Advertisment

ലക്ഷദ്വീപ് വിഷയം ജനാധിപത്യത്തിന്റെ കൊറോണബാധയാണ്; ഭയപ്പെടണം, ജാഗ്രതയും വേണം

author-image
admin
New Update

publive-image

Advertisment

ലേഖകൻ -

 സിറിയക് ചാഴികാടൻ

കോവിഡിനോടും തോറ്റ്, കേരളത്തിലും ബംഗാളിലും തോറ്റ്, മാനവും ഭാവിയും പോയിനിൽക്കുന്ന ബിജെപി എന്തൊക്കെ ചെയ്യാൻ ഇടയുണ്ടെന്ന് ലക്ഷദ്വീപിൽനിന്ന് നാം നന്നായി പഠിക്കണം. പേടിക്കുകയും വേണം. ലക്ഷദ്വീപെന്നാൽ കേരളംതന്നെയാണ്. അത്രക്കും അവർ കരഭൂമിയുമായി ബന്ധപ്പെടുന്നത് കേരളത്തോടാണ്. പഠനത്തിന് വിദ്യാർത്ഥികളും തൊഴിലിനു യുവാക്കളും ഏറ്റവുമധികം ആശ്രയിക്കുന്നത് കേരളനാട്ടിനെയാണ്. ആ സാഹോദര്യബന്ധം അറിയുന്ന ഗൂഢാലോചകർക്ക് അറിയാം, അവിടെ തൊടുന്നത് ഇവിടുത്തെ സമാധാനം കുത്തിയിളക്കാനുള്ള എളുപ്പവഴിയാണെന്ന്. നൂറുശതമാനം ജനസംഖ്യയും ഇസ്‌ലാംമതവിശ്വാസികളുള്ള പ്രദേശമെന്ന നിലയ്ക്ക്, ലക്ഷദ്വീപിനെ കുത്തിയിളക്കുന്നത് രാജ്യത്തെയാകെ ചേരിതിരിക്കാനും ഉതകുമെന്ന് അവർക്ക് കണക്കുകൂട്ടാമല്ലോ.

publive-image

ലക്ഷദ്വീപിൽ കേന്ദ്രസർക്കാർ നിയോഗിച്ച അഡ്മിനിസ്ട്രേറ്ററായ പ്രഫുൽ പട്ടേൽ ആരാണെന്നും, അയാൾ ഇതിനകം അവിടെ ചെയ്‌ത ഭരണനടപടികൾ എന്തെന്നും ഒന്നു ഓടിച്ചു നോക്കുന്നവർക്ക് ഇപ്പറഞ്ഞതിലൊന്നും അവിശ്വസനീയമായി തോന്നില്ല. മോഡിയ്ക്ക് വ്യക്തിബന്ധമുള്ള, ഇപ്പോഴും സന്ദർശിക്കാറുള്ള ആർഎസ്എസ് പ്രമുഖന്റെ പുത്രനാണ് പ്രഫുൽ പട്ടേൽ. മോഡി മുഖ്യമന്ത്രിയായിരിക്കെ ഗുജറാത്തിൽ ഇയാളെ ആഭ്യന്തര സഹമന്ത്രിയാക്കിയതിൽ അത്ഭുതമില്ല. അവിടെ തീരുന്നില്ല മോഡിയുമായുള്ള പട്ടേലിന്റെ ഇരിപ്പുവശം. സൊഹ്രാബുദ്ദിൻ വ്യാജഏറ്റുമുട്ടൽ കൊലപാതകക്കേസിൽ അമിത് ഷായ്ക്ക് മന്ത്രിസ്ഥാനം ഒഴിയേണ്ടിവന്നപ്പോൾ, ഷാ വഹിച്ച പത്തു വകുപ്പുകളിൽ എട്ടെണ്ണവും കൈമാറപ്പെട്ടത് പട്ടേലിനാണ്.

ഒളിയും മറയുമില്ലാതെ ഉന്മൂലനങ്ങളും ജനാധിപത്യധ്വംസനങ്ങളും നടന്ന അന്നത്തെ ഗുജറാത്തിനെക്കുറിച്ച് ഇന്നാരോടും പ്രത്യേകം പറയേണ്ടതില്ല. ആ ഭരണകൂത്താട്ടത്തിൽ പങ്കാളികളായവരിൽ, അടുത്ത നിയമസഭാതെരഞ്ഞെടുപ്പിൽ തോറ്റമ്പിപ്പോയവരിൽ പ്രമുഖനായിരുന്നു പട്ടേൽ. അത്രക്കും ജനം വെറുത്ത ഭരണാധിപനെന്നു ചുരുക്കം.

അതോടെ രാഷ്ട്രീയത്തിൽനിന്നു പിന്മാറിയ പട്ടേലിനെ വീട്ടിലിരുത്തുകയല്ല മോഡി ചെയ്‌തത്‌. ആ 'കഴിവുകൾ' ഉപയോഗിക്കപ്പെടാതെ കിടന്നുകൂടെന്നു ജനങ്ങളെയും ജനാധിപത്യത്തെയും ഇത്രക്കും വെറുപ്പിച്ച ഒരു നേതാവിന് തോന്നുന്നതിൽ ലവലേശം അത്ഭുതമില്ല. ജനങ്ങൾക്കിടയിൽ യോജിപ്പുണ്ടാക്കുന്ന രാഷ്ട്രീയം അല്ലല്ലോ അവരുടെ രാഷ്ട്രീയം; അവർക്ക് പട്ടേലിനെപ്പോലൊരു കുതന്ത്രപ്രതിഭയെ എങ്ങനെ ഒഴിവാക്കാനാവും!

തെരഞ്ഞെടുപ്പ് തോറ്റ് രാഷ്ട്രീയംവിട്ടതിന്റെ രണ്ടാംവർഷംതന്നെ, 2014ൽ, മോഡി പ്രധാനമന്ത്രി ആയതോടെ പട്ടേലിന്റെ ജനവിരുദ്ധസേവനം വീണ്ടും ഉപയോഗിക്കാൻ തീരുമാനിക്കപ്പെടുന്നു. ആദ്യം ദാമൻ-ഡിയുവിലും, അതിന്റെ രണ്ടാംവർഷം ദാദ്ര-നഗർഹവേലിയിലും അഡ്‌മിനിസ്ട്രേറ്ററായി പട്ടേൽ നിയമിക്കപ്പെടുന്നു. അക്കണ്ട കാലംവരേക്കും ഐഎഎസുകാർ മാത്രം ഇരുന്ന പദവിയാണ് കേന്ദ്രഭരണപ്രദേശങ്ങളുടെ അഡ്‌മിനിസ്‌ട്രേറ്റർ സ്ഥാനമെന്നോർക്കണം; അവിടേക്ക് ചരിത്രത്തിലാദ്യമായി നടന്ന രാഷ്ട്രീയനിയമനം - അതിയാളുടേതാണ്! ചെയ്തത് പ്രധാനമന്ത്രി നരേന്ദ്രമോഡിയും!

publive-image

കോവിഡും അനുബന്ധമായ നിരവധി കുഴപ്പങ്ങളും കത്തിനീറി നിന്ന 2020 ഡിസംബറിൽ, ലക്ഷദ്വീപ് അഡ്‌മിനിസ്‌ട്രേറ്റർ മരിച്ച ഒഴിവിലേക്ക് നിയമിക്കപ്പെടുന്നതും ഇതേ പട്ടേലിനെ! കത്തുന്ന പുരയിൽനിന്നും കഴുക്കോൽ മാത്രമല്ല എന്തും ഊരിയെടുക്കണമെന്ന രാഷ്ട്രീയത്തിന് പറ്റിയ നിയമനം തന്നെയായിരുന്നു അത്; നാം ശരിക്കും അറിഞ്ഞുകഴിഞ്ഞ ബിജെപിക്കും പ്രധാനമന്ത്രിക്കും എന്തുകൊണ്ടും ചേർന്ന നിയമനം!

പട്ടേൽ ലക്ഷദ്വീപിൽ എത്തി ആറാം മാസം പിറന്നിട്ടില്ല ഇപ്പോഴും. അതിനകം അവിടെ ചെയ്തുകൂട്ടിയ ക്രിയകളോ? അവിശ്വസനീയമാണത്: കുറ്റകൃത്യനിരക്ക് പൂജ്യത്തോളം താഴ്ന്നുനിൽക്കുന്ന പ്രദേശത്ത്, അതുകൊണ്ട് പോലീസ് സ്‌റ്റേഷനുകൾപോലും പലപ്പോഴും അടഞ്ഞുകിടക്കുന്ന സ്ഥലത്ത്, ചാർജെടുത്തതിന്റെ ആദ്യമാസം കൊണ്ടുവരുന്നത് ഗുണ്ടാ ആക്‌ട്! അതും, ചോദിക്കാനും പറയാനും ആർക്കും അവസരം കിട്ടാത്തവിധത്തിൽ ഒരു വർഷം ആളെ ലോക്കാക്കാവുന്ന കരിനിയമം!

മറ്റൊന്ന്, ലക്ഷദ്വീപ് വികസന അതോറിറ്റി നിയന്ത്രണ നിയമം. സിമ്പിൾ വ്യവസ്ഥയാണതിൽ - വികസന പദ്ധതിയോ നഗരവികസന ആസൂത്രണമോ കൊണ്ടുവരുന്ന പ്രദേശത്തെ ഏതൊരാളെയും എടുത്തുപൊക്കി മറ്റെവിടെയും കൊണ്ടുചെന്നിടാമെന്ന വ്യവസ്ഥ!

കഴിഞ്ഞില്ല. രണ്ടു മക്കളിൽ കൂടുതലുണ്ടെങ്കിൽ തദ്ദേശസ്ഥാപനങ്ങളിലേക്ക് മത്സരിക്കുന്നതിൽ വിലക്കുന്ന പഞ്ചായത്ത് വിജ്ഞാപനനിയമം.

ഇന്ത്യാരാജ്യത്താണോ ഇതെല്ലാം എന്ന് നാം അത്ഭുതപ്പെടാം. പക്ഷെ, നാം അത്ഭുതപ്പെടാനും പ്രതികരണം ഉയർത്താനും ഏറെ വൈകി; അതിന്റെ ബാക്കിയാണ് ഇന്നിപ്പോൾ ലക്ഷദ്വീപുകാർ അനുഭവിക്കുന്നതെന്നു നമുക്ക് കുറ്റബോധം വേണ്ടതാണ്. കോവിഡ് തരംഗം ആഞ്ഞടിക്കുമ്പോഴും മാറ്റിപ്പാർപ്പിക്കൽ നിയമം കർക്കശമാക്കിയപ്പോഴാണ് സമാധാനപ്രിയരായ ദ്വീപുനിവാസികൾ പൊറുതികെട്ട് പ്രതികരിക്കുന്നത്. അടുത്തിടെ വരേയ്ക്കും ഒരാൾക്കും കോവിഡ് വരാതിരുന്ന ദ്വീപിൽ കോവിഡ് മാനദണ്ഡങ്ങളെല്ലാം തോന്നുംപടി അട്ടിമറിച്ചു, ഈ ഏകാധിപതി. അതോടെ, ഇന്നവിടെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് അറുപതു ശതമാനമായി! ജനങ്ങൾ എങ്ങനെ പ്രതികരിക്കാതിരിക്കും?

അതിനും പുല്ലുവില കൽപ്പിക്കുന്നു പട്ടേലർ രാജാവ്! അടിയന്തരാവസ്ഥയിലെ ജനാധിപത്യധ്വംസനത്തിന്റെ പേരിൽ രൂപീകരിക്കപ്പെട്ട ഒരു പാർട്ടിയുടെ യഥാർത്ഥ മുഖം എന്താണെന്ന് ഒന്നുകൂടി കാണുകയാണ് നാം, ഗുജറാത്തിനു ശേഷം. അതും, വികസനത്തിന്റെ മുദ്രാവാക്യം ഉയർത്തിയാണെന്നത് അതീവ ഗൗരവത്തോടെ കാണണം. ആരുടെ വികസനമാണിവർ ഉന്നമിടുന്നതെന്ന് ഏറ്റവുമൊടുക്കം കൊണ്ടുവന്ന തീരുമാനങ്ങൾ വ്യക്തമാക്കിത്തരുന്നുണ്ട്.

publive-image

എഴുപതിനായിരത്തിൽ താഴെ മാത്രം ആളുകളുള്ള ദ്വീപിൽ സർക്കാർ സർവീസ് കഴിഞ്ഞാൽ മീൻപിടുത്തവും അനുബന്ധ തൊഴിലുകളുമാണ് ജീവിതമാർഗം. തീരദേശ സംരക്ഷണനിയമത്തിന്റെ പേരും പറഞ്ഞ് മീൻപിടുത്തതൊഴിലാളികളുടെ മുഴുവൻ ഷെഡുകളും പട്ടേൽ പൊളിപ്പിച്ചത് സാധാരണ ജനങ്ങളുടെ വികസനമല്ല ഇവർ ലാക്കുവെക്കുന്നതെന്ന് വെളിവാക്കുന്നു. ഏറ്റവുമധികം ദ്വീപുകാർ ബന്ധപ്പെടുന്ന കേരളത്തിലെ ബേപ്പൂർ തുറമുഖവുമായുള്ള ബന്ധം മുറിക്കാനാണ് മറ്റൊരു തീരുമാനം. ചരക്കുനീക്കം മുഴുവൻ മംഗലാപുരം തുറമുഖം വഴിയാക്കണമെന്നാണ് നിർബന്ധിക്കപ്പെടുന്നത്. ആർക്കൊക്കെയാണിതിൽ താൽപര്യമെന്ന് വ്യക്തമാണ്.

ഗൂഢലക്ഷ്യങ്ങൾ മാത്രം മണക്കുന്ന തീരുമാനപരമ്പരയുടെ ഒടുവിലത്തേതാണ് ഗുജറാത്തിൽനിന്നും അമുലിനെ ഇറക്കാനുള്ള ഉത്തരവ്.

publive-image

ദ്വീപിലെ എല്ലാ ഡയറി ഫാമുകളും അടച്ചുപൂട്ടാൻ ആവശ്യപ്പെട്ട് ആദ്യമേ ഇതിന് അരങ്ങൊരുക്കി. ഫാമുകളിലെയെല്ലാം മൃഗങ്ങളെ ലേലംചെയ്യാനും ഉത്തരവിട്ടു. ദ്വീപിലെ പാലുത്പന്നങ്ങളുടെ ഉൽപ്പാദനം പൊട്ടിക്കുക; അവിടേക്ക് സ്വന്തക്കാരായ വ്യവസായികളെ കുത്തകകളായി അവരോധിക്കുക. ഇതാണ് ലക്ഷ്യമെന്നു ഇനിയാരും അറിയാൻ ബാക്കിയില്ല. ഇനിയൊരു നിമിഷവും കാത്തുനിൽക്കാനില്ല. പല പക്ഷികളെ ഒരുമിച്ച് എയ്തുവീഴ്ത്താനാണ് പട്ടേലിനെ മുൻനിർത്തി ആർഎസ്എസും മോഡിസർക്കാരും കോപ്പുകൂട്ടുന്നത്. കോവിഡിൽ നഷ്ടപ്പെട്ട സ്വന്തം മുഖം വീണ്ടെടുക്കാൻ എന്തും സംഘപരിവാരം ചെയ്യും. , ഇന്ത്യൻജനത ഇനിയൊരു ബിജെപിഭരണം ആവർത്തിക്കാൻ ഇടവരുത്തില്ലെന്ന നിയമസഭാതെരഞ്ഞെടുപ്പുകളുടെ ക്ലിയറായ സൂചനയെ മറികടക്കാൻ ഏതറ്റം വരേയ്ക്കും അവർ കളിക്കും. ഏതു തരം ഹിംസയും അവർക്ക് അറപ്പുള്ളതല്ല.

രാജ്യത്തെ സമാധാനപ്രിയരായ, എല്ലാവരും സഹവസിച്ച് ജീവിക്കണമെന്ന് ആഗ്രഹിക്കുന്ന, ജനാധിപത്യത്തിലും മതമൈത്രിയിലും ജനപക്ഷവികസനത്തിലും, സർവോപരി മനുഷ്യസ്നേഹത്തിലും വിശ്വസിക്കുന്ന, എല്ലാവർക്കുമുള്ള അലേർട്ട് മെസേജാണിത്. ഒരുപക്ഷെ, ഇന്ത്യൻ ജനാധിപത്യത്തിന്റെ അവസാനപിടച്ചിൽ വരെയാവാൻ സാധ്യതയുള്ള രാഷ്ട്രീയയുദ്ധമാണിതെന്ന് ആശങ്കപ്പെടാനും കാരണമുണ്ട്.

ബിജെപിക്ക് ഇനിയൊന്നും നോക്കാനില്ലെന്ന ഭാവമാണ്. ജനങ്ങൾ ഉള്ളാകെ ആളിനിൽക്കുമ്പോൾ കൂട്ടിലൊളിച്ചിരിക്കുന്ന അവരുടെ ഭരണാധികാരികൾ അതിന്റെ സൂചനയാണ്. സമാധാനപ്രിയരായ ജനതയെ ചവിട്ടിക്കൂട്ടി നടത്തുന്ന ദുരധികാരപ്പേക്കൂത്ത് ലക്ഷദ്വീപ് ജനതയോട് മാത്രമുള്ള യുദ്ധമായി കാണുന്നത് കൈവിട്ട നിഷ്‌കളങ്കതയായിപ്പോകും. ഇത് കേരളത്തിന്റെ, ഇന്ത്യയുടെ ജനാധിപത്യത്തിന്റെ, ശ്വാസം നിലപ്പിക്കാൻ മാത്രം ആപത്തുനിറഞ്ഞ കൊറോണാബാധയാണ്.

ഭയപ്പെടണം. ജാഗ്രതയും വേണം.

സിറിയക് ചാഴികാടൻ

(സംസ്ഥാന ജനറൽ സെക്രട്ടറി, കേരളാ യൂത്ത്ഫ്രണ്ട് എം )

Advertisment