Advertisment

ഓണ്‍ലൈനിലെ കുട്ടിക്കളി രക്ഷകര്‍ത്താക്കള്‍ ശ്രദ്ധിക്കണം; വീടിനുപുറത്തു കളിച്ചുനടന്നവര്‍ ഇപ്പോള്‍ മൊബൈല്‍ ഗെയിമുകളിലേയ്ക്ക് തിരിഞ്ഞു, മുന്നറിയിപ്പുമായി കേരള പൊലീസ്‌

New Update

തിരുവനന്തപുരം: കുട്ടികള്‍ ഇപ്പോള്‍ പഠനത്തിനേക്കാള്‍ കൂടുതല്‍ ഓണ്‍ലൈന്‍ ഗെയിമുകള്‍ക്കായി മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നുവെന്നതാണ് യാഥാര്‍ഥ്യമെന്നും വീടിനുപുറത്തു കളിച്ചുനടന്നവര്‍ ഇപ്പോള്‍ മൊബൈല്‍ ഗെയിമുകളിലേയ്ക്ക് തിരിഞ്ഞുവെന്നും കേരളപോലീസ് . കുട്ടികള്‍ക്ക് മൊബൈല്‍ നല്‍കുന്ന മാതാപിതാക്കള്‍ അവരില്‍ കൂടുകല്‍ ശ്രദ്ധ ചെലുത്തണമെന്നും കുറിപ്പില്‍ പറയുന്നു.

Advertisment

publive-image

കേരള പോലീസിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം

ഓണ്‍ലൈനിലെ കുട്ടിക്കളി..

രക്ഷകര്‍ത്താക്കള്‍ ശ്രദ്ധിക്കണം

പഠനം ഓണ്‍ലൈന്‍ ക്ലാസുകളിലൂടെയായതിനെത്തുടര്‍ന്ന് കുട്ടികളില്‍ ഇന്‍ര്‍നെറ്റ് ഉപയോഗവും മൊബൈല്‍ ഫോണുകളുടെ ഉപയോഗവും വര്‍ദ്ധിച്ചിരിക്കുകയാണ്. എന്നാല്‍ ഇപ്പോള്‍ കുട്ടികള്‍ പഠനത്തിനേക്കാള്‍ കൂടുതല്‍ ഓണ്‍ലൈന്‍ ഗെയിമുകള്‍ക്കായി മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നുവെന്നതാണ് യാഥാര്‍ഥ്യം. വീടിനുപുറത്തു കളിച്ചുനടന്നവര്‍ ഇപ്പോള്‍ മൊബൈല്‍ ഗെയിമുകളിലേയ്ക്ക് തിരിഞ്ഞു.

കുട്ടികള്‍ അമിതമായി മൊബൈല്‍ഫോണ്‍ ഉപയോഗിക്കുന്നതിലൂടെ അവരുടെ സ്വാഭാവങ്ങളില്‍ മാറ്റം വന്നതായും മാനസിക സംഘര്‍ഷങ്ങള്‍ അനുഭവിക്കുന്നതായും രക്ഷകര്‍ത്താക്കളുടെ പരാതിയും ഉയരുന്നു. പഠനകാര്യങ്ങളിലും ശ്രദ്ധപുലര്‍ത്താന്‍ കഴിയാതെയായ വിദ്യാര്‍ത്ഥികളെക്കുറിച്ചുള്ള ആശങ്കയും രക്ഷകര്‍ത്താക്കള്‍ പങ്കുവയ്ക്കുന്നു.

പണം വച്ചുള്ള കളികളിലൂടെ സാമ്പത്തിക നഷ്ടമുണ്ടായ സംഭവങ്ങളും നിരവധിയാണ്. കേരള പോലീസിന്റെ ഓണ്‍ലൈന്‍ കൗണ്‍സലിംഗ് സംരംഭത്തില്‍ ഇതുമായി ബന്ധപ്പെട്ട് ധാരാളം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

ഓണ്‍ലൈനില്‍ നേരമ്പോക്കിനായി തുടങ്ങിയ കളികള്‍ ഇപ്പോള്‍ പരിധിവിട്ട് പണം ഉപയോഗിച്ചുള്ള കളികളിലേക്ക് മാറിയിട്ടുണ്ട്. ആദ്യം സൗജന്യമായി കളിക്കാന്‍ അനുവദിക്കുന്ന ഓണ്‍ലൈന്‍ സൈറ്റുകള്‍ പിന്നീട് കുട്ടികള്‍ ഇതിന് അടിമയാകുമ്പോള്‍ പണം ഈടാക്കിത്തുടങ്ങും.

പലകുട്ടികളും പണത്തിനായി രക്ഷകര്‍ത്താക്കളുടെ അക്കൗണ്ടുകള്‍ ഉപയോഗിച്ചു തുടങ്ങി. അടുത്തിടെ കോട്ടയം ജില്ലയില്‍ ഇത്തരത്തില്‍ പണം നഷ്ടപ്പെട്ട നിരവധി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുകയുണ്ടായി.

ഓണ്‍ലൈന്‍ മൊബൈല്‍ ഗെയിമുകള്‍ വഴി ലക്ഷങ്ങളാണ് കുട്ടികള്‍ ചോര്‍ത്തുന്നത്. പേടിഎമ്മും, മറ്റ് അനുബന്ധവാലറ്റുകളും ഉപയോഗിച്ചാണ് ഇവര്‍ ഗെയിം കളിക്കുന്നതിനായി പണം പിന്‍വലിക്കുന്നത്. ഓണ്‍ലൈന്‍ ഗെയിമിംഗ് കമ്പനികള്‍ക്ക് പണം നിയമവിധേയമായി തന്നെ കുട്ടികള്‍ കൈമാറുന്നതിനാല്‍ പൊലീസിന് നടപടിയെടുക്കാനും സാധിക്കുന്നില്ല.

ഓണ്‍ലൈന്‍ ക്ലാസിനായി കുട്ടികള്‍ക്ക് മൊബൈല്‍ ഫോണുകള്‍ നല്‍കുന്ന മാതാപിതാക്കള്‍ കൃത്യമായി അവരുടെ ഓണ്‍ലൈന്‍ ഇടപെടലുകളെ നിരീക്ഷിക്കണം. അവരുടെ ഫോണിലെ പ്രവര്‍ത്തനങ്ങള്‍ എന്താണെന്ന് പരിശോധിക്കണം.

അക്കൗണ്ടില്‍ നിന്ന് പണം പിന്‍വലിക്കുന്നതിനും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തണം. ഗെയിമുകള്‍ക്ക് അഡിക്ട് ആയ കുട്ടികളെ ക്രമേണ അതില്‍ നിന്നും പിന്തിരിപ്പിക്കുവാനുള്ള ശ്രമങ്ങളും രക്ഷകര്‍ത്താക്കളുടെ ഭാഗത്തു നിന്നുണ്ടാകണം.

https://www.facebook.com/keralapolice/posts/3607343002694496

kerala police
Advertisment