Advertisment

മഹേഷിന്റെ പ്രതികാരമല്ല, പ്രതികരണം: ചില നടന്മാരുടെ കാരവനില്‍ വസ്തുക്കളുടെ രൂക്ഷഗന്ധം

New Update

സിനിമാരംഗത്ത് ലഹരി ഉപയോഗം വ്യാപിക്കുന്നു എന്ന ആരോപണത്തില്‍ പ്രതികരണവുമായി നടനും സംവിധായകനുമായ മഹേഷ്. ചില നടന്മാരുടെ കാരവനില്‍ കയറിയാല്‍ ലഹരി വസ്തുക്കളുടെ ഗന്ധമാണെന്നു മഹേഷ് തുറന്നടിച്ചു. ''ചില യുവനടന്മാരുടെ ലൊക്കേഷനില്‍ ചെന്ന് അവരുടെ കാരവനില്‍ കയറിയാല്‍ ലഹരിയുടെ മണമാണ്. മലയാള സിനിമയെ നിയന്ത്രിക്കുന്നത് ലഹരി മാഫിയ ആണോ എന്നത് അറിയില്ല. പക്ഷേ പത്തു ശതമാനം എങ്കിലും യുവനടന്മാരുടെ ഇടയില്‍ ലഹരി ഉപയോഗമുണ്ട്. സിനിമാരംഗം മുഴുവനുമാണ് ഇതിനു പഴി കേള്‍ക്കുന്നത്.''-മഹേഷ് പറഞ്ഞു.

publive-image

''സിനിമാരംഗത്ത് ലഹരി ഉപയോഗം തീരെയില്ല എന്ന് പറയാന്‍ സാധിക്കില്ല. എല്ലാവരും അങ്ങനെയാണ് എന്നു പറയാനുമാകില്ല. ഒരുപാട് പേരുണ്ട്. ദുല്‍ഖറോ കുഞ്ചാക്കോ ബോബനോ ആസിഫ് അലിയോ ആ ഗണത്തില്‍ പെടുന്നവരല്ല. എന്നാലും ചില ആള്‍ക്കാരുണ്ട്. ഇത്രയൊക്കെ പ്രശ്നങ്ങള്‍ മുന്‍പ് സിനിമയില്‍ ഉണ്ടായിരുന്നില്ല. ഞാനിന്ന് 18 മണിക്കൂര്‍ ജോലി ചെയ്തു എന്നൊന്നും ആരും പറയാറില്ല. മോഹന്‍ലാലും മമ്മൂട്ടിയുമടക്കമുള്ള മുതിര്‍ന്ന താരങ്ങളൊക്കെ 24 മണിക്കൂര്‍ ജോലി ചെയ്തിട്ടുള്ളവരാണ്. ലഹരി ഉണ്ടെങ്കില്‍ മാത്രമേ, ഒരെണ്ണം വലിച്ചാല്‍ മാത്രമേ ചിലര്‍ക്ക് പബ്ലിക്കായി എന്തെങ്കിലും ചെയ്യാന്‍ സാധിക്കൂ. അല്ലെങ്കില്‍ ഇവരൊക്കെ അന്തര്‍മുഖരാണെന്നും മഹേഷ് വ്യക്തമാക്കി.

'ഷെയ്ന്‍ നിഗം ഒരു കുഴപ്പക്കാരനാണെന്ന് തോന്നുന്നില്ല. അബിയുടെ മകന്‍ ഒരു കുഴപ്പക്കാരനാകുമെന്ന് കരുതുന്നില്ല. ഒരുപക്ഷേ പ്രായത്തിന്റെതായ പ്രശ്നങ്ങളുണ്ടാകാം. അല്ലെങ്കില്‍ ഭാഷയുടെ രീതിയായിരിക്കാം. കേള്‍ക്കുന്നവര്‍ക്ക് അത്ര സുഖകരമായി തോന്നണമെന്നില്ല. മനസില്‍ ബുദ്ധിമുട്ടുകള്‍ ഉണ്ടായിക്കാം.''- മഹേഷ് പറഞ്ഞു. ''ഷെയ്ന്‍ നല്ല നടനാണ്. അച്ഛന്‍ ഉയര്‍ന്ന് വരാന്‍ ആഗ്രഹിച്ച സിനിമാ മേഖലയില്‍ നല്ല മേല്‍വിലാസത്തോടെ വരാന്‍ ഷെയിന് സാധിച്ചു. അതിന്റെ ഒരു നന്ദിയും പരസ്പര ബഹുമാനവും കാണിച്ച് കൊണ്ട് മുന്നോട്ടുപോവുകയാണെങ്കില്‍ പ്രശ്നങ്ങളെല്ലാം പറഞ്ഞ് തീര്‍ക്കാവുന്നതേ ഉള്ളൂ എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്.'' - മഹേഷ് കൂട്ടിച്ചേര്‍ത്തു.

''80 പേരാണ് ആ സിനിമയില്‍ ജോലി ചെയ്യുന്നതെന്ന് ഷെയ്ന്‍ തന്നെ പറഞ്ഞിരുന്നു. ഒരാള്‍ക്ക് വേണ്ടി 80 പേര്‍ കാത്തിരിക്കേണ്ടിവരുന്നത് സങ്കടകരമായ അവസ്ഥയാണ്. 80 പേര്‍ക്ക് മനസിലാകാത്ത ഒരു കാര്യം എന്താണ് ഈ ഒരാള്‍ക്കുളളത്. നടനൊപ്പം കുറേ ആളുകള്‍ നിന്ന് ഷൂട്ടിംഗ് മുടക്കുന്ന രംഗം 'ഉദയനാണ് താരം' എന്ന സിനിമയിലുണ്ട്. അത് സിനിമയില്‍ നടക്കുന്നതാണ്. താരങ്ങളെ വഴി തെറ്റിക്കാന്‍ കുറേ പേരുണ്ട്.''

''ഷെയ്ന്‍ കുട്ടിയാണോ അല്ലയോ എന്നതല്ല വിഷയം. ചെയ്യുന്നത് ഒരു പ്രഫഷണല്‍ ജോലിയാണ്. അതിന്റെ എത്തിക്സ് പാലിക്കേണ്ടതുണ്ട്. ഷെയ്ന്‍ ലഹരി ഉപയോഗിക്കുന്നുണ്ടോ എന്നറിയില്ല. അവന്‍ സിനിമയില്‍ ഉയര്‍ന്ന് വരുമെന്ന് തന്നെ കരുതുന്നു. പ്രകൃതി അനുവദിക്കുന്നില്ല, മൂഡ് അനുവദിക്കുന്നില്ല എന്നൊക്കെ പറയുന്നത് ശരിയല്ല. കാശ് എണ്ണി വാങ്ങിയത് മാത്രമല്ല, സ്വന്തം തൊഴിലിനോട് ഒരു ആത്മാര്‍ത്ഥത വേണഗം''- മഹേഷ് പറഞ്ഞു.

caravan drugs mahesh
Advertisment