Advertisment

പാഴ്സികള്‍ ഇന്ന് ലോകത്ത് കേവലം ഒരു ലക്ഷത്തി മുപ്പതിനായിരം പേര്‍ മാത്രം. അതില്‍ പകുതിയിലേറെ പേര്‍ ഇന്ത്യയിലാണുള്ളത്. അവരുടെ ജനസംഖ്യ അടിക്കടി കുറയുകയാണ്. "ജിയോ പാര്‍സി"...

New Update

publive-image

Advertisment

ജനസംഖ്യ വര്‍ദ്ധിപ്പിക്കാന്‍ ഭാരതസര്‍ക്കാര്‍ പാഴ്സി സമുദായത്തിനായി 10 കോടി രൂപാ ചിലവാക്കുന്നുണ്ട്. പാര്‍സികള്‍ അഥവാ പാഴ്സികള്‍ ഇന്ന് ലോകത്ത് കേവലം ഒരു ലക്ഷത്തി മുപ്പതിനായിരം പേര്‍ മാത്രം. അതില്‍ പകുതിയിലേറെ അതായത് 70000 പേര്‍ ഇന്ത്യയിലാണുള്ളത്. അവരുടെ ജനസംഖ്യ അടിക്കടി കുറയുകയാണ്.

1968 ൽ ടാറ്റ സമൂഹത്തിന്റെ പ്രമുഖതാവളമായിരുന്ന ജംഷെദ്‌പൂരിൽ 800 പാഴ്‌സി കുടുംബങ്ങൾ അധിവസി ച്ചിരുന്ന സ്ഥലത്ത് ഇന്ന് കേവലം 70 കുടുംബങ്ങൾ മാത്രം. ഏറ്റവും കൂടുതൽ പാഴ്സികൾ അധിവസിക്കുന്ന മുംബൈയിലെ കണക്കുകൾ പ്രകാരം ഒരു വർഷം അവിടെ മരിക്കുന്ന പാഴ്സികളുടെ എണ്ണം 750 അടുത്താണ്. ജനനനിരക്ക് കേവലം 150 മാത്രം. ഇതാണ് എല്ലായിടത്തും പാഴ്‌സി സമുദായത്തിന്റെ അവസ്ഥ.

publive-image

തികഞ്ഞ ശുദ്ധാത്മാക്കളായ ഈ മതവിഭാഗം ഭൂമിയിൽ നിന്നും പിൻവാങ്ങുകയാണെന്ന് പറഞ്ഞാൽ അതിൽ ഒട്ടു അതിശയോക്തിയില്ല. കേരളത്തിലെ തന്നെ പാഴ്‌സി സമുദായം ഇന്ന് കോഴിക്കോട്ട് വെറും രണ്ടു കുടുംബങ്ങൾ മാത്രം.

ഇന്ത്യയിൽ സർക്കാരുകൾ ജനസംഖ്യാനിയന്ത്രണത്തിനായി കുടുംബാസൂത്രണപദ്ധതികൾ തകൃതിയായി നടപ്പാക്കുമ്പോൾ പാഴ്സി സമുദായം കൂടുതൽ സന്താനോൽപ്പാദനം നടത്താനായി അവർക്ക് 'ജിയോ പാഴ്സി' ( ജീവിക്കുക പാഴ്‌സി ) എന്ന പേരിൽ ഒരു സാമ്പത്തിക പാക്കേജ് ഭാരത സർക്കാർ വർഷാവർഷം നടപ്പാക്കിവരുന്നുണ്ട്.

publive-image

പാഴ്സികള്‍ വളരെ സമ്പന്നരും, ദീർഘവീക്ഷണമുള്ളവരും ,ശാന്ത ശീലരുമാണ്. ഒരു വിവാദങ്ങളിലും ഇവര്‍ പെടാറില്ല. അതുകൊണ്ട് തന്നെ സമൂഹത്തില്‍ ഇവര്‍ക്ക് വലിയ മാന്യത ലഭ്യമാണ്. പാഴ്സികളില്‍ യാചകരില്ല. തൊഴിൽരഹിതരും വിരളം. ഭാരതം കൂടാതെ അമേരിക്ക,ബ്രിട്ടന്‍, കാനഡ തുടങ്ങിയ രാജ്യങ്ങളിലാണ് പാഴ്സികള്‍ ഉള്ളത്.

publive-image

ഇവര്‍ പുരാതന ഇറാന്‍ സ്വദേശികളായിരുന്നു.1300 വർഷങ്ങൾക്കുമുൻപ് അറബ് - മുസ്‌ലിം ആക്രമണ കാരികളില്‍ നിന്ന് രക്ഷപെട്ട് അവര്‍ ആയിരം വര്‍ഷം മുമ്പ് അവിടെനിന്നും പലായനം ചെയ്യുകയായിരുന്നു. ഇന്ത്യയില്‍ അവര്‍ ഗുജറാത്തിലെ നവസാരിയിലാണ് ആദ്യമെത്തിയത്‌. ഇറാനിൽ നിന്ന് എല്ലാം ഇട്ടെറിഞ്ഞു പോരുമ്പോൾ ചന്ദനമുട്ടിയിൽ എരിയുന്ന തിരിനാളവുമായാണ് അവർ വന്നത്. അതിപ്പോഴും കെടാവിളക്കായി ഗുജറാത്തിലെ നവസാരയിൽ കത്തുന്നുണ്ട്. അഗ്നിയാണ് പാഴ്സികളുടെ ദൈവം.

മൂവായിരം വര്‍ഷം മുന്പ് പേര്‍ഷ്യയില്‍ ജീവിച്ചിരുന്ന സൊറോസ്റ്റര്‍ എന്ന പ്രവാചകന്‍റെ അനുയായികളാണ് പാര്‍സികള്‍. പിൽക്കാലത്ത് പലായനം ചെയ്യാതെ അവിടെ കഴിഞ്ഞ പാഴ്സികള്‍ ഒന്നുകില്‍ കൊല്ലപ്പെട്ടു അല്ലെങ്കില്‍ കപ്പം നല്‍കി അടിമജീവിതം നയിക്കേണ്ടി വന്നു.

publive-image

ഇന്ന് ഡല്‍ഹി, ബോംബെ, പൂണെ, ബാംഗ്ലൂര്‍, ഹൈദരാബാദ് എന്നിവടങ്ങളിലെല്ലാം പാര്‍സി സമുദായക്കാര്‍ ധിവസിക്കുന്നു. ബോംബയില്‍ 55000 പേരുണ്ട്. പാര്‍സികള്‍ മരണപ്പെട്ടാല്‍ ശവശരീരം ദഹിപ്പിക്കുകയോ അടക്കം ചെയ്യുകയോ ഇല്ല. കഴുകന്മാര്‍ക്ക് ഭക്ഷണമായി നല്‍കുകയാണ് ചെയ്യുന്നത്.

"ദോക്കുമെനാഷിനി' എന്ന പേരില്‍ നടത്തുന്ന ശവദാഹ ചടങ്ങില്‍ " ടവര്‍ ഓഫ് സൈലന്‍സ്" എന്ന ഒരു വലിയ കിടങ്ങില്‍ അലങ്കരിച്ച മൃതദേഹം കൊണ്ട് വച്ചശേഷം ആളുകൾ കൈകൊട്ടി കഴുകന്മാരെ വിളിക്കുന്നു. നാലുപാടും നിന്നുവരുന്ന കഴുകന്മാര്‍ മൃതദേഹം ഏതാനും മണിക്കൂര്‍ കൊണ്ട് ഭക്ഷിച്ചു തീര്‍ക്കുന്നു. അതിനുശേഷം മിച്ചം വരുന്ന എല്ലിന്‍ കഷണങ്ങള്‍ കിടങ്ങിലെ നടുക്കുള്ള കിണറില്‍ നിക്ഷേപിക്കപ്പെടുന്നു.അതോടെ ചടങ്ങുകൾ അവസാനിക്കും.

publive-image

പാര്‍സികള്‍ ഏകദൈവത്തില്‍ വിശ്വസിക്കുന്നവരാണ്. "ആഹുരാ മാസ്ദാ' (AHURA MAZDA) എന്ന തങ്ങളുടെ ദൈവം പവിത്രമാണെന്നും അഗ്നി ആ ദൈവത്തിന്‍റെ പ്രതീകമാണെന്നും വിശ്വസിക്കുന്ന അവര്‍ അഗ്നിയെ ഈശ്വരനായി കണക്കാക്കി അതിനെ ആരാധിക്കുന്നു.. (ചിത്രം കാണുക) .ഫയര്‍ ടെമ്പിള്‍ അഥവാ ആഗിയാരി എന്നറിയപ്പെടുന്ന ഇവരുടെ ആരാധനാലയത്തില്‍ മറ്റു സമുദായക്കാര്‍ക്ക് പ്രവേശനം നിഷിദ്ധമാണ്. മുംബയിലെ ചര്‍ച്ച് ഗേറ്റിലാണ് ഫയര്‍ ടെമ്പിള്‍ സ്ഥിതി ചെയ്യുന്നത്..

പാര്‍സികള്‍ മറ്റു സമുദായങ്ങളില്‍ നിന്നുള്ളവരെ വിവാഹം കഴിച്ചാല്‍പ്പിന്നെ സ്വസമുദായത്തില്‍ അവര്‍ക്ക് സ്ഥാനമില്ല.പ്രത്യേകിച്ചും സ്ത്രീകൾ. ഈ നിയമം ഇന്നും ശക്തമായി തുടരുന്നത് പാര്‍സി ജനസംഖ്യ ലോകത്ത് കുറഞ്ഞു വരുന്നതിന്‍റെ ഒരു കാരണമാണ്.

publive-image

പാര്‍സികള്‍ സ്ത്രീകളും ,പുരുഷന്മാരും ഉയര്‍ന്ന വിദ്യാഭ്യാസം നേടുന്നവരാണ്. അതുകൊണ്ടുതന്നെ Late Marriage ആണ് ഇവരില്‍ കാണുന്ന ഒരു മുഖ്യ പ്രവണത. കൂടാതെ 30% ത്തോളം പേര്‍ വിവാഹിതരാകുന്നുമില്ല (20 % പുരുഷന്മാരും 10 % സ്ത്രീകളും).. സാമുദായിക നിബന്ധനകളില്‍ ഇന്നും കാര്‍ക്കശ്യമായ നിലപാടുക ളാണ് ഇവര്‍ക്ക്. ഇക്കാരണങ്ങള്‍ മൂലം പാര്‍സി ജനസംഖ്യ ലോകത്ത് വളരെയേറെ കുറയുകയാണ്. ഒരു പക്ഷേ ഇവരുടെ നിലനില്‍പ്പ്‌ തന്നെ അപകടത്തിലാണ്.

ഇത് മുന്നില്‍ക്കണ്ട് " ജിയോ പാര്‍സി"(ജീവിക്കുക പാര്‍സി) എന്ന പേരില്‍ ഭാരത സര്‍ക്കാര്‍ 10 കോടി രൂപാ ചെലവില്‍ കുട്ടികളുണ്ടാകാത്ത വന്ധ്യത ബാധിച്ച പാഴ്സി സമുദായത്തിലെ അമ്മമാരുടെ ചികിത്സക്കും, പാര്‍സി യുവാക്കളില്‍ വിവാഹം പ്രോത്സാഹിപ്പിക്കാനുമുള്ള ഒരു പദ്ധതിയ്ക്ക് രൂപം നല്‍കിയിട്ടുണ്ട്. വന്ധ്യതാ ചികിത്സയ്ക്ക് ഒരാള്‍ക്ക്‌ 3 ലക്ഷം രൂപ വരെ സര്‍ക്കാര്‍ ധനസഹായം നല്‍കുന്നു.പാഴ്സികളുടെ ജനസംഖ്യ വർദ്ധനവാണ് സർക്കാർ ജിയോ പാർസി പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.

publive-image

ജെആര്‍ഡി ടാറ്റ, രത്തന്‍ ടാറ്റ, നുസ്ലി വാഡിയ, ഗോദറേജ് തുടങ്ങിയ വ്യവസായികളും, ശാസ്ത്രജ്ഞന്‍ ഹോമി ഭാഭ, സ്വാതന്ത്ര്യ സമരനായകന്‍ ദാദാഭായി നവറോജി, ജനറല്‍ സാം മനേക് ഷാ ഒക്കെ പാഴ്സി സമുദായക്കാരായിരുന്നു.

മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ ഭര്‍ത്താവ് ഫിറോസ്‌ ഗാന്ധിയും, പാക്ക് രാഷ്ടപിതാവ് മുഹമ്മദാലി ജിന്നയുടെ ഭാര്യ രത്തന്‍ബായി പെട്ടിറ്റും പാഴ്സികളായിരുന്നു. ആഗസ്റ്റ്‌ 17 പാഴ്സികളുടെ നവവര്‍ഷമായ "നവരോജ്" ആഘോഷിക്കപ്പെടുന്നു.

പാര്‍സിജീവിതവുമായി ബന്ധപ്പെട്ട ചിത്രങ്ങള്‍ കാണുക. രണ്ടാമത്തെ ചിത്രം - പാർസി വിവാഹം. അവസാനചിത്രം- മത്സ്യവും പുതീന ഇലയും അരച്ച് വാഴയിലയില്‍ പുഴുങ്ങിയെടുക്കുന്ന പാഴ്സികളുടെ ഇഷ്ടഭോജ്യമായ അപ്പം.

Advertisment