Advertisment

ഇന്ത്യൻ ജനാധിപത്യം കൽത്തുറുങ്കിൽ അടക്കപ്പെട്ട കലികാലം: ദി പ്രസിഡണ്ട് ഹാസ് പ്രൊക്ലയിംഡ് എമർജൻസി, പരമ്പര - 4

author-image
സത്യം ഡെസ്ക്
Updated On
New Update

-സിപി കുട്ടനാടൻ

Advertisment

publive-image

പ്രിയപ്പെട്ട സത്യം ഓൺലൈൻ വായനക്കാർക്ക് നമസ്കാരം, അടിയന്തരാവസ്ഥയിലെ ഇന്ത്യൻ ജനാധിപത്യത്തിൻ്റെ അവസ്ഥയിലേക്ക് നമുക്ക് തുടർന്ന് യാത്ര ചെയ്യാം.

ദി ഗ്രെറ്റ് ഇന്ത്യൻ മദർ ഇന്ദിരാമ്മ അടിയന്തരാവസ്ഥ പ്രഖ്യാപിയ്ക്കുന്ന നടപടികളിൽ മുഴുകിയപ്പോൾ ദി ഗ്രെറ്റ് ഇന്ത്യൻ സൺ സഞ്ജയ് മോൻ ലിസ്റ്റ് തയ്യാറാക്കുകയായിരുന്നു.

അടുക്കളയിലേക്ക് വാങ്ങാനുള്ള സാധനങ്ങളുടെ ലിസ്റ്റായിരുന്നില്ല അത്. അടിയന്തരാവസ്ഥയിൽ നിശബ്‌ദമാക്കേണ്ട പ്രതിപക്ഷ നേതാക്കളുടെ പേരുവിവരങ്ങളടങ്ങിയ ലിസ്റ്റായിരുന്നു അത്. അതായത് മിസ നിയമ പ്രകാരം അറസ്റ്റ് ചെയ്യപ്പെടേണ്ട പ്രതിപക്ഷ രാഷ്ട്രീയ നേതാക്കളുടെ ലിസ്റ്റ് തയ്യാറാക്കിയത് സഞ്ജയ്‌ഗാന്ധിയും വൈതാളികരുമാണെന്ന്

ഇന്ത്യൻ പ്രധാനമന്ത്രിയെ മറികടന്ന് അവരുടെ മകൻ രാഷ്ട്രത്തിലെ ഭരണപരമായ തീരുമാനങ്ങളെടുക്കുന്ന ദുരവസ്ഥയ്ക്ക് ഇന്ത്യ സാക്ഷ്യം വഹിച്ചു.

സ്വാമി ധീരേന്ദ്ര ബ്രഹ്മചാരി, ഇന്ദിരയുടെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന ആർ.കെ. ധവാൻ, നടി ബീഗം പാരയുടെ മരുമകൾ ആയിരുന്ന റുക്‌സാന സുൽത്താന എന്ന സൗന്ദര്യ ധാമം തുടങ്ങിയ ഒരുപറ്റം കിങ്കരന്മാർക്ക് ഒപ്പമായിരുന്നു (കുളപ്പുള്ളി ട്രസ്റ്റ് പോലെ) സഞ്ജയ്‌ജിയുടെ ജീവിതം. ഇവരൊക്കെ അടിയന്തരാവസ്ഥയിൽ ഇന്ത്യൻ ജനതയെ ബുദ്ധിമുട്ടിക്കുന്നതിൽ തങ്ങളുടേതായ പങ്ക് സ്തുത്യർഹമായി നിർവഹിച്ചവരാണ്‌.

publive-image

എക്കാലത്തെയും കോൺഗ്രസ്സ് ഭരണകാലത്ത് ഉയർന്നു കേൾക്കാറുള്ള 'കിച്ചൺ കാബിനറ്റ്' എന്ന പ്രയോഗം ആരംഭിയ്ക്കുന്നത് സഞ്ജയുടെ ഈ സൂപ്പർ പ്രധാനമന്ത്രി ഭരണത്തിലാണ്. കോണ്‍ഗ്രസില്‍ ഹൈക്കമാൻ്റ് എന്നു പറഞ്ഞാല്‍ നെഹ്രു കുടുംബമാണ്. നെഹ്‌റു കുടുംബത്തിനോടുള്ള കൂറും വിധേയത്വവുമാണ് സ്ഥാനമാനങ്ങള്‍ക്കുള്ള മാനദണ്ഡം. ഈ നാണംകെട്ട അവസ്ഥ സഹിയ്ക്കാനും അംഗീകരിയ്ക്കാനും തയ്യാറുള്ള, നിലവാര ശൂന്യരായ പ്രവർത്തകർ ഉള്ളതുകൊണ്ടാണ് അന്നും ഇന്നും കോൺഗ്രസ്സ് എന്ന രാഷ്ട്രീയ പാർട്ടി അതിജീവിയ്ക്കുന്നത്

പത്രങ്ങൾക്ക്, ജനാധിപത്യത്തിൻ്റെ അഭിവൃദ്ധിക്ക്‌ ഏറ്റവും നിർണായകമായ ഘടകത്തിന്, സെൻസർഷിപ്പ് നടപ്പാക്കി കടിഞ്ഞാണിട്ടു. എഴുത്തോ നിൻ്റെ കഴുത്തോ എന്ന ചൊല്ലിനെ അന്വർത്ഥമാക്കിയതായിരുന്നു അടിയന്തിരാവസ്ഥക്കാലത്തെ ഇന്ദിരാഗാന്ധിയുടെ ഫാസിസ്റ്റ് ഭരണത്തിലെ പത്ര സ്വാതന്ത്ര്യം.

ദില്ലിയിലെ പത്രങ്ങൾക്കുള്ള വൈദ്യുതിബന്ധം വിച്ഛേദിയ്ക്കപ്പെടുകയും പത്രമാരണ സെൻസർഷിപ്പുകൾ അടിച്ചേൽപിയ്ക്കുകയും ചെയ്യപ്പെട്ടു. ഒരു രാഷ്ട്രീയ വാർത്തയും സർക്കാർ അപ്പ്രൂവൽ ഇല്ലാതെ പ്രസിദ്ധീകരിയ്ക്കപ്പെടാൻ പാടില്ല എന്നതായിരുന്നു അടിയന്തരാവസ്ഥയിലെ പത്രനയം. പുതിയ സെൻസർഷിപ്പ് ചട്ടങ്ങൾ തയ്യാറാക്കി പത്ര സ്ഥാപനങ്ങൾക്ക് നൽകപ്പെട്ടു. ഈ ചട്ടങ്ങൾ പാലിയ്ക്കുന്നുവെന്ന് ഉറപ്പു വരുത്തിയ ശേഷമാണ് പത്രങ്ങൾക്ക് പ്രവർത്തന സ്വാതന്ത്ര്യം അനുവദിച്ചത്.

അന്നത്തെ പത്രങ്ങളുടെ പരസ്യ വരുമാനത്തിൽ ഗണ്യമായ തുക നൽകിയിരുന്നത് സർക്കാർ പരസ്യങ്ങൾ മുഖേനയായിരുന്നു. പറഞ്ഞാൽ കേൾക്കാത്ത പത്രങ്ങൾക്ക് പരസ്യം നിഷേധിച്ചു ഈ വരുമാനം ഇല്ലാതാക്കാൻ കോൺഗ്രസ്സ് ഗവൺമെൻ്റ് തീരുമാനിച്ചു.

രാഷ്ട്രീയ വാർത്തകൾക്കുള്ള സെൻസർഷിപ്പിനായി സർക്കാർ ഉദ്യോഗ്സഥർക്ക് അയച്ചു കൊടുത്ത ശേഷം അപ്രൂവൽ കിട്ടുവാൻ വൈകിയാൽ പാചക കുറിപ്പുകളും മറ്റും ആ കോളത്തിൽ അച്ചടിയ്ക്കുവാൻ മാദ്ധ്യമങ്ങൾ നിർബന്ധിതരായി.

ഇത്രയുമായതോടെ പത്രങ്ങൾ കോൺഗ്രസിനെയും ഇന്ദിരാ ഫിറോസിനെയും പാടിപ്പുകഴ്ത്തുന്ന പാണമാരുടെ വേഷമെടുത്തണിഞ്ഞു. സ്വതന്ത്രവും നിയന്ത്രണങ്ങൾ ഇല്ലാത്തതുമായ മാദ്ധ്യമങ്ങൾക്കു മാത്രമേ ഭരണകൂടത്തിൻ്റെ തെറ്റുകൾ പുറത്തു കൊണ്ടുവരാൻ ആവുകയുള്ളു.

എന്നാൽ മനോരമയും മാതൃഭുമിയും അടക്കമുള്ള ദേശീയ പത്രങ്ങൾ ഭരിക്കുന്നവരെയല്ല ഭരിക്കപ്പെടുന്നവരെയാണ് മാദ്ധ്യമങ്ങൾ സേവിക്കേണ്ടത് എന്ന നില മറന്നു പ്രവർത്തിച്ചു സർക്കാർ ഗസറ്റു പോലെ ആയിത്തീർന്നു. ഇന്ദിര വരച്ച വരയിൽ നിന്നും അണുവിട വ്യതിചലിയ്ക്കാതെ കോൺഗ്രസിനൊപ്പം നിലയുറപ്പിച്ചു.

അപ്രധാനമായ ചില വിഷയങ്ങൾക്ക് പ്രാധാന്യം നല്കി പ്രസിദ്ധീകരിച്ചുകൊണ്ട് ജനാധിപത്യത്തിൻ്റെ മരണത്തെ മൂടിവയ്ക്കാൻ മലയാളത്തിലെ വലിയ സർക്കുലേഷനുള്ള ഈ പത്രങ്ങൾ മിനക്കെട്ടു.

വെട്ടുക്കിളി ശല്യം ഇന്ത്യയിൽ രൂക്ഷം എന്നിങ്ങനെയുള്ള വാർത്തകൾ പ്രധാന വാർത്തകളായി മനോരമ പത്രത്തിൻ്റെ ഫ്രണ്ട് പേജിൽ വെണ്ടയ്ക്കാ അക്ഷരത്തിൽ ഇടംപിടിച്ചു.

കെകെ ബിർള നടത്തിയിരുന്ന ഹിന്ദുസ്ഥാൻ ടൈംസ് പത്രം ഇന്ദിരയുടെ സഹസ്രനാമ സ്തോത്രങ്ങൾ ചൊല്ലി. ടൈംസ് ഓഫ് ഇന്ത്യയുടേയും നിലപാട് മറ്റൊന്നായിരുന്നില്ല. രാഷ്ട്രീയ കാർട്ടൂണുകൾ ഇല്ലാതായി. ഇല്ലസ്ട്രേറ്റഡ് വീക്കിലിയുടെ പത്രാധിപരായിരുന്ന ഖുശ്വന്ത്‌ സിങ്, അടിയന്തരാവസ്ഥ മഹത്വമാർന്നതാണെന്ന് ചെണ്ടകൊട്ടി.

എന്നാൽ ചില ഒറ്റപ്പെട്ട മാദ്ധ്യമ പ്രതിഷേധങ്ങളും നടന്നു. 1975 ജൂൺ 28ന് ഇന്ത്യൻ എക്സ്പ്രസ്സ് പത്രം ഇറങ്ങിയത് കാലിയായിരുന്ന മുഖപ്രസംഗ കോളവുമായിട്ടായിരുന്നു. ഫിനാൻഷ്യൽ എക്സ്പ്രസ്സ് പത്രത്തിൽ ടാഗോറിൻ്റെ ഗീതാഞ്ജലിയിലെ സ്വതന്ത്ര്യത്തെക്കുറിച്ചുള്ള ഭാഗം അച്ചടിച്ചു. ഹിമ്മത് എന്ന വാരികയും എഡിറ്റോറിയൽ കോളം ഒഴിച്ചിട്ട് പ്രസിദ്ധീകരണം നടത്തി. ദേശാഭിമാനി പത്രത്തിൽ അടിയന്തരാവസ്ഥയെ വിമർശിച്ചു ഫാസിസമാണിതെന്ന അഭിപ്രായവുമായിറങ്ങി. ഇതിൻ്റെയൊക്കെ പരിണിതഫലം, ഈ പത്രങ്ങളെല്ലാം നിയന്ത്രിയ്ക്കപ്പെട്ടുവെന്നതാണ്.

ഏതാനും പത്രക്കാർ ഡൽഹി പ്രസ് ക്ലബ്ബിൽ ഒത്തുകൂടി അടിയന്തരാവസ്ഥ നടപ്പാക്കിയതിനെതിരേ പ്രമേയം പാസാക്കിയെങ്കിലും ധീരനായ രാംനാഥ് ഗോയങ്കയുടെ ദ ഇന്ത്യൻ എക്സ്‌പ്രസ്, ദ സ്റ്റേറ്റ്സ് മാൻ, മെയിൻസ്ട്രീം പോലുള്ള പത്രങ്ങളല്ലാതെ മാധ്യമങ്ങൾ ഏതാണ്ടു പൂർണമായും സെൻസർഷിപ്പിന് കീഴടങ്ങി.

250ലധികം പത്രപ്രവർത്തകരെ അറസ്റ്റ് ചെയ്തു ജയിലിലിട്ടു കോൺഗ്രസ്സ് ഭരണകൂടം. ജയിലിന് ഉൾക്കൊള്ളാവുന്നതിലധികം തടവുകാരുണ്ടായപ്പോൾ അവരെയെല്ലാം തൂണുകളിൽ ചങ്ങലയ്ക്ക് ബന്ധിച്ചിട്ടു. സാമൂഹ്യ പ്രവർത്തകനും ഡോക്യൂമെൻ്ററി സംവിധായകനുമൊക്കെയായ ആനന്ദ് പട്വർദ്ധൻ 1978ൽ പ്രസിദ്ധീകരിച്ച 'സമീർ കാ ബന്ദി' എന്ന പുസ്തകത്തിൽ ഇതെല്ലാം വിവരിച്ചിട്ടുണ്ട്. സമയമുള്ളവർ അത് കണ്ടെത്തി വായിക്കുക. അതിലെ മുഴുവൻ കാര്യങ്ങളും ഇവിടെ വിവരിയ്ക്കുക അസാദ്ധ്യമാണ്.

publive-image

ഇന്ത്യൻ പാർലമെൻ്ററി ജനാധിപത്യത്തെ തകർത്ത തേർവാഴ്ചയായിരുന്നു തുടർന്നുണ്ടായത്. അടിയന്തരാവസ്ഥ പ്രഖ്യാപിയ്ക്കപ്പെട്ടപ്പോൾ അത് എൻ്റെ സന്തതിയാണ് എന്ന് പറഞ്ഞുകൊണ്ട് ഏറ്റെടുക്കാൻ പല കോൺഗ്രസ്സ് വൈതാളികരും രംഗത്തിറങ്ങിയിരുന്നു.

ഇന്ത്യയിലെ മുതിർന്ന രാഷ്ട്രീയ നേതാക്കളായ ജയപ്രകാശ് നാരായൺ, മൊറാർജി ദേശായി, എ.ബി. വാജ്പേയി, മധു ദന്താവദെ, രാമകൃഷ്ണ ഹെഗ്ഡെ, എൽ.കെ. അദ്വാനി, ചന്ദ്രശേഖർ, ചരൺ സിങ്, നാനാജി ദേശ്‌മുഖ്, ദേവ ഗൗഡ, നിതീഷ് കുമാർ, ഒട്ടേറെ ആർ.എസ്.എസ് നേതാക്കൾ തുടങ്ങിയവരെ കുറ്റമൊന്നുമില്ലാതെ അർധ രാത്രിയിൽ ഇന്ദിരയുടെ പോലീസ് അറസ്റ്റു ചെയ്തു.

കേരളത്തിലെ പ്രതിപക്ഷ നേതാക്കള്‍ പലരും അറസ്റ്റിലായി. എ.കെ.ജി, ഇ.എം.എസ്, എം.ദേവകിയമ്മ, പി.നാരായണന്‍, തിരുവല്ല വിഷ്ണു നമ്പൂതിരി, കെ.എം.ജോര്‍ജ്ജ്, ആര്‍.ബാലകൃഷ്ണപിള്ള, കെ.ശങ്കരനാരായണന്‍, അരങ്ങത്തില്‍ ശ്രീധരന്‍, സി.ബി.സി. വാര്യര്‍, തലവടി ഉമ്മന്‍, പി.പരമേശ്വരന്‍, സുശീല ഗോപാലന്‍ തുടങ്ങിയ  കോൺഗ്രസ്സ് വിരുദ്ധ നേതാക്കൾ കരുണാകരൻ്റെ പോലീസിൻ്റെ പിടിയിലായി

രാഷ്ട്രീയ സ്വയംസേവക സംഘത്തിന്‍റെ കേരളാ സംസ്ഥാന നേതാക്കളായിരുന്ന ടി.വി.അനന്തന്‍, രാധാകൃഷ്ണ ഭട്ട്, പി.പി.മുകുന്ദന്‍, വി.പി.ദാസന്‍, ഒ.രാജഗോപാല്‍, കെ.ജി.മാരാര്‍, യു ദത്താത്രേയ റാവു, ജി.മഹാദേവന്‍. എ.രാമന്‍, പി. വി.നാരായണന്‍, പി.ജയചന്ദ്രന്‍, സി.ശങ്കരന്‍ എന്നിവര്‍ ജയിലിനകത്തായി. ജൂലായ് 2ന് രാത്രി ജന്മഭൂമി പത്രാധിപര്‍ പി.വി.കെ.നെടുങ്ങാടിയും ജനസംഘം പ്രദേശ് കാര്യദര്‍ശി പി.നാരായണനും അറസ്റ്റു ചെയ്യപ്പെട്ടു.

കിരാത നിയമമായ മിസ (മെയ്ൻ്റെനൻസ് ഓഫ് ഇൻ്റെണൽ സെക്യൂരിറ്റി ആക്ട്), ഡി.ഐ.ആർ. (ഡിഫൻസ്‌ ഓഫ് ഇന്ത്യ റൂൾസ്) എന്നിവ ചുമത്തി മറ്റ് ആയിരക്കണക്കിനു മനുഷ്യരെ കോൺഗ്രസ്സ് ഭരണകൂടം കസ്റ്റഡിയിൽ വെച്ചു.

മൗലികാവകാശങ്ങൾ നിഷേധിച്ച, ജുഡീഷ്യറിയെ അടിച്ചമർത്തിയ, വിവിധ സംഘടനകളെ നിരോധിച്ച, നിർബന്ധിത വന്ധ്യംകരണം നടപ്പാക്കിയ, ആയിരക്കണക്കിന് മനുഷ്യരെ തടവിലാക്കി ക്രൂരമായി പീഡിപ്പിച്ച മുമ്പു കണ്ടിട്ടില്ലാത്ത വിധമുള്ള സംഭവ വികാസങ്ങൾ കണ്ട് ഇന്ത്യയിലെയും മറ്റു രാജ്യങ്ങളിലെയും പൗര സമൂഹം പകച്ചു നിന്നു.

പരിഷ്കൃതവും ജനാധിപത്യ വ്യവസ്ഥിതിയുള്ളതുമായ സമൂഹത്തിൻ്റെ അമൂല്യ അവകാശമായ സ്വാതന്ത്ര്യത്തെ കൊല ചെയ്തു. രാജ്യത്തെ എല്ലാ വിഭാഗങ്ങളുടെയുമിടയിൽ ഭയവും ആകുലതയും നിറഞ്ഞ അന്തരീക്ഷത്തിൽ, പ്രതിഷേധ റാലികൾ അനുവദിച്ചില്ല. കുറ്റമൊന്നുമില്ലാതെ തടവിലാക്കുമെന്നു ഭയന്ന് സർക്കാരിനെതിരേ ശബ്ദിക്കാൻ ആരും ധൈര്യപ്പെട്ടില്ല.

ഫലത്തിൽ ഇന്ദിരയുടെ കോൺഗ്രസ്സ് സർക്കാരിനെതിരെ പത്രങ്ങളിലൊന്നും ഒരു തരത്തിലുമുള്ള വിമർശന വാർത്തകളും വരാതെയായി. ഇത് പക്ഷെ അഭ്യൂഹ പ്രചാരണങ്ങൾക്ക് വഴിവച്ചു. വാമൊഴിയായി ഭരണകൂട വിരുദ്ധമായ കാര്യങ്ങൾ പ്രചരിപ്പിച്ചു ജനങ്ങൾ പ്രതിഷേധിച്ചു. ഈ ഘട്ടത്തിൽ ഇന്ദിര 'ഛുപ്പ് കർ ജായ്, റോജ്ഗാർ കർ ജായ്' (നാവടക്കൂ പണിയെടുക്കൂ) എന്നെഴുതിയ പ്രചാരണ ബോർഡുകൾ രാജ്യത്തെങ്ങും സ്ഥാപിച്ചു.

ചുരുക്കത്തിൽ പറഞ്ഞാൽ., ഇന്ത്യ സ്വാതന്ത്ര്യം നേടിയപ്പോൾ അന്നത്തെ വിദേശ നിരീക്ഷകർ കരുതിയിരുന്നതുപോലെ ഇന്ത്യൻ പട്ടാളം അട്ടിമറി നടത്തി അധികാരം നേടുവാൻ അനുവദിയ്ക്കാതെ, നെഹ്‌റു കുടുംബം ഇന്ത്യയിൽ അട്ടിമറി നടത്തി ഭരണം കൈക്കലാക്കി.

ഇന്ത്യ ഇനി ഒരിക്കലും ജനാധിപത്യത്തിലേക്ക് തിരിച്ചു പോകില്ലെന്നും കോൺഗ്രസിൻ്റെ അനന്തരാവകാശി ഇന്ത്യൻ സൈന്യം ആണെന്നും ഒബ്സർവർ എന്ന വിദേശ പത്രം എഡിറ്റോറിയൽ എഴുതി.

തുടരും....

voices
Advertisment