ന്യൂ ഡൽഹി: ഡൽഹി മലയാളി അസോസിയേഷൻ വിനയ് നഗർ കിഡ്വായ് നഗർ ഏരിയയുടെ ആഭിമുഖ്യത്തിൽ ക്രിസ്തുമസ് - പുതു വത്സര ആഘോഷങ്ങൾ ആർകെ പുരത്തെ ഡിഎംഎ സാംസ്കാരിക സമുച്ചയത്തിൽ 2024 ജനുവരി 20, ശനിയാഴ്ച നടത്തി. ഏരിയയിലെ കുട്ടികളുടെയും മുതിർന്നവരുടെയും വിവിധ കലാ പരിപാടികൾ അരങ്ങേറി.
ഏരിയ ചെയർമാൻ സുനിൽ ഗോപാലകൃഷ്ണന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഡോ ഫാദർ റോബി കണ്ണൻചിറ വിശിഷ്ട അതിഥിയായി പങ്കെടുത്തുകൊണ്ട് ക്രിസ്തുമസ് പുതുവത്സര സന്ദേശം നൽകി. ഏരിയ സെക്രട്ടറി നോവൽ ആർ തങ്കപ്പൻ സ്വാഗത പ്രസംഗം നടത്തി. മുഖ്യാതിഥിയായി ഡിഎംഎ വൈസ് പ്രസിഡന്റ് കെജി രഘുനാഥൻ നായർ പരിപാടികൾ ഉദ്ഘാടനംചെയ്തു. ജനറൽ സെക്രട്ടറി ടോണി കണ്ണമ്പുഴ, ട്രഷറർ മാത്യു ജോസ്, ജോയിന്റ് ഇന്റെർണൽ ഓഡിറ്റർ ലീന രമണൻ, ഏരിയ വൈസ് ചെയർമാൻ സുദർശനൻ പിള്ള, വനിതാ വിഭാഗം കൺവീനർ സുതില ശിവ, ജോയിന്റ് കൺവീനർമാരായ സുകന്യ, പാർവതി, കൾച്ചുറൽ കമ്മിറ്റി കൺവീനർ ഷിരീഷ് എം എന്നിവർ ആശംസാ പ്രസംഗം നടത്തി.
കഴിഞ്ഞ വർഷം ഏരിയയിൽ നിന്നും പത്തും പന്ത്രണ്ടും ക്ലാസ്സുകളിൽ ഉന്നത വിജയം നേടിയ കുട്ടികളെയും മലയാളം മിഷൻ 'കണിക്കൊന്ന' കോഴ്സ് പാസ്സായ പഠിതാക്കളെയും അനുമോദിച്ചു. പ്രോഗ്രാം കൺവീനർ അജി ചെല്ലപ്പൻ നന്ദി പറഞ്ഞു. തദവസരത്തിൽ ഡൽഹി നഗരത്തോടു വിട പറയുന്ന പ്രശസ്ത ഗായകൻ രഞ്ജുവിന് യാത്ര അയപ്പും നൽകി.