Advertisment

സ്കൂളുകള്‍ വഴിയൊരു കാര്‍ഷിക വിപ്ലവം ! കേരളത്തിലെ വീടുകളില്‍ മിച്ചം വന്ന് പാഴാകുന്നത് 700 കോടിയുടെ പച്ചക്കറികള്‍ ! കുട്ടികള്‍ വഴി ഇവ ശേഖരിച്ച് വിപണിയിലെത്തിക്കുന്ന തൊടുപുഴയിലെ 'കാഡ്സ് പച്ചക്കുടുക്ക' പദ്ധതി വന്‍ ഹിറ്റാകുന്നു. കേരളം കണ്ടുപഠിച്ചാല്‍ കേരളത്തിന്റെ കാര്‍ഷിക വിപ്ലവമായി മാറാവുന്ന പദ്ധതി ഇങ്ങനെ 

New Update

തൊടുപുഴ:  കാര്‍ഷിക മേഖലയില്‍ കുട്ടികള്‍ക്ക് താല്‍പര്യവും പങ്കാളിത്തവും വര്‍ധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ തൊടുപുഴ കേന്ദ്രമാക്കി സ്കൂളുകള്‍ മുഖേന ആരംഭിച്ച 'പച്ചക്കുടുക്ക' പദ്ധതി വന്‍ വിജയവും സംസ്ഥാനമൊട്ടാകെ മാതൃകയാകുന്നു.

Advertisment

അന്യസംസ്ഥാനങ്ങളില്‍ നിന്നെത്തുന്ന വിഷലിപ്തമായ പച്ചക്കറികളുടെ വ്യാപനം തടഞ്ഞ് നമ്മുടെ അടുക്കളപ്പുറത്ത് വിരിയുന്ന നാടന്‍ വിഭവങ്ങള്‍ കുട്ടികള്‍ മുഖേന സ്കൂളുകളില്‍ എത്തിച്ച് ഒന്നായി ശേഖരിച്ച് വിപണിയിലെത്തിക്കുന്നതാണ് പച്ചക്കുടുക്ക പദ്ധതി.  കേരള അഗ്രിക്കള്‍ച്ചറല്‍ ഡവലപ്മെന്റ് സൊസൈറ്റിയാണ് (KADS)  പദ്ധതിയുടെ സംഘാടകര്‍.

publive-image

നമ്മുടെ വീടുകളില്‍ വീട്ടാവശ്യത്തിനായി കൃഷി ചെയ്ത് ഉത്പാദിപ്പിക്കുന്നതും അതില്‍ നിന്നും മിച്ചം വരുന്നതുമായ പച്ചക്കറികള്‍, പഴവര്‍ഗ്ഗങ്ങള്‍, മുട്ട, ഇലക്കറികള്‍, തേന്‍, നെയ്യ് തുടങ്ങിയവയാണ് എത്ര കുറഞ്ഞ അളവിലും കുട്ടികളില്‍ നിന്നും ശേഖരിക്കുന്നത്. അതിന് നിശ്ചിത വില നല്‍കും.

ആഴ്ച്ചയിലൊരിക്കലാണ് സൊസൈറ്റിയുടെ വാഹനം സ്കൂളുകളിലെത്തി ഇത് ശേഖരിക്കുക. 5 മുട്ട, ഒരു വാഴച്ചുണ്ട്, 100 ഗ്രാം കോവയ്ക്ക എന്നിങ്ങനെ എത്ര കുറഞ്ഞ അളവിലും കുട്ടികള്‍ക്ക് നേരിട്ട് നല്‍കുകയോ അല്ലെങ്കില്‍ അവരുടെ പേരില്‍ അക്കൌണ്ടില്‍ നിക്ഷേപിക്കുകയോ ചെയ്യും. ഓരോ സ്കൂളുകളിലെയും കാര്‍ഷിക ക്ലബ്ബ്, പരിസ്ഥിതി ക്ലബ്ബ്, എന്‍ എസ് എസ് തുടങ്ങിയ സന്നദ്ധ സംഘടനകളുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുക.

പച്ചക്കറികള്‍ ഉള്‍പ്പെടെ കൃഷി ചെയ്യുന്നതിന് ആവശ്യമായ വിത്തുകളും തൈകളും സ്കൂളുകളില്‍ കുട്ടികള്‍ക്ക് എത്തിച്ചു നല്‍കും. കൃഷിയെക്കുറിച്ച് വിദഗ്ദ്ധരുടെ ക്ലാസുകളും ഏര്‍പ്പെടുത്തും.

publive-image

ഒരേസമയം കുട്ടികളില്‍ പരിസ്ഥിതി ബോധം, കാര്‍ഷിക അവബോധം, ജൈവകൃഷി, ഉത്പാദനവും വിപണനവും, സമ്പാദ്യ ശീലം എന്നിവ സൃഷ്ടിക്കാന്‍ പര്യാപ്തമായ 'പച്ചക്കുടുക്ക' പദ്ധതി സംസ്ഥാനമൊട്ടാകെ നടപ്പിലാക്കാനായാല്‍ അത് കേരളത്തില്‍ വന്‍ കാര്‍ഷിക വിപ്ലവത്തിന് തന്നെയാകും തുടക്കം കുറിയ്ക്കുകയെന്ന്‍ കാഡ്സ് പ്രസിഡന്റ് ആന്റണി കണ്ടിരിക്കല്‍, അഡ്മിനിസ്ട്രേഷന്‍ ഓഫീസര്‍ ജിബിന്‍ പോള്‍ എന്നിവര്‍ പറഞ്ഞു.

ഒരു വര്‍ഷം 700 കോടി രൂപയുടെ പച്ചക്കറികള്‍ നമ്മുടെ വീടുകളില്‍ ഉത്പാദിപ്പിക്കുന്നതില്‍ നിന്നും ഉപയോഗിക്കാതെ മിച്ചം വച്ച് പാഴായിപ്പോകുന്നുണ്ട്. ചെറിയ അളവിലുള്ളത് വില്‍പ്പനയ്ക്കെത്തിക്കുന്നതിനുള്ള വിമുഖത കൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്. അങ്ങനെ സംഭവിക്കാതെ വീടുകളില്‍ ഉപയോഗം കഴിഞ്ഞ് മിച്ചം വരുന്ന പച്ചക്കറികള്‍ വിപണിയിലെത്തിക്കുന്നു എന്നതാണ് 'കാഡ്സ് പച്ചക്കുടുക്ക'യുടെ പ്രധാന നേട്ടമെന്ന് ആന്റണിയും ജിബിനും പറഞ്ഞു.

കാഡ്സ് പച്ചക്കുടുക്കയുടെ വിഭവങ്ങള്‍ വാങ്ങാന്‍ ആളുകളുടെ വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്. വിഭവങ്ങള്‍ എത്തിക്കുമ്പോള്‍ തന്നെ തീര്‍ന്നുപോകുന്നു എന്നതാണ് സാഹചര്യം.

'പച്ചക്കുടുക്ക' എന്ന പേരില്‍ തന്നെ പദ്ധതിയുടെ വ്യാഖ്യാനം വ്യക്തമാണ്. 'പച്ച' കൃഷിയെയും 'കുടുക്ക' സമ്പാദ്യത്തെയും സൂചിപ്പിക്കുന്നു.

 

Advertisment