കോഴിക്കോട് : എആര്‍ നഗര്‍ സഹകരണബാങ്ക് അഴിമതി വിഷയത്തില്‍ പികെ കുഞ്ഞാലിക്കുട്ടിക്കെതിരായ ആരോപണങ്ങള്‍ ഉന്നയിച്ച ഇടത് എംഎല്‍എ കെടി ജലീലിനെ തള്ളിയ മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാട് പുതിയ രാഷ്ട്രീയനീക്കമോ എന്നു സംശയിച്ച് രാഷ്ട്രീയ നിരീക്ഷകര്‍.
/sathyam/media/post_attachments/zzwUmlM9gQOXzeUnjqgo.jpg)
കുഞ്ഞാലിക്കുട്ടിയെന്ന രാഷ്ട്രീയ എതിരാളിയെ പൂട്ടാന്‍ കിട്ടിയ അവസരം കൂടിയായിട്ടും അതിനു തുനിയാതെ ആദ്യം മുതല്‍ അദ്ദേഹത്തെ പിന്തുണയ്ക്കുന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിച്ചിരുന്നത്. ഇന്നലെ സ്വന്തം എംഎല്‍എയെകൂടി തള്ളികളഞ്ഞ് കുഞ്ഞാലിക്കുട്ടിയെ രക്ഷിക്കുന്ന നിലപാടാണ് മുഖ്യമന്ത്രി സ്വീകരിച്ചത്.
മലബാര്‍ രാഷ്ട്രീയത്തില്‍ മാറ്റങ്ങളുണ്ടാകുകയാണോയെന്ന ചില സംശയമുണര്‍ത്തുന്നതാണ് കഴിഞ്ഞ രണ്ടുമാസത്തിനിടെയുണ്ടായ സംഭവവികാസങ്ങള്‍. ചന്ദ്രികയിലെ കള്ളപ്പണ വിഷയത്തിലും എആര്‍ നഗര്‍ സഹകരണ ബാങ്ക് അഴിമതിയിലും ആരോപണവിധേയനായ പികെ കുഞ്ഞാലിക്കുട്ടിക്ക് സമ്മര്‍ദ്ദമുണ്ടായപ്പോഴൊക്കെ കൃത്യമായ ഇടപെടല്‍ ഇടതുസര്‍ക്കാരില്‍ നിന്നും വരുന്നു എന്നതാണ് ശ്രദ്ധേയം.
അതും തങ്ങള്‍ ഇത്രയും നാളും കുഞ്ഞാലിക്കുട്ടിയുടെ വീര പരിവേഷത്തിന് എതിരുനിര്‍ത്തി ഉയര്‍ത്തിക്കാട്ടിയ കെടി ജലീലിനെയും തഴഞ്ഞ്. നേരത്തെ ചന്ദ്രികയിലെ ഇഡി അന്വേഷണവുമായി ബന്ധപ്പെട്ട് ചില ഓഡിയോ സന്ദേശങ്ങള്‍ പുറത്തുവിടുമെന്നും അതു പുറത്തു വന്നാല്‍ പികെ കുഞ്ഞാലിക്കുട്ടി രാഷ്ട്രീയ ജീവിതം അവസാനിപ്പിക്കേണ്ടിവരുമെന്നും കെടി ജലീല്‍ പറഞ്ഞിരുന്നു. ഈ ശബ്ദരേഖ പുറത്തുവിടുമെന്ന് പറഞ്ഞ ജലീല്‍ ഉന്നത ഇടപെടലിന് പിന്നാലെ ഇതു പുറത്തുവിട്ടിരുന്നില്ല.
കുഞ്ഞാലിക്കുട്ടിയെ കുടുക്കാനുള്ള രാഷ്ട്രീയ ആയുധം കയ്യില്‍ കിട്ടിയിട്ടും അതിലൊന്നും ചെയ്യാതെ സിപിഎം അത് തടഞ്ഞതെന്തിനാകുമെന്ന ചോദ്യം ഇതിനിടെ ഉയര്‍ന്നിരുന്നു. ഇതിനു ശേഷമാണ് കുഞ്ഞാലിക്കുട്ടിക്കെതിരെ കെടി ജലീല്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റിനെ സമീപിക്കുന്നതും തെളിവുകള്‍ കൈമാറാന്‍ ഒരുങ്ങിയതും.
എആര്‍ നഗര്‍ സഹകരണ ബാങ്കിലെ അഴിമതി സംബന്ധിച്ച വിവരങ്ങള്‍ ചൂണ്ടിക്കാട്ടി ഇഡിയെ സമീപിച്ച ജലീലിന്റെ നടപടയെ കണക്കറ്റ് പരിഹസിച്ചാണ് ഇന്നലെ മുഖ്യമന്ത്രി സ്വീകരിച്ചത്.
ജലീലിനെ പരിഹസിച്ച് തള്ളിപ്പറഞ്ഞു എന്നുമാത്രമല്ല, ഈ ആരോപണവുമായി മുമ്പോട്ടു പോയാല്‍ പ്രത്യാഘാതം ഗുരുതരമാണെന്ന് തന്നെയാണ് മുഖ്യമന്ത്രി പറഞ്ഞുവയ്ക്കുന്നത്. ഇതുതന്നെയാണ് മലബാര്‍ രാഷ്ട്രീയവുമായി ഇന്നലത്തെ മുഖ്യമന്ത്രിയുടെ നടപടിയെ കാണുന്നവരും സംശയിക്കുന്നത്.
നിയമസഭാ തെരഞ്ഞെടപ്പില്‍ കനത്ത പരാജയം നേരിട്ട് തുടര്‍ച്ചയായി പ്രതിപക്ഷത്തിരിക്കേണ്ടി വന്നതില്‍ ലീഗില്‍ കടുത്ത അസ്വസ്ഥതയുണ്ട്. ഇതു മുതലാക്കി ലീഗിനെ ഇടതുപാളയത്തിലെത്തിക്കാനുള്ള നീക്കം നടക്കുന്നുണ്ട്. ഇതിനു കൂടുതല്‍ സഹായകരമാകുകയാണ് നിലവിലെ സാഹചര്യങ്ങള്‍.
ഇന്നു ചേരുന്ന ലീഗ് ഉന്നതാധികാര സമിതി സമകാലിക രാഷ്ട്രീയം ചര്‍ച്ച ചെയ്യുന്ന സാഹചര്യത്തില്‍ ഇക്കാര്യവും ഗൗരവമായി ചര്‍ച്ച ചെയ്യും. നിലവില്‍ യുഡിഎഫിനൊപ്പം നിന്നാല്‍ ഗുണമില്ലെന്ന വികാരം പല ലീഗ് നേതാക്കള്‍ക്കുമുണ്ട്. അതുകൊണ്ടുതന്നെ സിപിഎം സഹകരണം എന്ന ആവശ്യമുയര്‍ന്നാല്‍ അതില്‍ നേതൃത്വത്തിന്റെ എതിര്‍പ്പ് കൂടാനിടയില്ല.
അടുത്ത നിയമസഭാ സമ്മേളനത്തില്‍ പ്രതിപക്ഷത്തുനിന്നും വിട്ട് പ്രത്യേക ബ്ലോക്കായി ഇരിക്കണമെന്ന് ലീഗില്‍ നേരത്തെ തന്നെ ചില ആവശ്യവങ്ങളുയര്‍ന്നിരുന്നു. ഇക്കാര്യത്തിലും ഉടന്‍ തീരുമാനമുണ്ടാകും.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us