Advertisment

കരുനാഗപള്ളിയില്‍ ഗർഭസ്ഥ ശിശുവും മാതാവും മരണപെട്ട സംഭവം പ്രവാസിയായ ഭര്‍ത്താവ് ആശുപത്രിക്കെതിരെ നിയമനടപടിക്ക്..

author-image
admin
New Update

റിയാദ് : ഗർഭസ്ഥ ശിശുവിന് പിന്നാലെ ഭാര്യയും മരണത്തിന് കീഴടങ്ങിയതോടെ പ്രവാസി യുവാവ് ആശുപത്രിയുടെ അനാസ്ഥ ആരോപിച്ച് നിയമ നടപടികൾക്ക് ഒരുങ്ങുന്നു. സൗദിയിലെ ദമ്മാമിൽ ജോലി ചെയ്യുന്ന കൊല്ലം വടക്കൻ മൈനാഗപ്പള്ളി അനൂർകാവിൽ സുധീർ ആണ് ആ ഹതഭാഗ്യൻ.

Advertisment

publive-image

സുധീറിന്റെ ഭാര്യയും തൊടിയൂർ മുഴങ്ങോടി പേരോലിൽ നിസാറിന്റെ മകളുമായ നജ്മ ഇന്ന് പുലർച്ചെ മൂന്ന് മണിക്ക് തിരുവനന്തപുരം എസ്സ് എ ടി ആശുപത്രിയിൽ മരണപെട്ടു. പ്രസവത്തോട് അനുബന്ധിച്ച് കഴിഞ്ഞ ആഴ്ച കരുനാഗപ്പള്ളി വലിയത്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മതിയായ ചികിത്സ നൽകാതെ പിറ്റേ ദിവസം എസ്സ് എ ടി ആശുപത്രിയിലേക്ക് കൊണ്ട് പോകാൻ നിർദ്ദേശിക്കുകയായിരുന്നു എന്നാണ് പറയപ്പെടുന്നത്

തലേദിവസം വൈകുന്നേരം അഡ്മിറ്റായെങ്കിലും പിറ്റേന്ന് രാവിലെ ആറു മണി വരെ രോഗിയുടെ മാതാവ് പല തവണ അഭ്യർത്ഥിച്ചെങ്കിലും കൃത്യമായ ചികിത്സ നൽകുന്നതിൽ ആശുപത്രി ജീവനക്കാർ കുറ്റകരമായ അനാസ്ഥ വരുത്തിയെന്ന് ബന്ധുക്കൾ ആരോപിക്കുന്നു.

തിരുവനന്തപുരത്തേക്ക് കൊണ്ട് പോകാൻ ആംബുലൻസ് സൗകര്യം ഏർപ്പെടുത്തി കഴിഞ്ഞിട്ടും ചികിത്സാ ചെലവായ പതിനയ്യായിരത്തോളം രൂപ വീട്ടിൽ നിന്നും വരുത്തി കെട്ടിവെപ്പിച്ചതിന് ശേഷം മാത്രമേ രോഗിയെ വിട്ടുള്ളുവെന്ന് പറഞ്ഞ് വാശിപിടിക്കുകയായിരുന്നുവെന്ന് ബന്ധുക്കള്‍ പറയുന്നു.

എസ്സ് എ ടി ആശുപത്രിയിൽ എത്തിക്കുമ്പോഴേക്കും കുഞ്ഞ് മരണപ്പെടുകയും അമ്മയുടെ സ്ഥിതി അതീവ ഗുരുതര അവസ്ഥയിൽ ആവുകയും ചെയ്തിരുന്നു. ആന്തരിക അവയവങ്ങളുടെ പ്രവർത്തനം പൂർണ്ണമായും നിലച്ചതിനെ തുടർന്ന് വെന്റിലേറ്ററിൽ നിന്നും മാറ്റിയതോടെയാണ് നജ്മയുടെ മരണം സ്ഥിരീകരിച്ചത്.

ഏഴു വർഷത്തിന്റെ ദാമ്പത്യത്തിനും നീണ്ട ചികിത്സക്കും ശേഷം ഉണ്ടായ കുഞ്ഞായതിനാൽ സുധീറും നജ്മയും ഏറെ പ്രതീക്ഷയിലും കരുതലിലും ആയിരുന്നു. നജ്മ അത് കൊണ്ട് തന്നെ കുഞ്ഞിനെ കരുതി മൊബൈൽ ഫോൺ പോലും ഉപേക്ഷിച്ചിരുന്നു. നാടിനെ നടുക്കിയ ഈ ദുരന്തത്തിന് ഉത്തരവാദികളായവർക്കെതിരെ നാട്ടിലും പ്രതിഷേധം അലയടിക്കുകയാണ്.

Advertisment