Advertisment

സമ്മാനമില്ലെന്ന് വിചാരിച്ച്‌ കീറിയെറിഞ്ഞ ടിക്കറ്റില്‍ അഞ്ചു ലക്ഷം രൂപ സമ്മാനം: ഭാഗ്യവഴി തേടി ഓട്ടോ ഡ്രൈവര്‍

New Update

publive-image

Advertisment

കാസർകോട് : സമ്മാനമില്ലെന്ന് വിചാരിച്ച്‌ കീറിയെറിഞ്ഞ ടിക്കറ്റിൽ അഞ്ചു ലക്ഷം രൂപ സമ്മാനം. 19നു നറുക്കെടുത്ത വിൻവിൻ ലോട്ടറിയുടെ രണ്ടാം സമ്മാനമായ 5 ലക്ഷം രൂപയാണ് ചെങ്കള ചൂരിപ്പള്ളത്തെ മൻസൂർ അലി(42) എടുത്ത ഡബ്ല്യുഎൽ 583055 എന്ന ടിക്കറ്റിനു ലഭിച്ചത്. ഇതോടെ കീറിയെറിഞ്ഞ ലോട്ടറിയിലെ സമ്മാനതുക കിട്ടാനുള്ള വഴിതേടി നടക്കുകയാണ് നെല്ലിക്കട്ട ടൗണിലെ ഓട്ടോ ഡ്രൈവർ മൻസൂർ അലി.

രാവിലെ സ്റ്റാൻഡിലെത്തി ഓട്ടമില്ലാതെ ഇരിക്കുമ്ബോഴാണ് ലോട്ടറി ഫലം നോക്കിയത്. പട്ടികയുടെ താഴെയൊന്നും നമ്ബർ കണ്ടില്ല. ഇതോടെ നിരാശനായി കയ്യിലുണ്ടായിരുന്ന മൂന്നു ടിക്കറ്റുകളും കീറിയെറിഞ്ഞു. ഒരു മണിക്കൂർ കഴിഞ്ഞ് ഏജന്റ് വന്നു പറഞ്ഞപ്പോഴാണ് സമ്മാനമുള്ള കാര്യം അറിയുന്നത്.

ഇതോടെ ടിക്കറ്റിനായുള്ള അന്വേഷണമായി. ഡ്രൈവർമാരെല്ലാം ചേർന്ന് കടലാസു കഷ്ണങ്ങൾ പെറുക്കിയെടുത്തു യോജിപ്പിച്ചു. ജില്ലാ ലോട്ടറി ഓഫിസിൽ ചെന്നപ്പോൾ എംഎൽഎയുടെ കത്തുമായി സംസ്ഥാന ഭാഗ്യക്കുറി ഡയറക്ടർക്ക് നിവേദനം കൊടുക്കാൻ പറഞ്ഞു.

ലോട്ടറി ടിക്കറ്റ് കീറി പല കഷ്ണങ്ങളായിപ്പോയതിനാൽ ഇനി അതിലെ നമ്ബർ നോക്കി സമ്മാനം നൽകാനാവില്ല. പക്ഷേ, ടിക്കറ്റ് കൂട്ടിച്ചേർത്ത ശേഷം അതിലെ ക്യുആർ കോഡ് സ്‌കാൻ ചെയ്യാൻ പറ്റിയെങ്കിൽ സമ്മാനം ലഭിക്കും. അല്ലാത്ത പക്ഷം സംസ്ഥാന ഭാഗ്യക്കുറി ഡയറക്ടറുടെ പ്രത്യേക തീരുമാനം വേണ്ടിവരും. മുളിയാർ മജക്കാറിലെ രാമകൃഷ്ണൻ എന്ന ഏജന്റിൽ നിന്നെടുത്ത ടിക്കറ്റിനാണ് സമ്മാനം ലഭിച്ചത്.

Advertisment