Advertisment

പ്രതികളുടെ പശ്ചാത്തലവും വിചാരണയുടെ തയ്യാറെടുപ്പും; നാഥുറാം വിനായക് ഗോഡ്‌സെ കോടതിയിൽ നൽകിയ മൊഴി – മലയാള പരിഭാഷ ഭാഗം - 3

author-image
സത്യം ഡെസ്ക്
New Update

publive-image

Advertisment

സിപി കുട്ടനാടൻ

മഹാത്മാഗാന്ധി കൊലക്കേസിൽ പോലീസ് അറസ്റ്റ് ചെയ്ത പ്രതികളുടെ പേരുവിവരങ്ങൾ കഴിഞ്ഞ ലക്കത്തിൽ നമ്മൾ മനസിലാക്കി. അതിൻ്റെ തുടർ ഭാഗങ്ങളിലേക്ക് നമുക്ക് കണ്ണോടിയ്ക്കാം.

നാഥുറാം മാത്രമല്ല, ഈ കേസിലെ മറ്റ്‌ പ്രതികളും വിഭജനത്തെ എതിര്‍ത്തവരായിരുന്നു. അവര്‍ സവര്‍ക്കറുടെ അനുയായികളും ആയിരുന്നു. ഇക്കാര്യം ഉയര്‍ത്തിപ്പിടിച്ച് ‌ഗാന്ധിവധം ആസൂത്രണം ചെയ്‌തത്‌ സവര്‍ക്കറാണെന്നു വരുത്തിത്തീര്‍ക്കാനാണ് ‌പ്രോസിക്യൂഷന്‍ ശ്രമിച്ചത്‌.

യഥാര്‍ത്ഥ ദേശസ്‌നേഹികള്‍ കല്‍ തുറുങ്കിലും, വിഭജനത്തിലൂടെ ലക്ഷ കണക്കിനു ജനങ്ങളുടെ മരണത്തിനു കാരണക്കാരായവര്‍ സിംഹാസനത്തിലുമായി. രണ്ടാം പ്രതി നാരായണ്‍ ആപ്‌തെ പ്രശസ്‌തനായ ഒരദ്ധ്യാപകനായിരുന്നു.

മൂന്നാം പ്രതി കര്‍ക്കറെ താമസിച്ചിരുന്ന അഹമ്മദ് ‌നഗറില്‍ ആയിരുന്നു ആപ്‌തെയുടെ താമസം. ഇരുവരും ഹിന്ദുക്കളെ സംഘടിപ്പിച്ചു പോന്നിരുന്നു. ആയുധ പരിശീലനത്തിനായി ആപ്‌ത ഒരു റൈഫിള്‍ ക്ലബ് ‌നടത്തിയിരുന്നു.

1944ല്‍ ആപ്‌തെയും നാഥുറാമും ചേര്‍ന്ന്‌ ഹിന്ദുരാഷ്‌ട്ര എന്ന മറാത്തി ദിനപത്രം തുടങ്ങി. അതിൻ്റെ അവസാന ലക്കം 1948 ജനുവരി31ന് ഗാന്ധിവധത്തിൻ്റെ വാര്‍ത്തയുമായി ഇറങ്ങി. ഗാന്ധിജിയെ വധിച്ചത്‌ പത്രത്തിൻ്റെ എഡിറ്ററായ നാഥുറാം ഗോഡ്‌സെയാണെന്നും പത്രം പറഞ്ഞിരുന്നു.

ഹിന്ദുമഹാസഭയില്‍ അഞ്ചു വര്‍ഷത്തോളം ആപ്‌തേയും ഗോഡ്‌സെയും ഒന്നിച്ചു പ്രവര്‍ത്തിച്ചിരുന്നു. ജനുവരി 20ലെ സ്‌ഫോടന സ്ഥലത്ത് ‌ആപ്തെ ഉണ്ടായിരുന്നു. സ്‌ഫോടനത്തിനു പിന്നിലെ ബുദ്ധികേന്ദ്രം ആപ്‌തയാണെന്നു പ്രോസിക്യൂഷന്‍ വിവരിച്ചു. ആപ്‌തെ കാഴ്‌ചയില്‍ സമുഖനായിരുന്നു. ആപ്‌തയുടെ വധശിക്ഷയ്‌ക്കു ശേഷം അദ്ദേഹത്തിൻ്റെ ഒരേയൊരു കുട്ടി 12-ാം വയസ്സില്‍ മരിച്ചു.

വിഷ്‌ണു കാര്‍ക്കറെ അഹമ്മദ്‌ നഗറില്‍ ഒരു ലോഡ്‌ജ്‌ നടത്തിയിരുന്നു. നവഖാലിയില്‍ ഹിന്ദുക്കള്‍ കൂട്ടത്തോടെ കൊല ചെയ്യപ്പെട്ടപ്പോള്‍ അവരുടെ രക്ഷയ്‌ക്ക്‌ ഓടിയെത്തിയത്‌ കര്‍ക്കറെയും കൂട്ടരുമായിരുന്നു.

അവിടെ ഹിന്ദുമഹാസഭയുടെ പേരില്‍ ഹിന്ദുക്കള്‍ക്കായി അഭയാര്‍ത്ഥി ക്യാമ്പുകള്‍ തുറന്നു. ജനുവരി 20ലെയും 30ലെയും സംഭവങ്ങള്‍ നടക്കുമ്പോള്‍ അദ്ദേഹം സ്ഥലത്തുണ്ടായിരുന്നു. അദ്ദേഹം വിവാഹിതനായെങ്കിലും കുട്ടികള്‍ ഉണ്ടായിരുന്നില്ല.

ജനുവരി 20ന് ‌സ്‌ഫോടനം നടത്തിയ മദന്‍ലാല്‍ ഒരു അഭയാര്‍ത്ഥിയായിരുന്നു. ഹിന്ദുക്കളുടെ മേല്‍ നടന്ന കൊള്ളയും കൊള്ളി വെയ്‌പും നേരില്‍ക്കണ്ട വ്യക്തി. ലക്ഷക്കണക്കിനു അഭയാര്‍ത്ഥികള്‍ അനുഭവിച്ച കൊടും ക്രൂരതകള്‍ അദ്ദേഹം കോടതിയില്‍ വിവരിച്ചു. അദ്ദേഹം അവിവാഹിതനായിരുന്നു. മാപ്പുസാക്ഷിയായി മാറിയ ദിഗംബര്‍ ബഡ്‌ജയുടെ സേവകനായിരുന്നു. ജനുവരി 20ലെ സംഭവത്തില്‍ ദൃക്‌സാക്ഷിയായ ഇദ്ദേഹം.

ആറാം പ്രതി ഗോപാല്‍ ഗോഡ്‌സെ നാഥുറാം ഗോഡ്‌സെയുടെ സഹോദരനായിരുന്നു. ഓര്‍ഡിന്‍സ് ‌ഡിപ്പാര്‍ട്ട്‌മെണ്ടില്‍ ഉദ്യോഗസ്ഥനായിരുന്നു. രണ്ടാം ലോകമഹായുദ്ധത്തിൽ വിദേശത്തായിരുന്നു. ജനുവരി 20ന് അദ്ദേഹം ബിര്‍ളാഹൗസില്‍ ഉണ്ടായിരുന്നതിൻ്റെ പേരില്‍ ഗൂഢാലോചന കുറ്റം ചുമത്തപ്പെട്ടു. വിവാഹിതനും രണ്ടു പെണ്‍കുട്ടികളുടെ പിതാവുമായിരുന്നു ഗോപാല്‍ ഗോഡ്‌സെ.

ദിഗംബര്‍ ബഡ്‌ജെ ഒരു ഹിന്ദു സംഘടനാ പ്രവര്‍ത്തകന്‍ ആയിരുന്നു. ആയുധ വ്യാപാരി കൂടിയായിരുന്ന അദ്ദേഹം ഹിന്ദുക്കള്‍ ന്യൂനപക്ഷമായ പ്രദേശങ്ങളില്‍ അവര്‍ ആയുധം കൊണ്ടു നടക്കണമെന്ന് ‌അഭിപ്രായപ്പെട്ടിരുന്നു.

മദന്‍ലാലിനു ഗണ്‍ കോട്ടണ്‍ സ്ലാബ്‌ നല്‍കിയിരുന്നത് ‌ബഡ്‌ജെയായിരുന്നു എന്ന്‌ പ്രോസിക്യൂഷന്‍ ആരോപിച്ചു. മദന്‍ലാലില്‍ നിന്ന്‌ ഒരു ഗ്രനേഡും കണ്ടെടുത്തു. ബഡ്‌ജെയില്‍ നിന്ന്‌ കൂടുതല്‍ ആയുധങ്ങള്‍ കണ്ടെടുത്തിരുന്നു. ജനുവരി 20ന് അദ്ദേഹവും സംഭവ സ്ഥലത്ത് ‌ഉണ്ടായിരുന്നു.

എട്ടാം പ്രതി സി.എസ്‌. പാച്ചൂരി ഒരു ഡോക്‌ടറായിരുന്നു. ഗ്വാളിയറില്‍ പ്രാക്‌ടീസ്‌ ചെയ്‌തിരുന്ന അദ്ദേഹം ഒരു മികച്ച ഹിന്ദു സംഘടനാ പ്രവര്‍ത്തകനായിരുന്നു. നാഥുറാമിന്‌ തോക്ക് ‌നല്‍കിയെന്നാണ്‌ അദ്ദേഹത്തിൻ്റെ പേരില്‍ ആരോപിച്ച കുറ്റം. സമ്മര്‍ദം കൊണ്ട്‌ അദ്ദേഹത്തെ കുറ്റം സമ്മതിപ്പിച്ചു. സ്വന്തം വീട്ടില്‍ കുടുംബ സമേതം കഴിയുകയായിരുന്നു അദ്ദേഹം.

പ്രതികള്‍ അഭിഭാഷകരെ നിയോഗിച്ചിരുന്നു. പ്രതികള്‍ കുറ്റാരോപണങ്ങള്‍ക്ക് ‌മറുപടി നല്‍കി. നാഥുറാം തൻ്റെ സ്റ്റേറ്റ്‌മെണ്ടില്‍ ഗാന്ധിയെ വധിക്കാനുള്ള കാരണങ്ങള്‍ വ്യക്തമാക്കിയിരുന്നു. അതു വായിക്കുന്നതിനെ പ്രോസിക്യൂഷന്‍ എതിര്‍ത്തെങ്കിലും ജഡ്‌ജി, നാഥുറാമിനെ വായിക്കാന്‍ അനുവദിച്ചു.

നാഥുറാമിൻ്റെ സ്റ്റേറ്റ്‌മെൻ്റ‌ വായിക്കപ്പെട്ടു. പിറ്റേന്നു പത്രങ്ങള്‍ അത്‌ പ്രസിദ്ധീകരിക്കുകയുണ്ടായി. പക്ഷേ, ജുഡീഷ്യറിയുടെ പരമാധികാരത്തെ മാനിക്കാത്ത സര്‍ക്കാര്‍ ഗോഡ്‌സെയുടെ സ്റ്റേറ്റ്‌മെൻ്റ ‌പ്രസിദ്ധീകരിക്കുന്നത് ‌നിരോധിച്ചു.

നാഥുറാം ഗോഡ്‌സെ ചിത്രീകരിച്ച ഗാന്ധിജിയുടെ യഥാര്‍ത്ഥ മുഖം അനാവരണം ചെയ്യപ്പെടരുതെന്നതായിരുന്നു സര്‍ക്കാരിൻ്റെ ലക്ഷ്യമെന്നു വ്യക്തം. പ്രതികള്‍ക്കെതിരെ സൃഷ്‌ടിക്കപ്പെട്ട കറുത്ത പ്രതിച്ഛായ നിലനിര്‍ത്താനും അങ്ങിനെ ഗാന്ധിജിയ്‌ക്ക്‌ ആദരാഞ്‌ജലി അര്‍പ്പിക്കാനുമായിരുന്നു സര്‍ക്കാറിൻ്റെ ഉദ്ദേശ്യം. മൂന്നു ദശകത്തോളം ഈ നിരോധനം തുടര്‍ന്നു.

നാഥുറാം തൻ്റെ കേസ് ‌സ്വയം വാദിക്കാനാണ് ‌ഇഷ്‌ടപ്പെട്ടത്‌. അദ്ദേഹം രണ്ടു ദിവസം തൻ്റെ മേലുള്ള കുറ്റാരോപണങ്ങള്‍ക്കെതിരെ വാദിച്ചു. അത്‌ മുഴുവനായി പ്രസിദ്ധീകരിക്കാന്‍ പത്രങ്ങളെ ഭരണകൂടം അനുവദിച്ചില്ല. പ്രോസിക്യൂഷന്‍ 149 സാക്ഷികളെ ഹാജരാക്കി.

1949 ഡിസംബര്‍ 30ന് വാദം തീര്‍ന്നെങ്കിലും വിധി പ്രസ്‌താവിക്കുന്നത്‌ 1949 ഫെബ്രുവരി 10നാണ്‌. വീരസവര്‍ക്കറെ വെറുതെ വിട്ടു. ദിഗംബര്‍ ബാഡ്‌ജെ (മാപ്പു സാക്ഷി) കുറ്റ വിമുക്തനാക്കപ്പെട്ടു. വിഷ്‌ണു കര്‍ക്കറെ, മദന്‍ലാല്‍ പഹ്വ, ഗോപാല്‍ ഗോഡ്‌സെ, ശങ്കര്‍ കിസ്‌തയ്യ, പാച്ചൂരി എന്നിരെ ജീവപര്യന്തം ശിക്ഷിച്ചു.

നാഥുറാം ഗോഡ്‌സെയും നാരായണന്‍ ആപ്‌തെയും വധശിക്ഷയ്‌ക്ക്‌ വിധിക്കപ്പെട്ടു. വിധി പ്രഖ്യാപിച്ചപ്പോള്‍ പ്രതികള്‍ ഒന്നടങ്കം ഇടുമുഴക്കം പോലെ ശബ്‌ദിച്ചു. "അഖണ്‌ഡ ഭാരത് അമര്‍ രഹേ'', "വന്ദേമാതരം", "സ്വാതന്ത്ര്യ ലക്ഷ്‌മി കീ ജയ്‌"

ജനാധിപത്യ രാജ്യമാണെങ്കിലും ഗാന്ധിജിയ്‌ക്ക്‌ ഇവിടെ പ്രത്യേകം പരിഗണന ലഭിച്ചു. ബോംബെ പബ്ലിക്‌ സെക്യൂരിറ്റി മെമ്പേഴ്‌സ്‌ ആക്‌ട്‌ എന്ന പ്രത്യേക നിയമത്തിൻ്റെ പരിധിയില്‍ മുന്‍കാല പ്രാബല്യത്തോടെ ദല്‍ഹിയെയും ഉള്‍പ്പെടുത്തി.

ഈ നിയമ പ്രകാരം പൗരന്മാര്‍ക്ക് ‌തുല്യാവകാശം ഇല്ല. അന്ന് ‌സുപ്രീംകോടതി നിലവിലില്ല. പില്‍ക്കാലത്ത് ‌സുപ്രീംകോടതി ഈ നിയമം ഇല്ലാതാക്കി. സ്‌പെഷ്യല്‍ ആക്‌ട്‌ പ്രകാരം ഹൈക്കോടതി ഈ വധശിക്ഷ ശരിവെയ്‌ക്കേണ്ടതില്ല. അപ്പീല്‍ നല്‍കാന്‍ 15 ദിവസത്തെ സാവകാശമേ ഉണ്ടായിരുന്നുള്ളൂ.

ശിക്ഷിക്കപ്പെട്ട 7 പേരും പഞ്ചാബ്‌ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി. സിംലയിലായിരുന്നു കോടതി. തനിക്കെതിരെ ഗൂഢാലോചനാ കുറ്റം ചുമത്തിയതിനാണ്‌ നാഥുറാം അപ്പീല്‍ നല്‍കിയത്‌. വധശിക്ഷക്കെതിരെ അദ്ദേഹം അപ്പീല്‍ നല്‍കിയില്ല.

തൻ്റെ കേസ്‌ സ്വയം വാദിക്കാന്‍ കോടതി അദ്ദേഹത്തെ അനുവദിച്ചു. യഥാ സമയത്ത് ‌എല്ലാ പ്രതികളെയും റെഡ്‌ഫോര്‍ട്ടില്‍ നിന്ന് ‌അംബാല ജയിലിലേക്ക് ‌മാറ്റി. നാഥുറാമിനെ സിംലയില്‍ പ്രത്യേക ജയിലില്‍ പാര്‍പ്പിച്ചു.

കൂടുതൽ വിവരങ്ങളുമായി അടുത്ത ലക്കത്തിൽ തുടരും ....

Advertisment