Advertisment

അമിത് ഷായുടെ സോഷ്യല്‍ എന്‍ജിനിയറിങ് കേരളത്തില്‍ അമ്പേ പരാജയപ്പെട്ടു; പകരം ചില കേന്ദ്രങ്ങള്‍ 'ലൗജിഹാദ്' വിഷയമാക്കുമ്പോള്‍ അതിന്റെ പ്രസക്തി അതിലെ രാഷ്ട്രീയം തന്നെയാണ്. കുറഞ്ഞ പക്ഷം, മുസ്ലീം ലീഗും ക്രിസ്ത്യന്‍ കേന്ദ്രങ്ങളും തമ്മിലുള്ള അകലം വര്‍ധിക്കുന്നു ! ലീഗിന്റെ ചില മധ്യകേരള സ്വപ്‌നങ്ങള്‍ പൊലിഞ്ഞത് ഒരു സൂചനയാണ്: 'ലൗജിഹാദ് വിഷയമാകുമ്പോള്‍'-ജേക്കബ് ജോര്‍ജിന്റെ മുഖപ്രസംഗം

New Update

publive-image

Advertisment

കേരളത്തിലെ ഒരു നിയമസഭാ തെരഞ്ഞെടുപ്പില്‍ ലൗ ജിഹാദ് ഒരു വിഷയമാകേണ്ട കാര്യമേയില്ല. കേരള സമൂഹത്തില്‍ ലൗ ജിഹാദ് ഒരു ചൂടന്‍ വിഷയമൊന്നുമല്ല എന്നതു തന്നെ കാരണം. എങ്കിലും മറ്റു പല വിഷയങ്ങളും പോലെതന്നെ ലൗ ജിഹാദും ഇത്തവണ ഒരു തെരഞ്ഞെടുപ്പു വിഷയമായി പൊന്തിവന്നു. കാര്യം ചൂടുപിടിച്ചപ്പോഴാണ് രാഷ്ട്രീയ കക്ഷികള്‍ക്ക് ഈ വിഷയത്തിന്‍റെ പുതിയ പ്രാധാന്യം മനസിലായത്. അധികം താമസിയാതെ വിഷയം തനിയെ അലിഞ്ഞു പോകുകയും ചെയ്തു.

ജോസ് കെ മാണിയാണ് മാധ്യമ പ്രവര്‍ത്തകരുമായി സംസാരിക്കവെ ലൗ ജിഹാദിനെപറ്റി സാന്ദര്‍ഭികമായി ഒരു പരാമര്‍ശം നടത്തിപ്പോയത്. പെട്ടെന്ന് തീ കത്തി പടര്‍ന്നു. ജോസ് കെ മാണി ഇത്രയധികം പ്രതീക്ഷിച്ചതേയില്ല. മുഖ്യമന്ത്രി പിണറായി വിജയന്‍ വരെ അഭിപ്രായവ്യത്യാസവുമായി രംഗത്തുവന്നു. ചാനലുകള്‍ക്ക് ഉത്സാഹമായി.

എന്താണ് കാരണമെന്നല്ലേ ? ബിജെപി ഭരിക്കുന്ന ഉത്തര്‍പ്രദേശില്‍ ലൗ ജിഹാദിനെതിരെ നിയമം പാസാക്കിക്കഴിഞ്ഞു. കര്‍ണാടക ഉള്‍പ്പെടെ പല ബിജെപി ഭരണ സംസ്ഥാനങ്ങളും സമാന രീതിയില്‍ നിയമമുണ്ടാക്കണമെന്നു പറഞ്ഞിരിക്കുകയാണ്. ബിജെപിക്ക് ലക്ഷ്യം ഒന്നേയുള്ളു - മുസ്ലിങ്ങള്‍ക്കെതിരെ ഒരു നീക്കം കൂടി നടത്തുക.

മുസ്ലിം യുവാക്കള്‍ ഹിന്ദു പെണ്‍കുട്ടികളെ വശീകരിച്ചു പ്രണയിക്കുകയും വിവാഹം കഴിക്കുകയും തീവ്രവാദ പ്രവര്‍ത്തനങ്ങളിലേയ്ക്ക് നയിക്കുകയും ചെയ്യുന്നുണ്ടെന്ന ആരോപണം ചില ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ സാധാരണമാണ്. സംഘപരിവാര്‍ ഇതിനു പേരിട്ടിരിക്കുന്നത് ലൗജിഹാദ് എന്നാണത്രെ. കേരളത്തിലും ലൗജിഹാദിന്‍റെ കാര്യം പല കേന്ദ്രങ്ങളിലും കേട്ടിട്ടുണ്ടെങ്കിലും കേരള പോലീസ് വിശദമായി പലവട്ടം അന്വേഷിച്ച് ഇങ്ങനെയൊരു കാര്യം ഇവിടെ നടക്കുന്നില്ലെന്ന് ഉറപ്പിച്ചു പറഞ്ഞിട്ടുള്ളതുമാണ്.

ഇനി എന്താണ് ലൗജിഹാദിന്‍റെ പ്രസക്തി ? അതിന്‍റെ പ്രസക്തി അതിന്‍റെ രാഷ്ട്രീയം തന്നെയാണ്. കേരളത്തില്‍ ഒന്നു ചുവടുറപ്പിക്കാന്‍ ബിജെപി ശ്രമം തുടങ്ങിയിട്ടു കാലം കുറെയായി. ശക്തമായ രണ്ടു മുന്നണികള്‍, യുഡിഎഫും എല്‍ഡിഎഫും. രണ്ടു കൊടുമുടി കണക്കെ ഉയര്‍ന്നു നില്‍ക്കുന്ന രാഷ്ട്രീയ കേരളത്തില്‍ അല്‍പമൊരു ഇടം കിട്ടാനാണ് ബിജെപി പെടാപ്പാടുപെടുന്നത്. 2019 -ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി കൊട്ടിഘോഷിച്ച ശബരിമല വിവാദത്തിന്‍റെ വേലിയേറ്റത്തിലും മുന്നണി നേടിയത് 15.20 ശതമാനം വോട്ട്. തദ്ദേശ ഭരണ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎയ്ക്കു കിട്ടിയത് 15 ശതമാനവും. ഈ 15 നപ്പുറം കടക്കുക എന്നതാണ് ബിജെപിയുടെ വെല്ലുവിളി.

ഉത്തരേന്ത്യയില്‍ വിജയിച്ച അമിത് ഷായുടെ സോഷ്യന്‍ എഞ്ചിനീയറിങ്ങ് കേരളത്തില്‍ വിജയിക്കില്ലെന്ന് ബിജെപിയ്ക്കും സംഘപരിവാര്‍ സംഘടനകള്‍ക്കും വളരെ വൈകി ബോധ്യമായിരിക്കുന്നു. ഹിന്ദു ഭൂരിപക്ഷ സംസ്ഥാനമാണു കേരളമെങ്കിലും ഇവിടുത്തെ മുഴുവന്‍ ഹിന്ദുക്കളെയും കൂടെ കൊണ്ടുവരാമെന്ന വ്യാമോഹം ഇനിയിപ്പോള്‍ ബിജെപിക്കില്ല. ഇവിടെ ഹിന്ദു സമുദായത്തിലെ നല്ലൊരു വിഭാഗം ഇപ്പോഴും ബിജെപിയുടെ വളര്‍ച്ചയ്ക്ക് തടസം നില്‍ക്കുന്നു. രഥയാത്ര നടത്തിയും വര്‍ഗീയത ഇറക്കിയും വര്‍ഗീയ വിദ്വേഷം പരത്തിയും മറ്റു സംസ്ഥാനങ്ങളില്‍ നടത്തിയ മുന്നേറ്റം കേരളത്തില്‍ വിലപ്പോകില്ലെന്നു ബിജെപിയ്ക്ക് മനസിലായിരിക്കുന്നു.

സംഘപരിവാര്‍ ചിന്തകളോടു യോജിപ്പില്ലാത്ത നല്ലൊരു പങ്ക് ഹിന്ദു സമുദായക്കാരോടൊപ്പം ഒരു പ്രബല ന്യൂനപക്ഷ സമുദായവും ഇവിടെയുണ്ട്. രാഷ്ട്രീയ ബോധവും രാഷ്ട്രീയ ശേഷിയുമുള്ള മുസ്ലിം - ക്രൈസ്തവ വിഭാഗങ്ങള്‍. എക്കാലത്തും യുഡിഎഫിന്‍റെ പിന്തുണയും ഈ വിഭാഗമായിരുന്നു. ഈ രണ്ടു സമുദായങ്ങള്‍ തമ്മില്‍ ഭിന്നിപ്പുണ്ടാക്കി ക്രിസ്ത്യന്‍ വിഭാഗത്തെ പാട്ടിലാക്കാനാണ് ഇനിയിപ്പോള്‍ ബിജെപിയുടെ കനത്ത പരീക്ഷണം.

മാര്‍ത്തോമ്മാ സഭയുടെ നേതൃത്വത്തില്‍ ഒരു നൂറ്റാണ്ടിലേറെക്കാലമായി പമ്പാ നദിയിലെ മണപ്പുറത്തു നടക്കുന്ന മാരാമണ്‍ കണ്‍വെന്‍ഷനും നിലയ്ക്കല്‍ പള്ളിക്കെതിരെ നടന്ന പ്രക്ഷോഭവുമൊക്കെ മറന്നിരിക്കുന്നു ബിജെപി. മുസ്ലിം - ക്രിസ്ത്യന്‍ ഐക്യം പൊളിക്കുക ഇന്ന് ബിജെപിയുടെ വലിയ ലക്ഷ്യമായിരിക്കുന്നു. അതിനു കൈയില്‍ കിട്ടിയ മൂര്‍ച്ചയേറിയ ആയുധമാണ് ലൗജിഹാദ്.

ഇവിടെ ബിജെപി ഏതറ്റം വരെ പോകാം ? ചില ബിഷപ്പുമാര്‍ ബിജെപി നേതാക്കളുടെ കിന്നര വര്‍ത്തമാനത്തില്‍ വീഴുന്നുണ്ടെന്നുള്ളത് ശരിതന്നെ. യുഡിഎഫില്‍ ലീഗിന്‍റെ അധിക സമ്മര്‍ദ്ദപ്രയോഗവും ചില ക്രിസ്ത്യന്‍ നേതാക്കള്‍ പ്രശ്നമാക്കി നേതൃത്വത്തിനു മുമ്പാകെ അവതരിപ്പിച്ചിട്ടുണ്ട്.

തെക്കന്‍ കേരളത്തില്‍ കാഞ്ഞിരപ്പള്ളി കിട്ടാന്‍ മുസ്ലിം ലീഗ് ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. പക്ഷേ നടന്നില്ല. പകരം പുനലൂര്‍ സീറ്റാണ് കിട്ടിയത്. മത്സരിക്കുന്നത് ലീഗിന്‍റെ മുതിര്‍ന്ന നേതാവ് അബ്ദുള്‍ റഹ്മാന്‍ രണ്ടത്താണി.

യുഡിഎഫ് സ്ഥാനാര്‍ഥിക്കുവേണ്ടി ദക്ഷിണ കേരളത്തിലെ മണ്ഡലങ്ങളില്‍ പ്രചരണം നടത്താന്‍ മുസ്ലിം ലീഗ് നേതാക്കള്‍ വരുന്നില്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്. രാഹുല്‍ ഗാന്ധിയുടെയും പ്രിയങ്കാ ഗാന്ധിയുടെയും റോഡ് ഷോകളില്‍ ലീഗ് അണികളുടെ സാന്നിദ്ധ്യവും കുറവുതന്നെ. കുറഞ്ഞപക്ഷം ലീഗ് കൊടികളുടെയെങ്കിലും. ഹഗിയ സോഫിയ പള്ളി വിവാദം പോലെയുള്ള വിഷയങ്ങള്‍ ക്രിസ്ത്യന്‍ കേന്ദ്രങ്ങളില്‍ ഇപ്പോഴും ചര്‍ച്ചാവിഷയമാണ്‌. ഒരു സൂചനയായിരിക്കും പിസി ജോര്‍ജ് മത്സരിക്കുന്ന പൂഞ്ഞാറിലെ ഫലം.

മൂന്നു ദിവസം മുമ്പ് കേരള തെരഞ്ഞെടുപ്പിനെപറ്റി ന്യൂസ് 18 ഇംഗ്ലീഷ് ചാനല്‍ സംപ്രേഷണം ചെയ്ത ഒരു പ്രത്യേക പരിപാടിയില്‍ എറണാകുളത്തെ ഒരു പ്രമുഖ സഭാധ്യക്ഷന്‍ പറഞ്ഞതിങ്ങനെ. "എന്തായാലും തെരഞ്ഞെടുപ്പു രംഗത്തു പല മാറ്റങ്ങളും വന്നിട്ടുണ്ട്. അതില്‍ ഏറ്റവും ആശ്വാസകരം എല്ലാ പാര്‍ട്ടികളും വിശ്വാസത്തിനു പിന്തുണ നല്‍കുന്നു എന്നതാണ്".

പിതാവ് അഭിമുഖം ചാനല്‍ ലേഖികയ്ക്കു നല്‍കുന്ന സമയത്തുതന്നെയാണ് ഡല്‍ഹിയില്‍ നിന്നു റാഞ്ചിയിലേയ്ക്ക് പോവുകയായിരുന്ന രണ്ടു കന്യാസ്ത്രീകളെയും രണ്ട് സന്യാസിനീ വിദ്യാര്‍ഥികളെയും 'വിശ്വാസികളായ' കുറെ എബിവിപി പ്രവര്‍ത്തകര്‍ ആക്രമിച്ചതും റെയില്‍വേ പോലീസ് കന്യാസ്ത്രീകളെയും വിദ്യാര്‍ഥികളെയും ട്രെയിനു പുറത്തിറക്കി ചോദ്യം ചെയ്തതും.

Advertisment