Advertisment

കൊവിഡാണെന്ന് തെറ്റിധരിപ്പിച്ച് തൊഴിലുറപ്പ് തൊഴിലാളിയായ യുവതിയെ കൊവിഡ് ചികിത്സാ കേന്ദ്രത്തിലേക്ക് നിർബന്ധിച്ച് പറഞ്ഞയച്ച സംഭവത്തിനു പിന്നിൽ കൊഴുവനാൽ പി. എച്ച്. സി. മെഡിക്കൽ ഓഫീസർ ഡോ. ദിവ്യ ജോർജിനും പങ്കുണ്ടെന്ന വിവരം പുറത്തു വന്നു

author-image
സുനില്‍ പാലാ
New Update

publive-image

Advertisment

പാലാ: കൊവിഡാണെന്ന് തെറ്റിധരിപ്പിച്ച് തൊഴിലുറപ്പ് തൊഴിലാളിയായ യുവതിയെ കൊവിഡ് ചികിത്സാ കേന്ദ്രത്തിലേക്ക് നിർബന്ധിച്ച് പറഞ്ഞയച്ച സംഭവത്തിനു പിന്നിൽ കൊഴുവനാൽ പി. എച്ച്. സി. മെഡിക്കൽ ഓഫീസർ ഡോ. ദിവ്യ ജോർജിനും പങ്കുണ്ടെന്ന വിവരമാണ് ഇപ്പോൾ പുറത്തു വരുന്നത്.

ഡോ. ദിവ്യ വാട്സപ്പിൽ" കൊവിഡ് രോഗി '' യുടെ പേരും വിശദാംശങ്ങളും നൽകിയതിനെ തുടർന്നാണ് കൊഴുവനാലിലെ ഡി.സി.സി.യിൽ യുവതിയെ പ്രവേശിപ്പിച്ചതെന്ന് അന്ന് അവിടെ ചുമതലയുണ്ടായിരുന്ന നേഴ്സ് ജോസ്മി പറയുന്നത്.

"മെഡിക്കൽ ഓഫീസർ ഫോണിൽ രേഖാമൂലം അറിയിപ്പ് തരുന്ന രോഗികളെ മാത്രമേ ഡി.സി.സി.യിൽ പ്രവേശിപ്പിക്കൂ. പരാതിക്കാരിയായ യുവതിയുടെ കാര്യത്തിലും ഇതു തന്നെയാണ് നടന്നത്. പിന്നീട് യുവതിക്ക് കൊവിഡില്ലെന്ന് അറിയിച്ചതും ഉടൻ വിട്ടയക്കാൻ നിർദ്ദേശിച്ചതും ഡോ. ദിവ്യ ജോർജ് തന്നെയാണ്." നേഴ്സ് ജോസ്മി വിശദീകരിച്ചു.

ഇതു സംബന്ധിച്ച തെളിവുകൾ പഞ്ചായത്ത് ഭരണസമിതിയെ ബോധ്യപ്പെടുത്തിയിട്ടുണ്ട്. ഇക്കാര്യത്തിൽ മറ്റ് അന്വേഷണങ്ങൾ നടന്നാൽ തൻ്റെ പക്കലുള്ള തെളിവുകൾ ഹാജരാക്കുമെന്നും നേഴ്സ് ജോസ്മി പറയുന്നു. ഇതേ സമയം കൊവിഡില്ലാത്ത യുവതിയെ കൊവിഡ് ചികിത്സാ കേന്ദ്രത്തിൽ പ്രവേശിപ്പിച്ച സംഭവത്തിൽ വാർത്ത പുറത്തു കൊണ്ടുവന്നതോടെ യുവതിയുടെ പ്രവേശനം സംബന്ധിച്ച് കൊഴുവനാൽ ഡി.സി.സി. യിലുണ്ടായിരുന്ന രജിസ്റ്ററിലെ രേഖകൾ തിരുത്തിയതും വിവാദമായി.

അഡ്മിഷൻ രജിസ്റ്റർ പ്രകാരം 17 എ മുറിയാണ് യുവതിക്ക് അനുവദിച്ചിരുന്നത്. ഇത് ഇന്നലെ രജിസ്റ്ററിൽ നിന്നും വെട്ടി നീക്കിയതായി കാണപ്പെട്ടു. രോഗിയുടെ തൽസമയ രോഗ വിവരങ്ങൾ ചേർക്കേണ്ട ഭാഗത്തും രോഗാവസ്ഥയെപ്പറ്റിയുള്ള വിവിധ കാര്യങ്ങൾ ഇംഗ്ലീഷിൽ രേഖപ്പെടുത്തിയിരുന്നു.

എന്നാൽ ഇന്നലെ ഇത് വെട്ടിക്കളഞ്ഞ ശേഷം യുവതിക്ക് കൊവിഡ് നെഗറ്റീവാണെന്ന ഡോക്ടറുടെ അറിയിപ്പിൻ പ്രകാരം യുവതി തിരികെ വീട്ടിലേക്ക് അയച്ചതായി എഴുതിച്ചേർക്കുകയായിരുന്നു. കൊവിഡ് ചികിത്സാ കേന്ദ്രത്തിലെ രേഖകൾ തിരുത്തിയ സംഭവത്തെക്കുറിച്ചും കൊഴുവനാൽ പഞ്ചായത്ത് അധികാരികൾ അന്വേഷണം നടത്തി വരികയാണ്.

രേഖകൾ തിരുത്തിയതും ഗൗരവമേറിയ കുറ്റകൃത്യമായി തന്നെ കണക്കാക്കുമെന്നും പഞ്ചായത്തധികാരികൾ പറയുന്നു. ഇതു സംബന്ധിച്ചെല്ലാം മെഡിക്കൽ ഓഫീസറിൽ നിന്നും വിശദീകരണം തേടാനുള്ള നീക്കത്തിലാണ് കൊഴുവനാൽ പഞ്ചായത്ത് അധികൃതർ.

NEWS
Advertisment