Advertisment

പ്രതിരോധ നടപടി പാളുന്നോ? കോവിഡും കേരളവും ഡോ: എസ്.എസ്. ലാൽ തുറന്ന് പറയുന്നു.

author-image
admin
New Update

ലോകത്തും രാജ്യത്തും പൊതുവേ കൊവിഡ് രോഗം കുറഞ്ഞു വരുമ്പോൾ കേരളത്തിൽ മാത്രം കൊവിഡ് രോഗികൾ കൂടിവരുന്നത് വളരെ ഗുരുതരമായ സാഹചര്യമാണ് സൃഷ്ടിച്ചിരിക്കുന്നത്. കേരളത്തിൽ ഇതുവരെ 8,77,283  കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുകയും മൂവായിരത്തി അഞ്ഞൂറിലധികം പേർ മരിക്കുകയും ചെയ്തതായാണ് സർക്കാർ രേഖകൾ പറയുന്നത്.

Advertisment

publive-image

ഈ കണക്ക് അനുസരിച്ചു തന്നെ രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണത്തിൽ നാലാം സ്ഥാനവും മരണത്തിൽ പന്ത്രണ്ടാം സ്ഥാനവും കേരളത്തിനാണ്. കൊവിഡ് മാനദണ്ഡങ്ങൾക്ക് അനുസരണമായി സംസ്ഥാനത്ത് ആവശ്യാനുസരണം രോഗ പരിശോധനയും കൃത്യമായി മരണം രേഖപ്പെടുത്തലും നടത്തിയിരുന്നെങ്കിൽ ഇതിലും വലിയ സംഖ്യകൾ റിപ്പോർട്ട് ചെയ്യപ്പേട്ടേനേ.

ലോകാരോഗ്യസംഘടനയുടെ നിർദ്ദേശ പ്രകാരം പരമാവധി പേരെ ടെസ്റ്റ് ചെയ്യുക, രോഗികളെ തിരിച്ചറിയുക, രോഗമുള്ളവരെ പ്രത്യേകം പാർപ്പിക്കുക എന്ന നയമാണ്  ലോകത്തെല്ലായിടത്തും സ്വീകരിച്ചത്.

എന്നാൽ കേരളത്തിലെ  കൊവിഡ് ടെസ്റ്റിങ് നിരക്ക് ദേശീയ ശരാശരിയെക്കാൾ കുറവാണ്. കണ്ടെയിൻമെൻറ് സ്ട്രാറ്റജി ആണ് കേരള സർക്കാർ സ്വീകരിച്ചത്. ഒരാൾക്ക് പോസിറ്റീവ് ആയാൽ ആ പ്രദേശമാകെ അടച്ചു പൂട്ടുക എന്ന രീതി. ഈ കണ്ടെയ്ൻമെൻറ് സ്ട്രാറ്റജി ലോക്ക്ഡൗണിന് ശേഷം പ്രായോഗികമല്ലായിരുന്നു.  പരമാവധി ടെസ്റ്റുകൾ ചെയ്യുന്നതിനു പകരം കണ്ടെയിന്‍റ്മെന്‍റ് സ്ട്രാറ്റജി തെരഞ്ഞെടുത്തത് കേസുകളുടെ എണ്ണം കുറഞ്ഞു എന്ന ധാരണയുണ്ടാക്കി.

കൂടുതല്‍ ടെസ്റ്റ് ചെയ്താല്‍ കൂടുതല്‍ രോഗികൾ കണ്ടുപിടിക്കപ്പെടും എന്നതിനാൽ  ടെസ്റ്റുകളുടെ എണ്ണം കുറയ്ക്കുകയായിരുന്നു. കൊവിഡ് രോഗിയുമായി പ്രാഥമിക സമ്പർക്കമുള്ളവരെ പരമാവധി കണ്ടെത്തി ടെസ്റ്റ് ചെയ്യാതിരുന്നതിനാൽ സമൂഹത്തിൽ കൂടുതൽ രോഗപ്പകർച്ച യുണ്ടായി. ഈ നയങ്ങൾ മാറ്റമില്ലാതെ തുടർന്നതിനാലാണ് രോഗവ്യാപനം നിയന്ത്രണ വിധേയമല്ലാത്ത അവസ്ഥയിലേയ്ക്ക് പോയത്.

ജനുവരി 22 ന് 6753 കേസുകളാണ് കേരളത്തിൽ റിപ്പോർട്ട് ചെയ്യപ്പെട്ടത്. ആകെ 58057 ടെസ്റ്റുകൾ ചെയ്തപ്പോഴാണ് ഇത്രയും കേസുകൾ കണ്ടുപിടിക്കപ്പെട്ടത്. രാജ്യത്താകെ 8 ലക്ഷം ടെസ്റ്റുകളിൽ നിന്നാണ് 15000 ത്തോളം കേസുകൾ ഇതേ ദിവസം കണ്ടുപിടിക്കപ്പെട്ടത്. ഇന്നലത്തെ കണക്കനു സരിച്ച്  കേരളത്തിലെ ടെസ്റ്റ് പോസിറ്റിവിറ്റി 11.6 % ആണ്. രാജ്യത്ത് പ്രതിദിനമുള്ള കേസുകളിൽ ഏതാണ്ട് അൻപത് ശതമാനവും കേരളത്തിലായിട്ടും  രാജ്യത്തെ ടെസ്റ്റുകളുടെ 8 ശതമാനത്തിൽ താഴെയാണ് കേരളത്തിൽ നടക്കുന്നത്.

കൊവിഡ് വ്യാപനം തുടങ്ങി മാസങ്ങൾ കഴിഞ്ഞിട്ടും  ടെസ്റ്റിംഗിനുള്ള ലബോറട്ടറി സംവിധാന ങ്ങൾ വ്യാപിപ്പിക്കാൻ സർക്കാർ ശ്രമിച്ചില്ല. ആർ.ടി.പി.സി.ആർ. പരിശോധനയ്ക്കായി  കേരളത്തിൽ 146 ലബോറട്ടറികൾ മാത്രമാണുള്ളത്.  സർക്കാരിലെ നാല്പതോളം ലബോറട്ടറികളെ മാത്രമാണ് അടുത്തകാലം വരെ സജ്ജമാക്കിയിരുന്നത്. നൂറ്റിമൂന്ന് സ്വകാര്യ സ്ഥാപനങ്ങളെ വളരെ വൈകിയാണ് പരിശോധനയ്ക്കായി  ഉൾപ്പെടുത്തിയത്.

സംസ്ഥാനത്തെ നിരവധി യൂണിവേയ്സിറ്റികളിലെയും ശാസ്ത്ര സാങ്കേതിക സ്ഥാപനങ്ങളിലെയും മൈക്രോ ബയോളജി ഡിപ്പാര്‍ട്ട്മെന്റുകളെ ഉൾപ്പെടെ സർക്കാർ ഉപയോഗിച്ചില്ല. കേരളത്തിലുള്ള ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എഡ്യൂക്കേഷൻ ആൻഡ് റിസർച്ച് (IISER) - ലെ ലബോറട്ടറി സംവിധാനങ്ങൾ പോലും സർക്കാർ  ഉപയോഗിക്കാതിരുന്നതിന് ന്യായീകരണമില്ല. കേരളത്തിൽ ഇപ്പോൾ നടക്കുന്ന ടെസ്റ്റുകളുടെ എണ്ണം തെറ്റായാണ് വ്യാഖ്യാനിക്കപ്പെടുന്നത്. കൂടുതല്‍ ടെസ്റ്റിങ്ങും നടക്കുന്നത്  സ്വകാര്യ മേഖലയിലാണ്. അതിൻറെ നല്ലൊരു ശതമാനവും മറ്റു രോഗങ്ങളുള്ളവരെ ചികിത്സിക്കുമ്പോൾ അർക്ക് കൊവിഡ് ഇല്ല എന്ന് ഉറപ്പുവരുത്താൻ ചെയ്യുന്നതാണ്.

രോഗികളുടെ കൂട്ടിരുപ്പുകാരുടെയും വിദേശയാത്രയ്ക്ക് പോകുന്നവരുടെയും പരിശോധനയും കൊവിഡ് ടെസ്റ്റുകളായി കൂട്ടുകയാണ്. ഇതൊന്നും രോഗവ്യാപനം തടയാനായി ചെയ്യുന്നതല്ല. ഇതുകൂടാതെ കേരളത്തിൽ ഇതുവരെ നടന്ന 91 ലക്ഷം ടെസ്റ്റുകളിൽ അറുപതു ലക്ഷത്തിലധികവും ആന്റിജൻ ടെസ്റ്റ് ആണ്. ശരാശരി അൻപത് ശതമാനത്തിൽ താഴെ മാത്രം സെന്സിറ്റിവ് ആയ ആന്റിജൻ ടെസ്റ്റ് വ്യാപകമായി ഉപയോഗിച്ചതും കേരളത്തിൽ രോഗനിർണ്ണയം കുറയാനും അതുവഴി അധിക രോഗവ്യാപനം ഉണ്ടാകാനും കാരണമായി.

കൊവിഡ് ചികിത്സയിൽ കഴിയുന്നവർക്ക് രോഗം മാറിയോ എന്നറിയാൻ ചെയ്യുന്ന പരിശോധന കളും കൊവിഡ്  ടെസ്റ്റുകളായി എണ്ണുന്നുണ്ട്. കൊവിഡ് പോസ്റ്റീവ് ആയിരുന്ന ഒരാൾ മരിച്ചാൽ  മൃതദേഹത്തിൽ വീണ്ടും ടെസ്റ്റ് ചെയ്യുന്നതും നെഗറ്റീവ് ആണെങ്കിൽ കൊവിഡ് മരണത്തിൽ ഉൾപ്പെടുത്താതിരിക്കുന്നതും മാനദണ്ഡങ്ങൾക്ക് എതിരാണ്.  മരണങ്ങൾ റിപ്പോര്‍ട്ട് ചെയ്യുന്നതിനായി ഐ.സി.എം.ആര്‍.  മാർഗ്ഗനിർദ്ദേശങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

കേരളത്തില്‍ അത് നടപ്പാക്കുന്നില്ല എന്നത് വലിയ വീഴ്ചയാണ്. സാംക്രമിക രോഗം മൂലം ഒരാള്‍ മരണപ്പെട്ടാല്‍ എങ്ങനെ മരിച്ചു എന്ന് രേഖപ്പെടുത്തുന്നത് വളരെ പ്രധാനമാണ്. ഇന്ത്യയിലെ നിയമപ്രകാരം ഒരാളെ ചികിത്സിച്ച ഡോക്ടറാണ് മരണകാരണം രേഖപ്പെടുത്തുന്നത്. എന്നാൽ കേരളത്തിൽ ഇത് മെഡിക്കല്‍ ബോര്‍ഡ് ചെയ്യുമെന്ന് പറഞ്ഞത് മാനദണ്ഡങ്ങളുടെ ലംഘനമാണ്.

കൊവിഡ് ചികിത്സയ്ക്കായി തെരഞ്ഞെടുക്കപ്പെട്ട പ്രധാന സർക്കാരാശുപത്രികളിൽപ്പോലും ആവശ്യത്തിന് ജീവനക്കാരെ നിയമിക്കാതിരുന്നത് രോഗികൾക്ക് വലിയ ദുരിതമുണ്ടാക്കി. പകരം സംവിധാനങ്ങൾ ഏർപ്പാടാക്കാതെ മെഡിക്കൽ കോളേജുകൾ പോലുള്ള സർക്കാർ ആശുപത്രി കളെ കൊവിഡ് ആശുപത്രികളായി പ്രഖ്യാപിച്ചത് കൊവിഡിതര രോഗങ്ങൾ ഉള്ളവരെ ദുരിതത്തിലാഴ്ത്തി. മെഡിക്കൽ കോളേജുകളിൽ കൂടുതൽ ജീവനക്കാരെ അടിയന്തിരമായി നിയമിക്കണമെന്ന ആശുപത്രി അധികൃതരുടെ ആവർത്തിച്ചുള്ള അഭ്യർത്ഥനകൾക്ക് സർക്കാർ മറുപടി പോലും നല്കിയിരുന്നില്ല.

കൊവിഡ് നിയന്ത്രണത്തിനായി കേരളത്തിലെ മുഴുവൻ ആരോഗ്യ സ്ഥാപനങ്ങളെയും ഒറ്റ സംവിധാനമായി കണ്ട് സർക്കാർ നിയന്ത്രണത്തിൽ കൊണ്ടുവരണമായിരുന്നു. സംസ്ഥാനത്തെ മുപ്പത് ശതമാനം രോഗികളെ മാത്രം കൈകാര്യം ചെയ്യുന്ന സർക്കാർ സംവിധാനങ്ങൾ ഉപയോഗിച്ച് കൊവിഡ് പോലുള്ള ഒരു വലിയ പ്രശ്നത്തെ സർക്കാർ ഒറ്റയ്ക്ക് കൈകാര്യം ചെയ്യാൻ ശ്രമിച്ചത് തെറ്റാണെന്ന് തുടക്കത്തിലേ ചൂണ്ടിക്കാണിക്കപ്പെട്ടിരുന്നു. എന്നാൽ ആരെയും വിശ്വാസത്തിലെടുക്കാതെയും വിശാലമായ ചർച്ചകൾ നടത്താതെയുമാണ് സർക്കാർ മുന്നോട്ടു പോയത്. സ്റ്റേറ്റ് പബ്ലിക് ഹെല്‍ത്ത് അതോറിറ്റിയായ ആരോഗ്യവകുപ്പ്ഡയറക്ടറെയും മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറെയും അവരുടെ വകുപ്പുകളിലെ വിദഗ്ദ്ധരെയും സർക്കാർ പൂർണ്ണമായും ഒഴിവാക്കി.

പൊതുമേഖലയിലെ തന്നെ പ്രധാന സ്ഥാപനങ്ങളെയും വിദഗ്ധരെയും സർക്കാർമാറ്റി നിർത്തി. സർക്കാരിതര ശാസ്ത്ര പ്രസ്ഥാനങ്ങളെയും സർവകലാശാലകളെയും ഒരു കാര്യത്തിലും പങ്കെടുപ്പിച്ചില്ല.

കേരളത്തിന്‍റെ ആരോഗ്യമേഖലയുടെ എൺപതു ശതമാനവും കൈകാര്യം ചെയ്യുന്ന സ്വകാര്യ മേഖലയെ ആദ്യം മുതലേ സർക്കാർ ഇരുട്ടിൽ നിര്‍ത്തി. മഹാരാഷ്ട്ര, ഗുജറാത്ത്, കർണാടക, തമിഴ്‌നാട് തുടങ്ങിയ സംസ്ഥാനങ്ങളിൽ തുടക്കത്തിലേ അവിടങ്ങളിലെ സ്വകാര്യാശുപത്രികളെ കൊവിഡ് ചികിത്സക്കായി ഏറ്റെടുത്ത ഉദാഹരണങ്ങൾ കണ്ടിട്ടും കേരള സർക്കാർ സമാന നടപടികൾ കൈക്കൊണ്ടില്ല.

സൗജന്യ സേവനങ്ങൾ നൽകാൻ തയ്യാറായിരുന്ന സ്വകാര്യാശുപത്രികളെപ്പോലും സർക്കാർ അവഗണിച്ചു. കഴിഞ്ഞ ഒക്ടോബർ മാസത്തോടു കൂടിയാണ് സ്വകാര്യമേഖലയിൽ രോഗികളെ ചികിത്സിക്കാൻ സർക്കാർ അനുവാദം നൽകിയത്. ഈ കാലതാമസം നിരവധി കൊവിഡ് രോഗികളുടെയും ഇതര രോഗികളുടെയും മരണത്തിനു കാരണമായി.

ഗവണ്മെന്‍റ് പൂർണ്ണമായും സൗജന്യമായി ചികിത്സ കൊടുക്കുന്നു എന്നു പറയുന്നതും കളവാണ്. മിക്ക സംസ്ഥാനങ്ങളിലും സർക്കാരുകൾ കൊവിഡ് ചികിത്സ സൗജന്യമാക്കിയിരുന്നു. കേരളത്തിൽ സ്വകാര്യമേഖലയില്‍ പണം മുടക്കി ചികിത്സ തേടിയവരുടെ കണക്കുകൾ സർക്കാർ പുറത്തുവിടുന്നില്ല. സ്വകാര്യ മേഖലയിലെ ചികിത്സാ നിരക്കുകളും സർക്കാർ നിശ്ചയിച്ചിരുന്നില്ല. കോവിഡ് നിയന്ത്രണത്തിനുള്ള പണം  കേന്ദ്ര സർക്കാരിൽ നിന്നും ലഭിക്കുന്നുണ്ട്. ഇതെല്ലാം ജനങ്ങളുടെ പണമാണെങ്കിലും കൃത്യമായി ഉപയോഗിക്കപ്പെടുന്നില്ല.

ദേശീയ തലത്തില്‍ കേന്ദ്ര ആഭ്യന്തര സെക്രട്ടറിയുടെ നേതൃത്വത്തിൽ NDMA യും ആരോഗ്യ സെക്രട്ടറി യുടെ നേതൃത്വത്തിൽ MoHFW യും ആണ് കൊവിഡ് കൈകാര്യം ചെയ്യുന്നത്. NDMA യുടെ നിർദ്ദേശങ്ങൾ സംസ്ഥാന സർക്കാർ പൂർണ്ണമായി പാലിച്ചപ്പോൾ MoHFW - ൻറെ പല മാർഗ്ഗ നിർദ്ദേശങ്ങളും സംസ്ഥാനം തള്ളിക്കളഞ്ഞു.

വിദേശ മലയാളികളോട് ക്രൂരമായാണ് സർക്കാർ പെരുമാറിയത്. രോഗം പരത്തുന്നവരായി അവരെ ചിത്രീകരിച്ചു. അന്തർദേശീയ യാത്രക്കാർക്കുള്ള നിയന്ത്രണങ്ങൾ രാജ്യത്തിനകത്തുള്ള യാത്രക്കാർക്ക് ബാധകമല്ലാതെ പോയതും രോഗവ്യാപനത്തിനു കാരണമായി. രോഗികളെയും അവരുമായി സമ്പർക്കമുള്ളവരെയും പൊലീസിനെക്കൊണ്ട് കൈകാര്യം ചെയ്യാൻ ശ്രമിച്ചത് ജനങ്ങളിൽ ഭയം ഉളവാക്കി. ആരോഗ്യപ്രശ്നത്തെ ക്രമസമാധാന പ്രശ്നമായി കാണാൻ ശ്രമിച്ചത് സമൂഹത്തിൽ ഭീതി പടരുന്നതിന് കാരണമായി. ഇതിനും പുറമെയാണ് രോഗം പകരുന്നതിന് പൊതുജനങ്ങളെ കുറ്റം പറയാൻ തുടങ്ങിയത്.

കേരളത്തിൽ ഇതുവരെ കാര്യമായ ഗവേഷണങ്ങൾ നടക്കാത്തതിന് സർക്കാരാണ് ഉത്തരവാദി. കൊവിഡുമായി ബന്ധപ്പെട്ട വിവരങ്ങൾ ഗവേഷണത്തിനായി സർക്കാർ ഉപയോഗിക്കുകയോ മറ്റു സ്ഥാപങ്ങൾക്കു നൽകുകയോ ചെയ്തില്ല.

ആദ്യ കേസ് റിപ്പോർട്ട് ചെയത് ഒരു വര്ഷം ആയിട്ടും കൊവിഡിന്റെ കാര്യത്തിൽ സർക്കാരി ൻറെ നയം എന്താണെന്ന് വ്യക്തമല്ല. ചികിത്സയില്ലാത്ത ഒരു രോഗത്തിൻറെ കാര്യത്തിൽ ആരോഗ്യവകുപ്പിന് കൃത്യമായ ഒരു കമ്മ്യൂണിക്കേഷൻ സ്ട്രാറ്റജി വേണ്ടതാണ്. ഇക്കാര്യത്തിൽ സർക്കാർ ഇപ്പോഴും ഇരുട്ടിൽ തപ്പുകയാണ്.

ലോകത്തിന് പൂർണ്ണമായും അപരിചിതമായ ഒരു ഒരു രോഗത്തെ മാസങ്ങളോളം നിസാരമായി കണ്ടതും തയ്യാറെടുപ്പുകൾക്ക് ലഭിച്ച സമയം നഷ്ടപ്പെടുത്തിയതും വലിയ തെറ്റാണ്. നിപ്പ രോഗം കേരളത്തിൽ നിന്നും അപ്രത്യക്ഷമായതിൻറെ കാരണങ്ങളായി അസത്യവും അശാസ്ത്രീയമായ കഥകളും അവകാശവാദങ്ങളും ഉന്നയിച്ചത് ആരോഗ്യരംഗത്തും ജനങ്ങൾക്കിടയിലും   കൊവിഡിനെപ്പറ്റി അമിത  ആത്മവിശ്വാസമുണ്ടാക്കി. എന്നിട്ടും ആരോഗ്യ അവബോധമുള്ള കേരള ജനത കൊവിഡ് പടരാതിരിക്കാൻ മുൻകരുതലുകൾ സ്വീകരിച്ചു.

കേരളത്തിലെ ആരോഗ്യ പ്രവർത്തകർ ഒന്നാകെ ഇപ്പോഴും കഠിനാദ്ധ്വാനം ചെയ്യുകയാണ്. സർക്കാരിൻറെ പിടിപ്പുകേടുകൾക്കിടയിലും  കൊവിഡ് വ്യാപനം ചെറുക്കാൻ ശ്രമിച്ച ആരോഗ്യ പ്രവർത്തകർക്കും പൊതുജനങ്ങൾക്കുമാണ് അവാർഡുകൾക്ക് അർഹത. കോവിഡിനെതിരെ  വാക്സിൻ ലഭ്യമായിട്ടും വാക്സിനേഷൻ പ്രക്രിയ മന്ദഗതിയിലാണ് നീങ്ങുന്നത്. ലക്ഷക്കണക്കിന് മനുഷ്യർ വാക്സിനേഷൻ കിട്ടാൻ കാത്തുനിൽക്കുമ്പോൾ ഈ രംഗത്ത് സർക്കാരിൻറെ അലംഭാവമുണ്ട്. വാക്സിനേഷൻ പ്രക്രിയ ത്വരിതപ്പെടുത്താൻ സർക്കാർ അടിയന്തിര നടപടികൾ സ്വീകരിക്കണം.

Advertisment