Advertisment

മുഖ്യമന്ത്രി പിണറായി വിജയനൊരു തുറന്ന കത്ത് ! (പ്രതികരണം)

author-image
nidheesh kumar
Updated On
New Update

publive-image

Advertisment

സഖാവേ, ആശയപരമായി നമ്മൾ വ്യത്യസ്ത രാഷ്ട്രീയ വിചാരധാരയിൽ ഉള്ളവരായിരുന്നിട്ടും താങ്കൾ ചികിത്സാർത്ഥം വിദേശത്തേക്ക് പോയപ്പോൾ കേരളത്തിന്റെ മുഖ്യമന്ത്രിയുടെ ആയ്യുരാരോഗ്യത്തിനായി പ്രാർത്ഥനയും ആശംസയും പൊതുവേദിയിലൂടെ അർപ്പിച്ച ഒരു കോൺഗ്രസ് അനുഭാവിയാണ് ഞാൻ.

ഇന്നലെ എനിക്കതിൽ വളരേ കുറ്റബോധം തോന്നി.താങ്കൾ വളരെ നിന്ദ്യവും നീചവുമായ

വാക്കുകളുമായി മരണപ്പെട്ട ഒരു പൊതു പ്രവർത്തകനെ ആക്ഷേപിച്ചതു കേട്ട് വല്ലാതെ മനസ്സ് നൊന്തു.

പിടി തോമസ് എന്ന വ്യക്തിയുടെ മരണത്തെ സൗഭാഗ്യമായും - പിടി തോമസ് ഒരു അബദ്ധമായും താങ്കൾ നാല് വോട്ടിനു വേണ്ടി ചിത്രീകരിച്ച് വെറും പാർട്ടി സെക്രട്ടറിയേ പോലെ വോട്ടു തേടിയപ്പോൾ ഉടഞ്ഞു പോയത് എന്നെ പോലെ പലരുടേയും മനസ്സിൽ നിന്ന്

പിണറായി വിജയൻ എന്ന കേരളത്തിന്റെ മുഖ്യമന്ത്രിയുടെ വ്യക്തിത്വം കൂടിയാണ്.

തൃക്കാക്കരക്കാർ ഹൃദയത്തോട് ചേർത്ത് സ്വീകരിച്ച പിടി.തോമസിനെ ജയിപ്പിച്ചത് കൈയ്യബദ്ധമായെന്ന് താങ്കൾക്ക് തോന്നുന്നുവെങ്കിൽ - ഒരു ജനപ്രതിനിധി മരിച്ച ഒഴിവിൽ ഉപതെരഞ്ഞെടുപ്പ് നടക്കുന്നതിനെ സൗഭാഗ്യമായി കേരള മുഖ്യമന്ത്രിക്ക് തോന്നുന്നുവെങ്കിൽ

മരണശേഷം മൃതശരീരം കഴിക്കാൻ കാത്ത് നില്ക്കുന്ന ശവംതീനി കഴുകന്റെ മനസ്സാണ് താങ്കൾക്ക് ഉള്ളത് എന്ന് പറയേണ്ടിയിരിക്കുന്നു.

ഈ ദുഷ്ടമനസ്സിനു തൃക്കാക്കരക്കാർ മറുപടി തരുക തന്നെ ചെയ്യും.വാക്കുകളിലെ മതേതരത്വമല്ല.... സ്വ ജീവിതം കൊണ്ട് തന്നെ ചരിത്രവും സംസ്കാരവും സൃഷ്ടിച്ചവരാണ് പിടി - ഉമാ തോമസ് ദമ്പതികൾ.

ഈ മനോഹര തീരത്ത് ജീവിച്ച് കൊതി തീരാതെ മനസ്സില്ലാ മനസ്സോടെ ഇവിടം വിട്ടു പോയ തൃക്കാക്കരക്കാരുടെ ഹൃദയത്തിൽ ഇന്നും ഇരിപ്പിടമുള്ള പിടിയുടെ - വിധവയും അച്ഛൻ നഷ്ടപ്പെട്ട കുഞ്ഞുങ്ങളും ഇത്തരം വാക്കുകൾ കേൾക്കും എന്നെങ്കിലും കേരളത്തിന്റെ മുഖ്യമന്ത്രി ഓർക്കണമായിരുന്നു.

(ഒന്നുമില്ലെങ്കിലും നമ്മളൊക്കെ കുടുംബമായി -കുട്ടികളായി ജീവിക്കുന്നവർ തന്നെയല്ലേ സഖാവേ? മോശമായിപ്പോയി. പാടില്ലായിരുന്നു. കഷ്ടം ! Respect the Dead)

-ഷീബ രാമചന്ദ്രൻ

Advertisment