Advertisment

ഗാന്ധിവധത്തിൻ്റെ പിന്നാമ്പുറ സംഭവങ്ങളും പ്രതികളുടെ പശ്ചാത്തലവും; നാഥുറാം വിനായക് ഗോഡ്‌സെ കോടതിയിൽ നൽകിയ മൊഴി – മലയാള പരിഭാഷ – ഭാഗം -2

author-image
സത്യം ഡെസ്ക്
New Update

-സിപി കുട്ടനാടൻ

Advertisment

publive-image

മഹാത്മാ ഗാന്ധിയെ നിറയൊഴിച്ചു കൊന്ന നാഥുറാം ഗോഡ്‌സെയുടെ മൊഴികളിലേക്കുള്ള യാത്ര ആരംഭിയ്ക്കും മുമ്പ്, ഗാന്ധി വധം നടന്നപ്പോഴുള്ള സാഹചര്യങ്ങളിലെയ്ക്കുള്ള അവബോധം നമുക്ക് ആവശ്യമാണ്. നമുക്ക് അതിലൂടെ സഞ്ചരിയ്ക്കാം.

1948 ജനുവരി 20 വൈകീട്ട് ‌ഇന്ത്യയുടെ തലസ്ഥാനമായ ന്യൂഡല്‍ഹിയിലുള്ള ബിര്‍ളാഹൗസിൻ്റെ മതിലിനടുത്ത് ‌ഒരു സ്‌ഫോടനം നടന്നു മതിലിനു കേടുപറ്റി. ഈ സമയത്ത് ‌ഗാന്ധിജി ബിര്‍ളാഹൗസില്‍ ഉണ്ടായിരുന്നു. അവിടെ പ്രാര്‍ത്ഥനാ യോഗങ്ങള്‍ നടത്തുകയായിരുന്നു അദ്ദേഹം.

അന്ന്‌ ഡല്‍ഹിയില്‍ സംഘര്‍ഷ ഭരിതമായ ഒരു അന്തരീക്ഷമായിരുന്നു നിലനിന്നിരുന്നത്‌. ഹിന്ദുസ്ഥാനത്തെ രണ്ടായി വിഭജിച്ചത് ‌ഏതാനും മാസങ്ങള്‍ക്കു മുമ്പായിരുന്നു. ഹിന്ദുസ്ഥാൻ്റെ ഒരു ഭാഗത്തെ, മുസ്‌ലിം രഷ്‌ട്രമായ പാക്കിസ്ഥാനായി പ്രഖ്യാപിക്കുകയും ബാക്കി ഭാഗത്തിനു ഭാരതമെന്നു പേര്‍ നല്‍കുകയും ചെയ്‌തു.

അന്ന്‌ ഏറ്റവും ശക്തമായ രാഷ്‌ട്രീയ കക്ഷി ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്‌ ആയിരുന്നു. ഹിന്ദു മുസ്ലിം ഐക്യത്തിനും മതേതരത്വത്തിനും കോണ്‍ഗ്രസ്‌ വളരെ താല്‍പ്പര്യം കാട്ടി. പക്ഷെ ഈ നിലപാടിനു കടക വിരുദ്ധമായി ഒരുമുസ്ലിം രാഷ്‌ട്രത്തിനു ജന്മം നല്‍കുകയാണ്‌ കോണ്‍ഗ്രസ്‌ ചെയ്‌തത്‌. ഇത് ‌ആ രാഷ്‌ട്രീയ പാര്‍ട്ടിയുടെ നേതാക്കളുടെ ആദര്‍ശത്തിൻ്റെ തികഞ്ഞ പരാജയമായിരുന്നു.

ഹിന്ദുരാഷ്‌ട്രം എന്ന സങ്കല്‌പം അവര്‍ അംഗീകരിച്ചില്ല. മതേതരത്വത്തിനു അവര്‍ സ്വന്തമായ വ്യാഖ്യാനം നല്‍കി. ഹിന്ദുസ്ഥാന്‍ എന്ന ദേശനാമത്തിനു പകരം ഇന്ത്യ എന്ന വികലമായ പേരാണ് ‌ബ്രിട്ടീഷുകാര്‍ നല്‍കിയത്‌. ഭാരതം എന്ന പുരാതനമായ പേര്‌ അഖണ്‌ഡ ഭാരതത്തിനു യോജിച്ച പേരാണെങ്കിലും മുസ്‌ലിം പ്രീണനത്തിനു വേണ്ടി ആ പേരും കോൺഗ്രസ്സുകാർക്ക് സ്വീകാര്യമായില്ല. മതേതരത്വം എന്ന പദത്തിൻ്റെ അര്‍ത്ഥം ഫലത്തില്‍ മുസ്‌ലിം പ്രീണനം എന്നായി മാറിയിരുന്നു.

മഹാത്മാ എന്ന പേരില്‍ പ്രശസ്‌തനായ ഗാന്ധിജിക്ക്‌ രാഷ്‌ട്രീയത്തില്‍ വളരെ പ്രധാനപ്പെട്ട സ്ഥാനമാണുള്ളത്‌. വിഭജനത്തിൻ്റെ ദുരിതങ്ങള്‍ അനുഭവിച്ച ഹിന്ദുക്കളും അവരുടെ അനുഭാവികളും അദ്ദേഹത്തിനെതിരായി. ഗാന്ധിജിയ്‌ക്ക്‌ നേരെ ഉണ്ടാകാന്‍ സാധ്യതയുള്ള ആക്രമണത്തെ കരുതി ബിര്‍ളാഹൗസില്‍ പോലീസിനെ നിയോഗിച്ചു.

1948 ജനുവരി 20ന് നടന്ന സ്‌ഫോടനം ഗാന്ധിജിയെ ലക്ഷ്യമാക്കിയായിരുന്നില്ല. ഗാന്ധിജി ഇരുന്ന ഭാഗത്തു നിന്നും 150 അടി അകലെയായിരുന്നു സ്‌ഫോടനം. ഗാന്ധിജിയെ വധിക്കുവാനുള്ള ശ്രമമായി പിന്നീട് ‌പോലീസ്‌ ഈ സ്‌ഫോടനത്തെപ്പറ്റി പറയുകയുണ്ടായി.

സംഭവ സ്ഥലത്തു വച്ച്‌ തന്നെ മദന്‍ലാല്‍ പഹ്വ പിടിക്കപ്പെട്ടു. വിഭജനത്തിൻ്റെ തിക്താനുഭവങ്ങള്‍ക്ക് ഇരയായ വ്യക്തിയായിരുന്നു അദ്ദേഹം. പഹ്വയുടെ ശ്രമം പരാജയപ്പെട്ടപ്പോള്‍ അയാളുടെ സഹായികള്‍ ഓടി രക്ഷപ്പെട്ടതായി പോലീസിനു അറിയാന്‍ കഴിഞ്ഞു. അവരെ പിടികൂടാന്‍ പോലീസ് ‌ഇന്ത്യയാകെ വലവീശി. ബിര്‍ളാഹൗസില്‍ സുരക്ഷാ സംവിധാനങ്ങള്‍ കൂടുതല്‍ ശക്തമാക്കി.

പഹ്വയുടെ സഹായികളെ പിടികൂടുന്നതില്‍ പോലീസിൻ്റെ ഭാഗത്തു നിന്നും നടന്ന നീക്കങ്ങള്‍ വിജയിച്ചില്ല. 1948 ജനുവരി 30ന് വൈകീട്ട്‌ അഞ്ചു മണിയ്‌ക്ക്‌ ഗാന്ധിജി പ്രാര്‍ത്ഥനാ യോഗത്തിനു പോകുമ്പോള്‍ അദ്ദേഹത്തിനു നാഥുറാം വിനായക ഗോഡ്‌സെയുടെ വെടിയേറ്റു.`ആ' എന്നു നിലവിളിച്ചു കൊണ്ട് ‌ഗാന്ധിജി നിലത്തു വീണു (ചരിത്രത്തിൽ ചിലർ ഇതിനെ 'ഹേ റാം' എന്നാക്കിത്തീർത്തു). അദ്ദേഹം ബോധരഹിതനാവുകയും ഇരുപത്‌ മിനിട്ടുകള്‍ക്കു ശേഷം മരിക്കുകയും ചെയ്‌തു.

publive-image

വെടിവച്ച ശേഷം നാഥുറാം കൈകള്‍ ഉയര്‍ത്തി പോലീസിനെ വിളിച്ചു. അദ്ദേഹം അറസ്റ്റു ചെയ്യപ്പെട്ടു. ജനുവരി 20ലെ സ്‌ഫോടനത്തില്‍ പോലീസ് ‌അന്വേഷിച്ചിരുന്നവരില്‍ ഒരാളായിരുന്നു നാഥുറാം. ബോംബെയും ഗ്വാളിയാറും കേന്ദ്രീകരിച്ചായിരുന്നു പോലീസിൻ്റെ അന്വേഷണങ്ങള്‍.

ആത്മാറാം അഗർവാൾ ഐ.സി.എസ്‌ ജഡ്‌ജിയായി ഒരു പ്രത്യേക കോടതി ഗാന്ധിവധ വിചാരണയ്‌ക്കായി രൂപീകരിച്ചു. ഡല്‍ഹിയിലെ ചുവന്ന കോട്ടയിലായിരുന്നു കോടതി. ഇത്‌ റെഡ്‌ഫോര്‍ട്ടിലെ ചരിത്ര പ്രസിദ്ധമായ മൂന്നാമത്തെ വിചാരണയായിരുന്നു.

ഒന്നാം സ്വാതന്ത്ര്യ സമരത്തിൽ പിടിക്കപ്പെട്ടവരെ ഇവിടെയാണ് ‌ബ്രിട്ടീഷുകാർ വിചാരണ ചെയ്‌തത്‌. രണ്ടാം ലോകമഹായുദ്ധ കാലത്ത്‌ ബ്രിട്ടീഷുകാര്‍ക്കെതിരെ പോരാടിയ ഐ.എന്‍.ഐ. ഉദ്യോഗസ്ഥരെ പിന്നീട് ‌ഇവിടെ വിചാരണ ചെയ്‌തു. ഗാന്ധി വധക്കേസില്‍ പിടിക്കപ്പെട്ടവരെയും ഇവിടെ തന്നെ പാര്‍പ്പിച്ചു.

12 പേരുടെ പേരിലായിരുന്നു കുറ്റം ചുമത്തപ്പെട്ടത്‌. അതില്‍ 3 പേര്‍ ഒളിവിലായി. പ്രത്യേക കോടതി മുമ്പാകെ 1948ന്‌ ഹാജരാക്കപ്പെട്ട 9 പേര്‍ ഇവരായിരുന്നു.

1. നാഥുറാം വിനായക്‌ ഗോഡ്‌സെ (37)പൂനെ,

2. നാരായണ്‍ ദത്താത്രേയ ആപ്‌തെ (34)പൂനെ,

3. വിഷ്‌ണു രാമകൃഷ്‌ണ കാര്‍ക്കറെ(37) അഹമ്മദ്‌നഗര്‍.

4. മദന്‍ലാല്‍ .കെ. പഹ്വ (20) ബോംബെ,

5. ശങ്കര്‍ കിസ്‌തയ്യാ (20) ഷോലാപൂര്‍.

6. ഗോപാല്‍ വിനായക്‌ ഗോഡ്‌സെ (27) പൂന.

7. ദിഗംബര്‍ രാമചന്ദ്ര ബാഡ്‌ജ (40) പൂന

8.വിനായക് ‌ദാമോദര്‍ സവര്‍ക്കര്‍ (66) ബോംബെ.

9. ദത്താത്ര സദാശിവ പാച്ചൂരി (47) ഗ്വാളിയാര്‍.

ഒളിവിലായിരുന്ന 3 പേര്‍ ഗംഗാധര്‍ ദന്താവതേ, ഗംഗാധര്‍ ജാധ്വോ, സൂര്യദിയോ ശര്‍മ്മ എന്നിവരായിരുന്നു. ഏഴാം പ്രതി ദിഗംബര്‍ ബഡ്‌ജ മാപ്പു സാക്ഷിയായി. അങ്ങനെ എട്ടാം പ്രതി വി.ഡി.സവര്‍ക്കര്‍ ഏഴാം പ്രതിയായി.

publive-image

സവര്‍ക്കര്‍ നിസ്വാര്‍ത്ഥനായ ഒരു വിപ്ലവകാരിയായിരുന്നു .കൗമാര പ്രായത്തില്‍ തന്നെ സ്വാതന്ത്ര്യ സമരത്തില്‍ അദ്ദേഹം പങ്കാളിയായി. ഇന്ത്യക്കു മേല്‍ ചൂഴ്‌ന്നു നില്‍ക്കുന്ന ബ്രിട്ടീഷ്‌ നുകം അന്യായമാണെന്നും ആനുകം വലിച്ചെറിയുകയാണ് ‌ന്യായമെന്നും അദ്ദേഹം വാദിച്ചു.

1857ലെ മുന്നേറ്റത്തെ അത്‌ ശിപായി ലഹളയല്ല "ഒന്നാം സ്വാതന്ത്ര്യ സമരമാണ്‌'' എന്ന്‌ ആദ്യമായി പ്രഖ്യാപിച്ചത്‌ സവര്‍ക്കറായിരുന്നു. 1910 മുതല്‍ 1917 വരെ അദ്ദേഹം ഇരട്ട ജീവപര്യന്തം തടവിലായിരുന്നു. ഈ കാലഘട്ടത്തില്‍ കോണ്‍ഗ്രസ്‌, മുസ്ലിം പ്രീണനത്തിൻ്റെ മുര്‍ദ്ധന്യത്തിലായി.

ജനങ്ങള്‍ 'സ്വാതന്ത്ര്യ വീർ' എന്ന് അദ്ദേഹത്തെ വിളിച്ചു. ഹിന്ദുമഹാസഭയ്‌ക്കു നേതൃത്വം നല്‍കിക്കൊണ്ട് ‌ഹിന്ദുക്കളുടെ അഭിമാനം അദ്ദേഹം ഉയര്‍ത്തിപ്പിടിച്ചു. വിഭജിക്കപ്പെടാതെ രാഷ്‌ട്രം സ്വാതന്ത്ര്യം നേടണമെന്നും മുസ്ലിം പ്രീണനത്തില്‍ നിന്ന് ‌ജനങ്ങള്‍ വിട്ടു നില്‍ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

സ്വാതന്ത്ര്യ സമ്പാദനത്തിനു ആവശ്യമെങ്കില്‍ ആയുധമെടുക്കണമെന്നും അദ്ദേഹം വിശ്വസിച്ചു. നേതാജി സുഭാഷ്‌ചന്ദ്ര ബോസായിരുന്നു വീരസവര്‍ക്കറുടെ പ്രചോദന കേന്ദ്രം. സായുധ സമരത്തിലൂടെ ഇന്ത്യയ്‌ക്ക്‌ സ്വാതന്ത്ര്യം നേടാന്‍ വേണ്ട തന്ത്രങ്ങള്‍ ഇരുവരും ചേര്‍ന്ന്‌ ചര്‍ച്ച ചെയ്‌തിരുന്നു. അവരെ തമ്മില്‍ ബന്ധിപ്പിച്ചിരുന്ന കണ്ണി ജപ്പാനിലെ റാഷ്‌ ബിഹാരി ബാസുവായിരുന്നു.

മുസ്ലിം പ്രീണനത്തിനു വേണ്ടി കോണ്‍ഗ്രസ്‌ ഇന്ത്യയെ വെട്ടി മുറിക്കുമെന്ന്‌ വീരസവര്‍ക്കര്‍ നേരത്തെ പറഞ്ഞിരുന്നു വിപ്ലവകാരികളെ ആക്രമണ കാരികളായിട്ടാണ്‌ ഗാന്ധിജി വിശേഷിപ്പിച്ചത്‌. ലക്ഷ്യം പോലെ മാര്‍ഗ്ഗവും ശുദ്ധമാകണമെന്ന്‌ ഗാന്ധിജി ശഠിച്ചു.

ഗാന്ധിജിയും തിലകനും ഭഗവത്‌ഗീതയെ രണ്ടു തരത്തിലാണ്‌ വ്യാഖ്യാനിച്ചത്‌. നല്ല ലക്ഷ്യത്തിനു വേണ്ടിയുള്ള സായുധ പോരാട്ടത്തെ തിലകന്‍ ന്യായീകരിച്ചു. അരവിന്ദനെപ്പോലെ തിലകനും രാഷ്‌ട്രത്തെ തന്നെ മതമായി കണ്ടു. തിലകനും സവര്‍ക്കറും ഒരേ കാഴ്‌ചപ്പാടുള്ളവരായിരുന്നു.

ഗ്രന്ഥവരികളില്‍ മനസ്സിനെ തളച്ചിടാതെ കാലത്തിനൊത്തുയരണമെന്ന്‌ സവര്‍ക്കര്‍ വാദിച്ചു. കാലഘട്ടത്തിൻ്റെ ആവശ്യം മനസ്സിലാക്കി തള്ളേണ്ടതു തള്ളുകയും കൊള്ളേണ്ടതു കൊള്ളുവാനും അദ്ദേഹം ഉദ്‌ബോധിപ്പിച്ചു.

അവര്‍ ദേശീയതയ്‌ക്കു വേണ്ടി നിലകൊണ്ടു. അതു കൊണ്ടുതന്നെ അദ്ദേഹത്തിനു മുസ്ലിം പ്രീണനത്തെയും കോണ്‍ഗ്രസിനെയും ഗാന്ധിജിയേയും വിമര്‍ശിക്കേണ്ടി വന്നു. ഗാന്ധിവധത്തില്‍ സവര്‍ക്കറെ പ്രതിയാക്കാന്‍ ഗവണ്‍മെണ്ടിനു അനായാസം സാധിച്ചു. അദ്ദേഹം നിലകൊണ്ട ആശയങ്ങളെ കാണാതെ അദ്ദേഹത്തിൻ്റെ വീക്ഷണങ്ങളെ വളച്ചൊടിക്കുകയാണ്‌ പ്രോസിക്യൂഷന്‍ ചെയ്‌തത്‌.

കൂടുതൽ വിവരങ്ങളുമായി അടുത്ത ലക്കം തുടരാം...

Advertisment