Advertisment

30 വര്‍ഷത്തെ കാത്തിരിപ്പിന് വിരാമം; ലിവര്‍പൂള്‍ പ്രീമിയര്‍ ലീഗ് ചാമ്പ്യന്‍മാര്‍

New Update

publive-image

Advertisment

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്‌ബോളില്‍ ലിവര്‍പൂള്‍ എഫ്‌സി ചാമ്പ്യന്‍മാര്‍. 30 വര്‍ഷത്തിന് ശേഷമാണ് ലിവര്‍പൂള്‍ ആദ്യ ലീഗ് കിരീടം ചൂടുന്നത്.

വ്യാഴാഴ്ച രാത്രി നടന്ന മത്സരത്തില്‍ മാഞ്ചസ്റ്റര്‍ സിറ്റി ചെല്‍സിയോട് 2-1ന് തോറ്റതോടെയാണ് ലിവര്‍പൂള്‍ ജേതാക്കളായത്.

36-ാം മിനിട്ടില്‍ ക്രിസ്റ്റ്യന്‍ പുലിസികിന്റെ ഗോളിലൂടെ ചെല്‍സി ആദ്യ ലീഡ് നേടിയെങ്കിലും 55-ാം മിനിട്ടില്‍ കെവിന്‍ ഡി ബ്ര്യൂണിന്റെ മറുപടി ഗോളിലൂടെ മാഞ്ചസ്റ്റര്‍ സിറ്റി ഒപ്പമെത്തി. എന്നാല്‍ 78-ാം മിനിട്ടില്‍ വില്ല്യന്‍സിന്റെ പെനാല്‍റ്റി ഗോളിലൂടെ ചെല്‍സി മാഞ്ചസ്റ്റര്‍ സിറ്റിയെ പരാജയപ്പെടുത്തി.

ഇതോടെ ലിവര്‍പൂള്‍ പ്രീമിയര്‍ ലീഗ് ജേതാക്കളാകുകയായിരുന്നു. മാഞ്ചസ്റ്റര്‍ സിറ്റി ഈ മത്സരം ജയിച്ചിരുന്നുവെങ്കില്‍ കിരീട നേട്ടത്തിനായി ലിവര്‍പൂളിന് അടുത്ത മത്സരം കളിച്ച് ജയിക്കണമായിരുന്നു.

നേരത്തെ ക്രിസ്റ്റല്‍ പാലസിനെ 4-0ത്തിന് നിഷ്പ്രഭമാക്കിയാണ് ലിവര്‍പൂള്‍ വിജയിച്ചത്. ഈ മത്സരത്തിന് ശേഷം ചെല്‍സി-മാഞ്ചസ്റ്റര്‍ സിറ്റി മത്സരഫലത്തിനായി കാത്തിരിക്കുകയായിരുന്നു ലിവര്‍പൂള്‍ ആരാധകര്‍.

സ്വന്തം ഗ്രൗണ്ടായ ആന്‍ഫീല്‍ഡില്‍ നടന്ന മത്സരത്തില്‍ കടുത്ത ആക്രമണം നടത്തിയാണ് ലിവര്‍പൂള്‍ ക്രിസ്റ്റല്‍ പാലസിനെ പരാജയപ്പെടുത്തിയത്. ട്രെന്റ് അലക്‌സാണ്ടര്‍ അര്‍നോള്‍ഡ് (23), മുഹമ്മദ് സല (44), ഫാബിന്യോ (55), സാദിയോ മാനെ (69) എന്നിവരാണ് ലിവര്‍പൂളിനായി വല കുലുക്കിയത്.

കഴിഞ്ഞ മത്സരത്തില്‍ എവര്‍ട്ടണിനെതിരെ ഗോള്‍രഹിത സമനില നേടിയതിന്റെ ക്ഷീണം മാറ്റാനെന്നോണമായിരുന്നു ക്രിസ്റ്റല്‍ പാലസിനെതിരെ ലിവര്‍പൂളിന്റെ നീക്കങ്ങള്‍. ലിവര്‍പൂളിന് ഒരിക്കല്‍ പോലും ഭീഷണി ഉയര്‍ത്താന്‍ ക്രിസ്റ്റല്‍ പാലസിന് ഈ മത്സരത്തില്‍ കഴിഞ്ഞില്ല.

Advertisment