Advertisment

പിന്നാക്ക വിഭാഗത്തിൽപ്പെട്ട യുവതിയെ കൊവിഡാണെന്ന് തെറ്റിദ്ധരിപ്പിച്ച് കൊവിഡ് ചികിത്സാ കേന്ദ്രത്തിലേക്ക് നിർബന്ധിച്ച് പറഞ്ഞയച്ചു ! വിവാദ സംഭവം കൊഴുവനാലിൽ

author-image
സുനില്‍ പാലാ
New Update

publive-image

Advertisment

കൊഴുവനാല്‍: കൊവിഡ് പരിശോധനാ ഫലം പോലും വരും മുമ്പേയാണ് രോഗമുണ്ടെന്ന് അറിയിച്ച് നിർബന്ധപൂർവ്വം കൊവിഡ് ചികിത്സാ കേന്ദ്രത്തിലേക്ക് പറഞ്ഞയച്ചതെന്ന് പാലാ കൊഴുവനാൽ പഞ്ചായത്ത് സ്വദേശിനിയും തൊഴിലുറപ്പ് തൊഴിലാളിയുമായ 37 കാരി പരാതിപ്പെടുന്നു.

കൊഴുവനാലിലെ കൊവിഡ് ചികിത്സാ കേന്ദ്രത്തിൽ പ്രവേശിപ്പിക്കപ്പെട്ട യുവതിയെ, മൂന്നു മണിക്കൂറിനു ശേഷം പരിശോധനാ രേഖകൾ ലഭിച്ചപ്പോൾ രോഗമില്ലെന്ന് തിരിച്ചറിഞ്ഞ് പറഞ്ഞയക്കുകയായിരുന്നു. ഗുരുതരമായ ഈ സംഭവത്തിൽ പരാതി ലഭിച്ചിട്ടും ആരോഗ്യ വകുപ്പ് അധികാരികൾ പ്രശ്നം ഒതുക്കിത്തീർക്കാൻ തിരക്കിട്ടു നീക്കം നടത്തുകയാണെന്നാണ് ആരോപണം.

കൊഴുവനാൽ പഞ്ചായത്ത് അധികാരികളുടെ നിർദ്ദേശപ്രകാരം മുഴുവൻ തൊഴിലുറപ്പ് തൊഴിലാളികളും കൊവിഡ് പരിശോധന നടത്തിയിരുന്നു.  അങ്ങനെയാണ് തോടനാൽ കോളനി നിവാസിയായ യുവതിയും സ്വകാര്യ ആശുപത്രിയിൽ ആർടിപിസിആർ ടെസ്റ്റ് നടത്തിയത്. അന്ന് വൈകുന്നേരം തന്നെ പഞ്ചായത്തിലെ ഒരു ആശാ പ്രവർത്തക, തനിക്ക് കൊവിഡ് ഉണ്ടെന്ന് ഫോണിൽ മെസേജ് അയക്കുകയായിരുന്നൂവെന്ന് യുവതി പറഞ്ഞു.

തൊഴിലുറപ്പിൻ്റെ ചുമതലയുള്ള ഒരു ജീവനക്കാരി തൻ്റെ പേരെടുത്ത് പറഞ്ഞ് തനിക്ക് കൊവിഡ് ഉണ്ടെന്ന ശബ്ദ സന്ദേശം പലർക്കും അയച്ചുകൊടുത്തൂവെന്നും യുവതി പരാതിപ്പെടുന്നു. എത്രയും വേഗം കൊഴുവനാലിലെ കൊവിഡ് ചികിത്സാ കേന്ദ്രത്തിലേക്ക് മാറാൻ ആശാ പ്രവർത്തക നിർബന്ധിച്ചു. റിസൽട്ട് വരാതെ പോകാൻ മടിച്ചപ്പോൾ ഭീഷണിപ്പെടുത്തിയെന്നും യുവതി പറയുന്നു.

കൊവിഡ് സെൻ്ററിൽ നേരിട്ടെത്തി കുറച്ചു കഴിഞ്ഞപ്പോൾ കൊഴുവനാൽ പിഎച്ച്സിയിലെ ഡോക്ടർ ഫോൺ വിളിച്ച്, നിങ്ങൾക്ക് കൊവിഡില്ല എത്രയും വേഗം വീട്ടിൽ പോകാൻ നിർദ്ദേശിച്ചു.

ഇതിനോടകം താമസിക്കുന്ന കോളനിയിലാകെ തനിക്ക് കൊവിഡാണെന്ന് ആശാ പ്രവർത്തകയും തൊഴിലുറപ്പിലെ ജീവനക്കാരിയും പ്രചരിപ്പിച്ചിരുന്നതിനാൽ താൻ വീട്ടിലേക്ക് മടങ്ങില്ലെന്ന് പറഞ്ഞെങ്കിലും ഡോക്ടർ നിർബന്ധിച്ചതിനാൽ ഒടുവിൽ വീട്ടിലേക്ക് മടങ്ങുകയായിരുന്നുവെന്നും യുവതി പറഞ്ഞു. ഇതു സംബന്ധിച്ച് കൊഴുവനാൽ പിഎച്ച്സിയുടെ ചുമതലയുള്ള പഞ്ചായത്ത് അധികാരികൾക്ക് പിന്നീട് പരാതി നൽകി.

ഉത്തരവാദിത്വം ആശാ പ്രവർത്തകയുടെ തലയിൽ ചാരി ഡോക്ടർ

പരാതി ഉയർന്ന് സംഭവം വിവാദമായതോടെ കൊവിഡില്ലാത്ത യുവതിക്ക് കൊവിഡുണ്ടെന്ന അറിയിപ്പിൻ്റെ ഉത്തരവാദിത്വം ആശാ പ്രവർത്തകയുടെ തലയിൽ ചാരി കൈകഴുകി ഡോക്ടർ.

പിന്നീട് പരാതിക്കാരിയായ യുവതിയുമായി ഫോണിൽ സംസാരിച്ച ഡോക്ടർ ഈ സംഭവത്തെ താൻ ന്യായീകരിക്കുന്നില്ലെന്നും സൂചിപ്പിക്കുന്നുണ്ട്. പറ്റിപ്പോയി, ആശാ പ്രവർത്തക പറഞ്ഞതു കേട്ടാണ് യുവതിയെ കൊവിഡ് ചികിത്സാ കേന്ദ്രത്തിലേക്ക് മാറ്റാൻ നിർദ്ദേശിച്ചതെന്നും ഡോക്ടർ പറയുന്നു.

രോഗമില്ലാതെ രോഗിയായി മുദ്രകുത്തിയതിൻ്റെ വിഷമത്തിൽ കരഞ്ഞു തളർന്ന തന്നോട്, ആ ബുദ്ധിമുട്ട് ഞാൻ മനസ്സിലാക്കുന്നു എന്നായിരുന്നു ഡോക്ടറുടെ മറുപടിയെന്നും യുവതി പറയുന്നു.

ഇതേ സമയം കൊഴുവനാൽ പഞ്ചായത്തിലെ തൊഴിലുറപ്പ് ജീവനക്കാരിയാണ് യുവതിക്ക് കൊവിഡ് ഉണ്ടെന്ന് തനിക്ക് ശബ്ദ സന്ദേശം അയച്ചതെന്നും ഇക്കാര്യം താൻ ഡോക്ടറെ അറിയിക്കുകയും ഡോക്ടറുടെ അറിവോടെ തന്നെയാണ് യുവതിയോട് ചികിത്സാ കേന്ദ്രത്തിലേക്ക് പോകാൻ നിർദ്ദേശിച്ചതെന്നും ആശാ പ്രവർത്തക പറയുന്നു. ബന്ധപ്പെട്ട ഡോക്ടറുടെ അനുമതിയില്ലാതെ ആരെയും കൊവിഡ് ചികിത്സാ കേന്ദ്രത്തിൽ അഡ്മിറ്റ് ചെയ്യില്ലെന്നും ആശാ പ്രവർത്തക ചൂണ്ടിക്കാട്ടുന്നു.

വിഷയം ചർച്ച ചെയ്യാൻ അടിയന്തിര പഞ്ചായത്ത് കമ്മിറ്റി ഉടൻ - പ്രസിഡൻ്റ്

ഗുരുതരമായ ഈ വിഷയം ചർച്ച ചെയ്യാൻ പഞ്ചായത്തു കമ്മിറ്റിയുടെ അടിയന്തിര യോഗം ഉടൻ ചേരുമെന്ന് കൊഴുവനാൽ പഞ്ചായത്ത് പ്രസിഡൻ്റ് നിമ്മി ട്വിങ്കിൾ രാജ് പറഞ്ഞു.

കൃത്യവിലോപം കാട്ടിയ തൊഴിലുറപ്പ് ജീവനക്കാരിക്കും ആശാ പ്രവർത്തകയ്ക്കുമെതിരെ കർശന നടപടിയുണ്ടാകും.

പരാതി കിട്ടിയപ്പോൾ തന്നെ വിഷയം സംസാരിക്കാൻ ബന്ധപ്പെട്ട ഡോക്ടറെ രണ്ടു തവണ വിളിച്ചെങ്കിലും പകരം ആളുകളെ വിട്ടതല്ലാതെ അവർ ഹാജരായില്ല. ഈ വിഷയം ചർച്ച ചെയ്യാനുള്ള അടിയന്തിര കമ്മിറ്റിയിൽ വന്നിരിക്കണം എന്നാവശ്യപ്പെട്ട് ഡോക്ടർക്ക് കത്തു നൽകും. പഞ്ചായത്തു കമ്മിറ്റിയുടെ തീരുമാനം മുഖ്യമന്ത്രി, തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി, ആരോഗ്യ വകുപ്പ് മന്ത്രി, കോട്ടയം ഡി.എം.ഒ. എന്നിവരെ രേഖാമൂലം അറിയിക്കുമെന്നും പഞ്ചായത്ത് പ്രസിഡൻ്റ് പറഞ്ഞു.

pala news
Advertisment