Advertisment

പഞ്ചവടി പാലം തുടർക്കഥയാവുമ്പോൾ ! (പ്രതികരണം)

author-image
nidheesh kumar
Updated On
New Update

publive-image

Advertisment

നിർമ്മാണത്തിലിരിക്കുന്ന, ചാലിയാറിനു കുറുകെ  കോഴിക്കോട് - മലപ്പുറം ജില്ലകളെ ബന്ധിപ്പിക്കുന്ന കൂളിമാട് പാലത്തിന്റെ ബീമുകളാണ് കഴിഞ്ഞ ദിവസം തകർന്നു വീണത്. കേരളത്തിൽ സമീപകാലത്ത് തകരാറിലായ പാലങ്ങളിൽ ശ്രദ്ധേയമായ പാലമായി മാറിയിരിക്കുകയാണ് കൂളിമാട് പാലം. നേരത്തെ കൊച്ചിയിലെ പാലാരിവട്ടം പാലമായിരുന്നു.

കെ.ജി ജോര്‍ജ്ജിന്‍റെ മനോഹരമായ രാഷ്ട്രീയ ഹാസ്യ  സിനിമയാണ് പഞ്ചവടിപ്പാടം. അഴിമതിക്കാരനായ പഞ്ചായത്ത് പ്രസിഡന്‍റ് ദുശ്ശാസന കുറുപ്പിന്‍റെ ഇടപെടലിനെ തുടര്‍ന്ന് പഞ്ചായത്തില്‍ ആദ്യമായി നിര്‍മ്മിച്ച പാലം, ഉദ്ഘാടനത്തിന്‍റെ അന്ന് തന്നെ പൊളിഞ്ഞു വീഴുന്നതാണ് കഥ.

ഏതാണ്ടിതു പോലെയാണ് കേരളത്തിലെ പാലങ്ങൾ. കൊച്ചിയിലെ പാലാരിവട്ടം പാലത്തിന്‍റെ  ഉദ്ഘാടനം കഴിഞ്ഞ് വര്‍ഷം തികയും മുന്നേ പാലം അപകടാവസ്ഥയിലാണെന്ന് റിപ്പോര്‍ട്ട് വന്നപ്പോൾ തുടര്‍ന്ന് പാലം പൊളിച്ച് പുതിയത് പണിയാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടതിനെ തുടർന്ന്  കേസ് കോടതിയിലെത്തിയപ്പോള്‍ ജസ്റ്റിസ് ഉബൈദ് തന്നെ പറഞ്ഞ് പാലാരിവട്ടം പാലം 'പഞ്ചവടിപ്പാലം പോലെയായല്ലോ'യെന്നാണ്. ഇപ്പോഴിതാ കോഴിക്കോട് കൂളിമാട് പാലത്തിന്റെ ബീമുകൾ തകർന്ന സംഭവമുണ്ടായിരിക്കുന്നു.

സംഭവത്തിൽ മന്ത്രി പി.എ മുഹമ്മദ് റിയാസ് കേരള റോഡ് ഫണ്ട് ബോർഡ് (കെആർഎഫ്ബി) പ്രോജക്ട് ഡയറക്ടറോട് വിശദമായ റിപ്പോർട്ട് നൽകാൻ ആവശ്യപ്പെട്ടിരിക്കുകയാണ്. പാലം പണി പരിശോധിക്കാൻ പൊതുമരാമത്ത് വിജിലൻസ് വിഭാഗത്തിനും മന്ത്രി നിർദേശം നൽകിയതായാണ് വാർത്ത.

ബീം ഉറപ്പിക്കാന്‍ ഉപയോഗിച്ച യന്ത്രം പണിമുടക്കിയതാണ് അപകടകാരണമെന്ന് കരാറുകാരായ ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റി വ്യക്തമാക്കി. 2019ലാണ് ചാലിയാറിന് കുറുകെ 25 കോടി രൂപ ചെലവില്‍ നിര്‍മിക്കുന്ന പാലത്തിന്റ പണി തുടങ്ങിയത്. ആ വര്‍ഷത്തെ പ്രളയത്തില്‍ പണി തടസപ്പെടുകയും നിര്‍മാണ സാമഗ്രികള്‍ ഒലിച്ചുപോകുകയും ചെയ്തിരുന്നു.

പുഴയില്‍ വെള്ളം ഉയര്‍ന്നതിനെത്തുടര്‍ന്ന് പ്ലാനും എസ്റ്റിമേറ്റും പുതുക്കിയാണ് പണി പുനരാരംഭിച്ചതെങ്കിലും ബീം തകർന്ന് പാലം തകർന്നപ്പോൾ രാഷ്ട്രീയമാനം കൈവന്നിരിക്കുകയാണ്.

തൃക്കാക്കരയിൽ ഉപതെരഞ്ഞെടുപ്പിൽ വികസന നേട്ടം ഉയർത്തിപ്പിടിക്കുന്ന സർക്കാറിന് വലിയ ക്ഷീണം തന്നെയാണിത്. മാത്രവുമല്ല, പാലാരിവട്ടം പാലത്തിൽ യുഡിഎഫിനെ വിമർശിച്ചവർ തന്നെ സമാന അവസ്ഥയിലെത്തിയെന്നത് കാവ്യനീതിയൊന്നൊക്കെ വേണമെങ്കിൽ വിശേഷിപ്പിക്കാം.

ബ്രിട്ടീഷുകാർ പണിത പാലം നൂറ്റാണ്ടുകൾ കഴിഞ്ഞിട്ടും ഒരു പാലം പോലും തകർന്ന് വീണില്ല എന്നിരിക്കെ സ്വാതന്ത്ര്യാനന്തര ഭാരതത്തിൽ നമ്മുടെ സർക്കാർ പണിത പാലം എത്രനാൾ നീണ്ടുനിക്കുമെന്ന ആശങ്ക അസ്ഥാനത്തല്ല എന്ന് തെളിയിക്കുന്നതാണ് കൂളിമാട് പാലത്തിന്റെ തകർച്ച.

അങ്ങനെ കാടടച്ച് വിമർശിക്കുകയല്ല, ചില വസ്തുതകൾ കാണുമ്പോൾ ഇങ്ങനെ ചിന്തിക്കാതിരിക്കാനുമാവുന്നില്ല. ഇനിയുള്ള പാലങ്ങൾ പഞ്ചവടിപ്പാലമാവാതിരിക്കാൻ സർക്കാർ ശ്രദ്ധിക്കണം.

ഊരാളുങ്കൽ സൊസൈറ്റിയും മന്ത്രി പി.എ മുഹമ്മദ് റിയാസും നേരത്തെ കൊമ്പുകോർത്ത കാര്യം ഇവിടെ പരാമർശിക്കുന്നില്ല. ഏതായാലും പഞ്ചവടിപ്പാലം ആവർത്തിക്കാതിരിക്കട്ടെയെന്ന ആഗ്രഹത്തോടെ എല്ലാവർക്കും ശുഭ സായാഹ്നം. ജയ്ഹിന്ദ്.

Advertisment