Advertisment

ജന്മിത്വം കൊടികുത്തിവാഴുന്ന കേരളത്തില്‍ ആദ്യമായി അധികാരമേറ്റ ജനകീയ സര്‍ക്കാര്‍ ജന്മിത്വത്തിനെതിരെ  ആഞ്ഞടിക്കുകയായിരുന്നു. നേതൃത്വം വഹിച്ച ഗൗരിയമ്മ ചരിത്രത്തിലേയ്ക്കു നടന്നു കയറി ! കേരളത്തിന്‍റെ ഒരു നിര്‍ണായക കാലഘട്ടത്തിലെ ഇതിഹാസ മാനം ഉള്‍ക്കൊണ്ട നേതാവായിരുന്നു കെആര്‍ ഗൗരിയമ്മ; സംസ്ഥാനത്തെ സാമൂഹ്യ സാംസ്കാരിക ജീവിതത്തെ ഏറെ സ്വാധീനിച്ച രാഷ്ട്രീയ നേതാവ്, കേരള ചരിത്രത്തില്‍ എന്നും തല ഉയര്‍ത്തിനില്‍ക്കുന്ന ഉന്നത വ്യക്തിത്വം-ജേക്കബ് ജോര്‍ജിന്റെ മുഖപ്രസംഗം

New Update

publive-image

Advertisment

1957 ഏപ്രില്‍ 10. പകല്‍ നന്നെ തിരക്കിലായിരുന്നു. അതിഗാഢമായ ചര്‍ച്ച. വാക്കുകള്‍ സൂക്ഷിച്ച് സുരക്ഷിതമായി അടുക്കിയെടുക്കുന്നതിലുള്ള ജാഗ്രത. ജീവിതത്തില്‍ അന്നാദ്യമായി ഏറ്റവും മാനസിക സംഘര്‍ഷം അനുഭവപ്പെട്ടു. 

ആ കടലാസിലേക്കു നോക്കെ അക്ഷരങ്ങളോരോന്നും ജീവനുള്ള മനുഷ്യരായി എന്നോടു സംസാരിക്കുന്നതുപോലെ തോന്നി. ദീര്‍ഘമായ ചര്‍ച്ചകള്‍ക്കും സംവാദങ്ങള്‍ക്കും ശേഷം തയ്യാറാക്കപ്പെട്ട രേഖയായിരുന്നു അത്. നാളെ അതു പരസ്യമാകും. പ്രാക്തനവും അതിഭീകരവുമായ ഒരു അടിത്തറയിളക്കുകയാണ്. ഞാന്‍ ഓരോ വാക്കും സൂക്ഷിച്ചു പരിശോധിച്ചു. യഥാസ്ഥാനത്തുതന്നെയാണോ അവയെന്നു നിരീക്ഷിച്ചു. 

രാത്രി ഇരുട്ടുകയാണ്. ഉറക്കം ആദ്യം മടിച്ചും പിന്നീടു തിടുക്കത്തിലും  കണ്ണിലേക്കു കടക്കാന്‍ നോക്കിയെങ്കിലും ബുദ്ധിയും മനസും മന:പൂര്‍വ്വം തടഞ്ഞു. ആ ബംഗ്ലാവില്‍ എന്‍റെ ശയനമുറിക്കപ്പുറം നഗരം ഉറങ്ങിക്കഴിഞ്ഞു. എനിക്കു മാത്രം ഉറക്കമില്ല. ഈ കടലാസിലെ അക്ഷരങ്ങള്‍ പ്രഖ്യാപനമായി നാളെ കേരളീയ സാമൂഹ്യജീവിതത്തിലെത്തുമ്പോള്‍ എന്തൊക്കെയുണ്ടാകും ? 

ജീവിതത്തില്‍ ആദ്യമായി മണ്ണില്‍ പണിയെടുക്കുന്നവന്‍ പിഴുതെറിയപ്പെടാന്‍ പാടില്ല. പാവപ്പെട്ടവരെ ഒഴിപ്പിക്കാന്‍ പാടില്ല. ദൂരവ്യാപകമായ അര്‍ഥമുള്ളതാണ് ഈ രേഖ. കേരള മന്ത്രിസഭ ഭൂമിയില്‍ പണിയെടുക്കുന്നവര്‍ക്കു നല്‍കിയ പ്രഥമ സമ്മാനം - ഒഴിപ്പിക്കല്‍ നിരോധന ഓര്‍ഡിനന്‍സ്- ഇന്ന് അന്തരിച്ച കെആര്‍ ഗൗരിയമ്മയുടെ ആത്മകഥയിലെ വാക്കുകളാണിവ.

ഐക്യകേരളത്തിലെ ആദ്യ സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോള്‍ റവന്യു മന്ത്രിയാണ് കെആര്‍ ഗൗരിയമ്മ. മുഖ്യമന്ത്രി ഇഎംഎസ് നമ്പൂതിരിപ്പാട്. ലോകത്തിലാദ്യമായി കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ബാലറ്റ് പെട്ടിയിലൂടെ അധികാരത്തിലെത്തുകയാണ്. സത്യപ്രതിജ്ഞ കഴിഞ്ഞിട്ട് അഞ്ചു ദിവസമേ ആയിട്ടുള്ളു. അധികാരമേറ്റ് ഒരാഴ്ചയ്ക്കുള്ളില്‍ കേരളത്തിന്‍റെ ചരിത്രത്തിലെ തന്നെ അതി നിര്‍ണായകമായ കുടികിടപ്പു നിരോധന ഓര്‍ഡിനന്‍സ് കൊണ്ടുവരികയാണ് സര്‍ക്കാര്‍. ഇഎംഎസ് മന്ത്രിസഭയുടെ ആദ്യത്തെ നടപടി.

കുടിയാന്മാര്‍ക്കും കുടികിടപ്പുകാര്‍ക്കും പാട്ടത്തിനും മറ്റും കൃഷിനടത്തുന്നവര്‍ക്കും താല്‍ക്കാലിക സംരക്ഷണം നല്‍കാനാണ് ഓര്‍ഡിനന്‍സ്. വിശദമായൊരു ഭൂപരിഷ്കരണ ബില്‍ അവതരിപ്പിക്കുന്നതുവരെയുള്ള സംരക്ഷണം. റവന്യു മന്ത്രിയെന്ന നിലയ്ക്ക് കെആര്‍ ഗൗരിയമ്മയാണ് ഓര്‍ഡിനന്‍സ് തയ്യാറാക്കിയത്.

ജന്മിത്വം കൊടികുത്തിവാഴുന്ന കേരളത്തില്‍ ആദ്യമായി അധികാരമേറ്റ ജനകീയ സര്‍ക്കാര്‍ ജന്മിത്വത്തിനെതിരെ  ആഞ്ഞടിക്കുകയായിരുന്നു. നേതൃത്വം വഹിച്ച ഗൗരിയമ്മ ചരിത്രത്തിലേയ്ക്കു നടന്നു കയറി. കേരളത്തിന്‍റെ ഒരു നിര്‍ണായക കാലഘട്ടത്തിലെ ഇതിഹാസ മാനം ഉള്‍ക്കൊണ്ട നേതാവായിരുന്നു കെആര്‍ ഗൗരിയമ്മ.

1957 -ല്‍ തന്നെ ഗൗരിയമ്മ വിവാഹം കഴിച്ചു. സിപിഐ നേതാവും വ്യവസായ മന്ത്രിയുമായ ടിവി തോമസായിരുന്നു വരന്‍. ഒരു മന്ത്രിസഭയിലെ രണ്ടംഗങ്ങള്‍ കല്ല്യാണം കഴിക്കുന്നത് അന്നു വലിയ വാര്‍ത്തയായി. 1964 -ല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പിളര്‍ന്നപ്പോള്‍ രണ്ടുപേരും എതിര്‍ ചേരികളില്‍ - ടിവി സിപിഐയിലും ഗൗരിയമ്മ സിപിഎമ്മിലും.

എങ്കിലും 1967 ലെ രണ്ടാം ഇഎംഎസ് സര്‍ക്കാരില്‍ ഇരുവരും മന്ത്രിമാരായി. രണ്ടു വീടുകളും സര്‍ക്കാര്‍ അനുവദിച്ചു. രണ്ടും തൊട്ടടുത്തുതന്നെ. ഇടയ്ക്കൊരു മതില്‍. മതില്‍ പൊളിച്ച് ഒരു വിക്കറ്റ് ഗേറ്റുമുണ്ടാക്കി സൗകര്യത്തിനായി.

1987 -ല്‍ ഗൗരിയമ്മ കേരളത്തിന്‍റെ മുഖ്യമന്ത്രിയാകുമെന്ന് സിപിഎം പ്രവര്‍ത്തകര്‍ പ്രചാരണം നടത്തി. "കേരം തിങ്ങും കേരള നാട്ടില്‍ കെആര്‍ ഗൗരി ഭരിച്ചീടും" എന്നായിരുന്നു എവിടെയും മുഴങ്ങിയ മുദ്രാവാക്യം. അതിന്‍റെ ബലത്തില്‍ 78 സീറ്റിന്‍റെ ബലത്തില്‍ ഇടതു മുന്നണി സര്‍ക്കാര്‍ അധികാരത്തിലെത്തുകയും ചെയ്തു.

മുഖ്യമന്ത്രിയെ തീരുമാനിക്കാന്‍ ചേര്‍ന്ന പാര്‍ട്ടി സംസ്ഥാന കമ്മിറ്റി യോഗം പക്ഷെ മന്ത്രിസഭയെ നയിക്കാന്‍ ഇകെ നായനാരെയാണ് തെരഞ്ഞെടുത്തത്. തന്‍റേടവും തന്‍പ്രമാണിത്തവും അല്‍പം കൂടുതലുള്ള ഗൗരിയമ്മ മുഖ്യമന്ത്രിയായിക്കഴിഞ്ഞാല്‍ പാര്‍ട്ടിയുടെ നിയന്ത്രണത്തില്‍ നില്‍ക്കില്ലെന്നു കരുതിയാണ് സ്റ്റേറ്റ് കമ്മിറ്റി ഈ തീരുമാനമെടുത്തത്. ഗൗരിയമ്മയെ സമാധാനിപ്പിക്കാന്‍ പാര്‍ട്ടി സെക്രട്ടറി വിഎസ് അച്യുതാനന്ദന്‍ ഇടപെട്ട് ഏറ്റവും പ്രധാനപ്പെട്ട രണ്ടു വകുപ്പുകളും ഏല്‍പ്പിച്ചു കൊടുത്തു - വ്യവസായവും എക്സൈസും.

പക്ഷേ എക്സൈസിലെ ചില തര്‍ക്കങ്ങളുടെ പേരില്‍ സിഐടിയു പക്ഷം ഗൗരിയമ്മയുമായി ശത്രുതയിലായി. ആ ശത്രുത വളരുകയും 1994 ജനുവരി ഒന്നാം തീയതി ഗൗരിയമ്മയെ പാര്‍ട്ടി പുറത്താക്കുകയും ചെയ്തു. ഗൗരിയമ്മ അടങ്ങിയിരുന്നില്ല. ജനാധിപത്യ സംരക്ഷണ സമിതി (ജെ.എസ്.എസ്) എന്നൊരു പാര്‍ട്ടി അവര്‍ രൂപീകരിച്ചു. 1991 ലെ കെ കരുണാകരന്‍ സര്‍ക്കാരിന്‍റെ കാലഘട്ടമായിരുന്നു അത്. 1994 ല്‍ തന്നെ ജെഎസ്എസ് യുഡിഎഫില്‍ ചേര്‍ന്നു.

2001 - 2006 എകെ ആന്‍റണി ഗവണ്‍മെന്‍റില്‍ മന്ത്രിയാകുകയും ചെയ്തു ഗൗരിയമ്മ. പക്ഷെ 2011 നിയമസഭാ തെരഞ്ഞെടുപ്പില്‍ സിപിഐയിലെ പി തിലോത്തമനോടു പരാജയപ്പെട്ടു. 2006 -ല്‍ അരൂരില്‍ സിപിഎമ്മിലെ തന്നെ എഎം ആരിഫിനോടു പരാജയപ്പെട്ടിരുന്നു. ജീവിതത്തിന്‍റെ അവസാന ഘട്ടത്തില്‍ കെആര്‍ ഗൗരിയമ്മ സിപിഎമ്മുമായി അടുക്കുകയായിരുന്നു.

1952 -ലും 1954 -ലും തിരു-കൊച്ചി നിയമസഭയിലേയ്ക്ക് തെരഞ്ഞെടുക്കപ്പെട്ട ഗൗരിയമ്മ 1957 -ലെ സര്‍ക്കാരിലൂടെ കേരളത്തിലെ അതിപ്രഗത്ഭയായ ഒരു ഭരണാധികാരിയായി വളരുകയായിരുന്നു. 1957 ലെ തിരുവിതാംകൂര്‍-കൊച്ചി ഭൂനിയമം, 1958 ലെ കുടിയൊഴിപ്പിക്കല്‍ നിയമം, 1991 ലെ വനിതാ കമ്മീഷന്‍ നിയമം ഇങ്ങനെ കേരളത്തിന്‍റെ സാമൂഹ്യ സാംസ്കാരിക ജീവിതത്തെ ഏറെ സ്വാധീനിച്ച രാഷ്ട്രീയ നേതാവാണ് ഗൗരിയമ്മ. കേരള ചരിത്രത്തില്‍ എന്നും തല ഉയര്‍ത്തിനില്‍ക്കുന്ന ഉന്നത വ്യക്തിത്വം.

കേ​ര​ള​ത്തി​ന്‍റെ വി​പ്ല​വ ന​ക്ഷ​ത്രം കെ.​ആ​ര്‍. ഗൗ​രി​യ​മ്മയ്ക്ക്‌ അന്ത്യാഞ്ജലികള്‍-ചീഫ് എഡിറ്റര്‍

Advertisment