Advertisment

സോഷ്യൽ മീഡിയയിൽ കാണാറുള്ള ഹോം റെമഡി ഇമ്മ്യൂണിറ്റി ബൂസ്റ്റർ എല്ലാം കലക്കിക്കുടിച്ചു ,മുളക് പൊടിയൊഴികെ! ടീവിയിലെ ന്യൂസ്‌ ചാനൽ മാറി മാറി കണ്ടു കൊണ്ടിരുന്ന കുഞ്ഞിക്കാനെ കോമഡി ചാനലിലേക്കു വഴിതിരിച്ചു വിട്ടു; പിറ്റേന്ന് പരീക്ഷക്ക് ഏത് ചാനലിൽ നിന്നാണ് ചോദ്യം വരാന്നറിയില്ലാന്ന് ഉള്ള തരത്തിലാണ് അത് വരെ എന്റെ ഭർത്താവ് ന്യൂസ് ചാനൽ കണ്ടിരുന്നത്; അങ്ങിനെ മൂന്നാഴ്ചയിൽ കൂടുതൽ. ഞങ്ങളോടൊപ്പം ജീവിച്ച കൊറോണ എന്നെയും മോനെയും ഗൗനിക്കാതെ കുഞ്ഞിക്കയോട് യാത്ര പറഞ്ഞു മാന്യമായി ഇറങ്ങിപ്പോയി; യുവതിയുടെ അനുഭവക്കുറിപ്പ്‌

author-image
ഗള്‍ഫ് ഡസ്ക്
Updated On
New Update

ദുബായ് : ലക്ഷണങ്ങളില്ലാതെ കൊവിഡ് സ്ഥിരീകരിച്ച ഭര്‍ത്താവ് രോഗമുക്തനായ കഥ വിവരിച്ച് പ്രവാസി യുവതി. ഭർത്താവ് ഹംസു മാളികയിലിന്കോവിഡ് ബാധിച്ച കാര്യം തന്റെ വാക്കുകളിലൂടെ വിവരിക്കുകയാണ് ഹോം ബേക്കറും കെഎംസിസി എക്സിക്യൂട്ടീവ് മെംബറും മലബാർ അടുക്കള മോഡറേറ്ററും ചീഫ് കോർഡിനേറ്ററുമായ ഭാര്യ നെബു ഹംസു:

Advertisment

publive-image

കുഞ്ഞിക്കയും കോവിഡും

ഇത്തിരി നേരത്തേ കിടന്ന ദിവസായിരുന്നു. ഉറക്കം കണ്ണുകളെ തഴുകിത്തുടങ്ങിയിരുന്നു. അസമയത്ത് കുഞ്ഞിക്കാടെ ഫോൺ റിംഗ് ചെയ്യുന്നത് കേട്ടു ഞെട്ടിയുണർന്നു. ‘ഇപ്പാതിരാക്കോ". ഫോണെടുത്ത കുഞ്ഞിക്കാടെ ചോദ്യം. "എന്തേ കുഞ്ഞിക്കാ.. സന്ദേഹത്തോടെ ഞാൻ ചോദിച്ചു. കോവിഡ് ടെസ്റ്റ് ഉണ്ടത്രേ. "ഇപ്പാതിരാക്കോ " അതേ ചോദ്യം ഞാനും ആവർത്തിച്ചു. സമയം ഒരുമണിയോടടുത്തിരുന്നു. കുഞ്ഞിക്ക കന്തൂറയും എടുത്തിട്ട് ധൃതിയിൽ പോയി.തിരിച്ചുവരുവോളം വല്ലാത്ത ആശങ്ക.

ആർക്കെങ്കിലും എന്തെങ്കിലും? മനസ്സിൽ ദുഷ്ചിന്തകൾ ചേക്കേറാൻ തുടങ്ങിയിരിക്കുന്നു. പ്രാർഥനാ നിരതമായി മനസിനെ ശാന്തമാക്കി സമയം തള്ളിനീക്കി. അരമണിക്കൂറിനുള്ളിൽ കുഞ്ഞിക്ക തിരിച്ചെത്തി. "അതെ കോവിഡ് ടെസ്റ്റിന് തന്നെയായിരുന്നു. മുഴുവൻ ജോലിക്കാരേയും ടെസ്റ്റ് ചെയ്തു, ഓരോരുത്തരെയായി വിളിച്ചപ്പോൾ സമയം വൈകിയതാ .ഇനിയും ആളുകളുണ്ടത്രേ". "ഹാവൂ സമാധാനമായി, ആഴ്ച്ച തോറും നടത്തിവരാറുള്ള ആചാരം " പതിവുപോലെ പിറ്റേന്ന് ഡ്യൂട്ടിക്ക് പോയ കുഞ്ഞിക്ക പതിവിലും നേരത്തെ മ്ലാനമായ മുഖത്തോടെ തിരിച്ചെത്തി.

റിസൽട്ട് വന്നു, ചെറിയ പ്രശ്നമുണ്ടത്രെ, കോവിഡ് പോസിറ്റീവ് ആണ് " ഉള്ളൊന്നു ആന്തിയെങ്കിലും അത് പുറത്ത് കാണിക്കാതെ നിന്നു. അത് സാരല്ല്യാ, കുഞ്ഞിക്കാ... നമ്മളിതെന്നും പ്രതീക്ഷിച്ചിരിക്കുന്നതല്ലേ. കുഞ്ഞിക്കാടെ കൈകൾ മുറുകെ പിടിച്ചു ചുണ്ടിൽ ചിരി വരുത്താൻ ശ്രമിച്ചെങ്കിലും കണ്ണുകൾ ചതിച്ചു.

അത് മറയ്ക്കാൻ, ഞാൻ ഫുഡ് എടുക്കാം എന്ന് പറഞ്ഞു തിരിഞ്ഞു നടന്നു. "അല്ലാ, ഞാൻ മേലെ നിലയിൽ ഇരുന്നോളാം ‘മോനുള്ളതല്ലേ, അല്ലെങ്കിൽ കോവിഡ് സെന്ററിലേക്ക് പോകാം. (ഞങ്ങളുടെ ഇളയ മകൻ പത്താം ക്ലാസ് വിദ്യാർഥി റിഹാൻ. മൂത്ത മകൻ മഹാതിർ മുഹമ്മദ് രണ്ടു ദിവസം മുമ്പ് അബുദബിയിലുള്ള സഹോദരന്റെ വീട്ടിൽ പോയി അവിടെ കുടുങ്ങി)’ അത് വേണ്ട കുഞ്ഞിക്കാ. മോൻ ഓൺലൈൻ ക്ലാസും മറ്റുമായി മിക്കവാറും മേലെത്തന്നെയല്ലേ. അവന് വേണ്ടത് അവിടെ എത്തിക്കാം.

കുഞ്ഞിക്ക എവിടേം പോകണ്ട...പോകുമ്പോ നമ്മക്ക് ഒരുമിച്ചു പോകാന്നേ, എവടക്ക്യാണെങ്കിലും. ഞാൻ ചിരിച്ചുകൊണ്ട് ഭക്ഷണമെടുക്കാനാരംഭിച്ചു. ഒരാൾ, അത് പനിയാണെങ്കിൽ പോലും മുറിയിൽ അടച്ചുപൂട്ടി ഇരിക്കേണ്ടി വരുമ്പോഴുള്ള മാനസികാവസ്ഥ ഊഹിക്കാവുന്നതേയുള്ളു. ഇതിപ്പോ ദിവസങ്ങളോളം ന്റെ റബ്ബേ!! ന്നാലും. കുഞ്ഞിക്കാക്ക് ഇതെങ്ങനെ...? രോഗ ലക്ഷണങ്ങളൊന്നുമില്ലല്ലോ, ഒരു ജലദോഷം പോലും.

മാസ്കും ഗ്ലൗസ് മില്ലാതെ പുറത്തിറങ്ങാറില്ല, ജോലിസ്ഥലത്തേക്ക് കേറുന്നതിനു മുൻപേ സാനിറ്റൈസ് ചെയ്യുന്നു, തെർമൽ ചെക്കിങ്ങും. വീട്ടിലേക്കു കയറുന്നതിനുമുമ്പേ ഗ്ലൗസും മാസ്കും പുറത്തെ വേസ്റ്റ് ബിന്നിൽ ഇട്ട്, ഡെറ്റോൾ സ്പ്രേ ചെയ്ത് മാറ്റിൽ ചെരുപ്പ് പുറത്തു വച്ചേ വീട്ടിലേക്കു കയറൂ. മൂന്നു മാസത്തിനിടക്ക് മൂന്നോ നാലോ തവണ മാത്രമേ പുറത്തുപോയിട്ടുള്ളു .അന്നൊക്കെ ഇട്ടിരുന്ന ഡ്രസ്സ് സോപ്പിൽ മുക്കിവക്കും. ഗ്രോസറി കളെല്ലാം പരമാവധി സാനിറ്റൈസ് ചെയ്‌തും കഴുകിയും ഉപയോഗിച്ചു.

സോഷ്യൽ മീഡിയയിൽ കാണാറുള്ള ഹോം റെമഡി ഇമ്മ്യൂണിറ്റി ബൂസ്റ്റർ എല്ലാം കലക്കിക്കുടിച്ചു (മുളക് പൊടിയൊഴികെ). ചൂടുവെള്ളമല്ലാതെ ഈ കൊടും ചൂടിലും കുടിച്ചിരുന്നുമില്ല. എന്നിട്ടും, ചിലപ്പോൾ റോങ്ങ് റിപ്പോർട്ട് ആവുമോ? ങാ.. വരാനുള്ളത് വഴിയിൽ തങ്ങില്ല; ഞാൻ ആത്മഗതം നടത്തി സ്വയം ആശ്വസിച്ചു.

രണ്ട് ദിവസം കഴിഞ്ഞു ലക്ഷണങ്ങൾ പുറത്തു വരാൻ തുടങ്ങി. ശരീരവേദന, മണംനഷ്ടപ്പെടുക, തൊണ്ടവേദന... സഹപാഠിയും ഹോമിയോ ഡോക്ടറുമായ സുബൈറിനെ വിളിച്ചു വിവരം പറഞ്ഞു. ഞാൻ കുറച്ചു ചോദ്യങ്ങൾ ചോദിക്കാം. നീയത് കുഞ്ഞിക്കാനോട് ചോദിച്ചു വോയ്‌സ് മെസ്സേജ് അയക്കൂ. എന്നിട്ട് കുഞ്ഞിക്കയോട് വിളിക്കാൻ പറയൂന്നു പറഞ്ഞു.

ഹോമിയോ മരുന്ന് കഴിച്ച് ട്രീറ്റ്മെന്റ് എടുത്ത പേഷ്യൻസിന് ആശ്വാസമായ വിവരവും പറഞ്ഞ് എനിക്ക് അവൻ ആത്മ ധൈര്യം പകർന്നു. നിർദേശമനുസരിച്ച് മരുന്ന് വാങ്ങി കഴിക്കാൻ തുടങ്ങി രോഗപ്രതിരോധത്തിനായി ഞങ്ങൾക്കും മെഡിസിൻ ഉണ്ടായിരുന്നു. കുഞ്ഞിക്കയും ഞാനും അകലം പാലിച്ച് ജീവിച്ചു. ടീവിയിലെ ന്യൂസ്‌ ചാനൽ മാറി മാറി കണ്ടു കൊണ്ടിരുന്ന കുഞ്ഞിക്കാനെ കോമഡി ചാനലിലേക്കു വഴിതിരിച്ചു വിട്ടു. (പിറ്റേന്ന് പരീക്ഷക്ക് ഏത് ചാനലിൽ നിന്നാണ് ചോദ്യം വരാന്നറിയില്ലാന്ന് ഉള്ള തരത്തിലാണ് അത് വരെ എന്റെ ഭർത്താവ് ന്യൂസ് ചാനൽ കണ്ടിരുന്നത്).

നാട്ടിലേക്ക് ഉമ്മാനെ വിളിച്ചും, സഹോദരങ്ങളുടെയും സുഹൃത്തുക്കളുടെയും സാന്ത്വനമായുള്ള വിളികളും അവശ്യ സാധനങ്ങളും ഭക്ഷണവും മറ്റുമായി അയൽവാസികളും സഹോദരങ്ങളും ചേർത്തു പിടിച്ചു. രോഗിയെ കൂട്ടിലടക്കുകയല്ല, കൂടെ നിർത്തുകയാണ് വേണ്ടത്. ഭയപ്പെടുകയോ ഭയപ്പെടുത്തുകയോ അല്ല വേണ്ടത്, മനസ്സിന് കരുത്തേകുകയും കരുത്താർജ്ജിക്കുകയുമാണ് വേണ്ടത്. അങ്ങിനെ മൂന്നാഴ്ചയിൽ കൂടുതൽ. ഞങ്ങളോടൊപ്പം ജീവിച്ച കൊറോണ എന്നെയും മോനെയും ഗൗനിക്കാതെ കുഞ്ഞിക്കയോട് യാത്ര പറഞ്ഞു മാന്യമായി ഇറങ്ങിപ്പോയി.

covid 19 corona virus
Advertisment