മമത – സിബിഐ തർക്കത്തിൽ മുങ്ങിപ്പോയ ഈ സാധുക്കളുടെ ദീനരോദനങ്ങൾ !

പ്രകാശ് നായര്‍ മേലില
Thursday, February 7, 2019


ശാരദ ചിട്ടിഫണ്ട് കേസിൽ കൽക്കത്ത പോലീസ് കമ്മീഷണർ രാജീവ് കുമാർ IPS നെ ചോദ്യം ചെയ്യാൻ സിബിഐ ടീമെത്തിയതിനെത്തുടർന്നുണ്ടായ പോലീസ് ഇടപെടലുകളും മുഖ്യമന്ത്രി മമതാ ബാനർജിയുടെ സത്യാഗ്രഹവും ഒടുവിൽ വിഷയത്തിൽ സുപ്രീം കോടതിയുടെ ഇടപെടലും ഇന്ത്യൻ രാഷ്ട്രീയത്തിൽ വളരെ കോളിളക്കം ഉണ്ടാക്കിയ സംഭവങ്ങളാണ്.

ഇവിടെ സ്മരണീയമായ ഒരു വസ്തുത എന്തെന്നാൽ , ലക്ഷക്കണക്കിന് പട്ടിണിപ്പാവങ്ങളുടെ പണമാണ് ശാരദ ചിറ്റ് ഫണ്ട്, റോസ്‌വാലി ചിറ്റ് ഫണ്ട് എന്നീ രണ്ട് കമ്പനികൾ ചേർന്ന് തട്ടിയെടുത്തത്. ശാരദ ചിട്ടിഫണ്ട്, ബംഗാൾ കൂടാതെ ഒറീസ്സ ,ആസ്സാം,ത്രിപുര,ജാർഖണ്ഡ് എന്നീ സംസ്ഥാനങ്ങളിലെ 17 ലക്ഷം ആളുകളിൽ നിന്നായി 2500 കോടി രൂപയാണ് തട്ടിയെടുത്തത്.

എന്നാൽ റോസ് വാലി കമ്പനിയാകട്ടെ തട്ടിപ്പുനടത്തിയത് 17000 കോടിയും. രണ്ടു കമ്പനികളും ചേർന്ന് ഏകദേശം 20000 കോടിയുടെ ഒരുപക്ഷേ ഭാരതത്തിൽ നടന്ന ഏറ്റവും വലിയ തട്ടിപ്പുകളിൽ ഒന്നായ ഇത് നടത്തിയിരിക്കുന്നത്.

ഈ രണ്ടു കമ്പനികളുമായി തൃണമൂൽ കോൺഗ്രസ് ,കോൺഗ്രസ്,സിപിഎം,ബിജെപി കക്ഷികളിലെ പല നേതാക്കൾക്കും ബന്ധമുണ്ടെന്ന ആരോപണം പലപ്പോഴായി ഉയർന്നിരുന്നു. കാരണം രാഷ്ട്രീയ പിന്തുണയി ല്ലാതെ ഇത്ര വലിയ ഒരു തട്ടിപ്പ് ജനങ്ങളുടെയിടയിൽ നടത്തുക അസാദ്ധ്യമാണ്.

ഡിപ്പോസിറ്റുകൾ 30 മാസങ്ങൾ കൊണ്ട് ഇരട്ടിയാകുമെന്നും 50 മാസം കൊണ്ട് മൂന്നിരട്ടിയാകുമെന്നും പറഞ്ഞാണ് ആളുകളിൽ നിന്നും ഇവർ പണം പിടുങ്ങിയത്. ഉരുളക്കിഴങ്ങു പോലുള്ള കൃഷികളിലാണ് പണം വിനിയോഗിക്കുന്നതെന്നും അതുകൊണ്ടു തന്നെ വളരെവേഗം റിട്ടേൺ ലഭിക്കുമെന്നുമായിരുന്നു അവകാശവാദം.

ചെറു കച്ചവടക്കാർ,കൂലിവേലക്കാർ, റിക്ഷക്കാർ,തൊഴിലാളികൾ, ചേരിനിവാസികൾ ഉൾപ്പെടെയുള്ളവർ കൂടുതൽ ലാഭം പ്രതീക്ഷിച് 10000 രൂപവരെ നിക്ഷേപിക്കുകയുണ്ടായി. പെൻഷൻ ലഭിച്ച പലരും മുഴുവൻ പണവും നിക്ഷേപിച്ചു. 40% വരെ കമ്മീഷൻ വാഗ്ദാനം നൽകിയാണ് എല്ലായിടത്തും ആയിരക്കണക്കിന് ഏജന്റുമാരെ നിയമിച്ചത്. 2006 മുതലാണ് ഈ തട്ടിപ്പുകൾ നടന്നുവന്നത്.

പണം നിക്ഷേപിച്ച എല്ലാവരുടെയും പണം നഷ്ടമായി. ഏജന്റുമാർ ഉൾപ്പെടെ നിരവധി ആളുകൾ ആത്മഹത്യ ചെയ്തു. പല ഏജന്റുമാർക്കും പൊതിരെ തല്ലുകിട്ടി. ചിലർ നാടുവിട്ടു,മറ്റുചിലർ അകത്തായി.

ശാരദ ചിറ്റ് ഫണ്ട് ഉടമ സുദീപ്‌ത സെൻ ,മമതാ ബാനർജിയുടെ അടുപ്പക്കാരനായിരുന്നത്രെ.2013 ൽ തട്ടിപ്പുകൾ പുറത്തുവന്നശേഷം അയാൾ നാടുവിട്ടു. ഇതേത്തുടർന്ന് ബംഗാൾ സർക്കാർ ഒരു SIT ടീമിന് രൂപം നൽകുകയും അതിന്റെ തലവനായി ഇപ്പോഴത്തെ കൽക്കത്ത പോലീസ് കമ്മീഷണർ രാജീവ് കുമാറിനെ നിയമിക്കുകയും ചെയ്തു.കൽക്കത്തയിൽ മാത്രം ആകെ 400 ൽപ്പരം FIR ആണ് രജിസ്റ്റർ ചെയ്യപ്പെട്ടത്. ആളുകൾ പല സ്ഥലത്തും പ്രതിഷേധ പ്രകടനങ്ങൾ നടത്തി.സുദിപ്ത് സെന്നിനെ പിന്നീട് കാശ്മീരിൽ നിന്ന് അറസ്റ്റ് ചെയ്തു.

ചിട്ടിഫണ്ടുമായി ബന്ധമുണ്ടായിരുന്ന തൃണമൂൽ കോൺഗ്രസ്സ് എം.പി.കുണാൽ ഘോഷിനെ പോലീസ് അറസ്റ്റ് ചെയ്തു. പല രാഷ്ട്രീയക്കാർക്കും ഈ തട്ടിപ്പിൽ കൈയുണ്ടെന്നും സിബിഐ അന്വേഷണം വേണമെന്നുമുള്ള ആവശ്യത്തിന്മേൽ സുപ്രീം കോടതി ,കേസ് സിബിഐ ക്കു കൈമാറി.

സിബിഐ അന്വേഷണത്തിൽ തൃണമൂൽ കോൺഗ്രസിലെ മറ്റൊരു എം.പി സുജായ് ബോസ്,മുൻ പോലീസ് ഐജി രജത് മജുൻദാർ ,മുൻ സ്പോർട്സ് -ട്രാൻസ്പോർട്ട്മന്ത്രി മദൻ മിത്ര എന്നിവരും ഈ തട്ടിപ്പിൽ പങ്കാളികളാ ണെന്ന് കണ്ടെത്തിയിരുന്നു. ആകെ 11 പേരേ സിബിഐ അറസ്റ്റു ചെയ്യുകയും 224 സ്വത്തുവകകൾ കണ്ടുകെട്ടുകയും, 54 വാഹനങ്ങൾ പിടിച്ചെടുക്കുകയും ചെയ്തു. ഇതുവരെ 300 ൽപ്പരം കേസുകളിൽ കുറ്റപത്രം സമർപ്പിച്ചിട്ടുണ്ട്.

ബംഗാൾ സർക്കാർ രൂപീകരിച്ച SIT യുടെ തലവനായിരിക്കെ ഇപ്പോഴത്തെ കൽക്കത്ത പോലീസ് കമ്മീഷണർ രാജീവ് കുമാർ IPS പല രേഖകളും ഒളിപ്പിക്കുകയോ നശിപ്പിക്കുകയോ ചെയ്തുവെന്നാണ് സിബിഐ യുടെ കണക്കുകൂട്ടൽ.അവ നേതാക്കളും ,ഉന്നത അധികാരികളുമായി ബന്ധപ്പെട്ടവയാണെന്നും അവർ അനുമാനിക്കുന്നു. ഇതുമായി ബന്ധപ്പെട്ടാണ് സിബിഐ അദ്ദേഹത്തെ ചോദ്യം ചെയ്യാനെത്തിയത്.ഒരു പക്ഷേ അദ്ദേഹത്തെ അറസ്റ്റ് ചെയ്യാനും അവർ പദ്ധതിയിട്ടിരുന്നിരിക്കാം.

ഇവിടെ മരിച്ചവരും മരിച്ചുജീവിക്കുന്നവരും ജീവിക്കാൻ ഒരു മാർഗ്ഗവുമില്ലാത്തവരുമായ പതിനായിരങ്ങൾ തങ്ങളുടെ സമ്പാദ്യമെല്ലാം നഷ്ടപ്പെട്ട് ഇന്നും 6 കൊല്ലമായി കോടതിവരാന്തകൾ കയറിയിറങ്ങുകയാണ്. ഇവർക്ക് നീതിക്കായി നടത്തപ്പെടുന്ന ജാഥകളിൽ നെഞ്ചത്തലച്ചു നിലവിളിച്ചുകൊണ്ട് വരുന്ന സ്ത്രീകൾ ഒരു നിത്യകാഴ്ചയാണ്.. ആരാണവരെ സമാധാനിപ്പിക്കുക ? എന്നാണവർക്കു നീതിലഭിക്കുക ?

×