Advertisment

ജോസും ജോസഫും പിന്നോട്ടില്ല ! യുഡിഎഫ് നിലപാടിനെതിരെയുള്ള അമര്‍ഷത്തില്‍ ജോസ് പക്ഷം, തുടക്കത്തില്‍ ജോസഫിനെ പ്രോത്സാഹിപ്പിച്ച കോണ്‍ഗ്രസിലെ കോട്ടയം ലോബി വെട്ടിലാകും ? അണികളുള്ള ജോസിനെയും മുതിര്‍ന്ന നേതാവായ ജോസഫിനെയും മുന്നണിയില്‍ നിര്‍ത്താനുള്ള പെടാപ്പാടില്‍ കോണ്‍ഗ്രസ് നേതൃത്വം !

New Update

publive-image

Advertisment

കോട്ടയം: ജില്ലാ പഞ്ചായത്ത് അധ്യക്ഷ പദവി കേരളാ കോണ്‍ഗ്രസ് ജോസ് വിഭാഗം ‌ഒഴിയണമെന്ന യുഡിഎഫ് തീരുമാനം ഉമ്മന്‍ ചാണ്ടി ഉള്‍പ്പെടെയുള്ള നേതാക്കള്‍ ആവര്‍ത്തിക്കുകയും ജോസ് കെ. മാണി ആവശ്യം തള്ളുകയും ചെയ്തതോടെ യുഡിഎഫ് വീണ്ടും പ്രതിസന്ധിയില്‍. മുന്നണിക്കെതിരെ വെല്ലുവിളി ഉയര്‍ത്തിയിരിക്കുന്നത് യുഡിഎഫിലെ മൂന്നാമത്തെ വലിയ കക്ഷിയാണെന്നതും ജോസ് കെ. മാണിക്കൊപ്പമുള്ള കേരളാ കോണ്‍ഗ്രസ് വികാരവും പ്രതിസന്ധിയുടെ ഗൗരവം വര്‍ദ്ധിപ്പിക്കുന്നു.

യുഡിഎഫ് ഔദ്യോഗികമായി ആവശ്യപ്പെട്ട ഒരു കാര്യം പ്രമുഖ ഘടകകക്ഷി തള്ളണമെങ്കില്‍ അത് രണ്ടും കല്‍പ്പിച്ചാണെന്നത് വ്യക്തം. കേരള കോണ്‍ഗ്രസിലെ തലമുതിര്‍ന്ന നേതാവ് പി.ജെ. ജോസഫ് മറുപക്ഷത്ത് നില്‍ക്കുമ്പോഴും പാര്‍ട്ടി അണികളില്‍ ബഹുഭൂരിപക്ഷത്തിന്‍റെയും അടിയുറച്ച പിന്തുണ ജോസ് കെ. മാണിക്കൊപ്പമാണ്.

എന്നാല്‍ പ്രവര്‍ത്തക പിന്തുണ അവഗണിച്ചാണ് വിഷയത്തിലെ ന്യായാന്യായങ്ങള്‍ പരിഗണിക്കാതെ മുതിര്‍ന്ന നേതാവിനൊപ്പം നിന്ന് കോണ്‍ഗ്രസ് നിലപാട് കൈക്കൊണ്ടിരിക്കുന്നത്. ജോസഫിനെ ന്യായീകരിക്കുന്ന ആവര്‍ത്തിച്ചുള്ള കോണ്‍ഗ്രസ് നിലപാടുകള്‍ ജോസ് പക്ഷത്തെയും ചൊടിപ്പിച്ചിട്ടുണ്ട് . അനിനാലാണ് നിലപാടില്‍ അണുവിട വിട്ടുവീഴ്ചയില്ലെന്ന് യുഡിഎഫ് തീരുമാനം വന്നതിനു പിന്നാലെ ജോസ് കെ. മാണി തുറന്നടിച്ചത്. ഒപ്പം ഗൗരവപൂര്‍വ്വമായ രാഷ്ട്രീയ നീക്കങ്ങള്‍ സംബന്ധിച്ചും ജോസ് പക്ഷത്ത് ചര്‍ച്ചകള്‍ ആരംഭിച്ചിട്ടുണ്ട്.

publive-image

തന്ത്രങ്ങള്‍ മെനയുന്നത് കോണ്‍ഗ്രസിലെ കോട്ടയം ലോബി 

ജില്ലാ പഞ്ചായത്ത് വിഷയത്തില്‍ കോണ്‍ഗ്രസിലെ കോട്ടയം ലോബി പി.ജെ. ജോസഫിനെ അകമഴിഞ്ഞ് പ്രോത്സാഹിപ്പിച്ചു എന്നത് സത്യമാണ് . ഇരിക്കൂരില്‍ നിന്നും കോട്ടയത്തേയ്ക്ക് പറിച്ചുനടല്‍ ആഗ്രഹിക്കുന്ന കെ.സി. ജോസഫ് മുതല്‍ കേരളാ കോണ്‍ഗ്രസ് - ജോസ് പക്ഷം മുന്നണി വിട്ടാല്‍ ഒഴിവു വരുന്ന സീറ്റുകളില്‍ കണ്ണും നട്ടിരിക്കുന്ന ജോഷി ഫിലിപ്പ്, ജോസഫ് വാഴയ്ക്കന്‍, ലതിക സുഭാഷ് പോലുള്ള കോണ്‍ഗ്രസിലെ കോട്ടയം ലോബി ഈ നീക്കത്തിന് പിന്തുണ നല്‍കി.

പക്ഷേ അതിനൊപ്പിച്ചുനിന്ന പി.ജെ. ജോസഫ് അത് നടക്കില്ലെന്നായപ്പോള്‍ പുറകോട്ട് പോകാന്‍ തയ്യാറാകുന്നില്ലെന്നതാണ് കോണ്‍ഗ്രസിനെ വെട്ടിലാക്കിയത്. കെ.എം. മാണിയുടെ മരണത്തിന് മുന്‍പുതന്നെ ഈ ലോബി പിജെ ജോസഫിനൊപ്പം തന്ത്രങ്ങള്‍ക്ക് മുന്‍പന്തിയിലുണ്ടായിരുന്നു .

മാണി ക്ഷീണിതനാണെന്ന വാര്‍ത്തകള്‍ പുറത്തുവന്നതിനു പിന്നാലെയായിരുന്നു ലോക്സഭാ തെരഞ്ഞെടുപ്പ്. അന്ന് മാണിയുടെ ഹൃദയഭൂമിയായ കോട്ടയം തന്നെ പി.ജെ. ജോസഫ് ആവശ്യപ്പെട്ടു. അപ്പോഴും മുന്നണി മര്യാദകളൊന്നും നോക്കാതെ കോണ്‍ഗ്രസ് ജോസഫിനെ പ്രോത്സാഹിപ്പിച്ചു. ഒടുവില്‍ ആശുപത്രി കിടക്കയില്‍ നിന്നെണിറ്റു വന്ന് ചര്‍ച്ചകള്‍ നയിച്ച മാണി സാര്‍ തന്നെ ജോസഫിനെ വെട്ടി തോമസ് ചാഴികാടനെ സ്ഥാനാര്‍ഥിയാക്കി.

പിന്നാലെയാണ് മാണിസാറിന്‍റെ വിയോഗവും പാലാ ഉപതെരഞ്ഞെടുപ്പും. മാണിസാര്‍ മരിച്ച ഒഴിവാണെന്നുപോലും പരിഗണിക്കാതെ ജോസഫ് പാലായില്‍ താനാണ് സ്ഥാനാര്‍ഥിയെ തീരുമാനിക്കുന്നതെന്ന് പറഞ്ഞു. അന്നും കോട്ടയം കോണ്‍ഗ്രസുകാര്‍ ജോസഫിനെ പ്രോത്സാഹിപ്പിച്ചു. ഒടുവില്‍ ജോസഫ് വിമതനെ നിര്‍ത്തി.

യുഡിഎഫ് അംഗീകരിച്ച ജോസ് പക്ഷത്തിന്‍റെ സ്ഥാനാര്‍ഥിയുടെ നോമിനേഷന്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഇലക്ഷന്‍ കമ്മീഷന് കത്ത് നല്‍കി. വോട്ടെടുപ്പ് നടന്നുകൊണ്ടിരിക്കുമ്പോള്‍ വരെ സ്വന്തം സ്ഥാനാര്‍ഥിക്കെതിരെ പരസ്യ പ്രതികരണം നടത്തി. ഒടുവില്‍ ആ തോന്ന്യാസത്തിന് വലിയ വില കൊടുക്കേണ്ടി വന്നത് യുഡിഎഫിനാണ്. പാലാ തോല്‍വി യു ഡി എഫിന്‍റെ ലോക്സഭാ തെരഞ്ഞെടുപ്പ് വിജയത്തിന്‍റെ തിളക്കം നശിപ്പിച്ചു .

publive-image

തലേദിവസം കാലുമാറിയ നേതാവിന് പദവി

സമാന സാഹചര്യമാണ് ഇപ്പോഴുമുള്ളത്. കോട്ടയത്ത് ജോസഫിന് ജില്ലാ പഞ്ചായത്തില്‍ അംഗങ്ങളില്ല. പകരം പ്രസിഡന്‍റ് തെരഞ്ഞെടുപ്പിന് തലേ ദിവസം ജോസ് പക്ഷത്തുനിന്ന് 2 പേരെ 'വല' വീശിപ്പിടിച്ച് തങ്ങളുടെ പക്ഷത്തെത്തിച്ചു. അതിലൊരാള്‍ക്ക് പ്രസിഡന്‍റ് പദവി കൊടുക്കണമെന്നാണ് ജോസഫിന്‍റെ ആവശ്യം.

തലേ ദിവസംവരെ ഒപ്പം നിന്നിട്ട് നിര്‍ണ്ണായക സമയത്ത് കാലുമാറിയ ആളെ അംഗീകരിക്കില്ലെന്നാണ് ജോസ് കെ. മാണിയുടെ നിലപാട്. മാത്രമല്ല തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ഭരണമാറ്റങ്ങള്‍ സംബന്ധിച്ച് സംസ്ഥാനത്ത് മറ്റെല്ലായിടത്തും എഴുതി തയാറാക്കിയ എഗ്രിമെന്‍റ് ഉണ്ടായിട്ടും ജില്ലാ പഞ്ചായത്തില്‍ അതില്ല.

അവിടെ മാത്രം വാക്കാല്‍ കരാറാണെന്നാണ് ജോസഫ് പക്ഷവും കോണ്‍ഗ്രസും പറയുന്നത്. ഒടുവില്‍ ഇതിപ്പോള്‍ യുഡിഎഫിനെ ആകെ ബാധിക്കുന്ന വിഷയമായിരിക്കുകയാണ്. അവിടെയാണ് പി.ജെ. ജോസഫിന്‍റെ വാശികള്‍ക്ക് തുടര്‍ച്ചയായി കോണ്‍ഗ്രസ് പക്ഷം ചേരുന്നതായ ആക്ഷേപം ജോസ് പക്ഷം ഉയര്‍ത്തുന്നത്.

ഭവിഷ്യത്ത് അനുഭവിക്കാന്‍ യു ഡി എഫ് !

കോട്ടയത്തെ കോണ്‍ഗ്രസ് ലോബിയുടെ ലക്ഷ്യം വ്യക്തമാണ്. അവര്‍ക്ക് മല്‍സരിക്കാന്‍ കോട്ടയത്ത് സീറ്റ് വേണം. അത് കിട്ടുമെങ്കില്‍ ജോസ് പക്ഷം പുറത്തുപോകണം. അങ്ങനെ സീറ്റ് കിട്ടിയാല്‍ ഇവരിലെത്രപേര്‍ ജയിക്കും എന്നത് അവരുടെ വിഷയമല്ല ? പക്ഷെ അതിന്‍റെ ഭവിഷ്യത്തും യുഡിഎഫ് തന്നെ  അനുഭവിക്കണം.

കോട്ടയത്ത് മാത്രം നിലവിലുള്ള രണ്ടിനു പകരം ഏഴ് സീറ്റുകളെങ്കിലും ഇടതുപക്ഷം പിടിച്ചെടുക്കും എന്നതായിരിക്കും സംഭവിക്കാന്‍ പോകുന്നത്. അങ്ങനെ സംഭവിച്ചാല്‍ യുഡിഎഫ് സര്‍ക്കാര്‍ എന്ന സ്വപ്നം അടുത്ത തവണയും വിദൂരമായിരിക്കും.

യുഡിഎഫില്‍ കോണ്‍ഗ്രസും മുസ്ലിംലീഗും കഴിഞ്ഞാല്‍ അണികളുള്ള  പാര്‍ട്ടി ജോസ് കെ.മാണിയുടേതാണ്. കോണ്‍ഗ്രസ് നേതാക്കള്‍ ഒളിച്ചുനിന്നും നേരേ നിന്നും എതിര്‍ക്കുമ്പോഴും യുഡിഎഫില്‍ തന്‍റേതായ മേഖലകളില്‍ ജനപിന്തുണയും പ്രവര്‍ത്തക പിന്തുണയുമുള്ള എണ്ണപ്പെട്ട നേതാക്കളിലൊരാളാണ് ജോസ് കെ.മാണി.

പി.ജെ. ജോസഫിന് അണികളുള്ളത് തൊടുപുഴയില്‍ മാത്രമാണ്. തൊടുപുഴ നിയോജക മണ്ഡലത്തിന് പുറത്തുകടന്നാല്‍ യുഡിഎഫില്‍ ആര്‍എസ്പിയെക്കാള്‍ അംഗബലം കുറവായിരിക്കും ജോസഫ് വിഭാഗത്തിന്. അങ്ങനൊരു പാര്‍ട്ടിക്കുവേണ്ടിയാണ് ആരുടെയൊക്കെയോ വാക്ക് വിശ്വസിച്ച് യുഡിഎഫ് നേതൃത്വം ഇറങ്ങിപുറപ്പെട്ടിരിക്കുന്നത്.

നിലവിലുള്ള റിപ്പോര്‍ട്ടു പ്രകാരം മുസ്ലീംലീഗും പി.കെ. കുഞ്ഞാലിക്കുട്ടിയും ഇടപെട്ടിരുന്നില്ലെങ്കില്‍ ജോസഫിന്‍റെ വാക്കുകേട്ട് കോണ്‍ഗ്രസ് നേതാക്കള്‍ പണ്ടേയ്ക്കു പണ്ടേ ജോസ് കെ. മാണി വിഭാഗത്തെ മുന്നണിയ്ക്ക് പുറത്തെത്തിക്കാമായിരുന്നു.

publive-image

പി.ജെ. ജോസഫ് അവഗണിക്കാനാകാത്ത നേതാവ് !

യുഡിഎഫില്‍ പതിവായി പ്രസിസന്ധി സൃഷ്ടിക്കുമ്പോഴും പി.ജെ. ജോസഫും മുന്നണിക്ക് അവഗണിക്കാനാകാത്ത നേതാവാണ്. കര്‍ഷകരുടെ പക്ഷം പറയുന്ന യുഡിഎഫിലെ യഥാര്‍ത്ഥ കര്‍ഷക നേതാവാണ് പി.ജെ. ജോസഫ്.

കേരളാ കോണ്‍ഗ്രസില്‍ അദ്ദേഹത്തിന്‍റെ പാര്‍ട്ടിക്ക് ആളെണ്ണം കുറവാണെങ്കിലും യുഡിഎഫ് അണികളില്‍ പി.ജെ. ജോസഫിനുള്ള സ്വാധീനം വലുതാണ്‌ . കഴിഞ്ഞ ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്‍റെ കാലത്ത് കെ.എം. മാണി മറുകണ്ടം ചാടാതെ പിടിച്ചുനിര്‍ത്തിയത് ജോസഫ് ആണെന്നതാണ് കോണ്‍ഗ്രസ് അണികള്‍ക്കിടയില്‍ പി.ജെ. ജോസഫിനോടുള്ള ഇഷ്ടത്തിനു കാരണം.

അതിനാല്‍തന്നെ മുന്നണിക്ക് പി.ജെ. ജോസഫും ഒരു മുതല്‍ക്കൂട്ട് തന്നെയാണ്. ഈ സാഹചര്യത്തില്‍ ഇരു നേതാക്കളെയും അവരുടെ പാര്‍ട്ടികളെയും യുഡിഎഫില്‍ നിലനിര്‍ത്തുന്നത് യുഡിഎഫിന്‍റെ അനിവാര്യതയാണ്. കോണ്‍ഗ്രസ് നേതൃത്വം മെയ് വഴക്കം പ്രകടിപ്പിക്കേണ്ടത് അതിലാണ്.

അതിനിടെയില്‍ ജോസ് കെ മാണി മുന്നണി വിടില്ലെന്ന അമിത ആത്മ വിശ്വാസമാണ് കോണ്‍ഗ്രസിന്. ജോസഫ് ആണെങ്കില്‍ വേണ്ടിവന്നാല്‍ മുന്നണി വിടാന്‍ മടിക്കില്ലെന്ന സൂചന നല്‍കുകയും ചെയ്തു . അതിനാലാണ് സമ്മര്‍ദം ജോസ് കെ മാണിയ്ക്ക് മേലെയാക്കാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചത്.

പക്ഷേ ഇപ്പോഴും ജോസ് കെ മാണിയുടെ ശൈലി അറിയാത്തവരാണ് കൈവിട്ട കളികള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത് എന്നതാണ് ശ്രദ്ധേയം. അപമാനിതരായി ഒരു മുന്നണിയില്‍ തുടരാന്‍ നേതൃത്വം തീരുമാനിച്ചാലും അണികള്‍ സമ്മതിക്കില്ലെന്ന സാഹചര്യം ജോസ് പക്ഷത്തിനുണ്ട്. അത് മനസിലാക്കാതെയാണ് തദ്ദേശ തെരഞ്ഞെടുപ്പിന് മാസങ്ങള്‍ ബാക്കി നില്‍ക്കെ കോണ്‍ഗ്രസിന്‍റെ നീക്കം.

kerala congress new jose k mani
Advertisment