Advertisment

സായി ശ്വേത ടീച്ചറെപ്പോലെ താരമായി ലക്ഷ്മി പ്രിയ ടീച്ചറും

author-image
സുനില്‍ പാലാ
New Update

പാലാ: " അയാം ആൻ ആൻ്റ് ..... ബിഗ് റെഡ് ആൻ്റ്......"കുഞ്ഞിക്കൂനൻ ഉറുമ്പിൻ്റെ പാട്ട് മധുര ശബ്ദത്തിൽ പാടി ലക്ഷക്കണക്കിനു കുരുന്നുകളുടെ കുഞ്ഞു മനസ്സുകളെ കയ്യിലെടുത്ത് ലക്ഷ്മി പ്രിയ ടീച്ചറും താരമായി; സായി ശ്വേത ടീച്ചറെപ്പോലെ.

Advertisment

publive-image

വിക്ടേഴ്സ് ചാനലിലെ ഈ പുത്തൻ താരോദയം പാലായിൽ നിന്നാണ്. പാലാ ഇടപ്പാടി അരീപ്പാറ ഗവ. എൽ. പി. സ്കൂളിൽ നിന്ന്.

ഇന്നലെ രാവിലെ വിക്ടേഴ്സ് ചാനലിലൂടെ സംസ്ഥാനത്തെ ഒന്നാം ക്ലാസ്സുകാർക്കായി അതി ലളിതവും രസകരവുമായ രീതിയിൽ ഇംഗ്ലീഷ് പാഠങ്ങൾ പറഞ്ഞു കൊടുത്ത ലക്ഷ്മിപ്രിയ ടീച്ചർക്ക് നാടിന്റെ നാനാ ഭാഗങ്ങളിൽ നിന്നായി അഭിനന്ദന പ്രവാഹമായിരുന്നു.

വെള്ളിയാഴ്ച രാവിലെ 10.30നായിരുന്നു ചാനലിൽ ലക്ഷ്മി പ്രിയയുടെ ക്ലാസുണ്ടായിരുന്നത്. തുടർന്നുവരുന്ന രണ്ടുവെള്ളിയാഴ്ചകളിൽക്കൂടി അടുത്ത ഭാഗങ്ങളുടെ സംപ്രേക്ഷണവും പുന:സംപ്രേക്ഷണമുണ്ടാകുമെന്ന് അരീപ്പാറ എൽ.പി. സ്കൂൾ ഹെഡ്മാസ്റ്റർ സജി ഫ്രാൻസിസ് പറഞ്ഞു. സജി സാറും സഹ അദ്ധ്യാപകരും പി.ടി.എ. അംഗങ്ങളുമൊക്കെ ഇന്നലെ ലക്ഷ്മി പ്രിയ ടീച്ചറെ അഭിനന്ദനങ്ങൾക്കൊണ്ടു മൂടി.

കോട്ടയം ജില്ലയിൽനിന്നും "ഫസ്റ്റ് ബല്ലി" ലേക്ക് തെരഞ്ഞെടുക്കപ്പെട്ട ആദ്യ അധ്യാപികയാണ് ലക്ഷമിപ്രിയ.

പാലാ പൂവരണി പാലയ്ക്കൽ കുടുംബാംഗമായ ലക്ഷ്മി പ്രിയ ഇടപ്പാടി അരീപ്പാറ ഗവ. എൽ.പി. സ്കൂളിലേക്ക് എത്തിയിട്ട് ഒരു വർഷമാകുന്നതേയുള്ളൂ. അധ്യാപികയായുള്ള ആദ്യ നിയമനം.

publive-image

ഏറ്റുമാനൂർ ഗവ. ടി.ടി.ഐ.യിൽ നിന്നും ടി.ടി.സി. പാസ്സായ ലക്ഷ്മി ആദ്യം ജോലി ചെയ്തത് കടുത്തുരുത്തി പൂഴിക്കോൽ പോസ് റ്റോഫീസിലെ പോസ്റ്റുമാസ്റ്ററായാണ്. കുറച്ചു കാലം വടവാതൂർ കേന്ദ്രീയ വിദ്യാലയത്തിലും പഠിപ്പിച്ചു. അധ്യാപികയാകണം എന്ന അടങ്ങാത്ത ആഗ്രഹമുള്ളതുകൊണ്ട് പോസ്റ്റ് മാസ്റ്ററായുള്ള ജോലി രാജിവെയ്ക്കുകയായിരുന്നു. ഭർത്താവ് രാജീവ് കുമാർ സൗത്ത് ഇന്ത്യൻ ബാങ്കിൽ അസി. മാനേജരാണ്. രണ്ടു വയസ്സുകാരി ജാനകി ഏക മകളും. "മുന്നിൽ കുട്ടികൾ ഇല്ലാതിരുന്നിട്ടും അവർ അവിടെ ഉണ്ടെന്ന് സങ്കൽപ്പിച്ച് ക്ലാസ്സെടുക്കുകയായിരുന്നു പ്രധാന വെല്ലുവിളി. ചിത്രീകരണം കഴിഞ്ഞപ്പോൾ വളരെ നന്നായിട്ടു ചെയ്തു എന്ന് എല്ലാവരും പറഞ്ഞപ്പോഴാണ് സമാധാനമായത് "ലക്ഷ്മി പ്രിയ ടീച്ചർ പറയുന്നു.

ഇന്നലെ അരീപ്പാറ സ്കൂളിൽ ടീച്ചർക്ക് സ്വീകരണവുമൊരുക്കിയിരുന്നു.ഭരണങ്ങാനം പഞ്ചായത്ത് മെമ്പർ ബീനാ സജിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന അനുമോദന യോഗം പഞ്ചായത്ത് പ്രസിഡൻ്റ് സാബു തോമസ് ഉദ്ഘാടനം ചെയ്തു.

പഞ്ചായത്ത് മെമ്പർമാരായ മാത്തുക്കുട്ടി മാത്യു, ട്രീസാ സെബാസ്റ്റ്യൻ, അൽഫോൻസാ ജോസ്, ജോസ് പിണക്കാട്ട്, സജി ഫ്രാൻസിസ്, എന്നിവരും ഡോ.ടോം മാത്യു കളപ്പുര, ബേബി ജോസഫ് ആനപ്പാറ,ഡോ.രാജു ഡി.കൃഷ്ണപുരം എന്നിവരും പ്രസംഗിച്ചു. ചാനലിനു വേണ്ടി ക്ലാസ്സെടുക്കുമ്പോൾ അരീപ്പാറ സ്കൂളിലെ തൻ്റെ പ്രിയപ്പെട്ട കുട്ടികളുടെ മുഖമായിരുന്നു മുന്നിലെന്നും, ഈ നേട്ടത്തിന് അവരോടു കടപ്പെട്ടിരിക്കുന്നൂവെന്നും ലക്ഷ്മി പ്രിയ ടീച്ചർ സ്വീകരണമേറ്റുവാങ്ങിക്കൊണ്ടു പറഞ്ഞു.

lekshmi priya
Advertisment