Advertisment

ഒരു പുതിയ അധ്യയന വർഷം കൂടി. ഒരു പാട് പ്രതീക്ഷകളുമായി ലക്ഷക്കണക്കിന് കുരുന്നുകളാണ് അറിവിന്റെ അക്ഷരങ്ങൾ തേടിയെത്തിയത്. 'നമ്മുടെ വിദ്യാഭ്യാസ കാഴ്ചപ്പാടുകൾ' - ലേഖനം

author-image
ജൂലി
New Update
publive-image

ഒരു പുതിയ അധ്യയന വർഷം കൂടി ആരംഭിക്കുയാണല്ലോ.ഒരു പാട് പ്രതീക്ഷകളുമായി ലക്ഷക്കണക്കിന് കുരുന്നുകളാണ് അറിവിന്റെ അക്ഷരങ്ങൾ തേടിയെത്തുന്നത്. മുൻപ് അറിയാത്തതെന്തും അറിയുന്നതാണ് പഠനം. ചുറ്റുപാടുകളെ കുറിച്ച്, പ്രകൃതിയെക്കുറിച്ച്, ജീവജാലങ്ങളെക്കുറിച്ച്,സംഖ്യകളെ കുറിച്ച്,മനുഷ്യന്റെ ഉത്പത്തിയെക്കുറിച്ച്, നിലനില്പിനെക്കുറിച്ച് അങ്ങനെ പോകുന്നു അറിയേണ്ടതിന്റെ പട്ടിക. എന്നാൽ ഈ അറിവുകൾ നേടി പിത്ക്കാല ജീവിതത്തിന് പ്രയോജനപ്പെടുത്തുക എന്ന കാഴ്ചപ്പാടിൽ നിന്നും ഇന്നത്തെ വിദ്യാഭ്യാസമെത്രയോ മാറിയിരിക്കുന്നു എന്ന് സൂക്ഷ്മമായി നിരീക്ഷിക്കുന്ന ആർക്കും മനസ്സിലാവും.

അറിവ് നേടുക എന്നത് ഒരു കുട്ടിയുടെ മൗലികാവകാശമാണ്. അതിന് വേണ്ട സൗകര്യങ്ങളൊരുക്കുക എന്നത് സമൂഹത്തിന്റെ ബാധ്യതയുമാണ്. അഞ്ച് വയസ്സാണ് ഒരു കുട്ടി ഔപചാരിക വിദ്യാഭ്യാസം നേടുന്നതിനുള്ള പ്രായപരിധി. എന്നാൽ രണ്ടര വയസ്സു മുതലും മൂന്ന് വയസ്സു മുതലും തന്നെ അനൗപചാരിക രീതിയിൽ കുട്ടികൾക്ക് അറിവ് വിളമ്പി ക്കൊടുക്കുന്ന സ്ഥാപനങ്ങളുടെ ആധിക്യം തന്നെ കാണാൻ കഴിയും, അത് കെ.ജി.ആയാലും ഡേ കെയർ സെന്ററുകളായും നേഴ്സറി സ്കൂളുകളായും.എന്നാൽ സാമ്പത്തിക പ്രയാസമുള്ളവരെ സംബന്ധിച്ച് ഇവിടെ വിടുന്നത് പ്രയാസകരമാണ്.ഈ വസ്തുത ഉള്ളത് കൊണ്ട് തന്നെയാണ് സർക്കാർ പൊതു തലത്തിൽ  അംഗൻവാടികൾ സ്ഥാപിച്ചിട്ടുള്ളത്.
ഒരു കുട്ടിയുടെ ഇൻഫാൻസി മുതൽ കൗമാര കാലഘട്ടത്തിനുമപ്പുറം വരെ വിദ്യാഭ്യാസ ഘട്ടമായി കണ്ടു കൊണ്ട് , അതിന്റെ  കച്ചവട സാധ്യതകൾ പരമാവധി ചൂഷണം ചെയ്യുക എന്ന ലക്ഷ്യത്തോടെയുള്ള പ്രവർത്തനങ്ങൾ എങ്ങും കാണാവു ന്നതാണ്.ഗവണ്മെന്റിന്റെ പൊതു വിദ്യാഭ്യാസസംരക്ഷണയഞ്ജം ഇതിനൊരു പരിധി വരെ തടയിടാനായെങ്കിലും വ്യക്തമായ വിദ്യാഭ്യാസ കാഴ്ചപ്പാടില്ലാത്ത സമൂഹത്തെ ചൂഷണത്തിനിരയാക്കാൻ പറ്റിയ സാഹചര്യം ഇന്നും നിലനിൽക്കുന്നു.
സ്കൂൾ തുറക്കാൻ പോകുമ്പോഴേക്കും പണ്ടൊക്കെ അൺ എയിഡഡ് വിദ്യാലയങ്ങളാണ് വലിയ വാഗ്ദാനങ്ങൾ നിറഞ്ഞ പ്രചരണങ്ങളുമായി വരാറെങ്കിൽ ഇന്ന് എയിഡഡ് വിദ്യാലയങ്ങളും സർക്കാർ വിദ്യാലയങ്ങൾ പോലും ആ വഴിക്ക് നീങ്ങുന്നതായി കാണുന്നു.കുട്ടിയും രക്ഷിതാവും പഠനാവശ്യത്തിനായി സ്കൂളന്വേഷിച്ച് വരുന്നതിന് പകരം സ്കൂളധികൃതർ കുട്ടികളെ അന്വേഷിച്ച് പോകുന്നു എന്നത് വലിയൊരു വിരോധാഭാസം തന്നെ. സൗജന്യയാത്ര, യൂണിഫോം, പുസ്തകം,ഫീസ്,വാഗ്ദാനപ്പെരുമഴയാണ്.എന്നാൽ ഇതെല്ലാം ഒരു പരിധിവരെ സർക്കാരിൽ നിന്നും സൗജന്യമായി ലഭ്യമാക്കുന്നുണ്ടുതാനും.
പഠനത്തോടൊപ്പം ഉണ്ടാകേണ്ട വ്യക്തിത്വ വികസനം വളരെ പ്രാധാന്യമുള്ളതാണ്.അതിനു വേണ്ടിയുള്ള എല്ലാ സാഹചര്യങ്ങളും സ്കൂളുകളിൽ നല്കേണ്ടതാണ്. മാത്രമല്ല,വ്യക്തിത്വത്തെ കുഴപ്പത്തിലാക്കുന്ന ലഹരി പോലുള്ള വസ്തുക്കൾ ലഭ്യമാകുന്നതിനുള്ള സാഹചര്യങ്ങളും സ്കൂൾ പരിസരങ്ങളിൽ ഇന്നുണ്ട്. ലഹരി ഇന്ന് ഒരു സങ്കീർണ പ്രശ്നമായി മാറിയിരിക്കുന്നു. ജനപ്രതിനിധികളുടെയും അധ്യാപക രക്ഷാകർത്ത്യ സമിതികളുടെയും മറ്റു എക്സൈസ് ,പോലീസ് വകുപ്പു ഉദ്യോഗസ്ഥരുടെയും സഹായത്തോടെ ഇതിൽ നിന്നെല്ലാം ആവശ്യമായ സുരക്ഷ കുട്ടികൾക്ക് വിദ്യാലയങ്ങളിൽ ലഭ്യമാക്കണം.
ഇന്നത്തെ വിദ്യാഭ്യാസത്തിൽ പരീക്ഷകൾക്കുള്ള അമിത പ്രാധാന്യവും എന്നാൽ അതിന്റെ നടത്തപ്പിൽ സ്വീകരിക്കുന്ന അയഞ്ഞ സമീപനവുമാണ്  വാണിജ്യവത്കരണത്തിന് കൂടുതൽ ആക്കം കൂട്ടുന്നത്.കുട്ടിയെ തോൽപ്പിക്കാനോ ജയിപ്പിക്കാനോ ആവരുത് പരീക്ഷ.കേവലം ആർജിച്ച അറിവിന്റെ പരിശോധന മാത്രമായിരിക്കണം. ഒരാറുമാസമെങ്കിലും തയ്യാറെടുപ്പു നടത്തി വലിയ മാനവശേഷിയും ധനശേഷിയും ഉപയോഗിച്ച് കൊട്ടിഘോഷിച്ചു കൊണ്ട് പരീക്ഷ നടത്തേണ്ട ഒരാവശ്യവുമില്ല.
അഥവാ അങ്ങനെ പ്രാധാന്യത്തോടെയാണ് പരീക്ഷയെങ്കിൽ പിന്നെന്തിനാണ് വിവിധാവശ്യങ്ങൾക്കായി പ്രവേശന പരീക്ഷകൾ ?ഉദ്ദേശിച്ച പ്രൊഫഷണൽ കോഴ്സിന് അഡ്മിഷൻ ലഭിക്കാനോ,ഒരു ജോലി നേടാനോ വേണ്ടി ഒരു പാട് പരീക്ഷകളെ (പൊതു പരീക്ഷകളും പിന്നെ പ്രവേശന പരീക്ഷകളും) അഭിമുഖീകരിക്കേണ്ടി വരുന്ന അവസ്ഥയാണ് വിദ്യാഭ്യാസ വാണിജ്യവത്ക്കരണത്തിന്  സാഹചര്യമൊരുക്കുന്നത്.
Advertisment