Advertisment

സ്വയംസേവകത്വം 96 വയസ്സിൻ്റെ നിറവിൽ...

author-image
സത്യം ഡെസ്ക്
New Update

-സിപി കുട്ടനാടൻ

Advertisment

publive-image

നമസ്തേ പ്രിയപ്പെട്ട സത്യം ഓൺലൈൻ വായനക്കാരെ, 2021ലെ വിജയദശമി കടന്നുപോകുമ്പോൾ ഇന്ത്യയിലെമ്പാടുമുള്ള തെരുവീഥികളിൽ അച്ചടക്കമുള്ള യൂണിഫോം ഫോഴ്‌സിനെ പോലെ ദണ്ഡുകളുമേന്തി മാർച്ച് ചെയ്തു നീങ്ങുന്ന ആർഎസ്എസ് പ്രവർത്തകരെ നാമേവരും കണ്ടിരിയ്ക്കും.

നിശബ്ദമായി പ്രവർത്തിയ്ക്കുന്ന, അവകാശവാദങ്ങളോ വെല്ലുവിളികളോ മുഴക്കാത്ത, നിർണായക സന്ദർഭങ്ങളിൽ മാത്രം ശബ്ദിയ്ക്കുന്ന, അടിയന്തര ആവശ്യങ്ങൾക്ക് ഉപകരിയ്ക്കുന്ന ഒരു സംഘടനയുടെ, വർഷത്തിൽ ഒരു തവണ മാത്രം സംഭവിയ്ക്കുന്ന പ്രഘോഷമാണ് നമ്മൾ ഇന്നലെകളിൽ കണ്ടത്.

രാഷ്ട്രീയ സ്വയംസേവക് സംഘ് എന്ന ആർഎസ്എസിന് 96 വയസ്സ് തികഞ്ഞിരിയ്ക്കുന്നു. 1925ലെ ഒരു വിജയദശമി ദിവസമാണ് ഡോക്ടർജി എന്നറിയപ്പെടുന്ന ഡോ. കേശവ ബലിറാം ഹെഡ്ഗേവാർ, രാഷ്ട്രീയ സ്വയം സേവക് സംഘിൻ്റെ പ്രാഗ്രൂപം ഉണ്ടാക്കിയത്. അന്നത്തെ ആർഎസ്എസിന് ഇന്ന് കാണുന്നതുപോലെയുള്ള സംഘടനാ സംവിധാനങ്ങൾ ഒന്നുമുണ്ടായിരുന്നില്ല. എന്തിനേറെ ഇങ്ങനെയൊരു സംഘടന രൂപീകരിച്ച വിവരം പത്രങ്ങളിൽ പോലും വന്നില്ല.

മഹാരാഷ്ട്രയിലെ നാഗ്പൂരിലെ മോഹിതവാഡ എന്ന സ്ഥലത്തെ രേശംഭാഗ്‌ ഗ്രാമത്തിലായിരുന്നു ആർഎസ്എസിൻ്റെ ജനനം. സ്വാതന്ത്ര്യസമര കാലഘട്ടത്തിൽ ജനിച്ച ഒരു പ്രസ്ഥാനം എന്ന നിലയിൽ നിരവധി സന്ദിഗ്ദ്ധ ഘട്ടങ്ങളെ വിജയകരമായും ധീരമായും നേരിട്ടാണ് ഈ സംഘടന ഇതുവരെ എത്തിച്ചേർന്നത്.

കാലങ്ങൾ കഴിയുന്തോറും പലവിധമായ പരിവർത്തനങ്ങളും സംഘടനാ സംവിധാനത്തിൽ കൊണ്ടുവന്ന് കാലോചിതമായ രീതിയിൽ ആർഎസ്എസിനെ പരിഷ്‍കരിയ്ക്കുവാൻ പരിണിത പ്രജ്ഞരായ സംഘടനാ നേതൃത്വം എന്നും ജാഗരൂകരായിരുന്നു.

ഭാരതത്തിൻ്റെ ആത്മാവിനെ കുറിച്ച് വ്യക്തമായ ബോദ്ധ്യം വച്ചു പുലർത്തുന്ന സംഘടന എന്ന നിലയിൽ ഇന്ത്യയിൽ രാഷ്ട്രീയ മേധാവിത്വം നേടിയെടുക്കാനും ആർഎസ്എസിന് സാധിക്കുന്നു എന്നത് ഒരു അത്ഭുതമല്ല. എന്തും ചെയ്യാൻ സാധിയ്ക്കുന്ന ഒരുവനിലേക്ക് ശക്തി മുഴുവൻ കേന്ദ്രീകരിയ്ക്കുകയും അവൻ ധാർമിക ബോധത്തോടെ ആ ശക്തി ഉപയോഗിയ്ക്കുകയും ചെയ്യുന്നു എന്ന അവസ്ഥ ആശ്വാസകരമാണ്. അത്തരം ആശ്വാസം ഇന്ന് ആർഎസ്എസിൽ നിന്നും ഇന്ത്യൻ സമൂഹം അനുഭവിയ്ക്കുന്നുണ്ട്.

ഭരണ നേതൃത്വത്തെ തിരുത്താനും മാർഗ ദർശനം കാണിയ്ക്കാനും പാങ്ങുള്ള ഒരു സംഘടനയായതിനാൽ പരാതികളില്ലാതെ സ്വയം സമർപ്പിയ്ക്കപ്പെട്ട ഒരു കൂട്ടം പൗരബോധമുള്ള പ്രവർത്തകരെ വാർത്തെടുത്ത് നയിക്കാൻ സാധിയ്ക്കുന്നു എന്നിടത്താണ് ആർഎസ്എസിൻ്റെ വിജയം.

ഭാരത ഭൂമിയെയും ഇതിൻ്റെ മഹത്വത്തെക്കുറിച്ചും മാത്രമേ ആർഎസ്എസ് പ്രഘോഷിക്കാറുള്ളൂ. നാടിൻ്റെ മോശപ്പെട്ട പിൽക്കാലത്തെക്കുറിച്ച് സംഘടനയ്ക്കുള്ളിൽ മാത്രമേ സംസാരിയ്ക്കാറുള്ളൂ. ഇതാണ് ഇത്രയും കാലമായി ആർഎസ്എസ് അനുവർത്തിച്ചു പോരുന്ന നയ സമീപനം.

ആർഎസ്എസിൻ്റെ ജീവനാഡിയാണ് ശാഖകൾ. ശാഖകളിലൂടെ തങ്ങളുടെ സർഗാത്മക കഴിവുകളിൽ രാഷ്ട്രബോധം നിറച്ച് ദേശീയ അഭിമാനങ്ങളായി മാറിയ നിരവധി സ്വയംസേവകരെ നമുക്ക് കാണാൻ സാധിയ്ക്കും. അറിയപ്പെടാതെ നിശബ്ദമായിരിയ്ക്കുന്ന ആളുകളെയും കാണാൻ സാധിയ്ക്കും.

സംഘ ശാഖ എന്നാൽ രാഷ്രീയത്തിന് അതീതമായ രാഷ്ട്ര ബോധം ജനങ്ങളിൽ നിറയ്ക്കുന്ന ഒരു സായാഹ്ന പഠന ഇൻസ്റ്റിറ്റ്യുഷൻ ആയിട്ടാണ് എനിയ്ക്ക് അനുഭവ വേദ്യമായിട്ടുള്ളത്. ശാഖയിലെ കാര്യക്രമങ്ങൾ അത്തരം പരിശീലന കൊറിയോഗ്രാഫി തന്നെയാണ്.

വ്യക്തിയെ സംസ്കരിച്ചുകൊണ്ടു മാത്രമേ ദേശീയമായ എല്ലാ സദാചാരത്തിനും അതിലൂടെ ഉരുത്തിരിഞ്ഞിട്ടുള്ള സംസ്കാരത്തിനും നിലനിൽപ്പുള്ളൂ എന്ന വ്യക്തമായ സന്ദേശമാണ് ശാഖ നൽകുന്നത്. കണിശതയാർന്ന സ്ഥൈര്യവും നൈപുണ്യവും രാഷ്ട്ര ബോധവും ധ്യേയ നിഷ്ഠയും ഒത്തിണങ്ങിയ കാര്യകർത്താക്കളുടെ നിർമ്മിതിയും നൈരന്തര്യവും ശാഖാ പ്രവർത്തനം കൊണ്ട് ഉണ്ടായിത്തീരുന്നു.

സ്വാമി വിവേകാനന്ദൻ പറഞ്ഞ വാക്യമാണ് ആർഎസ്എസിനെ നയിക്കുന്നതെന്ന് എനിയ്ക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്. "നമുക്കു വേണ്ടത് ശക്തിയാണ്. ആ ശക്തി ഭൗതിക വീര്യമല്ല. സാമ്പത്തിക അധികാരത്തിൽ നിന്നുള്ളതുമല്ല. അത് ധാർമിക ശക്തിയാണ്. മൂല്യങ്ങളിലും തത്ത്വങ്ങളിലുമുള്ള ഉറച്ച ബോധ്യമാണ്. ആ ബോധ്യം ഉയർത്തിപ്പിടിക്കാനായി എന്തും ത്യജിക്കാനുള്ള സന്നദ്ധതയാണ്" ഇതാണ് വിവേകാനന്ദ സ്വാമികളുടെ വാക്കുകൾ. ഇതിൻ്റെ പൊരുൾ ഉൾക്കൊള്ളുന്ന പ്രവൃത്തികളാണ് സംഘം മുന്നോട്ടു വച്ചിട്ടുള്ളത്.

സ്വന്തം താൽപര്യങ്ങളാൽ നയിക്കപ്പെടുന്ന മനുഷ്യൻ എന്നതിനു പകരം, സ്വയം സമർപ്പിക്കുന്ന  മനുഷ്യൻ എന്നതാണ് സംഘ കാഴ്ചപ്പാട്. ഇത്തരം കാഴ്ചപ്പാടുകളിലൂടെ വളർന്നു വരുന്ന പ്രവർത്തകരുള്ള ഒരു സംഘടനയ്ക്ക് രാഷ്ട്രത്തിൽ അധീശത്വം ലഭിയ്ക്കുന്നതിൽ ആശ്ച്ചര്യപ്പെടണ്ടതില്ല. അങ്ങനെയുള്ള ആർഎസ്എസുകാർ പ്രധാനമന്ത്രിയോ രാഷ്ട്രപതിയോ ആകുന്നത് കണ്ട് ആശങ്കപ്പെടുന്നവർക്ക് ആർഎസ്എസിനെ അറിയില്ല എന്ന് തന്നെ കരുതേണ്ടിവരും.

നിലപാടുകൾക്ക് പരാജയം നേരിട്ടാൽ പരാജയത്തിൽ ഊന്നിക്കൊണ്ട് സിദ്ധാന്തത്തെ വിലയിരുത്തുന്നതല്ല മറിച്ചു സിദ്ധാന്തത്തിൽ ഉറച്ചു നിന്നുകൊണ്ട് പരാജയത്തെ വിലയിരുത്തുന്നതാണ് സംഘത്തിൻ്റെ ശൈലി. ഈ ശൈലി രാഷ്ട്രീയ രംഗത്തുപയോഗിച്ച ബിജെപി എന്ന രാഷ്ട്രീയ പ്രസ്ഥാനം ഇന്ത്യയുടെ പൊളിറ്റിക്കൽ ലീഡർഷിപ്പ് കയ്യാളുന്നു. ഇങ്ങനെ മറ്റു പല സാമൂഹിക രാഷ്ട്രീയ മേഖലകളിലും ആർഎസ്എസിൻ്റെ സ്വാധീനം പ്രകടമാണ്.

ഇന്ത്യയുടെ സംസ്‌ക്കാരപരമായ അപചയങ്ങളിലൊന്നായ ജാതി വ്യവസ്ഥയെ ഇല്ലാതാക്കാൻ ആത്മാർത്ഥമായ പ്രവർത്തനം നടത്തുന്ന ഒരേയൊരു പ്രസ്ഥാനം ആർഎസ്എസ് ആണെന്നതാണ് എൻ്റെ നിഗമനം. പത്രത്തിൽ ഫോട്ടോ വരാൻ വേണ്ടിയുള്ള പന്തിഭോജനമല്ല സംഘത്തിൻ്റെ ജാതിവിരുദ്ധ പോരാട്ടം. എല്ലാവരും ഉൾപ്പെടുന്ന ഒരു സമൂഹത്തെ ഒരുമിച്ചിരുത്തുകയാണ് അത് ചെയ്യുന്നത്. അവിടെ ആരും ആരുടേയും ജാതി അന്വേഷിയ്ക്കുന്നില്ല. ജാതിയെപ്പറ്റി പറയാതെ തന്നെ ജാതിയെ ഉന്മൂലനം ചെയ്യുന്ന കാര്യക്ഷമമായ ഒരു പ്രവർത്തന പദ്ധതി ആർഎസ്എസിന് മാത്രമേ ഉള്ളൂ എന്നതാണ് എൻ്റെ അനുഭവം.

കാരണം പൂർണമായ അർത്ഥത്തിൽ ജാതി ഇല്ലാതാക്കേണ്ടത് ആർഎസ്എസിൻ്റെ മാത്രം ആവശ്യമാണ്. അതായത് എല്ലാ രാഷ്ട്രീയ സന്ദർഭങ്ങളിലും ജാതിയെപ്പറ്റി ഓർമിപ്പിച്ച് വോട്ട് സമാഹരിയ്ക്കാൻ ഇടത് പക്ഷ രാഷ്ട്രീയ ധാരകൾ ശ്രമിച്ചിട്ടുണ്ട്. എന്തെന്നാൽ ജാതിപരമായ ഭിന്നിപ്പ് ഇല്ലാതെയിരുന്നാൽ അവരുടെ നിലനിൽപ്പ് തന്നെ ചോദ്യം ചെയ്യപ്പെടും.

ജാതിരഹിതമായ ഹിന്ദു സമൂഹം എത്രകണ്ട് ആർഎസ്എസിന് ഗുണം ചെയ്യുമോ അത്രകണ്ട് ഇടത് രാഷ്ട്രീയത്തിന് ദോഷം ചെയ്യുകയും ചെയ്യും. അങ്ങനെ വരുന്ന സാമൂഹിക അന്തരീക്ഷം ഒരിക്കലും ഇടതുപക്ഷത്തിനോ മുസ്ലിം ഡോമിനൻ്റ് ആഗ്രഹിക്കുന്ന രാഷ്ട്രീയ ചിന്താഗതികൾക്കോ അനുകൂലമാകില്ല.

സത്യം പറയുക, സത്യം പ്രവർത്തിക്കുക, കൂടുതൽ പ്രായമേറുമ്പോൾ കൂടുതൽ സത്യസന്ധനാവുക, ലോകം നമിയ്ക്കുന്ന സുശീലം നേടുക, വ്യക്‌തി ചാരിത്ര്യം, സാമ്പത്തിക ചാരിത്ര്യം എന്നിവ ഉണ്ടാവണം, ആത്മാർത്ഥമായ പ്രവൃത്തിയും വാക്കും, അളന്നു മുറിച്ച സംഭാഷണം, വ്യക്തതയാർന്ന വാക്കുകൾ തുടങ്ങി നിരവധിയായ പെരുമാറ്റ ചട്ടങ്ങളുടെ പരിശീലന കേന്ദ്രമാണ് ആർഎസ്എസ്.

ആർഎസ്എസിന് ചെയ്തു തീർക്കാൻ നിരവധിയായ പ്രവർത്തനങ്ങൾ ഇനിയും ബാക്കിയുണ്ട്. ആർഎസ്എസ് / ഇന്ത്യൻ ഫിലോസഫി, പലതിനെയും ഭാരതീയമായ രീതിയിൽ നിർവചിയ്ക്കേണ്ടിയിരിക്കുന്നു. നിർഭാഗ്യവശാൽ മറ്റുള്ളവരുടെ (ഇടതു സാംസ്കാരിക ദ്രോഹികളുടെ) നിർവചനങ്ങളാണ് സ്വയംസേവകരും ഏറ്റു പാടുന്നത്.

അതിനാൽ പലതിനെയും തെറ്റായും വികലമായും നിർവചിച്ചു സാമൂഹിക ബോധത്തെ അവർ അവരുടെ ദിശയിലേക്ക് നയിക്കുന്നുണ്ട്. ഇതിൻ്റെ പരിണാമം അടുത്ത തലമുറയുടെ തെറ്റായ സഞ്ചാരം മാത്രമായിരിയ്ക്കും. ഇതിനൊരു പരിഹാരം എന്നത്, തെറ്റായി ഇടതുപക്ഷം നിർവചിച്ചതിനെ ശരിയായി ആർഎസ്എസ് നിർവചിയ്ക്കുക എന്നതാണ്.

ദൗർഭാഗ്യവശാൽ സംജ്ഞകളെ / രാഷ്ട്രീയ സാംസ്കാരിക പദ പ്രയോഗങ്ങളെ ഇന്ത്യൻ ഫിലോസഫിയ്ക്ക് അനുസൃതമായ നിർവചനങ്ങൾ നൽകി ആശയ വ്യക്തത കൊണ്ടുവരുന്നതിൽ എവിടെയോ സംഘം പിന്നാക്കം പോയി എന്ന് എനിക്ക് തോന്നുന്നു. അതാണ് സമൂഹത്തിന് ഉണ്ടായ അപചയത്തിന്‌ കാരണമെന്നും എനിക്ക് അഭിപ്രായമുണ്ട്.

രാഷ്ട്രീയ സ്വയംസേവക് സംഘത്തിൻ്റെ പ്രയാണം അനുസ്യൂതം തുടരട്ടെ. ഭാരതഭൂമിയുടെ വിശ്വഗുരുസ്ഥാനം നിലനിൽക്കട്ടെ. ബലിദാനങ്ങളിൽ സംഘത്തെ പടുത്തുയർത്തിയ പ്രവർത്തകർക്കുള്ള സമ്മാനമാവട്ടെ സംഘത്തിൻ്റെ വിജയങ്ങൾ. എല്ലാ സ്വയംസേവകർക്കും അഭിനന്ദനങ്ങൾ.

പഥി ചിതറിക്കിടക്കുന്നൊരസ്ഥികൾ

പതിയിരിപ്പൂ മരണമെന്നോതവേ

പതറിടാറുണ്ട് മാനസമെങ്കിലും

വെടിയുകില്ല ഞാൻ ഈ വഴിത്താരയെ

കൈപിടിയ്ക്കില്ല മറ്റൊരു പാതയെ.

പഥേ പഥേ ജാഗ്രത

voices
Advertisment