Advertisment

രണ്ടു -മൂന്നു തലമുറകളിലായി നൂറുകണക്കിനാളുകളുടെ ജീവിതം കരകയറ്റിയ പാലാക്കാരുടെ "ഔസേപ്പ് ചേട്ടൻ" ഒടുവിൽ നിത്യതയിലേക്ക് വള്ളം തുഴഞ്ഞു

author-image
സുനില്‍ പാലാ
New Update

കോട്ടയം: രണ്ടു -മൂന്നു തലമുറകളിലായി നൂറുകണക്കിനാളുകളുടെ ജീവിതം കരകയറ്റിയ പാലാക്കാരുടെ "ഔസേപ്പ് ചേട്ടൻ" ഒടുവിൽ നിത്യതയിലേക്ക് വള്ളം തുഴഞ്ഞു. മീനച്ചിലാറ്റിന് കുറുകെ പാലങ്ങൾ ഉണ്ടാക്കുന്നതിനും മുമ്പ് പാലായിലെ പാലമായിരുന്നൂ വെള്ളിയേപ്പള്ളി കണ്ണച്ചാംകുന്നേൽ കെ.കെ. ജോസഫ് എന്ന ഔസേപ്പ് ചേട്ടൻ. 90 വയസ്സ് പിന്നിട്ടിരുന്ന ഇദ്ദേഹം കഴിഞ്ഞ ദിവസം മരണത്തിലേക്ക് മുങ്ങാംകുഴിയിട്ടപ്പോൾ പാലായിൽ മീനച്ചിലാറ്റിൻ കരയിലെ ഒരു പാട് കുടുംബങ്ങളുടെ ഓർമ്മകളും കരകവിഞ്ഞു.

Advertisment

മീനച്ചിലാറിനു കുറുകെ തുടർച്ചയായി അരനൂറ്റാണ്ടിനപ്പുറം വള്ളമൂന്നിയ ഔസേപ്പ് ചേട്ടനെ കടത്തുകാരൻ എന്നതിനപ്പുറം കുടുംബാംഗമായി കരുതാനാണ് പാലാക്കാർക്കിഷ്ടം.

മീനച്ചിലാറ്റിലെ അഗാധഗർത്തമുള്ള പാലാക്കയത്തിനു മേലെ കൂടി വള്ളമൂന്നി വെള്ളിയേപ്പള്ളിയും പന്തത്തലയുമുൾപ്പെട്ട നാലഞ്ചു ഗ്രാമങ്ങളെ പാലായുമായി കൂട്ടിക്കെട്ടിയത് ഇദ്ദേഹമാണ്. കാലവർഷത്തിൽ ഇരുകര കവിഞ്ഞ് കലി തുള്ളിയെത്തിയിരുന്ന മീനച്ചിലാർ എന്നും ഔസേപ്പ് ചേട്ടൻ്റെ ബലിഷ്ഠമായ കൈകളോടു സുല്ലിട്ടിട്ടേയുള്ളൂ.

publive-image

ഇപ്പോഴത്തെ തലമുറ, 35 വർഷം മുമ്പു പാലാ സെന്റു തോമസ് കോളേജിൽ നിന്നും വിരമിച്ച ഒരു ജീവനക്കാരനായി മാത്രമായിരിക്കും കെ. കെ. ജോസഫ് കണ്ണച്ചാoകുന്നേലിനെ തിരിച്ചറിയുക.

എന്നാൽ മീനച്ചിലാറിന്റെ തിരത്ത് ,1950ൽ സെന്റ്‌ തോമസ് കോളജ് ആരംഭിച്ച കാലത്ത് തന്നെ വെള്ളിയേപ്പള്ളിയേയും അരുണാപുരത്തേയും ബന്ധിപ്പിക്കുന്ന ഒരു തോണിക്കാരനായി ഔസേപ്പുചേട്ടൻ ജനസേവനമാരംഭിച്ചിരുന്ന പഴയ ചരിത്രം പഴമക്കാർ ഒരിക്കലും മറക്കില്ല.

കടപ്പാട്ടൂരിലും മുത്തോലിയിലും അന്ന് പാലം ഉണ്ടായിരുന്നില്ല. അതിനാൽ തന്നെ സെന്റ് തോമസ്, അൽഫോൻസാ കോളേജുകളിലേക്കും, പാലായിലെ സ്കൂളുകളിലേക്കും ഉള്ള കുട്ടികളും,കൊഴുവനാൽ, മേവട, പന്തത്തല, മുത്തോലി മുതലായ സ്ഥലങ്ങളിൽ നിന്നുള്ള ജനങ്ങളും പാലായ്ക്ക് പോകാനായി ഔസേപ്പ് ചേട്ടൻ്റെ കടത്തുവള്ളമാണ് ആശ്രയിച്ചിരുന്നത്.

കോളജിന്റെ ഉടമസ്ഥതയിൽ 10 പേർക്ക് കയറാവുന്ന "ചെറിയ വള്ള"വും, 20 പേരു വരെ കയറുന്ന "വലിയ വള്ള"വും ഉണ്ടായിരുന്നു. ചെറിയ വള്ളത്തിൽ ആറു മണിക്ക് ആരംഭിക്കുന്ന കടത്ത് കോളജ് സമയം ആകുമ്പോൾ രാവിലെയും വൈകുന്നേരവും വലിയ വള്ളത്തിലാവും. വർഷകാലത്ത് മലവെള്ളപ്പാച്ചിലിൽ, മലരിയും ചുഴിയും നിറഞ്ഞ പാലക്കയത്തിനു മുകളിൽ കൂടി തന്മയത്തത്തോടെ തുഴയെറിഞ്ഞു വള്ളത്തിലും കരയിലും ഭയചകിതരായി നിൽക്കുന്ന ആളുകളെ സുരക്ഷിതരായി ലക്ഷ്യ സ്ഥാനത്തെത്തിക്കുവാൻ ഔസേപ്പുചേട്ടനുള്ള കഴിവ് അപാരമായിരുന്നു. അമരത്ത് ഒസേപ്പ് ചേട്ടനുണ്ടെങ്കിൽ ഏത് വെള്ളപ്പൊക്കത്തിലും കുട്ടികൾക്കും മുതിർന്നവർക്കും ഭയപ്പാടില്ലായിരുന്നു. മദയാനയെ പോലെ കലങ്ങിമറിഞ്ഞു ചുഴലിയായും മലരിയായും ചുറ്റൊഴുക്കായും രണ്ടു കരകളേയും കിളച്ചു മറിച്ച് ഒഴുകി പോകുന്ന പുഴയമായുള്ള പോരാട്ടം ഓസേപ്പു ചേട്ടനെന്നും ഹരമായിരുന്നു.

കുത്തൊഴുക്കിൽ ആളുകളുമായി പോകുമ്പോൾ തന്നെ ഒഴുകിയെത്തുന്ന തേങ്ങയും പുളിയും മറ്റും തുഴച്ചിലിനിടയിൽ തന്നെ കോരിയെടുത്ത് വള്ളത്തിലിട്ട് പോകുന്നത് , ഇദ്ദേഹത്തിൻ്റെ ഒരു പ്രത്യേക വിനോദം തന്നെയായിരുന്നു.

പാലാ സെൻ്റ് തോമസ് കോളജിൻ്റെ മന്ദിര നിർമ്മാണത്തിനു കുറ്റിയടിക്കുമ്പോൾ മുതൽ ബിഷപ്പ് മാർ സെബാസ്റ്റ്യൻ വയലിലിനോടൊപ്പം നിഴൽ പോലെ നിന്ന ഔസേപ്പ് ചേട്ടനെ ആദ്യം കോളജിൻ്റെ "ഔദ്യോഗിക '' വള്ളക്കാരനായും തുടർന്ന് പാലായിൽ പാലം വന്നപ്പോൾ ഓഫീസ് സ്റ്റാഫായും ബിഷപ്പ് വയലിൽ നിയമിച്ചു.

കോട്ടയം ജില്ലയിൽ നീന്തൽ ഇത്രമാത്രം വളരുവാൻ അദ്ദേഹത്തിന്റെ സംഭാവന വിലപ്പെട്ടതാണ്. ഏഷ്യാഡ് താരങ്ങളായ റ്റി.ജെ ജേക്കബ്, കെ.സോമശേഖരൻ, അന്തർദേശീയ താരങ്ങളായ സുമി സിറിയക്, എബി വാണിയിടo, മാത്യു ജോസഫ്, കെ.അലോഷ്യസ്, എന്നിങ്ങനെ എണ്ണിയാലൊടുങ്ങാത്ത ദേശിയ താരങ്ങൾ ഉൾപ്പെടെ, വെള്ളിയേപ്പള്ളിൽ നിന്നുള്ള നൂറുകണക്കിന് നീന്തൽകാരെ മഴയിലും വെയിലിലും ഏതു സമയത്തും അക്കരെ പാലാ കോളജിലുള്ള പരിശീലന കേന്ദ്രത്തിലേക്ക് വർഷങ്ങളോളം സന്തോഷത്തോടെ എത്തിച്ചിരുന്നത് ഔസേപ്പ് ചേട്ടനായിരുന്നു. അതിനാൽ തന്നെ നാട്ടിലെ നീന്തൽ താരങ്ങളുടെ ഒരു രക്ഷക സ്ഥാനവും ഇദ്ദേഹത്തിനു സ്വന്തം. ഔസേപ്പ് ചേട്ടന് ശേഷം കുറേക്കാലം ഇളയ സഹോദരൻ അലോഷ്യസായിരുന്നു കടത്തുകാരൻ. നീന്തലിലും വാട്ടർ പോളോയിലും ദേശീയ താരമായി മാറിയ അലോഷ്യസ് പിന്നീട് സി.ആർ. പി. എഫിൽ നിന്നും ഡിവൈ.എസ്.പി. ആയി വിരമിച്ചു. ഔസേപ്പ് - മേരി ദമ്പതികൾക്ക് 3 ആൺമക്കളും ഒരു മകളുമുണ്ട്.

സംസ്ക്കാരം ശനിയാഴ്ച രാവിലെ പാലാ കത്തീഡ്രലിൽ നടന്നു. കോവിഡിൻ്റെ പശ്ചാത്തലത്തിലും സാമൂഹ്യ അകലം പാലിച്ച് നിരവധിപ്പേർ ഔസേപ്പ് ചേട്ടന് അന്ത്യാഞ്ജലി അർപ്പിക്കാനെത്തിയിരുന്നു.

Advertisment