Advertisment

മദ്യപാനികളുടെ എണ്ണത്തില്‍ കേരളമാണ് ദേശീയ ശരാശരിയേക്കാള്‍ മുന്നിട്ട് നില്‍ക്കുന്നതെന്ന കണക്കുകള്‍ പരിശോധിക്കുമ്പോള്‍ ഇനിയും കേരളത്തില്‍ മദ്യപ്പുഴയൊരുക്കാനുള്ള സര്‍ക്കാര്‍ ശ്രമം എന്ത് വിലകൊടുത്തും പ്രതിഷേധിക്കേണ്ടതാണെന്ന മദ്യവിരുദ്ധ സംഘടനകളുടെ തീരുമാനങ്ങളോട് യോജിക്കാതെ വയ്യ... തട്ടുകടകളെ പോലെ മദ്യഷാപ്പുകള്‍ ഉയരുമ്പോള്‍ (പ്രതികരണം)

author-image
nidheesh kumar
Updated On
New Update

publive-image

Advertisment

നാടെങ്ങും മദ്യവില്‍പ്പന നടത്താനുള്ള സര്‍ക്കാര്‍ നീക്കം പ്രതിഷേധാര്‍ഹം തന്നെയാണ്. സംസ്ഥാന ബിവറേജസ് കോര്‍പറേഷന്റെ കീഴില്‍ കൂടുതല്‍ ഔട്ട്‌ലറ്റുകള്‍ തുറന്നുകൊണ്ടാണ് സര്‍ക്കാര്‍ പൊതുജനാരോഗ്യത്തെ വെല്ലുവിളിക്കാന്‍ ശ്രമിക്കുന്നത്.

മദ്യശാലകള്‍ക്ക് മുന്നിലുള്ള തിരക്ക് കുറയ്ക്കാനാണ് പുതിയ മദ്യവില്പനശാലകള്‍ തുറക്കുന്നതെന്നാണ് സര്‍ക്കാര്‍ പറയുന്നത്. ഘട്ടം ഘട്ടമായി മദ്യവര്‍ജനം നടപ്പാക്കുമെന്ന് പ്രഖ്യാപിച്ച സര്‍ക്കാര്‍, പുതുതായി 175 വില്‍പ്പന കേന്ദ്രങ്ങള്‍ ആരംഭിക്കുന്നത് തന്നെ, ജനങ്ങളോടുള്ള വാഗ്ദാന ലംഘനം തന്നെയാണ്.

ലഹരിക്കടിമപ്പെടുന്ന തലമുറകളെ വീണ്ടും വീണ്ടും അതിന് കീഴ്‌പ്പെടുത്തുന്നതിന് സര്‍ക്കാര്‍ വക സംഭാവനകളാണ് ഓരോ മദ്യശാപ്പുകളെന്ന് പറയാതെ വയ്യ. സ്വകാര്യ വ്യക്തികള്‍ക്ക് ബിയര്‍ ഉത്പാദിപ്പിക്കാനുള്ള അനുമതിക്ക് പിന്നാലെയാണ് കൂടുതല്‍ മദ്യശാപ്പുകള്‍ക്ക് പിണറായി സര്‍ക്കാര്‍ അവസരമൊരുക്കുന്നതെന്നത് സാമൂഹ്യപ്രതിബദ്ധതയുള്ളവരെ കൂടി നിരാശപ്പെടുത്തുന്നതാണ്.

യുഡിഎഫ് സര്‍ക്കാര്‍ മദ്യപയോഗം കുറക്കുന്നതിന് ഓരോ വര്‍ഷവും പത്ത് ശതമാനം ബെവ്‌കോ ഷോപ്പുകള്‍ അടച്ചിട്ടപ്പോള്‍, ഇടതു സര്‍ക്കാര്‍ രണ്ടാം തവണ അധികാരത്തിലെത്തിയപ്പോള്‍, കോടതി വിധിയുടെ മറവില്‍ 243 ഷാപ്പുകള്‍ പുതുതായി ആരംഭിക്കാനുള്ള നടപടികളിലാണെന്നാണ് അറിയാന്‍ കഴിയുന്നത്.

മദ്യശാലകളുടെ മുന്നിലുള്ള തിരക്കൊഴിവാക്കാനാണ് കോടതി ആവശ്യപ്പെട്ടത്. എന്നാല്‍, ഈ കോടതി വിധിയുടെ മറപറ്റി, ബെവ്‌കോ എംഡിയുടെ ശിപാര്‍ശ സ്വീകരിച്ച് നാടെങ്ങും തട്ടുകടകളെ പോലെ മദ്യഷാപ്പുകള്‍ ഉയരുന്നത് അനേകം കുടുംബങ്ങളെ കണ്ണീരിന്റെ വക്കിലെത്തിക്കുന്ന തീരുമാനമായി മാറുമെന്നതില്‍ സംശയം ഒട്ടും തന്നെയില്ല.

മദ്യപന്മാരുടെ ജീവിതം പരിശോധിക്കുമ്പോള്‍, അവരെ ആശ്രയിച്ച് കഴിയുന്നവര്‍ അനുഭവിക്കുന്ന മാനസിക-ശാരീരിക ബുദ്ധിമുട്ടുകള്‍ സാംസ്‌കാരിക കേരളവും മദ്യനിരോധനം ആവശ്യപ്പെടുന്ന സംഘടനകളും പലവട്ടം ചര്‍ച്ച ചെയ്തതാണ്. ഈ സംവാദങ്ങളിലെല്ലാം പിന്തുണ അറിയിച്ച രാഷ്ട്രീയ പാര്‍ട്ടി അധികാരത്തിലെത്തിയപ്പോള്‍ മറുകണ്ടം ചാടുന്ന കാഴ്ചകള്‍ ലജ്ജിപ്പിക്കുന്നത് തന്നെ.

മദ്യപാനം ആരോഗ്യത്തിന് ഹാനികരം എന്നത് പോലെ, അത് പിശാചിന്റെ സ്വഭാവം കൂടി പകരുന്നുവെന്നത് കണക്കിലെടുക്കുമ്പോള്‍, പിണറായി സര്‍ക്കാര്‍ മദ്യലഭ്യത വര്‍ധിപ്പിക്കാനുള്ള ശ്രമത്തില്‍ നിന്നും പിന്മാറണമെന്നാണ് പൊതുജനാരോഗ്യാര്‍ത്ഥം ഈയവസരത്തില്‍ ആവശ്യപ്പെടാനുള്ളത്.

ബിവറേജസ് കോര്‍പറേഷന്റെയും കണ്‍സ്യൂമര്‍ ഫെഡറേഷന്റെയും കീഴില്‍ നിവലില്‍ 306 മദ്യവില്പനശാലകളുണ്ട്. ഇതും പോരാഞ്ഞ്. കൂടുതല്‍ ഔട്ട്‌ലറ്റുകളിലൂടെ മദ്യം വിറ്റ് ഖജനാവ് നിറക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുമ്പോള്‍, തൊഴിലില്ലായ്മയിലും വിലക്കയറ്റത്തിലും പെട്ട് ദുരിതമനുഭവിക്കുന്ന ഒട്ടേറെ കുടുംബത്തിലെ ബജറ്റും സമാധാനവുമാണ് താളം തെറ്റുക. ഈ സാമൂഹിക യാഥാര്‍ത്ഥ്യം കാണാതെ പോകരുത്.

സാമൂഹിക ജീവിതത്തില്‍ ഇടപെടുന്നവരില്‍ മാന്യതയുടെ ലക്ഷണം മദ്യം പോലുള്ള ലഹരി ഉത്പന്നങ്ങളെ അകറ്റി നിര്‍ത്തുന്നതാണ്. അത്തരമൊരു പാരമ്പര്യത്തെ ഇല്ലായ്മ ചെയ്യുക മാത്രമല്ല, പുതിയ സംസ്‌കാരത്തില്‍ മദ്യത്തിന് സ്വീകാര്യത കൂടി നല്‍കുന്ന തീരുമാനം കൂടിയാവുകയാണ് മദ്യശാലകള്‍ക്കുള്ള പ്രോത്സാഹനങ്ങളോരൊന്നും.

മദ്യപാനികളുടെ എണ്ണത്തില്‍ കേരളമാണ് ദേശീയ ശരാശരിയേക്കാള്‍ മുന്നിട്ട് നില്‍ക്കുന്നതെന്ന കണക്കുകള്‍ കൂടി പരിശോധിക്കുമ്പോള്‍, ഇനിയും കേരളത്തില്‍ മദ്യപ്പുഴയൊരുക്കാനുള്ള സര്‍ക്കാര്‍ ശ്രമം എന്ത് വിലകൊടുത്തും പ്രതിഷേധിക്കേണ്ടതാണെന്ന മദ്യവിരുദ്ധ സംഘടനകളുടെ തീരുമാനങ്ങളോട് യോജിക്കാതെ വയ്യ. ലഹരിവിമുക്തമായ ഒരു സായാഹ്നം എല്ലാവര്‍ക്കും ആശംസിക്കുന്നു. ജയ്ഹിന്ദ്.

Advertisment