Advertisment

ജാഗ്രതയുടെ കാലം കഴിഞ്ഞു, ഇനി പേടിയുടേതാണ്; നാട്ടുകാര്‍ ഇപ്പോള്‍ കാണിക്കുന്നത് പോലുള്ള ഉത്സാഹവും സഹകരണവും തുടര്‍ന്നാല്‍ മറ്റു രാജ്യങ്ങളില്‍ ആടിത്തിമിര്‍ത്ത കൊറോണയുടെ എല്ലാ അവതാരങ്ങളും കേരളത്തിലും ആടും; കണ്ടാല്‍ അറിയാത്ത പിള്ള കൊണ്ടാല്‍ അറിയും എന്നല്ലേ !; മുരളി തുമ്മാരുകുടി എഴുതുന്നു

author-image
മുരളി തുമ്മാരുകുടി
Updated On
New Update

തിരുവനന്തപുരം :  കേരളത്തില്‍ കോവിഡ് രോഗവ്യാപനം വര്‍ധിക്കുന്നതില്‍ ആശങ്ക പ്രകടിപ്പിച്ച് മുരളി തുമ്മാരുകുടി.കൊറോണയില്‍ രാഷ്ട്രീയം പാടില്ലെന്ന് പറയുമെങ്കിലും അതൊഴിവാക്കാന്‍ സാധിക്കില്ലെന്നു മുരളി തുമ്മാരുകുടി ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

Advertisment

publive-image

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം :

കൊറോണയും രാഷ്ട്രീയവും...

ജാഗ്രതയുടെ കാലം കഴിഞ്ഞു. ഇനി കുറച്ചു നാള്‍ പേടിയുടേതാണ്.

പ്രതിദിന കേസുകള്‍ മുന്നൂറു കവിഞ്ഞു. സമ്പര്‍ക്ക രോഗികളുടെ എണ്ണം കൂടുന്നതോടൊപ്പം പലരുടെയും രോഗ ഉറവിടം കണ്ടെത്താനുമായിട്ടില്ല. ഒരാളില്‍ നിന്നും അനേകരിലേക്ക് പകരുന്ന സൂപ്പര്‍ സ്‌പ്രെഡ് ഉണ്ടായിക്കഴിഞ്ഞു. ഇനി കമ്മ്യൂണിറ്റി സ്‌പ്രെഡ് മാത്രമേ ബാക്കിയുള്ളൂ. അതുണ്ടായോ ഇല്ലയോ എന്ന് വിദഗ്ദ്ധര്‍ വാഗ്വാദം നടത്തുന്നു. അതിന്റെ ആവശ്യമുണ്ടെന്ന് തോന്നുന്നില്ല. നാട്ടുകാര്‍ ഇപ്പോള്‍ കാണിക്കുന്നത് പോലുള്ള ഉത്സാഹവും സഹകരണവും തുടര്‍ന്നാല്‍ മറ്റു രാജ്യങ്ങളില്‍ ആടിത്തിമിര്‍ത്ത കൊറോണയുടെ എല്ലാ അവതാരങ്ങളും കേരളത്തിലും ആടും.

ഇറ്റലിയിലും അമേരിക്കയിലും കാഴ്ചകള്‍ വേറെയും ബാക്കിയുണ്ട്. ആശുപത്രിയില്‍ കിടക്കകള്‍ ഇല്ലതാവുക, ആര്‍ക്കാണ് വെന്റിലേറ്റര്‍ കൊടുക്കേണ്ടതെന്ന് ഡോക്ടര്‍മാര്‍ക്ക് ചിന്തിക്കേണ്ടി വരിക, ജീവനും മരണവും മുന്‍നിര്‍ത്തിയുള്ള തീരുമാനങ്ങള്‍ എടുക്കേണ്ടി വരുന്ന ഡോക്ടര്‍മാര്‍ക്ക് മാനസിക സംഘര്‍ഷമുണ്ടാകുക, അനവധി രോഗികള്‍ ഉണ്ടാകുന്‌പോള്‍ ആശുപത്രികള്‍ തന്നെ രോഗം പടരുന്ന കേന്ദ്രങ്ങളാകുക, ഉയര്‍ന്ന വൈറസ് ലോഡ് ഉണ്ടാകുമ്പോള്‍ ആരോഗ്യപ്രവര്‍ത്തകര്‍ രോഗബാധിതരാവുക, മരിക്കുക, ശ്മശാനങ്ങളില്‍ സ്ഥലമില്ലാതാവുക, ആളുകളെ ഒരുമിച്ച് കുഴിച്ചിടേണ്ടി വരിക, ഇതൊക്കെ നാം മറ്റിടങ്ങളില്‍ കണ്ടതാണ്. ഇതില്‍ കുറച്ചൊക്കെ ഇവിടെയും ഉണ്ടാകാതിരിക്കാന്‍ നമുക്ക് പ്രത്യേക കവച കുണ്ഡലങ്ങള്‍ ഒന്നുമില്ലല്ലോ.

ഇതൊഴിവാക്കാന്‍ സാധിക്കില്ലേ?

സര്‍ക്കാരും ജനങ്ങളും ആരോഗ്യപ്രവര്‍ത്തകരും രോഗികളും പോലീസും കച്ചവടക്കാരും വിദ്യാര്‍ത്ഥികളും അധ്യാപകരും ഒരേ ലക്ഷ്യത്തോടെ ഒത്തൊരുമയോടെ പ്രവര്‍ത്തിച്ചാല്‍ സാധിക്കാത്തതായി ഒന്നുമില്ല. നമുക്ക് ശേഷം കൊറോണ വന്ന സ്ഥലങ്ങളില്‍ പോലും, നമ്മളെക്കാള്‍ കൂടുതല്‍ രൂക്ഷമായിരുന്ന പ്രദേശങ്ങളില്‍ പോലും, കാര്യങ്ങള്‍ നിയന്ത്രണത്തില്‍ ആയിട്ടുണ്ട്. അപ്പോള്‍ നമ്മള്‍ ഒരുമിച്ച് ശ്രമിച്ചാല്‍ നടക്കാവുന്നതേ ഉള്ളൂ.

പക്ഷെ എന്തുവന്നാലും നമ്മള്‍ ഒരുമിച്ചു ശ്രമിക്കില്ല!, അതൊരു ശീലമായിപ്പോയി.

കൊറോണയില്‍ രാഷ്ട്രീയം പാടില്ല എന്നൊക്കെ പറയാം എങ്കിലും 'രാഷ്ട്രീയത്തില്‍ നിന്നും രാഷ്ട്രീയം എടുത്തു മാറ്റാന്‍ പറ്റില്ല' (you cannot take politics out of politics) എന്ന് പ്രശസ്തമായ ഒരു ചൊല്ലുണ്ട്. കൊറോണയായാലും ദുരന്തമായാലും അതിനെ നേതൃത്വം എങ്ങനെ കൈകാര്യം ചെയ്യുന്നു എന്നത് വരുംകാല തിരഞ്ഞെടുപ്പ് സാധ്യതകളെ ബാധിക്കുമെന്നതിനാല്‍ ഇതില്‍ നിന്നും രാഷ്ട്രീയം മാറ്റിവെക്കുക സാധ്യമല്ല. ഇതൊരു പ്രത്യേക പാര്‍ട്ടിയുടെ മാത്രം കാര്യമല്ല, തിരഞ്ഞെടുപ്പുകള്‍ ഉള്ള രാഷ്ട്രീയത്തിന്റെ രീതിയാണ്.

വ്യക്തിപരമായി ചെയ്യേണ്ട കാര്യങ്ങള്‍ ഇന്നലെ പറഞ്ഞു. ഇന്ന് വേറൊരു കാര്യം പറയാം. നമ്മള്‍ ഇനിയൊരു റോളര്‍ കോസ്റ്ററില്‍ കയറാന്‍ പോവുകയാണെന്ന് ചിന്തിക്കുക. വേഗത്തിലായിരിക്കും കാര്യങ്ങള്‍ നീങ്ങുന്നത്, അല്പം പേടിയൊക്കെ തോന്നും, ചിലര്‍ ഡ്രസ്സില്‍ മൂത്രമൊഴിച്ചു പോയ ചരിത്രം പോലുമുണ്ട്. മുറുക്കി പിടിച്ച് ഇരുന്നോളണം!

ഭാഗ്യവശാല്‍ കാര്യങ്ങള്‍ കൈവിട്ടുപോകും എന്ന് മനസ്സിലാകുന്നതോടെ ആളുകള്‍ക്ക് കാര്യങ്ങള്‍ പറയാതെ തന്നെ മനസ്സിലാകും (കണ്ടാല്‍ അറിയാത്ത പിള്ള കൊണ്ടാല്‍ അറിയും എന്നല്ലേ !), പ്രാദേശികമായി കൂടുതല്‍ നിയന്ത്രണങ്ങള്‍ വരും, അതിലും കൂടുതല്‍ വേണമെന്ന് ജനങ്ങള്‍ ആവശ്യപ്പെടാന്‍ തുടങ്ങും, നിയന്ത്രണങ്ങള്‍ സ്വയം പാലിക്കും, മറ്റുളളവരെക്കൊണ്ട് പാലിപ്പിക്കും. രോഗം വീണ്ടും നിയന്ത്രണത്തിലാകും. അല്പം പേടിച്ചിട്ടാണെങ്കിലും മിക്കവാറും പേര്‍ റോളര്‍ കോസ്റ്ററില്‍ നിന്നും ജീവനോടെ ഇറങ്ങി വരും.

അപ്പോഴേക്കും പഞ്ചായത്ത് തിരഞ്ഞെടുപ്പാകും, അത് കഴിഞ്ഞാല്‍ അമേരിക്കയിലെ പ്രസിഡന്റ് തിരഞ്ഞെടുപ്പ്, അത് കഴിഞ്ഞാല്‍ 2021.

എല്ലാവര്‍ക്കും അവര്‍ അര്‍ഹിക്കുന്ന അത്രയും വൈറസിനെ കിട്ടും എന്നല്ലേ പുതിയ ചൊല്ല്!

സുരക്ഷിതരായിരിക്കുക

murali thummarukudi all news latets news face book post
Advertisment