Advertisment

കിഴക്കമ്പലം ട്വന്‍റി20 വരെ ഒന്ന് പോകുക: മസിലുപിടുത്തം ഉപേക്ഷിക്കുക, രാഷ്ട്രീയ ഏമാന്മാരുടെ തിട്ടൂരം ലംഘിക്കാനുള്ള ആര്‍ജ്ജവം കാട്ടുക: കേരളത്തിലെ എല്ലാ പഞ്ചായത്ത്, മുന്‍സിപ്പല്‍ അംഗങ്ങളും ഒരു തവണ ഔദ്യോഗികമോ അനൗദ്യോഗികമോ ആയി കിഴക്കമ്പലം പഞ്ചായത്തില്‍ പോകണം, നേതാക്കള്‍ പറയുന്നത് ഒരു വശത്തിരിക്കട്ടെ. സത്യം എന്താണെന്ന് എല്ലാവരുമറിയേണ്ടതല്ലേ ?

New Update

publive-image

Advertisment

കിഴക്കമ്പലം ട്വന്‍റി20 വരെ ഒന്ന് പോകുക ? മസിലുപിടുത്തം ഉപേക്ഷിക്കുക. രാഷ്ട്രീയ ഏമാന്മാ രുടെ തിട്ടൂരം ലംഘിക്കാനുള്ള ആർജ്ജവം കാട്ടുക. കേരളത്തിലെ എല്ലാ പഞ്ചായത്ത് - മുൻസിപ്പൽ അംഗങ്ങളും ഒരു തവണ ഔദ്യോഗികമോ അനൗ ദ്യോഗികമോ ആയി കിഴക്കമ്പലം പഞ്ചായത്തിൽ പോകണം.

നേതാക്കൾ പറയുന്നത് ഒരു വശത്തിരിക്കട്ടെ. സത്യം എന്താണെന്ന് എല്ലാവരുമറിയേണ്ടതല്ലേ ? ജനങ്ങൾക്കുവേണ്ടി അവർക്ക് ഇതൊക്കെ ചെയ്യാൻ കഴിയുമെങ്കിൽ നമുക്കെന്തുകൊണ്ട് കഴിയുന്നില്ല ? അതാണ് നാം അറിയേണ്ടത്. ഇടതുവലതു ഭേദമന്യേ നേതാക്കൾ പുകമറ സൃഷ്ടിക്കുകയാണ്.

തീർച്ചയായും പോകണം. അവർ കൈവരിച്ച നേട്ടങ്ങൾ കാണണം. അത് ലോകത്തോട് വിളിച്ചുപറയണം. 2020 ഡിസംബർ 29 നു ഞാൻ പോയതാണ്. ഞാൻ അവരുടെ ആളേയല്ല. ഈ പോസ്റ്റ് പി.ആർ വർക്കുമല്ല. നല്ലതു കണ്ടാൽ പറയാതിരിക്കാൻ കഴിയില്ല.അതാണ് ഇന്നുവരെയുള്ള ശീലം.

publive-image

പലർക്കും കിഴക്കമ്പലം ട്വന്‍റി20 യോട് ഒരുതരം അവജ്ഞയാണ്. ഇടതുവലതു രാഷ്ട്രീയക്കാർക്ക് അവരോടത്ര താൽപ്പര്യമില്ല. കാരണം 20:20 പറയുന്ന കാര്യങ്ങൾ 100 % വും അവർ പ്രാവർത്തികമാക്കുന്നു എന്നതാണ്. നേതാക്കൾക്കെല്ലാം ട്വന്‍റി20 യോട് കട്ടക്കലിപ്പാണ്. അവരുടെ നിലനിൽപ്പുതന്നെ ഇവർ അപകടത്തിലാക്കി യിരിക്കുന്നു.

മിക്ക രാഷ്ട്രീയ നേതാക്കളോടും കിഴക്കമ്പലത്തുകാർക്ക് ഒട്ടും താൽപ്പര്യമില്ല. പാർട്ടി നേതാക്കളുടെ വിരോധം സമ്പാദിക്കാൻ അണികൾ ഒരുക്കമല്ല. അതുകൊണ്ടുതന്നെ അവിടെപ്പോയി വികസന കാര്യങ്ങൾ നേരിട്ട് ബോദ്ധ്യപ്പെട്ടാലും അണികൾ വെളിയിൽവന്ന് അവർക്കെതിരേയുള്ള നിലപാട് സ്വീകരിക്കും. അതാണ് നടക്കുന്നത്.

യൂറോപ്യൻ മോഡൽ ബസ് സ്റ്റാൻഡ്, മനോഹരമായ പഞ്ചായത്ത് ഓഫീസ്, ഉപ്പുതൊട്ട് കർപ്പൂരം വരെ മാർക്കറ്റുവിലയുടെ 50 മുതൽ 70 % വരെ വിലക്കുറവിൽ ലഭിക്കുന്ന സൂപ്പർ മാർക്കറ്റ്, ആധുനികരീതിയിൽ നിർമ്മിച്ച കെഎസ്ഇബി ഓഫീസ്, വിശാലവും വൃത്തിയുമുള്ള റോഡുകൾ, ലക്ഷം വീടുകളിലും കുടിലുകളിലും കഴിഞ്ഞിരുന്നവർക്ക് ആകർഷകമായ 2 ബിഎച്ച്കെ വില്ലകൾ, നിലാവ് പദ്ധതി പ്രകാരം പഞ്ചായത്തിലെ എല്ലാ വൈദ്യുത പോസ്റ്റുകളിലും എല്‍ഇഡി ബൾബുകൾ, എല്ലാ വീടുകളിലും ശുദ്ധമായ കുടിവെള്ള പൈപ്പ് ലൈൻ, കൂടാതെ മദ്യവിമുക്ത കിഴക്കമ്പലം ലക്ഷ്യമിട്ട് അവിടെ പ്രവർത്തിച്ചിരുന്ന ഏക ബെവ്കോ ഔട്ട്ലെറ്റും അടച്ചുപൂട്ടി. എല്ലാ വീടുകളിലും ശൗചാലയം, വീടുകളുടെ അറ്റകുറ്റപ്പണിക്ക് പ്രത്യേക ഫണ്ട്, ഇതൊക്കെ മൂലമാണ് 2020 ൽ ഏറ്റവും മികച്ച പഞ്ചായത്തിനുള്ള അവാർഡ് കിഴക്കമ്പലം നേടിയെടുത്തത്.

publive-image

കിറ്റെക്സ് കമ്പനി കടമ്പ്രയാറിലേക്ക് മാലിന്യം ഒഴുക്കുന്നു എന്നതും അവർ തൊഴിലാളികൾക്ക് തൊഴിലിടത്തിൽ മതിയായ സൗകര്യവും ശമ്പളവും നൽകുന്നില്ല എന്നൊക്കെയുള്ള ആരോപണങ്ങൾ ഉണ്ടയില്ലാ വെടികളായി ചീറ്റിപ്പോയി. മിക്ക സർക്കാർ വകുപ്പുകളിലെയും ഉദ്യോഗസ്ഥർ രാപ്പകലില്ലാതെ ദിവസങ്ങളോളം നടത്തിയ റെയ്‌ഡുകളും പരിശോധനകളും പൂർണ്ണമായും പാഴായി. ഒരു ചുക്കും കണ്ടെത്താനായില്ല. ഫലമോ 4000 കോടിയുടെ നിക്ഷേപം അവർ തെലുങ്കാനയിൽ കൊണ്ടുപോയി നടത്തി. ഇതിനു കാരണക്കാർ നമ്മുടെ സർക്കാരാണ്.

2015 ൽ കിഴക്കമ്പലത്ത് ഭരണമേറ്റെടുത്ത ട്വന്‍റി20 വികസനപ്രവർത്തനങ്ങളെല്ലാം പൂർത്തിയാക്കി 2020 ലെ തിരഞ്ഞെടുപ്പിനെ നേരിടുമ്പോൾ പഞ്ചായത്തിന് മിച്ചം വന്ന 15 കോടി രൂപ അവർ എഫ്‌ഡി ആയി നിക്ഷേപിക്കുകയായിരുന്നു. ഇപ്പോൾ ആ തുക 27 കോടിയായി വർദ്ധിച്ചിരിക്കുന്നു.

ഇനി പണം ചെലവാക്കാൻ പുതിയ വഴികൾ തേടുകയാണ് അവർ. ഈ പണം കിറ്റെക്സ് കമ്പനിയുടെ എസ്‌സിആർ ഫണ്ട് (Corporate social responsibility) ആണെന്ന ആരോപണം ശുദ്ധ അസംബന്ധമാണ്. പഞ്ചായത്ത് മെമ്പർമാർക്കും പ്രസിഡന്റിനും ഓണറേറിയം കൂടാതെ നിശ്ചിതതുക മാസാമാസം ശമ്പളവും 20:20 നൽകുന്നുണ്ട്. ഇതുമൂലം അഴിമതിക്ക് തടയിടാൻ അവർക്കു കഴിഞ്ഞിരിക്കുന്നു.

publive-image

അവിടുത്തെ റോഡുകൾ പണിതിരിക്കുന്നത് 25 വർഷ ഗ്യാരണ്ടിയിലാണ്. നമുക്ക് ചിന്തിക്കാൻ കഴിയുമോ ? അന്താരാഷ്ട നിലവാരമുള്ള കമ്പനികൾ അതിൻ്റെ അറ്റകുറ്റപ്പണികൾ മുടങ്ങാതെ നടത്തുന്നുണ്ട്. മറ്റുള്ള പഞ്ചായത്തുകളിൽ 10 ലക്ഷം രൂപയുടെ റോഡുപണി എസ്റ്റിമേറ്റിൽ 40 % തുക മാത്രമേ റോഡിൽ പണിക്കായി ഉപയോഗിക്കുകയുള്ളു. ബാക്കി 60 ശതമാനം പലർക്കുള്ള കൈക്കൂലി, കമ്മീഷൻ, കോൺട്രാക്ടറുടെ ലാഭം എന്നിങ്ങനെയാണ് പോകുന്നത്.

10 ലക്ഷത്തിന്റെ സ്ഥാനത്ത് 4 ലക്ഷം രൂപയുടെ പണി ചെയ്‌താൽ ആ റോഡ് 6 മാസം പോലും നിലനിൽക്കില്ല. അതാണ് കണ്ടുവരുന്നത്. വർഷാവർഷമുള്ള റോഡ് മൈന്റനൻസ്, കുഴിയടക്കൽ ഒക്കെ ശുദ്ധ ഉഡായിപ്പുകളാണ്. ഉദാഹരണം, മേലില പഞ്ചായത്തിൽ എൻ്റെ വീടിനുമുന്നിലൂടെ യുപി സ്‌കൂൾ വഴി പോകുന്ന തകർന്നു കിടക്കുന്ന ഒരു റോഡുണ്ട്. അതുമായി ബന്ധപ്പെട്ട് ഞാൻ നൽകിയ വിവരാവകാശ അപേക്ഷയ്ക്ക് പഞ്ചായത്തിൽ ഫണ്ടില്ലെന്നും അതുകൊണ്ട് റോഡ് പിഎംജിഎസ്‌വൈക്ക് കൈമാറിയെന്നുമാണ് മറുപടി ലഭിച്ചത്.

publive-image

പിഎംജിഎസ്‌വൈയുടെ കനിവും കാത്തിരിക്കുകയാണ് ഞങ്ങൾ. മേലില പഞ്ചായത്തിൽ വമ്പൻ വികസനമാണ് നടക്കുന്നതെന്ന തരത്തിലുള്ള ഫേസ് ബുക്ക് പോസ്റ്റുകളും ഉദ്‌ഘാടന മാമാങ്കങ്ങളും തകൃതിയായി നടക്കുന്നുമുണ്ട്. ഇനി വികസനമൊന്നും കിഴക്കമ്പലത്ത് തൽക്കാലം ആവശ്യമില്ലെങ്കിലും വൈദ്യുതി, വെള്ളം എന്നിവയ്ക്ക് ഡല്ഹിയിലേതുപോലെ ഉപഭോക്താക്കൾക്ക് ബില്ലിന്റെ പകുതി തുക സബ്‌സിഡി നൽകാനുള്ള പദ്ധതിയും ആസൂത്രണം ചെയ്യുകയാണ്.

എന്തുകൊണ്ടാണ് കിഴക്കമ്പലം പഞ്ചായത്ത് ബജറ്റിൽ ഇത്രയധികം തുക മിച്ചം വരുന്നത് ? ഉത്തരം വളരെ ലളിതമാണ്. അഴിമതി എല്ലാ തുറയിൽനിന്നും തുടച്ചുനീക്കപ്പെട്ടു എന്നതുതന്നെ കാരണം. ഒരു റോഡോ പാലമോ കാലുങ്കോ ഇനിയിവിടെ പണിയാനില്ല. 2020 ൽ ഹൈക്കോടതിയുടെ ഉത്തരവ് പ്രകാരം കിഴക്കമ്പലം വഴി കടന്നുപോകുന്ന 5 പിഡബ്ള്യുഡി റോഡുകളും അവയുടെ അനുബന്ധ റോഡുകളും നല്ല നിലവാരത്തിൽ ടാറിംഗ് നടത്താനുള്ള അധികാരം ട്വന്‍റി20 ക്ക് ലഭിക്കുകയും അവരതു ഭംഗിയായി നിർവഹിക്കുകയും ചെയ്തു.

publive-image

ട്വന്‍റി20 യുടെ ആവശ്യപ്രകാരം പിഡബ്ള്യുഡി ഉദ്യോഗസ്ഥർ ഇതിനു മേൽനോട്ടം വഹിക്കണമെന്നും കോടതി നിർദ്ദേശിച്ചിരുന്നു. പിഡബ്ള്യുഡി ശ്രദ്ധിക്കാതിരുന്ന റോഡ് പൂർത്തിയാക്കുവാൻ ട്വന്‍റി20 ഭരണസമിതിക്ക് ഫണ്ട് ഒരു തടസ്സമേ ആയില്ല. കാര്യങ്ങൾ സുതാര്യമാണ്. പഞ്ചായത്തിൽ ആരുടേയും മേശപ്പുറത്ത് ഒരു ഫയലും കാണാനാകില്ല. മുന്നിലുള്ള ഹെൽപ്പ് ഡെസ്ക്കിൽ ഏതാവശ്യത്തിനും സഹായിക്കാൻ ആളുണ്ട്.

ഗോഡ്‌സ് വില്ലയിലെ താമസക്കാർ കിഴക്കമ്പലത്തിന്റെ ഇന്നത്തെ അവസ്ഥ വർണ്ണിക്കുമ്പോൾ ആയിരം നാവാണ്. അവരുടെ ജീവിത നിലവാരം തന്നെ അപ്പാടെ മാറി മറിഞ്ഞുകഴിഞ്ഞു. ആ സാധുക്കളുടെ മുഖത്തെ സന്തോഷവും സംതൃപ്തിയും കാണേണ്ടതുതന്നെയാണ്.

Advertisment