭ്യാസം, ആരോഗ്യ സംവിധാനം, പരിസ്ഥിതി സംരക്ഷണം ഒക്കെയുള്ള പ്രദേശമായിരുന്നു പണ്ട് സിലോൺ.

1980 മുതൽ കാര്യങ്ങൾ മോശമായി. 2010 വരെ സ്ഥിതിഗതികൾ ഏതാണ്ട് അതുപോലെ തുടർന്നു. എന്നാൽ ആഭ്യന്തര യുദ്ധം കഴിഞ്ഞുള്ള ശ്രീലങ്കയുടെ സാന്പത്തികമായ തിരിച്ചു വരവ് അതിശയിപ്പിക്കുന്നത്ര വേഗത്തിലായിരുന്നു. സമാധാനത്തോടൊപ്പം ഹോട്ടലുകളും വിമാനസർവീസുകളും കൂടി വന്നതോടെ ടൂറിസം അതിവേഗത്തിൽ വളർന്നു.

ഇന്ത്യൻ തുറമുഖങ്ങളെക്കാൾ കാര്യക്ഷമമായി പ്രവർത്തിക്കുന്ന തുറമുഖങ്ങൾ അവിടെ വന്നത് മറ്റു സാന്പത്തിക രംഗവും ഉഷാറാക്കിത്തുടങ്ങി. നഷ്ടപ്പെട്ട പതിറ്റാണ്ടുകൾ അവർ വേഗത്തിൽ തിരിച്ചു പിടിക്കുകയാണെന്നും, അത് കേരളം ശ്രദ്ധിക്കണമെന്നും ഞാൻ രണ്ടു വർഷം മുൻപേ പറഞ്ഞിരുന്നു.

കാര്യം കായലും ഹൗസ്‌ബോട്ടും ആയുർവേദവും ഉൾപ്പെടെയുള്ള അവരുടെ ടൂറിസം പ്രമോഷൻ കേരളവുമായി ഏറെ ചേർന്നു നിൽക്കുന്നതാണെങ്കിലും, ശ്രീലങ്കയെ കേരളടൂറിസത്തെ വെല്ലുവിളിക്കുന്ന ഒരു ശക്തിയായി കാണേണ്ടതില്ല. കേരളത്തിൽ ടൂറിസം നടത്തി പരിചയമുള്ളവർക്ക് അവിടെ പോയി മൂലധനം നിക്ഷേപിക്കാം, അവിടെ നിന്നും ടൂറിസം പഠിക്കാനുള്ള വിദ്യാർത്ഥികൾക്ക് കേരളത്തിൽ അവസരം നൽകാം, ശ്രീലങ്ക സന്ദർശിക്കാൻ വരുന്നവർക്ക് കേരളവും കൂടി സന്ദർശിക്കാൻ പറ്റുന്ന ട്വിൻ പാക്കേജ് ശ്രീലങ്കൻ എയർലൈനും താജ് ഹോട്ടലുമായി ചേർന്ന് നടത്താം, ഒരു വിദേശയാത്ര പോലും ചെയ്തിട്ടില്ലാത്ത മലയാളികൾക്ക് പതിനായിരം രൂപ ചെലവിൽ ശ്രീലങ്കയിൽ പോയി മൂന്ന് ദിവസം താമസിച്ച് തിരിച്ചു വരാവുന്ന പാക്കേജുകൾ ഉണ്ടാക്കാം, തിരിച്ചും.

കേരളത്തിലെയും ശ്രീലങ്കയിലെയും ഓരോ ഗ്രാമത്തിലെയും ആളുകളെ ബന്ധിപ്പിക്കുന്ന എയർ ബി ആൻഡ് ബി പോലുള്ള ഹോംസ്റ്റേ സംവിധാനം ഉണ്ടാക്കിയാൽ തായ്‌ലണ്ടിന് പോലും വെല്ലുവിളിയാകുന്ന ടൂറിസം സംവിധാനം നമുക്കുണ്ടാക്കാം. ചുവപ്പുനാടയുടെയും ഹർത്താലിന്റെയും സമരത്തിന്റെയും പ്രശ്നങ്ങളില്ലാതെ പൂക്കൃഷി മുതൽ ഇലക്ട്രോണിക്ക് മാനുഫാക്‌ചറിംഗ് വരെ മലയാളികൾക്ക് ശ്രീലങ്കയിൽ നടത്താമല്ലോ.

ഇത്തരത്തിലുള്ള ധാരാളം അവസരങ്ങളുടെ സാധ്യതകൾ ഉള്ളതുകൊണ്ടാണ് എന്താണ് ശ്രീലങ്കയിൽ നടക്കുന്നതെന്ന് ശ്രദ്ധിക്കണമെന്ന് ഞാൻ കേരളത്തിലെ ജനങ്ങളോടും ഉദ്യോഗസ്ഥരോടും നേതൃത്വത്തോടും പറയാറുള്ളത്. തീവ്രവാദി ആക്രമണം അതിന് ഒരു കാരണം കൂടിയായി. അങ്ങനെ നോക്കേണ്ടതിന്റെ ആവശ്യകതയും കൂട്ടി.

കേരളം പോലെ വിവിധ ജാതി മതസ്ഥർ ഒരുമിച്ച് ജീവിക്കുന്ന സ്ഥലമാണ് ശ്രീലങ്ക. അവിടെ വംശത്തിൻറെ പേരിലുണ്ടായ ആഭ്യന്തരയുദ്ധത്തിൽ നിന്നും ഒരു കണക്കിന് രാജ്യം മുക്തി നേടി പുറത്തേക്ക് വന്ന് സാന്പത്തിക പുരോഗതി നേടുന്ന സമയത്ത് മതപരമായി ഭിന്നിപ്പിച്ചും സമാധാനം ഇല്ലാതാക്കിയും രാജ്യത്ത് കുഴപ്പങ്ങൾ ഉണ്ടാക്കാൻ ശ്രമിക്കുന്നത് നാം കാണാതെ പോകരുത്.

ഇതിന്റെ പിന്നിൽ ആരാണ്, അവരുടെ ലക്ഷ്യങ്ങൾ എന്താണ്, സാന്പത്തികവും സാമൂഹ്യവുമായി എങ്ങനെ ഇത്തരം ആക്രമണങ്ങൾ രാജ്യത്തെ പിന്നോട്ടടിക്കുന്നു, അത് എങ്ങനെ ജനങ്ങളിൽ പരസ്പരവിശ്വാസം നഷ്ടപ്പെടുത്തുന്നു, അതിനെ സർക്കാർ എങ്ങനെ നേരിടുന്നു എന്നെല്ലാം നാം പഠിക്കേണ്ടതാണ്.

കാരണം ശ്രീലങ്കയും കേരളവും തമ്മിൽ അരമണിക്കൂർ ദൂരമേ ഉള്ളൂ. ഇന്നലെ അവിടെ നടന്നത് നാളെ കേരളത്തിൽ നടക്കാം. നമ്മൾ പാഠങ്ങൾ പഠിക്കണം, ജാഗരൂകരാകണം. ഇങ്ങനെ എന്തെങ്കിലും സംഭവിച്ചാൽ അതിൽ നിന്നും ഉടൻ രക്ഷനേടാനും സമൂഹം എന്ന നിലയിൽ ഭിന്നിച്ചു പോകാതെ പ്രശ്നങ്ങളെ ഒന്നിച്ചു നേരിടാനും നാം തയ്യാറാകണം.

ശ്രീലങ്ക ഏറ്റവും വേഗത്തിൽ വികസനത്തിന്റെ പാതയിലേക്ക് ഒത്തൊരുമയോടെ തിരിച്ചെത്തുമെന്ന വിശ്വാസത്തോടെ,

മുരളി തുമ്മാരുകുടി

ജനീവ, ഏപ്രിൽ 22

 

×