Advertisment

ചെമ്പരത്തി വിശേഷങ്ങൾ... (ലേഖനം)

author-image
സുഭാഷ് ടി ആര്‍
Updated On
New Update

publive-image

Advertisment

മുറ്റത്ത് എന്നും വസന്തം വരാൻ ഒറ്റ ചെമ്പരത്തിച്ചെടി മതി. വളർന്ന്, പടർന്ന്, ശാഖകളിലെല്ലാം ചുവന്ന പൂ വിരിയിച്ച് നിൽക്കുന്ന ചെമ്പരത്തിച്ചെടി, ആധുനിക ചെടികൾ വീട്ടുമുറ്റത്തേയ്ക്കും പൂന്തോട്ടങ്ങളിലേയ്ക്കും അധിനിവേശിച്ചിട്ടും തെല്ലുപോലും അഹങ്കാരമില്ലാതെ എന്നും പുഷ്പിണിയായി നമ്മുടെ വീട്ടുമുറ്റത്തുണ്ടാകും.

ചിത്രശലഭങ്ങൾ ചെമ്പരത്തിയുടെ ചുറ്റും വർണ്ണങ്ങളുടെ പർണശാലതീർക്കുമ്പോൾ, അടയ്ക്കാകുരുവികളും സൂചിമുഖിപക്ഷികളും വിരുന്നിനെത്തുമ്പോൾ, തേൻകുടം അവർക്കായി ചുരത്താൻ ഒരു മടിയുമില്ല. എത്ര സന്തോഷത്തോടെയാണ് തേനീച്ചകൾക്ക് പൂമ്പൊടി ഭാണ്ഡത്തിൽ വാരിനിറച്ച് കൊടുക്കുന്നത്. എന്നാൽ കരിവണ്ടിന്റെ മൂളിപ്പാട്ടിലൊട്ട് മയങ്ങാറുമില്ല. കുഞ്ഞനുറുമ്പുകൾക്കായി ഇത്തിരി മധുരം ആരും കാണാതെ ഒളിച്ചു വയ്ക്കാനും മറക്കത്തില്ല.

ഈ കൂട്ടരുടെ ഒക്കെ പരിലാളനകളിൽ ആനന്ദനിർവൃതി അടയുന്ന ചെമ്പരത്തിച്ചെടി ഇല്ലാത്ത മുറ്റവും പറമ്പും കേരളത്തിൽ വളരെ വിരളമായിരിക്കും. എന്നും സമൃദ്ധമായ ഇലകളും പൂക്കളും നിറച്ച് നിൽക്കുന്ന ചെമ്പരത്തിച്ചെടി ഒരു വീടിന്റെ പഴക്കവും പാരമ്പര്യവും തലമുറകളുടെ കഥകളും പറയാതെ പറഞ്ഞുതരും.

ഇരുണ്ട പച്ചനിറമുള്ള, അല്ലങ്കിൽ പച്ചയും തവിട്ടും ഇടകലർന്ന ഇലകളുടെ അകമ്പടിയോടെ, നീളമുള്ള ശിഖരത്തിന്റെ തുഞ്ചത്ത്, കാറ്റിലാടിക്കളിച്ച് ചിരിച്ച് വിടർന്നു നിൽക്കുന്ന അഞ്ച് ഇതളുകളുള്ള ചുവന്ന പൂക്കളും അതിനുതാഴെയായി വിടരാൻ വെമ്പുന്ന മൊട്ടുകളുമായി നിൽക്കുന്ന ചെമ്പരത്തി ആരുടെ മനസ്സിനെയാണ് ആർദ്രമാക്കാത്തത്.!

നനവാർന്ന മണ്ണിൽ, കുഞ്ഞു പച്ചപ്പായലിന്റെ മണമുതിരുന്ന, കാട്ടുകല്ലുകൾ കയ്യാലതീർക്കുന്ന മലയാളികളുടെ വീടുകളിലേയ്ക്കുള്ള പ്രവേശനവഴിയുടെ ഇരുവശങ്ങളിലോ, വെറും മുറ്റത്തോ, പറമ്പിന്റെ അതിരുകൾ തിരിയ്ക്കാൻ നിരനിരയായി നട്ടുവളർത്തിയ നിലയിലോ, സുരക്ഷിതത്വത്തിന്റെ മതിലുകൾക്കകത്തോ, പറമ്പിന്റെ ഏതെങ്കിലും കോണിലോ ചെമ്പരത്തി പൂവിട്ട് ചിരിയ്ക്കും.

കുടിലുമുതൽ കൊട്ടാരംവരെ ഏതു സാഹചര്യത്തിലും പരിതസ്ഥിതിയിലും പരിഭവങ്ങളും പരാതികളും ഇല്ലാതെ, എവിടെയാണോ അവിടെ അന്തസ്സുകളയാതെ, കാഴ്ചക്കാരെ ആഹ്ലാദചിത്തരാക്കി, സന്തുഷ്ടയായി കഴിയുന്ന ഈ ചെമ്പരത്തിപ്പെണ്ണിനെ ഇഷ്ടപ്പെടാതിരിയ്ക്കാൻ ആർക്ക് സാധിയ്ക്കും.?

നമ്മുടെ വീടായാലും ബന്ധുമിത്രാദികളുടെ വീടായാലും ചെമ്പരത്തിപ്പെണ്ണ് കള്ളച്ചിരിയോടെ മാടിവിളിച്ച്, തഴുകി, കുശലം പറഞ്ഞേ അകത്തേയ്ക്ക് ആനയിയ്ക്കാറുള്ളൂ. മലയാളിയുടെ മനസ്സിൽ ഇത്രയും ഗൃഹാതുരത്വം ഉണർത്താൻ പോന്ന വേറെ ഏതു ചെടിയാ ഉള്ളത്.

സൗന്ദര്യവതിയാണ് ചെമ്പരത്തിപ്പൂ. ദിവസം മുഴുവനും ഉന്മേഷത്തോടെ, പ്രസരിപ്പോടെ പരിലസിയ്ക്കുമെങ്കിലും പിറ്റേന്ന്, തളർന്ന്, നിറം മങ്ങി, തന്റെ ദൗത്യം പൂർത്തിയാക്കിയ ചാരിതാർത്ഥ്യത്തോടെ കൊഴിഞ്ഞുകിടക്കുന്ന കാഴ്ച നൊമ്പരമുണ്ടാക്കും.

ചെമ്പരത്തി വിശേഷങ്ങൾ

ചെമ്പരത്തിയുടെ ഇംഗ്ലീഷ് പേര് Hibiscus എന്നാണ്. ഗ്രീക്ക് ഭാഷയിലെ Hibiskos ൽ നിന്നാണ് Hibiscus എന്ന പേര് ലഭിച്ചത്. സമശീതോഷ്ണ കാലാവസ്ഥയുള്ള രാജ്യങ്ങളിലെല്ലാം ചെമ്പരത്തി വളരുന്നുണ്ട്.

എന്നും പൂക്കളുണ്ടാകുന്ന സസ്യ കുടുംബമായ മാൽവേസിയയിലെ ജീനസ്സാണ് Hibiscus. അഞ്ഞൂറിലധികം സ്പീഷീസുകളുണ്ട് വലിയ ജീനസ്സിൽ പെടുന്ന ഈ വിഭാഗത്തിൽ എന്നാണ് സസ്യ ശാസ്ത്രലോകം പറയുന്നത്.

മലേഷ്യയുടെയും ഹെയ്റ്റിയുടെയും ദേശീയ പുഷ്പമാണ് നമ്മുടെ വീട്ടുമുറ്റത്ത് വളരുന്ന ചെമ്പരത്തി എന്നറിയുമ്പോൾ അഭിമാനമില്ലേ.!

കുറ്റിച്ചെടി വിഭാഗത്തിൽ പെടുന്ന ചെമ്പരത്തി എന്നും പുഷ്പിയ്ക്കുന്നതായതുകൊണ്ടും പ്രത്യേകിച്ച് വലിയ പരിപാലനം ആവശ്യമില്ലാത്തതുകൊണ്ടും വീടുകളും പൊതുസ്ഥലങ്ങളും അലങ്കരിയ്ക്കാൻ ചെമ്പരത്തി വച്ചുപിടിപ്പിയ്ക്കാറുണ്ട്. സാധാരണ കമ്പ് മുറിച്ചു നട്ടാണ് ചെമ്പരത്തി വളർത്തുന്നത്. ആരുടെയും ശല്യമില്ലാത്ത സ്ഥലത്ത് നിൽക്കുന്ന ചെമ്പരത്തികൾ ഏഴുമീറ്ററിലധികം ഉയരം വച്ചു കാണുന്നു.

ചെമ്പരത്തിയുടെ എത്രയോ വകഭേദങ്ങൾ നമ്മൾ കാണാറുണ്ട്. പുളിവെണ്ടയും പൂവരശും ചേഞ്ച് റോസും തുടങ്ങി ചെമ്പരത്തിയുടെ ബന്ധുബലം വളരെ വലുതാണ്. സാധാരണ കണ്ടുവരാറുള്ള ഒറ്റപ്പൂക്കൾ വിടരുന്ന ചെമ്പരത്തിയ്ക്ക് പുറമേ ഇരട്ടപ്പൂക്കളും, താഴോട്ട് തൂങ്ങി ചുവന്ന അരിപ്പപോലെ തോന്നിയ്ക്കുന്ന പൂക്കളോടുകൂടിയതുമായ ചെമ്പരത്തിയും രക്തവർണ്ണത്തിലുള്ള കട്ടച്ചെമ്പരത്തിയും സുപരിചിതമാണല്ലോ.

ചുവപ്പിനുപുറമേ വെള്ളയും മഞ്ഞയും ഓറഞ്ചും പിങ്കും നിറങ്ങൾ ചന്തം ചാർത്തുന്ന ചെമ്പരത്തിയും കാണാറുണ്ടെങ്കിലും അഞ്ചിതളുള്ള ചുവന്ന ചെമ്പരത്തിയുടെ പ്രൗഢിയും ആഢ്യത്തവും മറ്റൊന്നിനും ഇല്ലതന്നെ. മുളകിന്റെ ആകൃതിയിൽ കണ്ടുവരുന്ന മുളകുചെമ്പരത്തിയ്ക്കും കുറച്ചൊരു ആഢ്യത്തവും പ്രൗഢിയും നമ്മളറിയാതെ കൽപ്പിച്ചു നൽകിയിട്ടുണ്ട്.

ഇപ്പോൾ പല റോഡുകളുടെയും ഇരുവശങ്ങളിലുമായി പലതരത്തിലുള്ള ചെമ്പരത്തികൾ നട്ടുപിടിപ്പിച്ചു വരുന്നത് ആഹ്ലാദ കാഴ്ച തന്നെ. ക്ലബ്ബുകളും സന്നദ്ധസംഘടനകളും റസിഡന്റ്സ് അസോസിയേഷനുകളും പലസ്ഥലങ്ങളിലും ഇതിന് നേതൃത്വം നൽകി വരുന്നു.

പൂജാപുഷ്പം

ഹൈന്ദവർക്ക് ക്ഷേത്രാരാധനയിൽ ഒഴിച്ചുകൂടാനാവാത്ത പൂജാപുഷ്പമാണ് അഞ്ചിതളുള്ള ചുവന്നചെമ്പരത്തിയും ചുവന്നതും റോസ് നിറത്തിലുമുള്ള മുളക്ചെമ്പരത്തിയും. ദേവീ ക്ഷേത്രങ്ങളിൽ പുഷ്പാഞ്ജലിയ്ക്ക് ചുവന്ന ചെമ്പരത്തിപ്പുവ് വിശേഷമാണ്. മാലകെട്ടാൻ ഈ ചെമ്പരത്തിപ്പൂവും ചുവന്നതും റോസ് നിറത്തിലുമുള്ള മുളക്ചെമ്പരത്തിപ്പൂവും ഒട്ടുമിയ്ക്ക ക്ഷേത്രങ്ങളിലും ഉപയോഗിയ്ക്കുന്നുണ്ട്.

ഗണപതിയ്ക്കും ചുവന്ന ചെമ്പരത്തിപ്പൂക്കളാൽ പുഷ്പാഞ്ജലി വഴിപാട് നടത്തുന്നത് അതിവിശേഷമാണ് എന്ന് ഹൈന്ദവർ വിശ്വസിക്കുന്നു.

ഉത്സവങ്ങളോടനുബന്ധിച്ച് കുരുത്തോല പന്തലുകൾ നിർമ്മിയ്ക്കുമ്പോൾ കുരുത്തോലയുടെ അഗ്രഭാഗത്ത് മാവിലയോടൊപ്പം ചെമ്പരത്തിപ്പൂക്കൾ തൂക്കാറുണ്ട്. കുംഭകുടമഹോത്സവങ്ങളിൽ കുടം അലങ്കരിയ്ക്കാനായി ഈർക്കിലിയിൽ കോർത്ത ചെമ്പരത്തിപ്പൂക്കൾ ഉപയോഗിച്ച് വരുന്നു.

ചെമ്പരത്തിയുടെ ഔഷധഗുണങ്ങൾ

നൈട്രജൻ, ഫോസ്ഫറസ്, തയാമീൻ, കാത്സ്യം, അയൺ, ബീറ്റാ കരോട്ടിൻ, ജീവകം ബി, സി എന്നിവ അടങ്ങിയ ചെമ്പരത്തിപ്പൂവ് പണ്ടുകാലം മുതലേ ആയുർവ്വേദ ചികിത്സയിലും ഉപയോഗിച്ച് വരുന്നു. കഷായരസവും കടുവിപാകവും ശീതവീര്യവും ലഘു, രൂക്ഷ ശ്ലക്ഷണ ഗുണങ്ങളോടുകൂടിയതാണ് ചെമ്പരത്തിപ്പൂവ്.

പൂവും ഇലയും വേരും ഔഷധനിർമ്മാണത്തിന് ഉപയോഗിയ്ക്കുന്നു. കഥ, പിത്തഹരമാണ്. മുടികൊഴിച്ചിൽ, ഉഷ്ണരോഗങ്ങൾ, രക്തസമ്മർദ്ദം, ശരീരഭാരം കുറയ്ക്കാൻ എല്ലാം ചെമ്പരത്തിപ്പൂ നല്ലതാണ്. ചെമ്പരത്തിയില താളിയാക്കി മുടികൾ കറുപ്പിച്ചും കൊഴുപ്പിച്ചും സംരക്ഷിക്കാൻ മുത്തശ്ശിമാർക്ക് അറിയാമായിരുന്നു.

അമിത രക്തസ്രാവം, ശ്വാസകോശ സംബന്ധമായ രോഗങ്ങൾ,ശരീരവേദന, ജനനേന്ദ്രിയ രോഗങ്ങൾ, ജലദോഷം എന്നിവ മാറ്റാനുള്ള കഴിവ് നാടൻ ചെമ്പരത്തിയ്ക്ക് ഉണ്ട്. ആർത്തവക്രമീകരണത്തിന് ചെമ്പരത്തിയുടെ ഇലകൾ കൊണ്ടുള്ള ചായകുടിച്ചാൽ മതി എന്ന് ആയുർവ്വേദം പറയുന്നു.

ചെമ്പരത്തിപ്പൂവ് കൊണ്ടുള്ള ചായയ്ക്ക് ഹൃദയത്തിന്റെ ആരോഗ്യം നിലനിർത്താനും രോഗപ്രതിരോധശക്തി വർദ്ധിപ്പിയ്ക്കാനും കഴിവുണ്ട്. വിദഗ്ധരായ ആയുർവ്വേദ ഡോക്ടർമാരുടെ ഉപദേശം അനുസരിച്ച് ഔഷധസേവ തുടങ്ങിയാൽ ഫലപ്രാപ്തി ഉണ്ടാകും.

-സുബാഷ് ടി.ആർ

voices
Advertisment