Advertisment

പെരിയാർ കടുവാസങ്കേതം മുഴുവൻ ആനകളാണെന്നും അരിക്കൊമ്പർ അവയുമായി ചങ്ങാത്തം കൂടി അവിടെയുള്ള സമൃദ്ധമായ തീറ്റയെല്ലാം തിന്ന് അർമാദിച്ചു കഴിയുമെന്നുമുള്ള കണക്കുകൂട്ടലെല്ലാം വെറുതെയായി. അവിടെ തീറ്റയുണ്ടായിരുന്നെങ്കിൽ റേഷൻ കട തേടി അവൻ തമിഴ്‍നാട്ടിലെ റോസ് മല വരെ പോകുമായിരുന്നോ ? കുമിളിയിലെ വീടിനുള്ളിലേക്ക് തുമ്പിക്കൈ നീട്ടുമായിരുന്നോ ? അരിക്കൊമ്പർ അലയുന്നതെന്തുകൊണ്ട് ?

author-image
പ്രകാശ് നായര്‍ മേലില
Updated On
New Update

publive-image

Advertisment

കുമിളിയിൽനിന്നും 8 കിലോമീറ്ററകലെ ലോവർ ക്യാമ്പ് പവർ ഹൗസിനടുത്താണ് ഉണ്ടായിരുന്ന അരിക്കൊമ്പന്‍ കമ്പം ടൗണിലെത്തി. കമ്പംമേട്ട് ഭാഗത്തേക്കാണ് ആനയുടെ നീക്കം. അവിടെനിന്നും 88 കിലോമീറ്റര്‍ ദൂരമാണ് ചിന്നക്കനാലിലേക്കുള്ളത്.

ആന ഒറ്റപ്പെടലിന്റെ അങ്കലാപ്പിലാണ്. ചിന്നക്കനാലിൽ നിന്നും പിടികൂടി പെരിയാർ വന്യമൃഗ സങ്കേതത്തിലെ ഉൾക്കാട്ടിൽ തുറന്നുവിട്ടശേഷം അരിക്കൊമ്പർ നിർത്താതെ അലച്ചിലായിരുന്നു. മേഘമലകടന്ന് തമിഴ്‌നാട് വരെ പോയി. ഇപ്പോഴും അവൻ യാത്ര തുടരുകയാണ്. തൻ്റെ കൂടെപ്പിറപ്പുകളെയും കൂട്ടത്തെയും തേടിയുള്ള യാത്ര.

പെരിയാർ കടുവാസങ്കേതം മുഴുവൻ ആനകളാണെന്നും അരിക്കൊമ്പർ അവയുമായി ചങ്ങാത്തം കൂടി അവിടെയുള്ള സമൃദ്ധമായ തീറ്റയെല്ലാം തിന്ന് അർമാദിച്ചു കഴിയുമെന്നുമുള്ള കണക്കുകൂട്ടലെല്ലാം വെറുതെയായി. അവിടെ തീറ്റയുണ്ടായിരുന്നെങ്കിൽ റേഷൻ കട തേടി അവൻ തമിഴ്‍നാട്ടിലെ റോസ് മല വരെ പോകുമായിരുന്നോ ? കുമിളിയിലെ വീടിനുള്ളിലേക്ക് തുമ്പിക്കൈ നീട്ടുമായിരുന്നോ ?

ആന തൻ്റെ കൂട്ടത്തെ തിരഞ്ഞലയുകയാണ് ഉറപ്പായും. മതിയായ തീറ്റയും വെള്ളവുമൊന്നും അതിനു ലഭിക്കുന്നില്ല എന്നും കരുതേണ്ടിയിരിക്കുന്നു.

publive-image

ആനകളുടെ ആക്രമണവും അവ വരുത്തിവയ്ക്കുന്ന നഷ്ടവുമൊന്നും വിസ്മരിക്കുന്നില്ല. കണക്കുകൾ പ്രകാരം ഭാരതത്തിൽ ഒരു വർഷം അഞ്ചു ലക്ഷം കാർഷിക കുടുംബങ്ങളെ ആനകളുടെ ആക്രമണം ബാധിക്കുന്നുവെന്നാണ് വിവരം. 2018-22 കാലഘട്ടത്തിൽ 105 മനുഷ്യർ ആനകളുടെ ആക്രമണത്തിൽ മരിച്ചിട്ടുണ്ട്. മനുഷ്യ ൻ മാത്രമല്ല 64 ആനകളും ചത്തിട്ടുണ്ട്.

150 കിലോ ഭക്ഷണവും 190 ലിറ്റർ വെള്ളവും ദിവസവും ആവശ്യമായി വരുന്ന ആനകൾക്ക് അവ നമ്മുടെ കാടുകളിൽ ഇപ്പോൾ ഉണ്ടോ എന്ന് പരിശോധിക്കേണ്ടിയിരിക്കുന്നു. അക്കേഷ്യ വെച്ചു പിടിപ്പിക്കുന്നവർ ഇതു ചിന്തിക്കേണ്ട വിഷയം ആണ്. കാട്ടിൽ മാത്രം ഉണ്ടായിരുന്ന പ്ലാവിനെ മെരുക്കി നാം നാട്ടിൽ മാത്രം ഒതുക്കി എങ്കിൽ ഇനിയും "ചക്ക കൊമ്പന്മാർ" ഉണ്ടാകും. ഭക്ഷണം തേടി അലയുക എന്നത് ആനയുടെ സ്വഭാവം മാത്രമാണ്.

5 മുതൽ 20 വരെ എണ്ണമുള്ള ഒരു ആന കുടുംബത്തിന് 10 മുതൽ 100 കിലോ മീറ്റർ വരെ ദൂര പരിധിയിൽ ആവാസ വ്യവസ്‌ഥ കണക്കാക്കിയാൽ പെരിയാർ വന്യമൃഗ സങ്കേതത്തിലെ അരിക്കൊമ്പനെ നാം വീണ്ടും കണ്ടുമുട്ടേണ്ടി വരും.

publive-image

ഫലവൃക്ഷങ്ങളും മുള, ഈറ്റ, തെങ്ങ് എന്നിവ വനത്തിലുടനീളം വച്ചുപിടിപ്പിക്കണം. ചക്കയും മാങ്ങയും ധാരാളമുണ്ടായാൽ വന്യമൃഗങ്ങൾ ആ സീസണിൽ നാട്ടിലിറങ്ങുന്നതു കുറയും. ഇതൊക്കെ ആരോട് പറയാൻ ? നമ്മുടെ അയ്യായിരത്തിലധികം വരുന്ന വിശാലമായ ഫോറെസ്റ്റ് ഉദ്യോഗസ്ഥസേന എന്ത് ചെയ്യുന്നു എന്നതാണ് പ്രധാന വിഷയം ?

കാടിനും നാടിനുമിടയിൽ കിടങ്ങു കുഴിക്കൽ നല്ല പരിഹാരം ആണെങ്കിലും ചിലവ് താങ്ങാൻ കഴിയില്ല. കാട്ടിൽ നിന്നും ആന നാട്ടിൽ വന്നില്ലെങ്കിലും കിടങ്ങു മറികടന്നു നാം കാട്ടിൽ ചേക്കേറും. പിന്നെ അവിടെക്കിടന്നു ആന വരുന്നേ എന്ന് നില വിളിച്ചു മാധ്യമ ശ്രദ്ധ ആകർഷിക്കും.

ആനകളുടെ വാസസ്ഥലം കുറയുകയും മനുഷ്യരുടെ വാസസ്ഥലം കൂടുകയും ചെയ്യുമ്പോൾ, പരസ്പരം കൊമ്പ് കോർക്കുന്നത് സ്വാഭാവികം. അതിനാൽ വാസഥലങ്ങൾ പരസ്പരം കൈ ഏറുന്നത് നിർത്തുവാൻ സമയമായി.

Advertisment