തൃക്കാക്കരയില്‍ കെവി തോമസിന്റെ വരവ് തിരിച്ചടിച്ചു; തോമസ് തെരഞ്ഞെടുപ്പില്‍ ഒരു ഘടകമേ ആയില്ലെന്ന വിലയിരുത്തലില്‍ സിപിഎം ! കെവി തോമസിന് പദവികള്‍ കൊടുത്താല്‍ പാര്‍ട്ടി കൂടുതല്‍ ദുര്‍ബലപ്പെടുമെന്നും അഭിപ്രായം. തൃക്കാക്കരയിലെ കനത്ത തോല്‍വി പഠിക്കാന്‍ കമ്മീഷന്‍ വന്നേക്കും ! സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ പാര്‍ട്ടിക്കാര്‍ തന്നെ അസ്വസ്ഥരായിരുന്നെന്നും സര്‍ക്കാരിന്റെ പ്രവര്‍ത്തനം ജനങ്ങളെ ബോധ്യപ്പെടുത്തുന്നതില്‍ ജില്ലാ ഘടകം പരാജയപ്പെട്ടെന്നും കുറ്റപ്പെടുത്തല്‍ ! ചില ജില്ലാ നേതാക്കളുടെ കസേര പോയേക്കും

author-image
പൊളിറ്റിക്കല്‍ ഡസ്ക്
Updated On
New Update

publive-image

തിരുവനന്തപുരം: തൃക്കാക്കരയിലെ കനത്ത തോല്‍വി അന്വേഷിക്കാന്‍ കമ്മീഷനെ നിയോഗിക്കണമോ എന്ന കാര്യത്തില്‍ സിപിഎം സംസ്ഥാന സമിതി ഇന്നു തീരുമാനമെടുക്കും. ഇത്ര വലിയ തോല്‍വി പാര്‍ട്ടിക്ക് പ്രതീക്ഷിച്ചിരുന്നില്ലെന്നും തോല്‍വിയെ പറ്റി അന്വേഷിക്കണമെന്നുമാണ് ഇന്നലെ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തില്‍ വിലയിരുത്തലുണ്ടായിരുന്നു.

Advertisment

കെവി തോമസ് തെരഞ്ഞെടുപ്പില്‍ ഒരു ഘടകമായതേയില്ല എന്നാണ് സിപിഎം വിലയിരുത്തല്‍. കെവി തോമസ് വന്നതിന്റെ പേരില്‍ ഉള്ളവോട്ടു പോയതല്ലാതെ വേറെ ഗുണമൊന്നുമുണ്ടായില്ലെന്നും ചില നേതാക്കള്‍ പറഞ്ഞു. കെവി തോമസിനെ പോലെ അധികാരം തേടി നടക്കുന്നവരെ കൂടെ കൂട്ടിയത് തിരിച്ചടിയായെന്നും അവര്‍ പറഞ്ഞു.

കെവി തോമസിന് ഏതെങ്കിലും പദവി നല്‍കിയാല്‍ അത് ഗുണത്തേക്കാളേറെ ദോഷം ചെയ്യുമെന്നും നേതാക്കള്‍ പറഞ്ഞു. എന്നാല്‍ ഉന്നത നേതാക്കള്‍ ഈ അഭിപ്രായത്തെ എതിര്‍ത്തു. തോമസ് വന്നതിനാല്‍ വോട്ടുകൂടിയെന്ന് ഒരു ഉന്നത നേതാവ് യോഗത്തില്‍ പറഞ്ഞു.

പാര്‍ട്ടിക്ക് എറണാകുളം ജില്ലയില്‍ ഇനിയും സ്വാധീനം വര്‍ധിപ്പിക്കാന്‍ ജില്ലാ നേതൃത്വത്തിന് കഴിഞ്ഞില്ലെന്ന വിമര്‍ശനവും ഉയര്‍ന്നു. സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തില്‍ പാര്‍ട്ടി നേതാക്കളില്‍ ചിലര്‍ക്ക് അതൃപ്തി വന്നത് ഫലത്തെ കാര്യമായി ബാധിച്ചുവെന്നും വിലയിരുത്തലുണ്ട്.

നഗരകേന്ദ്രീകൃത മണ്ഡലത്തില്‍ സര്‍ക്കാരിന്റെ വികസനത്തെ ബോധ്യപ്പെടുത്താന്‍ പാര്‍ട്ടിക്ക് കഴിയാത്തത് നേതാക്കളുടെ വീഴ്ചയാണെന്നാണ് സെക്രട്ടറിയേറ്റ് യോഗത്തില്‍ ഉയര്‍ന്ന പൊതുവികാരം. ഇന്നത്തെ സംസ്ഥാന സമിതി യോഗത്തില്‍ കൂടുതല്‍ വിമര്‍ശനങ്ങള്‍ ഉയരാനാണ് സാധ്യത.

Advertisment