Advertisment

യുപി - ബീഹാര്‍ ബെല്‍റ്റിലെ തിരിച്ചടി തീരദേശ സംസ്ഥാനങ്ങളിലൂടെ നികത്തുക, കിഴക്കന്‍ തീരത്ത് കോണ്‍ഗ്രസ് സീറ്റുകള്‍ കുറയ്ക്കുക - ബിജെപിയുടെ രാഷ്ട്രീയ ചാണക്യന്‍ അമിത്ഷായുടെ തന്ത്രങ്ങള്‍ കണ്ടറിഞ്ഞു തന്നെ രാഹുലിന്‍റെ പുതിയ നീക്കം ! വയനാട്ടിലെ സ്ഥാനാര്‍ഥിത്വം അമിത്ഷായുടെ തന്ത്രങ്ങള്‍ക്കുള്ള രാഹുലിന്‍റെ മറുമരുന്ന് ! ദേശീയ രാഷ്ട്രീയത്തില്‍ ഇന്ന് സംഭവിച്ചത് ?

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

ഡല്‍ഹി : ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കെ 2014 ല്‍ നേടിയ ചരിത്ര വിജയം ആവര്‍ത്തിക്കാനുള്ള തന്ത്രങ്ങളിലാണ് ബിജെപിയുടെ രാഷ്ട്രീയ ചാണക്യന്‍ അമിത്ഷാ. നരേന്ദ്ര മോദിയുടെ തുടര്‍ഭരണം ഉണ്ടാകുമെന്ന് അദ്ധേഹം ഉറപ്പിച്ചു പറയുമ്പോള്‍ അതിനായുള്ള കളമൊരുക്കുന്നത് രാജ്യത്തെ തീരദേശ സംസ്ഥാനങ്ങളിലാണ്.

Advertisment

publive-image

യുപി-ബീഹാര്‍ ബെല്‍റ്റില്‍ തിരിച്ചടി ഭയക്കുന്നു

2014 ലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ വലിയ വിജയം നേടാനായി ബിജെപിയെ സഹായിച്ച ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ വലിയ ഭരണ വിരുദ്ധ വികാരമാണുള്ളത്. ഈ അലയൊലിയില്‍ അവിടെനിന്നും കുറവുവരുന്ന സീറ്റുകളുടെ എണ്ണം പരിഹരിക്കാനാണ് ബിജെപിക്ക് ഇതുവരെ വഴങ്ങാത്ത തീരദേശ സംസ്ഥാനങ്ങളെ ആശ്രയിക്കുന്നത്.

കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഉത്തര്‍പ്രദേശ് - ബീഹാര്‍ സംസ്ഥാനങ്ങളാണ് ബിജെപിക്ക് കേവല ഭൂരിപക്ഷത്തിനായുള്ള അടിത്തറ ഒരുക്കിയത്. ഈ സംസ്ഥാനങ്ങളില്‍നിന്നു മാത്രമായാണ് ബിജെപിക്ക് ആകെ ലഭിച്ച സീറ്റുകളുടെ പകുതിയോളം ലഭിച്ചത്.

എന്നാല്‍ ഇത്തവണ അത്രയും സീറ്റുകള്‍ നിലനിര്‍ത്തുക അസാധ്യമാണെന്ന് പാര്‍ട്ടി നേതൃത്വത്തിന് ബോധ്യമുണ്ട്. അതുകൊണ്ടാണ് ഭരണ തുടര്‍ച്ചയ്ക്കായുള്ള പുതിയ തന്ത്രങ്ങള്‍ മെനയുന്നത്.

publive-image

ലക്ഷ്യം കേരളം ഉള്‍പ്പെടെയുള്ള തീരദേശം

ബിജെപി രൂപീകൃതമായ അന്നുമുതല്‍ 2014 ലെ മോദി തരംഗത്തില്‍ വരെ ബിജെപിക്ക് തീരദേശ സംസ്ഥാനങ്ങളില്‍ കാര്യമായ നേട്ടങ്ങള്‍ കൊയ്യാനായിട്ടില്ല. പ്രത്യേകിച്ച് രാജ്യത്തിന്റെ കിഴക്കന്‍ തീരത്ത്. 2014ലെ കടുത്ത മോദി തരംഗത്തില്‍ പോലും പ്രാദേശിക പാര്‍ട്ടികള്‍ 40 ശതമാനത്തോളം സീറ്റുകളാണ് കൈയടക്കിയത്.

എന്നാല്‍ തീരദേശ സംസ്ഥാനങ്ങളില്‍ അവര്‍ 63 ശതമാനത്തോളം സീറ്റുകള്‍ നേടി ദേശീയ പാര്‍ട്ടികളെ പിന്നിലാക്കി. ഇവിടെ കോണ്‍ഗ്രസും ബിജെപിയും അടക്കമുള്ള ദേശീയ പാര്‍ട്ടികള്‍ കേവലം 37 ശതമാനം സീറ്റുകൊണ്ടു തൃപ്തിപ്പെടേണ്ടിവന്നു.

രാജ്യത്തെ തീരദേശ മേഖലയില്‍ 84 ഓളം സീറ്റുകളാണ് ഉള്ളത്. 2014 ല്‍ ഇതില്‍  47 എണ്ണം പ്രദേശിക പാര്‍ട്ടികളാണ് നേടിയത്. രാജ്യത്തിന്റെ പടിഞ്ഞാറന്‍ തീരമായ കര്‍ണാടകം, ഗോവ, മഹാരാഷ്ട്ര, ഗുജറാത്ത് സംസ്ഥാനങ്ങളില്‍നിന്നായി 28 ശതമാനം സീറ്റുകള്‍ മാത്രമാണ് മോദി തരംഗത്തിലും ബിജെപി സ്വന്തമാക്കിയത്.

കിഴക്കന്‍ തീരമായ പശ്ചിമ ബംഗാള്‍, ഒറീസ, ആന്ധ്രപ്രദേശ്, തമിഴ്‌നാട് എന്നിവിടങ്ങളില്‍ ബിജെപിക്ക് എംപിമാര്‍ ഇല്ലെന്ന് തന്നെ പറയാം. 1999 ലും 1998 ലും ബിജെപി അധികാരത്തില്‍ വന്നപ്പോഴും ഇതെ കുറവുതന്നെ പ്രകടമാണ്. ഈ സാധ്യതയിലേക്കാണ് അമിത്ഷായുടെ കണ്ണുകള്‍ എത്തിയിരിക്കുന്നത്.

publive-image

കോണ്‍ഗ്രസ് സീറ്റ് കുറക്കുക

2009ല്‍ രണ്ടാം യുപിഎ സര്‍ക്കാര്‍ നിലവില്‍ വന്നപ്പോള്‍ കോണ്‍ഗ്രസിന് ഈ മേഖലയില്‍ നിര്‍ണായക സ്വാധീനം ലഭിച്ചിരുന്നു. ഒഡീഷ, തമിഴ്‌നാട് , ബംഗാള്‍ , കേരളം, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് മികച്ച പ്രകടനമാണ് 2009 ല്‍ കാഴ്ച്ചവച്ചത്.

അതുകൊണ്ടുതന്നെ തീരദേശ ബെല്‍റ്റിലെ കോണ്‍ഗ്രസ് സീറ്റുകള്‍ കുറയ്ക്കുക ബിജെപിയുടെ അധികാരത്തിലേക്കുള്ള ചുവടുവയ്പ്പിലെ പ്രധാന ഘടകമാകുമെന്ന് ഉറപ്പ്.

publive-image

സഖ്യനീക്കങ്ങള്‍ നിര്‍ണായകം

തീരദേശ സംസ്ഥാനങ്ങളായ ഗുജറാത്ത്, മഹാരാഷ്ട്ര, ഗോവ, കര്‍ണാടക, കേരളം , തമിഴ്‌നാട്, ആന്ധ്ര, ഒഡീഷ, ബംഗാള്‍ എന്നിവിടങ്ങളില്‍ ഗുജറാത്തില്‍ മാത്രമാണ് ദേശീയ പാര്‍ട്ടികളായ ബിജെപിയും കോണ്‍ഗ്രസും നേര്‍ക്കുനേര്‍ ഏറ്റുമുട്ടുന്നത്.

ശേഷിക്കുന്ന സംസ്ഥാനങ്ങളിലെല്ലാം ഇരു പാര്‍ട്ടികളുടെയും കരുത്ത് സഖ്യ കക്ഷികളാണ്. തെരഞ്ഞെടുപ്പിന് മുമ്പും ശേഷവും ഉണ്ടായേക്കാവുന്ന സഖ്യങ്ങളാകും 2019 ലെ പുതിയ സര്‍ക്കാരിനെ തീരുമാനിക്കുന്നത്.

ഇതിന് വേണ്ടിയുള്ള ചരടുവലികള്‍ പ്രത്യക്ഷമായും പരോക്ഷമായും ഇതിനകം തുടങ്ങിക്കഴിഞ്ഞു. ഈ സംസ്ഥാനങ്ങളില്‍ തമിഴ്‌നാട്ടില്‍ മാത്രമാണ് കോണ്‍ഗ്രസിന് വിശ്വസിക്കാവുന്ന ഒരു സഖ്യം രൂപപ്പെട്ടുവന്നിട്ടുള്ളത്. ബിജെപിക്കാകട്ടെ ഒഡീഷയിലെ ബിജു ജനതാദള്‍ നിര്‍ണായകമാണ്.

publive-image

ആന്ധ്രയിലെ ടിഡിപിയും വൈഎസ്ആര്‍ കോണ്‍ഗ്രസും ഇരു പക്ഷവും ചേരാതെ തെരഞ്ഞെടുപ്പില്‍ തങ്ങളുടെ കരുത്ത് ഒറ്റക്ക് തെളിയിക്കാന്‍ ഉറച്ചുനില്‍ക്കുകയാണ്. തമിഴ്‌നാട്ടിലും ബംഗാളിലും ബിജെപി നേടുന്ന സീറ്റുകളുടെ എണ്ണം രാഷ്ട്രീയ നിരീക്ഷകര്‍ക്കുപോലും പ്രവചനം അസാധ്യം.

കേരളം , മഹാരാഷ്ട്ര , ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളാകും കോണ്‍ഗ്രസിന്റെ തുറുപ്പുചീട്ട്. മഹാരാഷ്ട്ര , ഗുജറാത്ത്, കര്‍ണാടകം എന്നിവിടങ്ങളില്‍ ബിജെപിയോ , കോണ്‍ഗ്രസോ ആര് മേല്‍കൈ നേടുന്നുവോ അവരായിരിക്കും പടിഞ്ഞാറന്‍ തീരദേശം നിയന്ത്രിക്കുന്നത്.

കിഴക്കന്‍ തീരദേശം കീഴടക്കാനുള്ള അമിത് ഷായുടെ തന്ത്രങ്ങള്‍ ഫലം ചെയ്താല്‍ ഒരിക്കല്‍ കൂടി ബിജെപി സര്‍ക്കാര്‍ രൂപീകരിക്കുമെന്നുറപ്പ്. ഈ നീക്കങ്ങള്‍ മുന്‍കൂട്ടി കണ്ടുകൊണ്ടുകൂടിയാകണം രാഹുല്‍ ഗാന്ധി ദക്ഷിണേന്ത്യയേ ലക്ഷ്യമാക്കി പുതിയ തന്ത്രങ്ങള്‍ മെനയുന്നത്.

  • സുജിത്ത് വല്ലൂര്‍
ele 19
Advertisment