ബിജെപിയ്ക്ക് വിശ്വാസം, പ്രതിബദ്ധത എന്നിവ നഷ്ടപ്പെട്ടെന്ന് അന്തരിച്ച മുന്‍ മുഖ്യമന്ത്രി മനോഹര്‍ പരീക്കറുടെ മകന്‍. ഗോവയിലെ അട്ടിമറിയ്ക്ക് പ്രവര്‍ത്തകര്‍ മറുപടി നല്‍കുമെന്നും ഉത്പല്‍

കൃഷ്ണന്‍കുട്ടി
Thursday, July 11, 2019

പനാജി: ബിജെപിയ്ക്ക് വിശ്വാസം, പ്രതിബദ്ധത എന്നിവ നഷ്ടപ്പെട്ടെന്ന് അന്തരിച്ച മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന ബിജെപി നേതാവുമായിരുന്ന മനോഹര്‍ പരീക്കറുടെ മകന്‍ ഉത്പല്‍ പരീക്കര്‍.

അച്ഛന്റെ മരണശേഷം ബിജെപി വേറിട്ട പാതയിലായിരുന്നു. പരീക്കറുടെ കാലത്ത് വിശ്വാസം പ്രതിബദ്ധത എന്നിവയ്ക്കായിരുന്നു ബിജെപിയില്‍ പ്രാമുഖ്യം. മാര്‍ച്ച് 17ന് അദ്ദേഹം മരിക്കും വരെ ഇതായിരുന്നു സ്ഥിതി. എന്നാല്‍ മാര്‍ച്ച് 17ന് ശേഷം പാര്‍ട്ടിയുടെ പോക്ക് മറ്റൊരു ദിശയിലാണ്-ഉത്പല്‍ പറഞ്ഞു.

10 കോണ്‍ഗ്രസ് എംഎല്‍എമാരെ അടര്‍ത്തിമാറ്റി ബിജെപിയില്‍ ചേര്‍ത്തനടപടിയില്‍ അതൃപ്തി അറിയിച്ചുകൊണ്ടായിരുന്നു ഉത്പലിന്റെ പ്രതികരണം. ഇതൊക്കെയാണെങ്കിലും താന്‍ ബിജെപിയില്‍ തന്നെ തുടരുമെന്നും മുതിര്‍ന്ന പാര്‍ട്ടി പ്രവര്‍ത്തകരെ പിന്തുണക്കുന്നത് തുടരുമെന്നും അദ്ദേഹം പറഞ്ഞു.

പരീക്കറുടെ നിര്യാണത്തിന് ശേഷം ഉപതിരഞ്ഞെടുപ്പില്‍ ഉത്പലിന് സീറ്റ് നല്‍കുമെന്നാണ് പ്രവര്‍ത്തകരില്‍ ഒരുവിഭാഗവും പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി നിര്‍ത്തിയത് മറ്റൊരാളെ. അദ്ദേഹം തോല്‍ക്കുകയും ചെയ്തു. ബിജെപി സ്ഥാനാര്‍ഥിയെ തോല്‍പിച്ച കോണ്‍ഗ്രസ് എംഎല്‍എ അത്താന്‍സിയോ മോണ്‍സെറാട്ടയും ഇന്ന് ബിജെപിയില്‍ ചേര്‍ന്നവരില്‍ ഉള്‍പ്പെടുന്നു.

മോണ്‍സെറാട്ടയെ പാര്‍ട്ടിയില്‍ എടുത്തതില്‍ പ്രതികരിക്കേണ്ടത് പ്രവര്‍ത്തകരാണെന്നും ഉത്പല്‍ പറഞ്ഞു. അടുത്ത രണ്ട് വര്‍ഷം എവിടെയായിരിക്കുമെന്ന് മോണ്‍സെറാട്ടയ്ക്ക് പോലും അറിയില്ലായിരിക്കുമെന്നും അദ്ദേഹം പരിഹസിച്ചു.

×