Advertisment

സോണിയാ ഗാന്ധിയെ അബ്ദുള്ളക്കുട്ടി സമൂഹമാധ്യമങ്ങളിലൂടെ അവഹേളിച്ച നടപടി കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ മനസിനെ വൃണപ്പെടുത്തുന്നതെന്ന് മാത്യൂ കുഴല്‍നാടന്‍

New Update

കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയെ സമൂഹമാധ്യമങ്ങളിലൂടെ അവഹേളിച്ചെന്ന് ആരോപിച്ച് ബി.ജെ.പി സംസ്ഥാന ഉപാധ്യക്ഷന്‍ എ.പി. അബ്ദുള്ളക്കുട്ടിയ്‌ക്കെതിരേ കോണ്‍ഗ്രസ് നേതാവ് മാത്യൂ കുഴല്‍നാടനടക്കമുള്ളവര്‍ രംഗത്തെത്തി. താന്‍ ജനിച്ച സമുദായം വലിയ ഭീഷണി നേരിടുന്ന കാലത്ത് അവര്‍ക്കൊപ്പം നിന്നില്ലെങ്കിലും വഞ്ചിക്കുന്ന നിലപാട് സ്വീകരിക്കരുതെന്നായിരുന്നു ഫേസ് ബുക്കിലൂടെ മാത്യൂ കുഴല്‍നാടന്റെ വിമര്‍ശനം.

Advertisment

publive-image

രാഷ്ട്രീയ വിമര്‍ശനത്തേക്കാള്‍ ഉപരി സോണിയാ ഗാന്ധിയെ വ്യക്തിപരമായി അവഹേളിച്ച നടപടി ഓരോ കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെയും മനസിനെ വൃണപ്പെടുത്തുന്നതാണ്. അതുകൊണ്ടാണ് ഫേസ്ബുക്കിലൂടെ ഇത്ര തീവ്രമായി താന്‍ പ്രതികരിച്ചത്- മാത്യു കുഴല്‍നാടന്‍ പറഞ്ഞു. നരേന്ദ്ര മോഡി അടക്കമുള്ള ബി.ജെ.പി നേതാക്കളുടെ നിലപാടുകളെ കോണ്‍ഗ്രസ് എതിര്‍ക്കുന്നു. എന്നാല്‍ വ്യക്തിഹത്യ ചെയ്യാറില്ല, അത് കോണ്‍ഗ്രസിന്റെ സംസ്‌കാരവുമല്ല - അദ്ദേഹം പറഞ്ഞു.

മാത്യൂ കുഴല്‍നാടന്റെ ഫേസ് ബുക്ക് പോസ്റ്റ് ഇങ്ങനെ:

അബ്ദുള്ള കുട്ടിയെ കോണ്‍ഗ്രസ്സില്‍ എടുക്കുന്നതിനെ അന്നത്തെ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജന: സെക്രട്ടറിയായിരുന്ന ഞാന്‍ പരസ്യമായി എതിര്‍ത്തിരുന്നു. അന്ന് നേതാക്കള്‍ എന്നെ ശാസിച്ചു. ഇവനെയൊക്കെ ചുമക്കാന്‍ കോണ്‍ഗ്രസ്സ് പ്രവര്‍ത്തകരെ നിര്‍ബന്ധിതരാക്കിയ നേതാക്കളെ പറഞ്ഞാ മതിയല്ലോ.

ഇനിയെങ്കിലും നിങ്ങള്‍ മനസ്സിലാക്കൂ - 'ഉപ്പോളം വരില്ല, ഉപ്പിലിട്ടത് '

കെ എസ് യു, യൂത്ത് കോണ്‍ഗ്രസ് മുദ്രാവാക്യം വിളിച്ച് വളര്‍ന്ന ഒരു പ്രവര്‍ത്തകനും, പാര്‍ട്ടി വിട്ടാലും ഈ നിലയിലേക്ക് തരം താഴില്ല.. അതുകൊണ്ട് തിരഞ്ഞെടുപ്പ് ജയത്തിന്റെ പേര് പറഞ്ഞ് ഇനിയെങ്കിലും ഇത് പോലത്തെ അവസരവാദികളെ പ്രവര്‍ത്തകരുടെ തലയില്‍ കെട്ടിവെയ്ക്കരുത്.

അബ്ദുള്ള കുട്ടിക്ക് ഒരു ഐഡിയ പറഞ്ഞ് തരാം. ഇത്രയുമൊക്കെ ചെയ്തിട്ടും കൂറ് തെളിയിക്കാന്‍ കഴിഞ്ഞിട്ടില്ലെങ്കില്‍ - ഒരു പ്ലാസ്റ്റിക്ക് സര്‍ജനെ കണ്ട് നോക്ക്, ചിലപ്പോ അതില്‍ ഫലിച്ചാലൊ.

ജനിച്ച സമുദായവും, സമൂഹവും ഇതുപോലെ വെല്ലുവിളി നേരിടുമ്പോള്‍, അവരോടൊപ്പം നിന്നില്ലെങ്കിലും തള്ളി പറയാന്‍ കഴിയുന്ന തന്റെ സ്വാര്‍ത്ഥത ഓര്‍ത്തു ലജ്ജിക്കുന്നു.

ഇതിനിടെ, കെ.പി.സി.സി ഡിജിറ്റല്‍ മീഡിയ സെല്‍ പോലീസില്‍ പരാതി നല്‍കി. ഡിജിറ്റല്‍ മീഡിയ സെല്‍ കണ്‍വീനര്‍ രാജു പി നായരാണ് ഡിജിപിയ്ക്ക് ഇതു സംബന്ധിച്ച് പരാതി നല്‍കിയത്. പൗരത്വ ബില്‍ പാര്‍ലമെന്റ് പാസാക്കിയതില്‍ കോണ്‍ഗ്രസ് അടക്കമുള്ള പാര്‍ട്ടികള്‍ പ്രതിഷേധിച്ചതിനെ പരിഹസിച്ച് സോഷ്യല്‍ മീഡിയയില്‍ ചിത്രം തയ്യാറാക്കി പോസ്റ്റ് ചെയ്തതിനാണ് പരാതി.

പൗരത്വ ബില്‍ പാസാക്കിയതില്‍ പ്രതിഷേധിച്ച് എന്ന അടിക്കുറിപ്പുമായി പോസ്റ്റ് ചെയ്ത ചിത്രത്തില്‍ എ.ഐ.എം.ഐ.എം നേതാവും ലോക്‌സഭാ എം.പിയുമായ അസദുദ്ദീന്‍ ഉവൈസിയുടെ ചിത്രവും സോണിയ ഗാന്ധിയുടെ ചിത്രവും വെട്ടിച്ചേര്‍ത്തുള്ള ഫോട്ടോയാണ് അബ്ദുള്ളക്കുട്ടി ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്.

സോണിയ ഗാന്ധിയെ പരിഹസിച്ചു കൊണ്ടുള്ള ഈ ചിത്രം ഐടി നിയമത്തിന്റെ ലംഘനവും അപകീര്‍ത്തിപരവുമാണെന്നാണ് കെപിസിസിയുടെ ആരോപണം. എന്നാല്‍ വിവാദമായതോടെ അബ്ദുള്ളക്കുട്ടി പോസ്റ്റ് പിന്‍വലിച്ചു. കോണ്‍ഗ്രസിലായിരുന്ന അബ്ദുള്ളക്കുട്ടിയെ പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ പുകഴ്ത്തിയതിനു പിന്നാലെയാണ് പാര്‍ട്ടി പുറത്താക്കിയത്. എന്നാല്‍ പിന്നാലെ താന്‍ ദേശീയ മുസ്ലീമാണെന്ന് പ്രഖ്യാപിച്ച് അബ്ദുള്ളക്കുട്ടി ബി.ജെ.പിയില്‍ ചേരുകയായിരുന്നു. പിന്നീട് പാര്‍ട്ടി അബ്ദുള്ളക്കുട്ടിയെ സംസ്ഥാന ഉപാധ്യക്ഷ സ്ഥാനത്തേയ്ക്ക് ഉയര്‍ത്തുകയും ചെയ്തു.

ap abdullakkutty mathew kuzhalnadan
Advertisment