Advertisment

ഡൽഹിയിലെ കർഷകറാലിയിൽ നടന്ന താലിബാൻ മോഡൽ അരുംകൊല !

New Update

publive-image

Advertisment

ഇക്കഴിഞ്ഞ വ്യാഴാഴ്ച വെളുപ്പിന് 3.30 ന് പഞ്ചാബിലെ തരംതാരനിൽ നിന്നുള്ള പട്ടികജാതി വിഭാഗക്കാരനായ ലഖ്‌വീർ സിംഗിനെ സിന്ധു ബോർഡറിൽ അതിദാരുണമായി കൊലപ്പെടുത്തി താലിബാൻ മോഡലിൽ അവിടെയുള്ള പോലീസ് ബാരിക്കേഡിൽ കെട്ടിത്തൂക്കി.

സിന്ധു ബോർഡറിനരികെ താൽക്കാലികാമായി നിർമ്മിച്ചിരിക്കുന്ന സിഖ് ഗുരുദ്വാരയിൽ വച്ചിരുന്ന സരബ് ലോക് ഗ്രന്ഥം (Sarabloh-Granth) അപമാനിച്ചു എന്ന കുറ്റം ചുമത്തിയാണ് ദളിതനായ ലഖ്‌വീർ സിംഗിനെ സിഖ് സമുദായത്തിലെ നിഹംഗകൾ എന്ന വിഭാഗക്കാർ പിടികൂടി ജനക്കൂട്ടത്തിനു മുന്നിൽ വച്ചു വിചാരണ നടത്തി ആദ്യം കയ്യും, പിന്നീട് കാലും വെട്ടിമാറ്റിയശേഷം നിഷ്ഠൂരമായി കൊലപ്പെടുത്തിയതും പരസ്യമായി കെട്ടിത്തൂക്കിയതും.

ലഖ്‌വീർ സിംഗ് കർഷകസമരത്തിൽ പാങ്കാളിയായിരുന്നതോടൊപ്പം ഗുരുദ്വാരയിൽ സാഹായിയായും പ്രവർത്തിച്ചിരുന്നു. തങ്ങളുടെ വിശ്വാസമാർജ്ജിച്ച ലഖ്‌വീർ വെളുപ്പിന് മൂന്നുമണിക്ക് 'സരബ് ലോക് ഗ്രന്ഥം' വച്ചിരുന്ന പവിത്ര സ്ഥലത്ത് രഹസ്യമായി അതിക്രമിച്ചു കയറി ഗ്രന്ഥത്തിന് തീയിടാൻ ശ്രമിച്ചതായി നിഹംഗാ ജെഥേദാർ ബൽവീന്ദർ സിംഗ് പറയുന്നു. അത് നടക്കാതെ വന്നപ്പോൾ ഗ്രന്ഥമെടുത്ത് പുറത്തേക്കോടൻ ശ്രമിക്കുകയും ആളുകൾ ഓടിച്ചിട്ടു പിടികൂടുകയുമായിരുന്നെന്നും അദ്ദേഹം ആരോപിക്കുന്നു.

publive-image

മർദ്ദനമേറ്റ് അവശനായ ലഖ്‌വീറിനെ 100 മീറ്ററോളം ദൂരം കർഷക സമരക്കാരുടെ അടുത്തേക്ക് വലിച്ചിഴച്ചാണ് കൊണ്ടുവന്നത്. അവിടെ വച്ച് അയാളെ ചോദ്യം ചെയ്‌തെങ്കിലും വ്യക്തമായ ഉത്തരം ഒന്നും ലഭിച്ചില്ല. ഒടുവിൽ നിഹംഗാ ജെഥേദാറുടെ നിർദ്ദേശപ്രകാരം ആദ്യം ലഖ്‌വീറിന്റെ കൈ വെട്ടിമാറ്റി. വീണ്ടും ചോദ്യം ചെയ്യൽ തുടർന്നു. അതിനുശേഷം കാൽ വെട്ടിമാറ്റി. അതും കഴിഞ്ഞാണ് കൊലപ്പെടുത്തിയതും മൃതദേഹം ബാരിക്കേഡിൽ കെട്ടിത്തൂക്കിയതും.

publive-image

തങ്ങളുടെ പവിത്ര ഗ്രന്ഥത്തെ ആരപമാനിച്ചാലും ഇതായിരിക്കും അനുഭവമെന്ന് നിഹംഗാ ജെഥേദാർ പരസ്യമായി മുന്നറിയിപ്പ് നൽകുന്നു. ഭഗവത് ഗീതപോലെ ഖുർആൻ പോലെ പവിത്രമാണ് സരബ് ലോക് ഗ്രന്ഥം എന്നദ്ദേഹം പറഞ്ഞു.

ആരാണ് നിഹംഗകൾ ? എന്താണ് സരബ് ലോക് ഗ്രന്ഥം ??

നിഹംഗകൾ സിഖ് സമുദായത്തിലെ യോദ്ധാക്കൾ എന്നാണറിയപ്പെടുന്നത്. നീലവസ്ത്രവും നീല തലപ്പാവും, അതിൽ മതചിഹ്നവും,ചന്ദ്രക്കലയും,കഴുത്തിൽ രുദ്രാക്ഷമാലയും ഒപ്പം വലിപ്പമുള്ള വാളും,കൂർത്ത വളഞ്ഞ കത്തിയും മറ്റായുധങ്ങളും ധരിക്കുന്ന ഇവർ രണ്ടു തരമുണ്ട്. വിവാഹം കഴിക്കാത്ത ബ്രഹ്മചാരികളും വിവാ ഹം കഴിച്ചവരും. ഇരുവരും വെവ്വേറെ സമൂഹമായാണ് പ്രവർത്തിക്കുന്നത്.

മുടിയും താടിയും ഇവർ മുറിക്കാറില്ല. കുതിരപ്പുറത്താണ് കൂടുതലും ഇക്കൂട്ടർ സഞ്ചരിക്കുന്നത്. പലരും മുന്തിയ ഇനം നായ്ക്കളെയും പരുന്തിനെയും വളർത്തുന്നുമുണ്ട്. ഒപ്പം യാത്രയിൽ അവയെ കൂട്ടാറുമുണ്ട്. ഇവരുടെ നീലത്തലപ്പാവിന് ഒരടി ഉയരമുണ്ടാകും. സിഖ് സമുദായത്തിൽ ഇവർ മാത്രമാണ് നീലവസ്തവും നീലത്തലപ്പാവും ധരിക്കുന്നവർ.

publive-image

നിഹംഗകൾ എന്നത് നിശങ്ക എന്ന സംസ്കൃതം വക്കിൽനിന്നും രൂപം കൊണ്ടതാണ്. ഭയമില്ലാത്തവർ എന്നാണ ർത്ഥം. സിഖ് മതത്തിന്റെ രക്ഷകരായ പോരാളികൾ എന്നാണിവർ സ്വയം അവകാശപ്പെടുന്നത്. ഖാലി സ്ഥാൻ തീവ്രവാദിയായിരുന്ന ഭിന്ദ്രൻവാലയെ ഇവർ ഇന്നും അംഗീകരിക്കുന്നുണ്ട്. സിഖ് പരമ്പരയിലെ പത്താമത്തെ ഗുരുവായിരുന്ന ഗുരു ഗോവിന്ദ് സിംഗാണ് നിഹംഗകൾ എന്ന സേനയ്ക്ക് രൂപം നൽകിയ തെന്നാണ് വിശ്വാസം.

നിഹംഗകൾ സിഖ് മതസ്ഥരുടെ പവിത്ര ഗ്രന്ഥമായ ഗുരു ഗ്രന്ഥ സാഹിബ് കൂടാതെ ശ്രീ ദശം ഗ്രന്ഥ സാഹിബ്, സരബ് ലോക് ഗ്രന്ഥം എന്നീ രണ്ടു ഗ്രന്ഥങ്ങളും അമൂല്യവും പാവനവുമായി കാണുന്നവരാണ്.സരബ് ലോക് ഗ്രന്ഥം എന്നാൽ സർവവ്യാപി ഗ്രന്ഥം എന്നാണ് നിഹംഗകൾ അർത്ഥമാക്കുന്നത്.

സിഖ് സമുദായം പൊതുവേ ഗുരുഗ്രന്ഥ സാഹിബ് (SGGS) ആണ് തങ്ങളുടെ പവിത്ര ഗ്രന്ഥമായി കണക്കാ ക്കുന്നതും ആരാധിക്കുന്നതും. എന്നാൽ നിഹംഗകൾ ഏറ്റവും ഉന്നതമായ സ്ഥാനം നൽകുന്നത് സരബ് ലോക് ഗ്രന്ഥത്തിനാണ്.ഇതാണ് വിവാദവും.

സരബ് ലോക് ഗ്രന്ഥം ഗുരു ഗോവിന്ദ് സിംഗ് എഴുതിയതാണെന്ന നിഹങ്കകളുടെ വാദം ചരിത്രകാരന്മാരും വിദ്വാന്മാരും അംഗീകരിക്കുന്നില്ല. ഹിന്ദു പുരാണകഥകളുമായി ബന്ധപ്പെട്ടുള്ള ഗ്രന്ഥമാണ് ഇതെന്നാണ് പൊതുവേ പലരും അവകാശപ്പെടുന്നത്. ഇതിൽ വിവാദം ഇപ്പോഴും നിലനിൽക്കുകയാണ്.

സരബ് ലോക് ഗ്രന്ഥം പലയിടത്തും അപമാനിക്കപ്പെട്ടിട്ടുണ്ടെന്നും ഇത് അംഗീകരിക്കനാകില്ലെന്നും ഈ വിഷയത്തിൽ ആരും രാഷ്ട്രീയം കളിക്കരുതെന്നും കുറ്റവാളികൾക്ക് ഉചിതമായ ശിക്ഷനൽകാൻ തങ്ങളുടെ പോരാളികൾക്ക് ശേഷിയുണ്ടെന്നും നിഹംഗാ ജെഥേദാർ ബൽവീന്ദർ സിംഗ് പറയുന്നു.

ലഖ്‌വീറെന്ന ദുഷ്ട പാപിയെ കൊലപ്പെടുത്തിയതിൽ തങ്ങൾക്ക് അഭിമാനമുണ്ടെന്നും നീചകൃത്യം ചെയ്യുന്നവർക്ക് ഇതാകും ശിക്ഷയെന്നും അറസ്റ്റിലായ നിഹംഗകൾ സരബ്‌ജിത്‌ സിംഗും നാരായൺ സിംഗും പോലീ സിനോടും പത്ര റിപ്പോർട്ടർമാരോടും പറഞ്ഞു. പോലീസിൽ കീഴടങ്ങും മുൻപ് ഇരുവർക്കും നിഹംഗാ സമൂഹത്തിന്റെ വകയായി വലിയ സ്വീകരണവും മാലാർപ്പണവും കഴുത്തിൽ വീരതയുടെ പ്രതീകമായ ഷാളുകളും അണിയിക്കുകയുണ്ടായി.

അതിനിടെ കർഷവേദിയിൽ നിലയുറപ്പിച്ചിരിക്കുന്ന നിഹംഗകൾ മടങ്ങിപ്പോകണമെന്നും ഇത് മതപരമായ സമരമല്ലെന്നുമുള്ള കർഷകസമരസമിതി നേതാക്കളുടെ നിർദ്ദേശം നിഹംഗകൾ പൂർണ്ണമായും തള്ളിക്കളഞ്ഞു.

സിഖുകളുടെ രക്ഷയാണ് തങ്ങളുടെ ധർമ്മമെന്നും സ്വജീവൻ ത്യജിച്ചും അവരെ സംരക്ഷിക്കുമെന്നും അതുകൊണ്ടുതന്നെ ഡൽഹി സമരവേദി വിടില്ലെന്നും നിഹംഗകൾ ഇന്ന് പ്രഖ്യാപിക്കുകയുണ്ടായി.

നിഹംഗകളെ ചോദ്യം ചെയ്യാൻ പോലീസും ഭയക്കുകയാണ്. നിരവധി അനവധി ചർച്ചകൾക്കൊടുവിലാണ് കൊലനടത്തിയ പലയാൾക്കാരിൽ നിന്നു രണ്ടുപേർ കീഴടങ്ങാൻ തന്നെ തയ്യാറായത്.

publive-image

ലഖ്‌വീറിന്റെ ഭാര്യ ജെസ്‌വിന്ദർ കൗർ

ഈ വിഷയത്തിൽ ഇപ്പോൾ ദേശീയ പട്ടികവർഗ്ഗ കമ്മീഷൻ ഇടപെടുകയും കുറ്റവാളികളെ അറസ്റ്റു ചെയ്യുന്നതോടൊപ്പം കൊല്ലപ്പെട്ട വ്യക്തിയുടെ കുടുംബത്തിൽ ഒരാൾക്ക് സർക്കാർ ജോലി ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. അതുകൂടാതെ കേസന്വേഷണം കുറ്റമറ്റതാക്കണമെന്നും ദളിത് കുടുംബത്തിന് നീതി ഉറപ്പാക്കണമെന്നും അദ്ധ്യക്ഷൻ പരംജിത് സിംഗ് കൈഥ് ഹരിയാന ഡിജിപിയോടാവശ്യപ്പെട്ടിരിക്കുകയാണ്.

നിഹംഗകൾ 2020 ഏപ്രിൽ മാസത്തിൽ പട്യാലയിലും സമാനമായ ഒരാക്രമണം നടത്തിയിരുന്നു. കോവിഡ് കാല കർഫ്യൂ ലംഘിച്ചു മുന്നോട്ടുപോകാൻ ശ്രമിച്ച അവരുടെ വാഹനം തടഞ്ഞ പോലീസുകാരന്റെ കൈ വെട്ടിയെറിയുകയും പോലീസ് സേനയെ ആക്രമിക്കുകയും ചെയ്തിരുന്നു.

voices
Advertisment