Advertisment

എംഎസ് ധോണി അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു

New Update

publive-image

Advertisment

റാഞ്ചി: ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ ക്യാപ്റ്റന്‍ മഹേന്ദ്ര സിംഗ് ധോണി അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു. തന്റെ ഇന്‍സ്റ്റഗ്രാമിലൂടെയാണ് ധോണി വിരമിക്കല്‍ പ്രഖ്യാപിച്ചത്. 'എന്നും നല്‍കിയ സ്‌നേഹത്തിനും പിന്തുണയ്ക്കും നന്ദി. 19.29 മുതല്‍ (7.29) ഞാന്‍ വിരമിച്ചതായി പരിഗണിക്കുക'-'ക്യാപ്റ്റന്‍ കൂള്‍' കുറിച്ചു.

ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് ധോണി നേരത്തെ തന്നെ വിരമിക്കല്‍ പ്രഖ്യാപിച്ചിരുന്നു. 2019ലെ ലോകകപ്പ് ക്രിക്കറ്റിന് ശേഷം ധോണി രാജ്യാന്തര ക്രിക്കറ്റില്‍ കളിച്ചിട്ടില്ല.

https://www.instagram.com/tv/CD6ZQn1lGBi/?utm_source=ig_embed

ക്രിക്കറ്റിലെ എല്ലാ ഫോര്‍മാറ്റില്‍ നിന്നുമാണ് ധോണി വിരമിക്കല്‍ പ്രഖ്യാപിച്ചത്. എന്നാല്‍ ഈ വര്‍ഷത്തെ ഐപിഎല്ലില്‍ ധോണി കളിക്കും. ഐപിഎല്ലിന് മുന്നോടിയായി ചെന്നൈ സൂപ്പര്‍ കിങ്‌സ് സംഘടിപ്പിക്കുന്ന ക്യാമ്പിലാണ് 39കാരന്‍. 2014 ഡിസംബര്‍ 30ന് ധോണി ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിച്ചിരുന്നു.

മൂന്ന് ഫോര്‍മാറ്റിലും ഇന്ത്യയെ നയിച്ചു; ലോകകപ്പുകളും നേടിത്തന്നു, ഈ ക്യാപ്റ്റന്‍ കൂള്‍

2004ല്‍ ആയിരുന്നു അന്താരാഷ്ട്ര ക്രിക്കറ്റില്‍ ധോണിയുടെ അരങ്ങേറ്റം. ബംഗ്ലാദേശിനെതിരായ ആദ്യ മത്സരത്തില്‍ പൂജ്യത്തിന് പുറത്തായി. പിന്നീട് അവിസ്മരണീയ പ്രകടനങ്ങള്‍ പുറത്തെടുത്തതിലൂടെ രാജ്യാന്തര ക്രിക്കറ്റില്‍ ധോണിയെന്ന പേര് ശ്രദ്ധാകേന്ദ്രമായി.

2005ല്‍ വിശാഖപട്ടണത്ത് പാകിസ്ഥാനെതിരെ നേടിയ തകര്‍പ്പന്‍ സെഞ്ചുറിയിലൂടെയാണ് ധോണിയെന്ന ശക്തനായ ക്രിക്കറ്ററെ ലോകം തിരിച്ചറിഞ്ഞത്. 90 ടെസ്റ്റുകളില്‍ നിന്ന് 4876 റണ്‍സും 350 ഏകദിനങ്ങളില്‍ നിന്ന് 10773 റണ്‍സും 98 ട്വന്റി ട്വന്റികളില്‍ നിന്ന് 1617 റണ്‍സും നേടിയിട്ടുണ്ട്.

2007ലെ പ്രഥമ ട്വന്റി-ട്വന്റിയില്‍ ധോണിയുടെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ യുവനിര കിരീടം ചൂടി. തുടര്‍ന്ന് ടീമിലെ തന്റെ ക്യാപ്റ്റന്‍ സ്ഥാനവും ഇദ്ദേഹം അരക്കിട്ടുറപ്പിച്ചു.

28 വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം ഇന്ത്യ 2011ല്‍ ലോകകപ്പ് നേടിയതും ധോണിയുടെ ക്യാപ്റ്റന്‍സിയിലാണ്. 2013ല്‍ ഇംഗ്ലണ്ടില്‍ നടന്ന ചാമ്പ്യന്‍സ് ട്രോഫിയും ധോണിയുടെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ ടീം സ്വന്തമാക്കി. ഐപിഎല്ലില്‍ ധോണി ക്യാപ്റ്റനായ ചെന്നൈ സൂപ്പര്‍ കിങ്‌സ് മൂന്ന് തവണയാണ് കിരീടം ചൂടിയത്.

തോല്‍ക്കുമെന്ന് കരുതിയ പല മത്സരങ്ങളിലും ഒരറ്റത്ത് ഉറച്ച് നിന്ന് വിജയങ്ങള്‍ നേടിത്തന്ന ധോണി അന്താരാഷ്ട്ര ക്രിക്കറ്റിലെ മികച്ച ഫിനിഷറായിരുന്നു. മിന്നല്‍ സ്റ്റംമ്പിംഗുകളിലൂടെ ധോണി തന്നിലെ വിക്കറ്റ് കീപ്പറുടെ പാടവവും തെളിയിച്ചു. ടെസ്റ്റിൽ 256 ക്യാച്ചുകളും 38 സ്റ്റംപിങ്ങുകളുമുണ്ട്. ഏകദിനത്തിൽ മാത്രം 321 ക്യാച്ചുകളും 123 സ്റ്റംപിങ്ങും . ട്വന്റി20യിൽ 57 ക്യാച്ചുകളും 34 സ്റ്റംപിങ്ങും ധോണിയുടെ പേരിലുണ്ട്.

കളിക്കളത്തിലെ ശാന്തമായ പെരുമാറ്റത്തിലൂടെ 'ക്യാപ്റ്റന്‍ കൂള്‍' എന്ന വിശേഷണം സ്വന്തമാക്കിയ മഹേന്ദ്രസിംഗ് ധോണിയുടെ വിരമിക്കലിലൂടെ ഇന്ത്യന്‍ ക്രിക്കറ്റിന്റെ ഒരു സുവര്‍ണയുഗത്തിനാണ് അന്ത്യം കുറിക്കുന്നത്. ഇനിയില്ല ആ മഹേന്ദ്രജാലം എന്ന സത്യം തിരിച്ചറിയുമ്പോള്‍ ആരാധകമനസുകളും ഏറെ ദുഖത്തിലാണ്.

Advertisment