ഛത്തീസ്‌ഗഡിൽ ഇതാദ്യമായി യൂണിവേഴ്‌സൽ പിഡിഎസ് (Public Distribution System) സ്‌കീം നടപ്പാക്കാൻ സർക്കാർ തീരുമാനം

പ്രകാശ് നായര്‍ മേലില
Saturday, February 9, 2019

കിലോയ്ക്ക് ഒരു രൂപ നിരക്കിൽ സംസ്ഥാനത്തെ എല്ലാ കാർഡുടമകൾക്കും പ്രതിമാസം 35 കിലോ നല്ല നിലവാരമുള്ള അരിവീതം നൽകപ്പെടും. ഇന്ത്യയിൽ ഇതാദ്യമായാണ് ഇത്തരമൊരു സ്‌കീം നടപ്പാക്കപ്പെടുന്നത്.

ഛത്തീസ്‌ ഗഡ്‌ നിയമസഭയിൽ ബഡ്‌ജറ്റ്‌ അവതരിപ്പിച്ചുകൊണ്ട് മുഖ്യമന്ത്രി ഭൂപേഷ് ബഘേൽ ആണ് ഈ പ്രഖ്യാപനം നടത്തിയത്. സംസ്ഥാനത്ത് APL , BPL വ്യത്യാസമില്ലാതെ റേഷൻ കാർഡുള്ള എല്ലാ വ്യക്തികൾക്കും മാസം തോറും 35 കിലോ അരി ഒരു രൂപ കിലോയ്ക്ക് എന്ന നിരക്കിൽ ലഭ്യമാക്കുന്ന സ്കീമാണ് യൂണിവേഴ്‌സൽ PDS സ്‌കീം.

തങ്ങൾ അധികാരത്തിൽ വന്നാൽ ഈ സ്‌കീം സംസ്ഥാനത്ത് നടപ്പാക്കുമെന്ന് കോൺഗ്രസ്സ് തങ്ങളുടെ പ്രകടനപത്രികയിൽ പ്രഖ്യാപിച്ചിരുന്നതാണ് .

ഇപ്പോൾ ഇതിനായി മുഖ്യമന്ത്രിയുടെ ഭക്ഷ്യസുരക്ഷാ പദ്ധതിയിലേക്ക് ബജറ്റിൽ 4000 കോടി രൂപ നീക്കിവയ്ക്കുകയും ചെയ്തു. ഇതുമൂലം മാർക്കറ്റിൽ അരിവില ഗണ്യമായി കുറയുമെന്നാണ് കണക്കുകൂട്ടൽ.

ഛത്തീസ്‌ ഗഡ്‌ ധാൻ കാ കട്ടോറ അഥവാ നെല്ലറ എന്നാണ് അറിയപ്പെടുന്നത്.നെല്ലും പച്ചക്കറികളുമാണ് അവിടെ പ്രധാന കാർഷികവിളകൾ. ഗോതമ്പും കൃഷിചെയ്യുന്നുണ്ട്.

ആകെ ജനസംഖ്യയുടെ ( 2 കോടി 56 ലക്ഷം ) മുക്കാൽ ഭാഗത്തോളം ആദിവാസി പിന്നോക്കവിഭാഗങ്ങളുള്ള ഛത്തീസ്‌ ഗഢിൽ ഇത്തരമൊരു തീരുമാനം നടപ്പാക്കുമ്പോൾ ഇടനിലക്കാരുടെ ചൂഷണമില്ലാതെ നടപ്പാക്കിയാൽ സംസ്ഥാന ത്തെ പട്ടിണിയും ദാരിദ്ര്യവും ഇല്ലായ്മചെയ്യാൻ ഇതുപകരിക്കുമെന്നതിൽ തർക്കമില്ല.

സംസ്ഥാനത്തെ ആദിവാസി പിന്നോക്കവിഭാഗങ്ങൾ പകുതിയോളം ഇപ്പോഴും ദാരിദ്ര്യരേഖയ്ക്ക് താഴെയാണ് കഴിയുന്നത് . പൊതുവിതരണ റേഷനിംഗ് സമ്പ്രദായം ഫലപ്രദമായി അവിടെ ഇനിയും നടപ്പാക്കിയിട്ടില്ല. അതിലെ പോരായ്മകൾ പരിഹരിക്കുമെന്ന് മുഖ്യമന്ത്രി സഭയ്ക്കുറപ്പുനല്കിയിട്ടുണ്ട്.

×