ചെന്നൈ: തമിഴ്‌നാട്ടില്‍ വീശിയടിച്ച നിവാര്‍ ചുഴലിക്കാറ്റില്‍ വ്യാപക നാശനഷ്ടം. കടലൂര്‍ ജില്ലയിലാണ് ഏറ്റവുമധികം നാശനഷ്ടം റിപ്പോര്‍ട്ട് ചെയ്തത്. മരങ്ങള്‍ കടപുഴകി.
ചെന്നൈയില്‍ ശക്തമായ മഴയെ തുടര്‍ന്ന് വൈദ്യുതി വിതരണം നിലച്ചു. അതേസമയം വേദാരണ്യത്ത് വൈദ്യുതി പോസ്റ്റ് വീണും വില്ലുപുരത്ത് വീടുതകര്‍ന്നും രണ്ടുപേര്‍ മരിച്ചു.
ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട നിവാര്‍ ചുഴലിക്കാറ്റ് ഇന്നലെ രാത്രി 11.30 ഓടേയാണ് കര തൊട്ടത്. രണ്ടരയോടെയാണ് ഇത് പൂര്‍ണമായത്. തീരം തൊടുന്ന സമയത്ത് 145 കിലോമീറ്റര്‍ വേഗത ഉണ്ടായിരുന്നു. കടലൂരിന് തെക്കുകിഴക്ക് കോട്ടക്കുപ്പം ഗ്രാമത്തിലാണ് ചുഴലിക്കാറ്റ് തീരം തൊട്ടത്. വടക്കന്‍ തമിഴ്‌നാട്ടില്‍ കനത്ത മഴ തുടരുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചിരിക്കുന്നത്. അഞ്ചുമണിക്കൂറില്‍ തീവ്രത കുറഞ്ഞ് കൊടുങ്കാറ്റായി മാറുമെന്നും കാലാവസ്ഥ മുന്നറിയിപ്പില്‍ പറയുന്നു.
നിലവില്‍ മണിക്കൂറില്‍ 110 മുതല്‍ 120 വരെ കിലോമീറ്റര്‍ വേഗതയിലാണ് കാറ്റ് വീശുന്നത്. നിവാര്‍ ചുഴലിക്കാറ്റിന്റെ സ്വാധീനഫലമായി തമിഴ്‌നാട്ടിലെ തീരപ്രദേശങ്ങളില്‍ കനത്തമഴ തുടരുകയാണ്.
അതിതീവ്ര ചുഴലിക്കാറ്റ് തീവ്ര ചുഴലിക്കാറ്റായാണ് കര തൊട്ടത്. വടക്ക് പടിഞ്ഞാറന്‍ ദിശയില്‍ സഞ്ചരിക്കുന്ന കാറ്റ് രാവിലെ 8.30 ഓടേ ദുര്‍ബലമാകുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.കനത്തമഴയുടെ പശ്ചാത്തലത്തില്‍ ഇന്ന് സംസ്ഥാനത്തെ 13 ജില്ലകളില്‍ പൊതു അവധി പ്രഖ്യാപിച്ചിട്ടുണ്ട്. 27 ട്രെയിനുകള്‍ റദ്ദാക്കിയിട്ടുണ്ട്.