Advertisment

മീനാക്ഷിപുരത്തെ ദുരൂഹ മരണത്തിൻ്റെ സത്യങ്ങൾ പുറത്ത് വരണം... (പ്രതികരണം)

author-image
nidheesh kumar
Updated On
New Update

publive-image

Advertisment

പാലക്കാടിന്റെ അതിര്‍ത്തി ഗ്രാമങ്ങളിലൊന്നായ മീനാക്ഷിപുരത്തെ ദുരൂഹ മരണം സംബന്ധിച്ച സത്യങ്ങൾക്കായി കേരളം വേണ്ടത്ര ശ്രദ്ധ ചെലുത്തിയിട്ടില്ലെങ്കിലും കേരള അതിർത്തി ഗ്രാമങ്ങളിൽ ജാതി തേർവാഴ്ചകളുടെ കൊലപാതകങ്ങൾ നടനമാടുന്നുവെന്ന യാഥാർത്ഥ്യം ഉൾക്കൊള്ളാൻ നാം എത്ര കാലം കാത്തിരിക്കേണ്ടി വരുമെന്ന ചോദ്യമാണ് ഉന്നയിക്കാനുള്ളത്.

കേരള തമിഴ്‌നാട് അതിര്‍ത്തിയിലുള്ള മീനാക്ഷിപുരം പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ നടന്ന ഇക്കഴിഞ്ഞ ഏപ്രില്‍ 19ന് നടന്ന ഇരുപത്തിയഞ്ചുകാരിയുടെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട ചില സംശയങ്ങള്‍ ജാതി ഭീകരതയിലേക്കാണ് വിരൽ ചൂണ്ടുന്നത്.

മീനാക്ഷിപുരത്തെ വെത്തലപാക്ക് കൗണ്ടറുടെ തോട്ടം എന്നറിയപ്പെടുന്ന സ്വകാര്യ തോട്ടത്തില്‍ അമ്പത് അടി താഴ്ചയുള്ള കിണറ്റില്‍, അതേ തോട്ടത്തില്‍ തന്നെ ജോലി ചെയ്യുകയായിരുന്ന കാളീശ്വരി എന്ന, മലസര്‍ വിഭാഗത്തില്‍ പെട്ട 25 വയസ്സുള്ള ആദിവാസി യുവതിയുടെ മൃതദേഹം ഇക്കഴിഞ്ഞ ഏപ്രില്‍ 19 ന് രാത്രിയില്‍ ആണ് കണ്ടെത്തുന്നത്.

വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇതേ തോട്ടത്തില്‍ ജോലി ചെയ്യുകയായിരുന്ന കാളീശ്വരിയുടെ അമ്മ ദേവിയെയും ഇതേ കിണറ്റില്‍ സമാനമായ നിലയില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയിരുന്നു എന്നതാണ് പാലക്കാടിന്റെ കിഴക്കന്‍ മേഖലകള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സാമൂഹ്യ പ്രവർത്തകൻ മാരിയപ്പന്‍ നീലിപ്പാറയെ പോലുള്ളവർ ദുരൂഹതയിലേക്ക് സംശയം എറിയുന്നത്.

ദേവിയുടെ മരണവുമായി ബന്ധപ്പെട്ട് പതിനാല് വർഷത്തിലധികം ജയിൽ ശിക്ഷയനുഭവിച്ച് പുറത്തിറങ്ങിയ ഭർത്താവ് കുപ്പുസ്വാമിയുടെ ചില വെളിപ്പെടുത്തൽ കൂടിയാവുമ്പോൾ സംശയം ബാലിശമല്ലെന്ന് ആർക്കും ബോധ്യപ്പെടാവുന്നതേയുള്ളൂ.

ഭാര്യക്ക് പിന്നാലെ മകൾ കൂടി സമാനമായ നിലയില്‍ മരണപ്പെട്ടതോടെയാണ്, അന്ന് തന്റെ ഭാര്യയെ കൗണ്ടര്‍മാര്‍ കൊലപ്പെടുത്തി കുറ്റം തന്റെ തലയില്‍ ഭീഷണിപ്പെടുത്തി കെട്ടിവെക്കുകയായിരുന്നുവെന്ന ആ   സത്യം തുറന്നുപറഞ്ഞത്. പക്ഷേ ഈ വെളിപ്പെടുത്തലിന് ശേഷം കുപ്പുസ്വാമിയെ ആരും കണ്ടതുമില്ല.

മാത്രവുമല്ല, കാളീശ്വരിയുടെ മരണവുമായി ബന്ധപ്പെട്ട് അന്വേഷണത്തിനിറങ്ങിയ യുവമാധ്യമ പ്രവർത്തകൻ ഷഫീഖ് താമരശ്ശേരി കുപ്പുസ്വാമിയെ തേടി പലയിടത്തും ചെന്നെങ്കിലും ഒരു വാക്ക് പോലും പറയാന്‍ ആരും തയ്യാറല്ല എന്ന് മാത്രമല്ല, എല്ലാവരുടെയും മുഖത്ത് അവരുടെ ഉള്ളിലെ ഭയം കൃത്യമായി കാണാമായിരുന്നുവെന്ന് അദ്ദേഹം ഫേസ് ബുക്കിൽ കുറിച്ച അനുഭവത്തിൽ നിന്ന് പറയുന്നു.

ഒരേ കിണറ്റില്‍ വര്‍ഷങ്ങളുടെ വ്യത്യാസത്തില്‍ ഒരമ്മയും മകളും കൊല്ലപ്പെട്ടിട്ടും അതിനെക്കുറിച്ച് ഒരു സംസാരം പോലും എവിടെയുമില്ല. കാളീശ്വരിയുടെ മരണത്തെ സംബന്ധിച്ച് പ്രാദേശിക കോളങ്ങളില്‍ പോലും ഒരു വാര്‍ത്ത വന്നതായി അറിവില്ല.

പ്രാദേശിക രാഷ്ട്രീയപ്രവര്‍ത്തകരെല്ലാം ഇങ്ങനെയൊരു മരണം അറിഞ്ഞിട്ടില്ലാത്ത മട്ടിലാണ് എന്ന് മാധ്യമ പ്രവർത്തകൻ ചൂണ്ടിക്കാട്ടുമ്പോൾ കാളീശ്വരിയുടെ മരണത്തിൽ ദുരൂഹത തുടരുകയാണ് എന്ന സാമൂഹ്യ പ്രവർത്തകരുടെ സംശയം കൂടി കണക്കിലെടുക്കുമ്പോൾ, അധികാരത്തിന്റെയും സമ്പന്നതയുടെയും തിളപ്പില്‍ പാവപ്പെട്ട മനുഷ്യരെ കൊന്നും പീഡിപ്പിച്ചും കഴിയുന്ന കൗണ്ടര്‍മാര്‍ക്ക് ജാതിഗ്രാമങ്ങള്‍ എത്രമാത്രം സുരക്ഷ നല്‍കുന്നുവെന്ന് ഭയപ്പെടേണ്ടിയിരിക്കുന്നു.

പൊലീസ് പറയുന്നത് കാളീശ്വരിയുടേത് ആത്മഹത്യയാണ് അതിലപ്പുറം ഒന്നുമില്ല എന്ന് പറഞ്ഞൊഴിമ്പോഴും മാധ്യമ പ്രവർത്തകനായ ഷഫീഖ് പങ്കുവെക്കുന്ന ആശങ്ക ഇപ്രകാരമാണ്; ജാതി മേലാളന്‍മാരുടെ തോട്ടങ്ങളില്‍ ജോലി ചെയ്യുന്ന അടിച്ചമര്‍ത്തപ്പെട്ട സാമൂഹ്യവിഭാഗങ്ങളില്‍ നിന്നുള്ള മനുഷ്യര്‍ നിരന്തരം കൊല്ലപ്പെടുകയും പീഡിപ്പിക്കപ്പെടുകയും ചെയ്തിട്ടും അതെല്ലാം തങ്ങളുടെ വിധിയാണെന്ന് കരുതി എല്ലാം സഹിച്ച് വീണ്ടും ഭൂഉടമകളുടെ ജാതിക്രൂരതകളേറ്റ് ജീവിക്കേണ്ടി വരുന്ന മനുഷ്യരെയാണ് മീനാക്ഷിപുരത്ത് ഞങ്ങള്‍ കണ്ടത്.

മതവും വർഗീയവുമായ ചേരിതിരിവുകളുണ്ടാക്കാൻ സാമൂഹ്യ പ്രവർത്തനം നടത്തുന്ന രാഷ്ട്രീയക്കാരും ഇവർക്ക് വീരേതിഹാസം നൽകുന്ന മാധ്യമങ്ങളും  ജാതി ചൂഷണത്തിൻ്റെ ഇരകളുടെ വിലാപങ്ങൾ കൂടി ചർച്ച ചെയ്യണം. അവർക്ക് മുഖ്യധാര സമൂഹത്തിൻ്റെ പിന്തുണ നൽകണം. അത്തരം ശുഭചിന്തകൾ നിറഞ്ഞ നല്ലൊരു സായാഹ്നം ആശംസിക്കുന്നു. ജയ്ഹിന്ദ് !

Advertisment