ഉത്തര്‍പ്രദേശ്: ഓണ്‍ലൈനില്‍ അശ്ലീല സൈറ്റുകളും മറ്റു പോണ്‍ ഉള്ളടക്കങ്ങളും പതിവായി കാണുന്നവര്‍ ഒന്ന് കരുതിയിരിക്കുക. അശ്ലീല വീഡിയോ കാണുന്നവരെ പൊക്കാന്‍ ഉത്തര്‍പ്രദേശ് പൊലീസാണ് പദ്ധതി തയ്യാറാക്കിയത്. അത്തരം ഉള്ളടക്കം കാണുന്നവര്‍ക്ക് മുന്നറിയിപ്പ് നല്‍കുകയും അവരുടെ ഡിജിറ്റല്‍ ഡേറ്റ പൊലീസ് പരിശോധിക്കുകയും ചെയ്യും..
യു.പി പൊലീസിന്റെ 1090 സര്‍വീസിന് കീഴിലാണ് ഓണ്‍ലൈന്‍ നിരീക്ഷണം നടക്കുന്നത്. ഇതിന് കീഴില്‍, ഒരു പൊലീസ് ടീം മുഴുവന്‍ സമയവും ഇന്റര്‍നെറ്റില്‍ അശ്ലീല വിഡിയോ കാണുന്നവരെ നിരീക്ഷിക്കും.. ഇതിന്റെ ഡേറ്റയും പൊലീസ് ശേഖരിക്കും.
ഒരാള്‍ അശ്ലീല വെബ്‌സൈറ്റിലേക്ക് പോയാല്‍ യുപി പൊലീസിന്റെ 1090 സര്‍വീസ് വെബ്‌സൈറ്റില്‍ നിന്നുള്ള പോപ്പ്‌അപ്പ് അലര്‍ട്ട് കാണിക്കും. അവരുടെ ഡേറ്റ പൊലീസ് റെക്കോര്‍ഡ് ചെയ്യുന്നുണ്ടെന്നും നിരീക്ഷിക്കുന്നുണ്ടെന്നുമുള്ള സന്ദേശം ഉപയോക്താവിനെ അറിയിക്കും.
ഇതിനൊപ്പം തന്നെ, സേവനത്തെക്കുറിച്ച് ആളുകളെ ബോധവാന്മാരാക്കുന്നതിനായി സോഷ്യല്‍ മീഡിയ സൈറ്റുകളായ ഇന്‍സ്റ്റഗ്രാം, ഫേസ്ബുക്ക് എന്നിവയിലൂടെ 1090 ഡിജിറ്റല്‍ ക്യാംപെയ്നും നടത്തുന്നുണ്ട്. ഇത്തരം അശ്ലീലത്തിന് ഇരയാകുന്ന കൗമാരക്കാരെ നിരീക്ഷിക്കുകയാണ് ലക്ഷ്യമെന്ന് പൊലീസ് പറഞ്ഞു.