Advertisment

പെട്ടിതൂക്കി നടക്കാൻ മാത്രമറിയാവുന്ന കുറെ പൗഡർ കുട്ടപ്പന്മാരും, ഓരോരുത്തരും ഓരോ ഗ്രൂപ്പുകളായി സ്വയം അവതാരമെടുക്കുന്ന കുറെ "ഹെയർ ഡൈ മെയ്ക്കോവർ" കടൽക്കിഴവന്മാരും കൂടി അവനവന്റെ മാത്രം കാര്യസാധ്യത്തിനായി കരുക്കൾ നീക്കുകയായിരുന്നു ! വെറും സ്വന്തം കാര്യം മാത്രം നോക്കി ജീവിക്കുന്ന, "സെൽഫി ഗ്രൂപ്പ് കോൺഗ്രസ്സു"കാരോട് ഇപ്പോഴല്ലാതെ പിന്നെപ്പോഴാണ്, രണ്ട് പറയുക ? ഫേസ്ബുക്ക് കുറിപ്പ് ശ്രദ്ധേയമാകുന്നു

author-image
admin
New Update

publive-image

Advertisment

വിവാദങ്ങളുടെ നടുക്ക് ഇടതുമുന്നണി അകപ്പെട്ടപ്പോള്‍ ഏറെ പ്രതീക്ഷയോടെയായിരുന്നു സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതൃത്വം തദ്ദേശ തിരഞ്ഞെടുപ്പിനെ നോക്കിക്കണ്ടത്. മികച്ച പോരാട്ടത്തിലൂടെ വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കാമെന്ന ആത്മവിശ്വാസത്തിലും പ്രതീക്ഷിയുലമായിരുന്നു പ്രതിപക്ഷം.

എന്നാല്‍ ഫലപ്രഖ്യാപനം വന്നപ്പോള്‍ പ്രതീക്ഷകളെല്ലാം അസ്ഥാനത്തായി. വിജയം പ്രതീക്ഷിച്ചിരുന്ന കോണ്‍ഗ്രസിന് അഭിമുഖീകരിക്കേണ്ടി വന്നതാകട്ടെ പ്രതീക്ഷിച്ചതിലും വലിയ തോല്‍വി ! വന്‍ വിജയവുമായി ഇടതുമുന്നണി കളം നിറഞ്ഞപ്പോള്‍, ബിജെപി നില മെച്ചപ്പെടുത്തുകയും ചെയ്തു. പരാജയത്തിന്റെ കണക്കുകളല്ലാതെ കോണ്‍ഗ്രസിനാകട്ടെ ഒന്നും അവകാശപ്പെടാനുമില്ലായിരുന്നു.

ഈ സാഹചര്യത്തില്‍ ഇഫ്തിക്കര്‍ അഹമ്മദ് എന്നയാള്‍ എഴുതിയ ഫേസ്ബുക്ക് കുറിപ്പ് ശ്രദ്ധേയമാവുകയാണ്. കോണ്‍ഗ്രസിന്റെ പരാജയത്തിന്റെ കാരണം ഇഫ്തിക്കര്‍ അക്കമിട്ട് നിരത്തുന്നു.

ഫേസ്ബുക്ക് പോസ്റ്റ്‌

വെറും സ്വന്തം കാര്യം മാത്രം നോക്കി ജീവിക്കുന്ന, "സെൽഫി ഗ്രൂപ്പ് കോൺഗ്രസ്സു"കാരോട് ഇപ്പോഴല്ലാതെ പിന്നെപ്പോഴാണ്, രണ്ട് പറയുക ??

ചുറുചുറുക്കുള്ള, മികച്ച പ്രവർത്തന മികവുള്ള യുവാക്കളെയായിരുന്നു, നിങ്ങളുടെ ഘടകകക്ഷിയായ മുസ്ലിംലീഗ്, അവരുടെ തൊണ്ണൂറ് ശതമാനം സ്ഥാനാർഥികളായി മത്സരിപ്പിച്ച് വിജയിപ്പിച്ചത് എന്ന്, നിങ്ങൾ കേട്ടായിരുന്നോ??

നാട്ടിലും മേട്ടിലും ഏതാവശ്യത്തിനും ഓടിയെത്തുന്ന സഖാക്കന്മാരുടെ ബലത്തിലായിരുന്നു, ഇത്രയും അപവാദങ്ങളുണ്ടായിട്ട് കൂടി, ഇവിടുത്തെ കമ്യുണിസ്റ്റുകാർ മത്സരത്തിന് ഇറങ്ങി നേട്ടം കൊയ്തത് എന്ന്, നിങ്ങൾക്ക് അറിയാമായിരുന്നോ?

നാലാളോട് പറഞ്ഞാൽ രാഷ്ട്രീയം നോക്കാതെ, "നന്നായി" എന്ന് പറഞ്ഞ് തലയാട്ടുന്ന നാട്ടുമ്പുറത്തെ ബിജെപിക്കാരെ വെച്ചിട്ടാണ് എൻഡിഎ മുന്നണി കച്ചമുറുക്കിയത് എന്ന്, നിങ്ങൾ തിരിച്ചറിഞ്ഞിരുന്നുവോ??

ഇതിനിടയിൽ നിങ്ങള് കോൺഗ്രസ്സുകാര് എന്ത് ചെയ്യുകയായിരുന്നു എന്ന് പറഞ്ഞു തരട്ടെ ??

പെട്ടിതൂക്കി നടക്കാൻ മാത്രമറിയാവുന്ന കുറെ പൗഡർ കുട്ടപ്പന്മാരും, ഓരോരുത്തരും ഓരോ ഗ്രൂപ്പുകളായി സ്വയം അവതാരമെടുക്കുന്ന കുറെ "ഹെയർ ഡൈ മെയ്ക്കോവർ" കടൽക്കിഴവന്മാരും കൂടി അവനവന്റെ മാത്രം കാര്യസാധ്യത്തിനായി കരുക്കൾ നീക്കുകയായിരുന്നു !!

ഗ്രൂപ്പിന് പുറത്തുള്ളവനെ സഹായിക്കുന്ന മട്ടിൽ, ഒരു സ്ലിപ്പ് വിതരണം ചെയ്യാൻ പോലും ആളെക്കിട്ടാത്ത തരത്തിൽ അധഃപതിച്ചു എന്ന പേരുദോഷം സമ്പാദിക്കുകയായിരുന്നു.. ബൂത്തിലിരിക്കാൻ പോലും ആളെക്കിട്ടാത്ത മട്ടിൽ സൗഹൃദ ദാരിദ്ര്യം അനുഭവിക്കുകയായിരുന്നു !! കൂടെ നടക്കുന്നവരെ എങ്ങിനെ ഒതുക്കാം എന്നതിൽ ഗവേഷണം നടത്തുകയായിരുന്നു !!

റിയൽ വേൾഡിന്റെ കാര്യം പോകട്ടെ, വെർച്വൽ വേൾഡിലോ സൈബർ പരിസരത്തോ പോലും നാല് പാരഗ്രാഫ് ടൈപ്പ് ചെയ്ത്, സ്വന്തം രാഷ്ട്രീയം പോസ്റ്റ് ചെയ്യാൻ കെൽപ്പുള്ള എത്ര അംഗങ്ങളുണ്ട് ഈ പ്രസ്ഥാനത്തിന്റെ പേരും പറഞ്ഞ് തിരിഞ്ഞു കളിക്കുന്നവരിൽ എന്ന് നിങ്ങൾ പരിശോധിച്ചിട്ടുണ്ടോ??

കേഡർ ഒന്നും ആവണ്ട സുഹൃത്തുക്കളേ..

സർക്കസ് കളിക്കുന്ന ജംബോ കമ്മറ്റികളിൽ നിന്നും മണ്ണിലേക്കിറങ്ങി, എന്നും കൂട്ടുനിന്നിരുന്ന സമുദായങ്ങളുടെയും സംഘടനക്കാരുടെയും വിശ്വാസം തിരിച്ചെടുത്ത്, ഇനിയെങ്കിലും മുഖം മിനുക്കൂ.. "കൈ" കൊടുക്കൂ..

ഇനിയും അമാന്തിച്ചാൽ പഴയ നേതാക്കന്മാരോടൊപ്പം, പാർട്ടിയും, മൊത്തമായി, കാലാകാലത്തേക്ക്, ചുമരിൽ ഫ്രെയിം ചെയ്യപ്പെട്ട രീതിയിൽ നിത്യസ്മാരകമായി വിശ്രമിക്കുന്നത് കാണേണ്ടി വരും !!

Advertisment